Friday, 30 August 2019

(മനുഷ്യപരിണാമം മാറ്റിയെഴുതാത്ത) ഒരു ഫോസില്‍!

ഒരു മലയാളം പത്രത്തില്‍ സയന്‍സുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രസിദ്ധീകരിക്കപ്പെടുന്നു എങ്കില്‍ അത് കടുത്ത അബദ്ധമായിരിക്കാനാണ് സാധ്യതയേറെയും എന്ന സാഹചര്യമാണുള്ളത്.1,2,3,4,5,6,7 ഇത്തരം അബദ്ധങ്ങളുടെ നീണ്ട നിരയിലേക്ക് ചേരുന്ന അടുത്ത വമ്പന്‍ അബദ്ധമാണ് മാതൃഭൂമിയില്‍ വന്ന ഈ വാര്‍ത്ത.8 (ചിത്രം കാണുക)
പരിണാമമോ ഐന്‍സ്റ്റൈന്റെ സിദ്ധാന്തമോ മറ്റെന്തെങ്കിലും സായന്‍സിക ധാരണയോ "അട്ടിമറിച്ചു" എന്ന് വന്നാലെ അത് വാര്‍ത്തയാകൂ; പക്ഷേ, സയന്‍സ് അട്ടിമറികളിലൂടെ മുന്നോട്ട് പോകുന്ന ഒന്നാണ് എന്നത് വളരെ വലിയൊരു അബദ്ധ ധാരണയാണ്.9 അടിവച്ചടിവച്ച് പതിയെ, സസൂക്ഷ്മം മുന്നോട്ട് പോകുന്ന ഒരു പദ്ധതിയാണ് സയന്‍സ്. ഈ പദ്ധതിയില്‍ നിന്ന് വാര്‍ത്തകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ പറ്റുന്ന അബദ്ധങ്ങളുടെ മകുടോദാഹരണമാണിത്. വസ്തുതകളുടെ വെളിച്ചത്തില്‍ ഈ വാര്‍ത്തയിലെ അവകാശവാദങ്ങളെ ഒന്ന് പരിശോധിക്കാം.
മനുഷ്യപരിണാമം മാറ്റിയെഴുതുന്ന ഫോസില്‍" എന്നവകാശപ്പെടുന്ന ഈ ലേഖനത്തിലെ അവകാശവാദങ്ങള്‍ പരിശോധിക്കും മുന്‍പ് നമുക്ക് ശരിയായ സായന്‍സിക വസ്തുതകളിലേക്ക് പോകാം. വസ്തുതകളറിഞ്ഞാല്‍ നമുക്ക് അബദ്ധങ്ങളെ കുറേക്കൂടി സുഗമമായി മനസിലാക്കാന്‍ കഴിയൂമല്ലോ?
MRD തലയോട്ടി (Credit: Dale Omori/Cleveland Museum of Natural History)

ഇത്തിയോപ്പിയയിലെ വോറസനോ-മൈലില്‍ നിന്നുള്ള മുപ്പത്തിയെട്ട് ദശലക്ഷം വര്‍ഷം പഴക്കമുള്ള ഹോമിനിഡ് തലയോട്ടി" (A 3.8-million-year-old hominin cranium from Woranso-Mille, Ethiopia) എന്നാണ് ഈ ചര്‍ച്ചയ്ക്ക് കാരണമായ സായന്‍സിക പേപ്പറിന്റെ തലക്കെട്ട്.10 28 ആഗസ്റ്റ് 2019-ന് നേച്ചര്‍ (Nature) ജേണലിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരിണാമം തിരുത്തിയെഴുതുന്ന ഒന്നാണ് എങ്കില്‍ അതിന് തലക്കെട്ടില്‍ ചേര്‍ക്കാനും മാത്രം പോലും ഗൗരവം സയന്റിസ്റ്റുകള്‍ക്ക് തോന്നിയില്ല!
ഈ പേപ്പറിന്റെ പ്രസക്തി മനസിലാകണം എങ്കില്‍ ആസ്ട്രലോപിത്തക്കസ് (Australopithecus) എന്ന മനുഷ്യപൂര്‍വ്വികരുടെ കൂട്ടത്തെ പറ്റിയുള്ള സയന്‍സിന്റെ മുന്‍ അനുമാനങ്ങളെന്തായിരുന്നു എന്നറിയണം. (ഉള്ളത് പറഞ്ഞാല്‍ ഇത്രയും ബോറാണിത്; ആ മേഖലയിലുള്ളവര്‍ക്ക് ആവേശമുണ്ടാക്കേണ്ട, മറ്റുള്ളവര്‍ക്ക് ഒരു പ്രസക്തിയുമില്ലാത്ത ഒരു കണ്ടുപിടുത്തം) ആസ്ട്രലോപിത്തക്കസ് അനമെന്‍‍സിസ് (Australopithecus anamensis) എന്ന സ്പീഷീസ് വംശനാശം വന്ന ശേഷമാണ് അസ്ട്രലോപിത്തക്കസ് അഫാറെന്‍സിസ് ഉണ്ടായതെന്നാണ് (Australopithecus afarensis) ഉത്ഭവിച്ചത് എന്നായിരുന്നു മുന്‍ ഫോസിലുകള്‍ സൂചിപ്പിച്ചിരുന്നത്.11 ആ തെളിവുകളിലൂന്നി ഈ വിഷയത്തിലുള്ള സയന്റിസുകളുടെ അനുമാനം. A.അനമെന്‍സിസ് (A. അസ്ട്രലോപിത്തക്കസ് എന്നതിന്റെ ചുരുക്കെഴുത്ത്) A.അഫാറെന്‍സിസിന്റെ പൂര്‍വ്വിക സ്പീഷീസ് ആയിരുന്നിരിക്കാം, A.അനമെന്‍സിസ് രൂപമാറ്റം സംഭവിച്ചാണ് A.അഫാറെന്‍സിസ് ഉണ്ടായത്, എന്നായിരുന്നു.12
തലയോട്ടികളുടെ താരതമ്യം (Credit: Nature)
ഇനി നമുക്ക് പുതിയ പേപ്പറിലേക്ക് വരാം: വോറസനോ-മൈലില്‍ നിന്ന് ലഭിച്ച തലയോട്ടി A.അനമെന്‍സിസ് സ്പീഷിസില്‍ പെടുന്നതാണ് എന്ന അവലോകനമാണ് പേപ്പറിന്റെ സിംഹഭാഗം. ഈ നിഗമനത്തിന് ശേഷം, പ്രസ്തുത തലയോട്ടി (MRD എന്നാണിതിനെ വിളിക്കുന്നത്) A.അഫാറെന്‍സിസിന്റെ തലയോട്ടിയുടെ രൂപത്തില്‍ നിന്ന് വളരെയധികം വ്യത്യസ്തമാണ് എന്നതുകൂടി ഈ പേപ്പറില്‍ സയന്റിസ്റ്റുകള്‍ കൂട്ടിച്ചേര്‍ക്കുന്നു. അതുകൊണ്ട് തന്നെ MRD തലയോട്ടി ഉള്‍പ്പെടുന്ന സമൂഹം A.അഫാറെന്‍സിസ് ആയി മാറിയിട്ടുണ്ടാകാനുള്ള സാധ്യത കുറവാമാണ്. മാത്രമല്ല, A.അഫാറെന്‍സിസ് ഫോസിലുകള്‍ 3.9 ദശലക്ഷം കൊല്ലം പ്രായമുള്ളവ വരെ കണ്ടെത്തിയിട്ടുണ്ട്. (ഇത് ഈ പേപ്പറിലെ പുതിയ കണ്ടുപിടുത്തമല്ല) അതായത്, 3.8 ദശലക്ഷം പഴക്കമുള്ള MRD-യുടെ സമൂഹം രൂപമാറ്റം വന്നല്ല A.അഫാറെന്‍സിസ് ഉണ്ടായത് എന്ന് നിഗമിക്കാവുന്നതാണ്. അതുകൊണ്ട് A.അനമെന്‍സിസിന്റെ എല്ലാ സമൂഹങ്ങള്‍ക്കും മാറ്റം വന്നല്ല A.അഫാറെന്‍സിസ് ഉണ്ടായത്. ഇത്, ഇത് മാത്രമാണ് ഈ പേപ്പറിന്റെ പ്രസക്തി.
പക്ഷേ, A.അനമെന്‍സിസിന് മറ്റ് സമൂഹങ്ങളും ഉണ്ടായിരുന്നു; അതുകൊണ്ട് തന്നെ A.അനമെന്‍സിന്റെ ഒരു സമൂഹം പരിണമിച്ചാകാം A.അഫാറെന്‍സിസ് ആയി മാറിയത് എന്നതിന് എതിരല്ല ഈ കണ്ടുപിടുത്തം. പേപ്പറില്‍ തന്നെ ഇത് പറയുന്നുണ്ട്: “MRD-യും വോറസനോ-മൈലില്‍ നിന്നുള്ള മറ്റ് കണ്ടുപിടുത്തങ്ങളും A.അനമെന്‍സിസും ആഫാറെന്‍സിസും തമ്മിലുള്ള പൂര്‍വ്വിക-പിന്‍ഗാമി ബന്ധം തെറ്റെന്ന് തെളിയിക്കുന്നതല്ല ." (“...MRD and other discoveries from Woranso-Mille do not falsify the proposed ancestor–descendant relationship between A. anamensis and A. afarensis...”) വോറസനോ-മൈലില്‍ ജീവിച്ചിരുന്ന A.അനമെന്‍സിസ് സമൂഹം A.അഫാറെന്‍സിസിന്റെ പൂര്‍വ്വികരല്ല; അതാണ് പരമാവധി നിഗമിക്കാവുന്ന കാര്യം. ഇതിനോട് എല്ലാ സയന്റിസ്റ്റുകളും യോജിക്കുന്നുമില്ല കെട്ടോ! സയന്‍സ് മുന്‍പ് പറഞ്ഞതുപോലെ പതുക്കെയുള്ള ഒരു പ്രക്രിയയാണ്.13
ഇനി, മറ്റൊരു ചെറിയ കൗതുകം കൂടി ഇതിലേക്ക് ചേര്‍ക്കാവുന്നതാണ്. വാര്‍ത്തകളിലും മറ്റുമായി പ്രശസ്തമായ "ലൂസി" ഒരു A.അഫാറെന്‍സിസ് ഫോസിലാണ്. അതായത്, "ലൂസിയുടെ പൂര്‍വ്വികരുടെ രഹസ്യങ്ങള്‍ വെളിപ്പെടുന്നു" എന്നൊരു തലക്കെട്ട് അബദ്ധമാകില്ലെന്ന് സാരം! (തെറ്റുകള്‍ വരുത്താതെ തന്നെ കൗതുകം ജനിപ്പിക്കാന്‍ കഴിയുമെന്നതിന്റെ ഒരുദാഹരണമാണിത്)
വസ്തുതകള്‍ കഴിഞ്ഞു. ഇനി മാതൃഭൂമിയുടെ ഭാവനാലോകത്തേക്ക് കടക്കാം. ഒരോ പ്രസ്താവനകളായി എടുത്ത് വസ്തുതാപരിശോധന നടത്തുകയേ വഴിയുള്ളൂ. പല വരികളിലും ഒരുപാടൊരുപാട് അബദ്ധങ്ങള്‍ തിങ്ങി നിറഞ്ഞാണിരിക്കുന്നത്
"'ലൂസി' എന്ന പേരില്‍ പ്രസിദ്ധമായിത്തീര്‍ന്ന നിലവിലെ ഏറ്റവും പഴക്കം ചെന്ന ഫോസിലിന്റെയും മുന്‍ഗാമിയാണ് ഈ ഫോസില്‍ എന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്.”
ലൂസി കണ്ടുപിടിച്ചയാള്‍ക്കൊപ്പം (Morton Beebe/Corbis)
അഫറെന്‍സിസിന്റെ തന്നെ ഏറ്റവും പഴക്കമുള്ളത് 39 ലക്ഷമാണ് എന്ന് മുന്‍പേ പറഞ്ഞല്ലോ? ലൂസി "ഏറ്റവും പഴക്കം ചെന്നത്" ഒന്നുമല്ല. താരമ്യേന വളരെ നന്നായി സംരക്ഷിക്കപ്പെട്ട, അസ്ഥികൂടത്തിന്റെ പല ഭാഗങ്ങള്‍ ഉള്ള ഒരു ഫോസില്‍ ആയതുകൊണ്ടാണ് ലൂസിക്ക് പ്രാധാന്യമുള്ളത്.14 32 ലക്ഷം പ്രായമുള്ള ലൂസിയേക്കാളും പഴക്കമുള്ളതാണ് MRD എന്നത് വസ്തുതയാണ്.
മനുഷ്യന്റെ പൂര്‍വികര്‍ മരങ്ങളില്‍നിന്നു നിലത്തിറങ്ങി രണ്ടുകാലില്‍ നടക്കാനാരംഭിച്ച കാലത്താണ് എം.ആര്‍.ഡി. എന്നു പേരിട്ടിരിക്കുന്ന ഈ ആദിമ മനുഷ്യന്‍ ജീവിച്ചിരുന്നതെന്നാണ് കരുതപ്പെടുന്നത്.”
60 ലക്ഷം കൊല്ലം മുന്‍പ് വരെ മനുഷ്യപൂര്‍വ്വികര്‍ രണ്ട് കാലില്‍ നടന്നിരുനന്തിന് തെളിവുണ്ട്.12 60 ലക്ഷവും 38 ലക്ഷവും ഒരേ കാലത്താണോ അല്ലയോ എന്നത് നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം. പിന്നെ, ഇവിടെ ഭാഷ കൊണ്ട് ഒരു കളി കൂടിയുണ്ട്. "ആദിമ മനുഷ്യന്‍" എന്ന് A.അനമെന്‍സിനെ വിളിച്ചുകൊണ്ട് മറ്റ് സ്പീഷീസുകളെ "മനുഷ്യന്റെ പൂര്‍വ്വികര്‍" എന്ന് വിളിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. എല്ലാ ആസ്ട്രലോപിത്തക്കസ് സ്പീഷീസുകളേയും പോലെ തന്നെ നമ്മുടെ പൂര്‍വ്വിക ബന്ധുക്കള്‍ മാത്രമാണ് A.അനമെന്‍സിസും.15 MRD പെടുന്ന A.അനമെന്‍സിസ് വിഭാഗവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല.16
ആസ്ട്രലോപിതെക്കസ് വംശത്തിലെ ആദ്യകണ്ണിയാണ് എം.ആര്‍.ഡി. എന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്.”
പേപ്പറില്‍ തന്നെ MRD-യിലും പഴക്കമുള്ള A.അഫാറെന്‍സിസ് ഫോസിലുകള്‍ ഉണ്ടെന്ന് പറഞ്ഞത് ഓര്‍മ്മയുണ്ടാകുമല്ലോ? (ഈ വാര്‍ത്തയെഴുതിയയാള്‍ അത് കണ്ടിട്ട് പോലുമില്ല എന്നത് വ്യക്തമാണിവിടെ) A.അനമെന്‍സിസിന്റെ തന്നെ 42 ലക്ഷം പഴക്കമുള്ള ഫോസിലുകളുണ്ട്.17 അതുകൊണ്ട് തന്നെ. MRD ആദ്യ കണ്ണി എന്ന് പറയുന്നത് വലിയ അബദ്ധമാണ്. പക്ഷേ, A.അനമെന്‍സിസ് ആസ്ട്രലോപിത്തക്കസ് വിഭാഗത്തിലെ ആദ്യ സ്പീഷീസ് ആയിരുന്നിരിക്കാന്‍ സാധ്യതയുണ്ട്.
മനുഷ്യപരിണാമം നേര്‍രേഖയിലാണെന്ന സിദ്ധാന്തം ഇതോടെ പൊളിച്ചെഴുതേണ്ടി വരും. ഒരു സ്പീഷിസ് അപ്രത്യക്ഷമാകുന്നതോടെയാണ് അടുത്തതു പ്രത്യക്ഷപ്പെടുന്നതെന്നായിരുന്നു ഈ സിദ്ധാന്തമനുസരിച്ചുള്ള കാഴ്ചപ്പാട്.”
ഡാര്‍വിന്‍ വരച്ച "പരിണാമ മരം"
ഇങ്ങനെയൊരു സിദ്ധാന്തമില്ല എന്നത് എല്ലാവര്‍ക്കും അറിയാമെന്ന് കരുതുന്നു.6 ഡാര്‍വ്വിന്‍ പോലും പരിണാമം ഒരു മരം പോലെ ആണെന്നാണ് സിദ്ധാന്തിച്ചത്. അതായത്, ഒരുകാലത്തും പരിണാമം നേര്‍വര ആണെന്ന് സിദ്ധാന്തമുണ്ടായിരുന്നില്ല. പരിണാമം മനസിലാകാത്ത കുറച്ചധികമാളുകള്‍ ലളിതമാക്കിയോ വിമര്‍ശിച്ചോ ഉണ്ടാക്കിവച്ച ഒരു വികലമായ ആശയമാണ് നേര്‍രേഖാ പരിണാമം.
A.അനമെന്‍സിസ് പൂര്‍ണ്ണമായും A.അഫാറെന്‍സിസ് ആയി മാറിയില്ല എന്ന വളരെ സാങ്കേതികമായ ഒരു തിരുത്തിനെ ആണ് ഇങ്ങനെ എഴുതിയത് എങ്കില്‍ ഇത് വളരെ തെറ്റിദ്ധാരണാജനകമാണ്. A.അനമെന്‍സിസോ A.അഫാറെന്‍സിസോ നമ്മുടെ നേര്‍ പൂര്‍വ്വികര്‍ ആണെന്നത് പോലും ഉറപ്പല്ല.17 നമ്മുടെ പൂര്‍വ്വിക ബന്ധുക്കളുടെ വൈവിധ്യത്തെ പറ്റി സയന്‍സ് നടത്തുന്ന ചര്‍ച്ചകളെ ഇങ്ങനെ വളച്ചൊടിക്കുന്നത് ശരിയല്ല.
മാത്രമല്ല, ഒരു സ്പീഷീസിന് രൂപമാറ്റം വന്ന് മറ്റൊന്നാകാം എന്ന പൊതു ആശയത്തിനെ (അനാജെനസിസ് എന്ന് പറയും) ഇത് പൂര്‍ണ്ണമായും തെറ്റെന്ന് തെളിയിക്കുന്നുമില്ല. ഈ ഒരു ഉദാഹരണത്തില്‍ പൂര്‍ണ്ണമായും അതല്ല സംഭവിച്ചത് എന്ന് മാത്രം. അനാജെനസിസ് പരിണാമത്തിന്റെ ഒരുപാട് പ്രക്രിയകളിലൊന്ന് മാത്രമാണ്; ചിലപ്പോള്‍ ഇതാകാം എന്ന് മാത്രം.18
വിവിധ ആദിമ മനുഷ്യവംശങ്ങള്‍ ഒരേ കാലഘട്ടത്തില്‍ ജീവിച്ചിരുന്നെന്ന് തെളിഞ്ഞതോടെ ഇതില്‍ ഏതു വിഭാഗത്തില്‍നിന്നാണ് ആധുനിക മനുഷ്യന്റെ പൂര്‍വികരായ ഹോമോസാപിയന്‍സ് പരിണമിച്ചതെന്ന ചോദ്യത്തിനുമുമ്പില്‍ ഉത്തരംമുട്ടിയിരിക്കയാണ് ശാസ്ത്രലോകം.”
ഹോമോ ജീനസിന്റെ പരിണാമവഴി
പരിണാമം നേര്‍രേഖ അല്ലാത്തതുകൊണ്ട് ഈ ചോദ്യത്തിന് മുന്നില്‍ സയന്‍സിന് ഒട്ടുമേ പകച്ചുനില്‍ക്കേണ്ട കാര്യമേ ഇല്ല. ആസ്ട്രലോപിത്തക്കസ് കൂട്ടത്തില്‍ നിന്ന് ഇഴ പിരിഞ്ഞ് പോന്ന ഒരു ചില്ലയുടെ ഭാഗമാണ് മനുഷ്യര്‍.
മാത്രമല്ല, ലോകത്തൊരു ശാസ്ത്രജ്ഞരും ഒരു ചോദ്യത്തിന് മുന്നില്‍ മുട്ടി നില്‍ക്കാനോ പകയ്ക്കാനോ പോകുന്നില്ല. ജീവിതം മുഴുവന്‍ സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ഉഴിഞ്ഞുവച്ചിരിക്കുന്നവര്‍ക്ക് പുതിയ ചോദ്യങ്ങള്‍ ആവേശമാണ്. സയന്‍സുമായി, ആ ലോകവുമായി നമ്മുടെ മാധ്യമലോകം എത്രമാത്രം വേറിട്ട് കിടക്കുന്നു എന്നതിന്റെ തെളിവാണിത്.
കുതുകകരം" (“It’s a very interesting claim,”) എന്നാണ് ഒരു ശാസ്ത്രജ്ഞന്‍ ചര്‍ച്ചാവിഷയമായ പേപ്പറിനെ പറ്റി പറയുന്നത്.14 അതാണ് സയന്‍സ് ലോകത്തിന്റെ ഇത്രയും ചെറിയൊരു മാറ്റത്തിനോടുള്ള പ്രതികരണം. പുതിയ ചോദ്യങ്ങള്‍ വരുന്നതിനോടോപ്പം കൗതുകവും ആവേശവും കൂടുന്ന ഒരു കൂട്ടരാണ് സയന്റിസ്റ്റുകള്‍!
മനുഷ്യ പരിണാമത്തിന്റെ ചിത്രത്തില്‍ കാര്യമായ ഒരു മാറ്റവും വരുത്താത്ത, എന്നാല്‍ ശാസ്ത്രജ്ഞര്‍ക്ക് വളരെയധികം കൗതുകമുണ്ടാക്കുന്ന ഒരു കണ്ടുപിടുത്തം മാത്രമാണിത്. രണ്ട് സ്പീഷീസുകള്‍ ഒരേ സമയത്തുണ്ടായിരുന്നിരിക്കാം; അവയിലൊരു സമൂഹം എന്തായാലും മറ്റേ സ്പീഷീസ് ആയിട്ടുണ്ടായിരുന്നില്ല. അതില്‍ നിന്ന് ഒട്ടും കൂടുതലില്ല ഇവിടെ, ഒട്ടും കുറഞ്ഞിട്ടും ഇല്ല. ഇത്രമാത്രം.
മലയാളം പത്രങ്ങളില്‍ പണിയെടുക്കുന്നവര്‍ ഏറ്റവും കുറഞ്ഞത് ഗൂഗിള്‍ യന്ത്രം നേര്‍ദിശയില്‍ കറക്കാന്‍ പഠിക്കുമെന്ന വിദൂരമായ പ്രതീക്ഷയില്‍ നിര്‍ത്തുന്നു. അതുവരെ, പത്രത്തില്‍ വരുന്ന സയന്‍സ് വാര്‍ത്തകള്‍ ഒന്നും വിശ്വസിക്കാന്‍ നില്‍ക്കാതിരിക്കുക. കഴിയുമെങ്കില്‍ പ്രസിദ്ധീകരിക്കപ്പെട്ട പേപ്പറുകള്‍ ഓടിച്ച് വായിക്കാന്‍ ശ്രമിക്കുക; അല്ലെങ്കില്‍ വിദഗ്ധരോട് സംസാരിക്കുക.
ഇനി അടുത്ത അബദ്ധഘോഷയാത്രയ്ക്ക് കാണാം!
അവലംബം
  1. https://ihalokam.blogspot.com/2016/02/blog-post_25.htm
  2. https://ihalokam.blogspot.com/2016/03/blog-post.html
  3. https://ihalokam.blogspot.com/2016/04/blog-post.html
  4. https://ihalokam.blogspot.com/2016/05/blog-post.html
  5. https://ihalokam.blogspot.com/2017/03/blog-post.html
  6. https://ihalokam.blogspot.com/2017/05/cosmictsunami.html
  7. https://ihalokam.blogspot.com/2018/10/blog-post_7.html
  8. https://www.mathrubhumi.com/technology/science/this-3-8-million-old-skull-may-rewrite-theory-of-evolution-1.4081338
  9. ഇതിനെപ്പറ്റി ഞാന്‍ നടത്തിയ ഒരവതരണം: https://youtu.be/YnMoRNx7Ma8
  10. https://www.nature.com/articles/s41586-019-1513-8
  11. ഇപ്പോഴുള്ള പരിണാമത്തിന്റെ ചിത്രം ഇവിടെ കാണാം: http://humanorigins.si.edu/evidence/human-evolution-timeline-interactive
  12. https://www.ncbi.nlm.nih.gov/pubmed/16630646
  13. https://www.nature.com/articles/d41586-019-02573-w
  14. https://en.wikipedia.org/wiki/Lucy_(Australopithecus)
  15. https://en.wikipedia.org/wiki/Australopithecus
  16. https://www.nature.com/articles/s41586-019-1514-7
  17. https://en.wikipedia.org/wiki/Australopithecus_anamensis
  18. https://en.wikipedia.org/wiki/Australopithecus_afarensis
  19. https://en.wikipedia.org/wiki/Anagenesis


No comments:

Post a Comment

കൂടുതല്‍ വായിക്കപെട്ട പോസ്റ്റുകള്‍