Tuesday 8 March 2016

സയന്‍സിന്റെ ഗ്രഹണകാലം

"ഗ്രഹണസമയത്ത് ഞാഞ്ഞൂളും തലപൊക്കും" എന്നൊരു ചൊല്ലുണ്ട്. വ്യംഗ്യത്തിൽ: വലിയൊരു മാരണത്തെ കാണുമ്പോൾ കൃമികീടങ്ങൾക്കും ഇത്തിരി ഉശിര് കൂടും. ഇന്ത്യൻ സയൻസ് കോൺഗ്രസിൽ ശിവനെന്ന മഹാപ്രകൃതിസംരക്ഷകനേയും1 വൈമാനിക ശാസ്ത്രയേയും2 ഒക്കെ വാഴ്ത്തിപ്പാടുമ്പോൾ എന്തിന് ശബരിമല തന്ത്രിയായിട്ട് കുറയ്ക്കണം? ഇരിക്കട്ടെ ഒരു ലോഡ് അൾട്രാവയലറ്റ് രശ്മികൾ!
http://epaper.manoramaonline.com/
ഇന്നത്തെ മനോരമ പത്രം പത്തനംതിട്ട എഡീഷനിൽ വന്ന വാർത്തയാകുന്നു ഇത്. ഗ്രഹണസമയത്തെ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് അയ്യപ്പ വിഗ്രഹത്തെയും ബാക്കി ദൈവങ്ങളേയും രക്ഷിക്കലാകുന്നു തന്ത്രിയുടെ ലക്ഷ്യം. അയ്യപ്പന് ഒരു മണിക്കൂറോളം അൾട്രാവയലറ്റ് രശ്മികൾ പതിച്ചാല്‍ ശക്തിക്ഷയം ഉണ്ടാകും എങ്കിൽ ഒരു ശരാശരി കോമിക് ബുക്ക് ഹീറോയുമായി എന്ത് വ്യത്യാസം എന്നും, അൾട്രാവയലറ്റ് ബ്ലോക്ക് ചെയ്യുന്ന ഗ്ലാസുകൾ ഉപയോഗിച്ച് ദർശനം നൽകാൻ വഴിയൊരുക്കിക്കൂടെ എന്നതും ഉൾപ്പെടെ അനേകം ചോദ്യങ്ങൾ ഇവിടെയുണ്ട്. അതൊക്കെ മാറ്റിനിർത്തി ഇന്ത്യൻ സയൻസിന്റെ ഗ്രഹണകാലത്ത് തലപൊക്കിയ ഈ ഞാഞ്ഞൂളിനെ തീകാട്ടി ഓടിക്കാമോ എന്ന് നോക്കാം. (നടക്കും എന്നെനിക്ക് പ്രതീക്ഷയില്ല; ഗ്രഹണം മൂർദ്ധന്യത്തിലേക്ക് കടക്കുന്നു)
എന്തുകൊണ്ട് ഗ്രഹണസമയത്ത് നടയടയ്ക്കുന്നു എന്നതിന്റെ വിശദീകരണം പോലെയാണ് തന്ത്രിയുടെ പ്രസ്താവന. അതൊരാചാരമാണ്. അല്ലാതെ കാര്യകാരണ സഹിതം ഉള്ള ഒരു പ്രക്രിയയല്ല. അതുകൊണ്ട് തന്നെ അത് വിശദീകരിക്കാതിരുന്നാല്‍ യാതൊരു കുഴപ്പവുമില്ല. വേണ്ടാത്തിടത്ത് സയന്‍സ് പദാവലികള്‍ വലിച്ചിഴച്ച് സയന്‍സിനേയും വിശ്വാസത്തേയും ഒരേപോലെ പരിഹാസ്യമാക്കുകയാണ് ഈ പ്രസ്താവന. അതില്‍ വിശ്വാസവുമില്ല; സയന്‍സുമില്ല.
http://www.dharmavidya.com/images/rahu-1.jpg
പാലാഴിമഥനശേഷം ദേവന്മാര്‍ അമൃതം മൊത്തമായി കൈക്കലാക്കിയപ്പോള്‍ സ്വര്‍ഭാനു എന്ന അസുരന്‍ ദേവനായി വേഷം മാറി അമൃതം പാനം ചെയ്തു എന്നും, സൂര്യചന്ദ്രന്മാര്‍ ഇത് വിഷ്ണുവിന് കാട്ടിക്കൊടുത്തപ്പോള്‍ വിഷ്ണു സുദര്‍ശനം കൊണ്ട് തലയും ഉടലും വേര്‍പെടുത്തി എന്നും, അമൃതം കുടിച്ച് അമരനായ സ്വര്‍ഭാനുവിന്റെ തലയും ഉടലും രാഹുവും കേതുവും ആയി മാറി എന്നും, അവര്‍ സൂര്യനേയും ചന്ദ്രനേയും വിഴുങ്ങാന്‍ ശ്രമിക്കുന്നു എന്നും ആണ് വിശ്വാസം.3 രാഹു ഒരു സര്‍പ്പമായി ചിത്രീകരിക്കപ്പെട്ടതുകൊണ്ട് “വിഷം” വീഴുമോ എന്ന പേടി ഇന്ത്യക്കാര്‍ക്ക് പണ്ടേ ഉണ്ട്.4 (സൂര്യഗ്രഹണത്തെ പേടി ഇന്ത്യക്കാര്‍ക്ക്  മാത്രം ഉള്ളതല്ല; മനുഷ്യകുലത്തിന്‌ മൊത്തം ഉള്ള മറ്റൊരു പേടിയാണ്, വാല്‍നക്ഷത്രങ്ങള്‍ പോലെ) ഇതില്‍ നിന്നാണ് വിഗ്രഹത്തിന്റെ തേജസ്‌ നഷ്ടപ്പെടുമോ എന്ന പേടിയും അതിനായി നട അടച്ചിടലും.
പക്ഷേ, അതിനൊരു ഗുമ്മില്ല. അതാണ് പ്രശ്നം. അതുകൊണ്ട് എവിടുന്നോ ഗ്രഹണസമയത്ത് അള്‍ട്രാവയലറ്റ് രശ്മികള്‍ പ്രശ്നമാണ് എന്ന്‍ വായിച്ചതും ഇതും തമ്മില്‍ കൂട്ടിക്കെട്ടി ഒരു കീച്ചല്‍! എന്ത് വിഡ്ഢിത്തം പറഞ്ഞാലും ആരും ചോദിക്കില്ല എന്ന സൗകര്യമുണ്ടല്ലോ?
https://www.theguardian.com/science/
ഗ്രഹണസമയത്തെ അള്‍ട്രാവയലറ്റ് രശ്മികള്‍ക്ക് ഒരു പ്രത്യേകതയും ഇല്ല. ഏത് ഹൈസ്കൂള്‍ കുട്ടിക്കും അറിയാം എങ്ങനെ ഗ്രഹണം ഉണ്ടാകുന്നു എന്ന്‍. ഭൂമിയുടെ ഒരു ചെറിയ ഭാഗത്ത് സൂര്യനെ ചന്ദ്രന്‍ മറയ്ക്കുന്നപോലെ കാണപ്പെടും. കാരണം, ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ ചന്ദ്രന്റെ നിഴല്‍ വീഴുന്ന ഭൂമിയിലെ സ്ഥലങ്ങളില്‍ സൂര്യനെ കാണാന്‍ കഴിയില്ല. (മിക്കവാറും!) നമ്മുടെ വീക്ഷണകോണിലൂടെ ഒരു നിഴല്‍ (അതിനെ നമ്മള്‍ രാഹുവായും ചൈനാക്കാര്‍ ഡ്രാഗണായും കണ്ടു, അത് ഭാവന; സത്യത്തില്‍ അത് ചന്ദ്രന്റെ നിഴല്‍) സൂര്യനെ മറയ്ക്കുന്നു. പകലിന്റെ ചില യാമങ്ങള്‍ ഇരുള്‍മൂടിപ്പോകുന്നു.5
https://www.theguardian.com/science/
പക്ഷേ, സൂര്യനെ മൊത്തമായി ചന്ദ്രന്‍ മറയ്ക്കുന്നില്ല. സൂര്യന്റെ കൊറോണ (Corona) അപ്പോഴും കാണാം. (ചിത്രത്തില്‍ വെളുത്ത് കാണുന്നത്) സാധാരണ സൂര്യനിലേക്ക് നോക്കാന്‍ നമുക്ക് കഴിയില്ല; തീക്ഷ്ണമായ പ്രകാശം തന്നെ കാരണം. എന്നാല്‍, ഗ്രഹണസമയത്ത് നമുക്ക് സൂര്യനെ കണ്ണുയര്‍ത്തി നോക്കാന്‍ കഴിയും. കൊറോണ നമുക്ക് സ്വാഭാവികമായി കാണാന്‍ കഴിയുന്നിടത്തോളം സൂര്യന്റെ മറ്റ് ഭാഗങ്ങളോളം ഉജ്വലമല്ല. കൊറോണയുടെ പ്രകാശത്തില്‍ ഭൂരിഭാഗവും മനുഷ്യനേത്രത്തിന് അദൃശ്യമായ അള്‍ട്രാവയലറ്റ്, എക്സ്-റേ കിരണങ്ങളാണ്.6 അവ കണ്ണിനെ നശിപ്പിക്കുകയോ കേടുവരുത്തുകയോ ചെയ്യാം. അതുകൊണ്ട് സൂര്യനെ നേരിട്ട് നോക്കാന്‍ ശ്രമിക്കരുത്.7
അല്ലാതെ ഗ്രഹണസമയത്ത് സൂര്യന്‍ പ്രത്യേക “ഗ്രഹണസ്പെഷ്യല്‍ ലിമിറ്റഡ് ഓഫര്‍ ആയി കുറേ അള്‍ട്രാവയലറ്റ് രശ്മികള്‍ കയറ്റിവിടുകയല്ല. തന്നെ കറങ്ങുന്ന അനേകം ഗ്രഹങ്ങളിലൊന്നിന്റെ ഉപഗ്രഹം തനിക്കും ഗ്രഹത്തിനും ഇടയില്‍ വന്നു എന്ന്‍ തിരിച്ചറിഞ്ഞ് പ്രത്യേക രശ്മികള്‍ വിടാന്‍ സൂര്യന് കഴിയില്ല. അത് ഹൈഡ്രജനും ഹീലിയവും നിറഞ്ഞ ഒരു വാതകഗോളമാണ്.
ഇനി അള്‍ട്രാവയലറ്റ് രശ്മികളെ ആണ് പേടി എങ്കില്‍ ഇനി ഒരു വിഗ്രഹവും പുറത്ത് കാട്ടരുത്. സോളാര്‍ കൊറോണയും ആ രശ്മികളും അവിടെ തന്നെയുണ്ട്. എങ്ങോട്ടും പോകുന്നില്ല.6
നിങ്ങള്‍ക്ക് എന്തും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ, ശാസ്ത്രവസ്തുതകളെ ഇങ്ങനെ വളച്ചൊടിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തരുത്. ഇന്ത്യയില്‍ ഒന്നാമത് സയന്‍സിന്റെ വളര്‍ച്ച പടവലങ്ങ പോലെ അനുസ്യൂതം താഴോട്ടാണ്. (ഇതിനെപ്പറ്റി മുന്‍ലേഖനത്തില്‍ വ്യക്തമായി പരാമര്‍ശിച്ചിരുന്നു; ലിങ്ക് സഹിതം) അതിനിടയില്‍ ശാസ്ത്രവുമായി ഒരു ബന്ധവും ഇല്ലാത്ത കിഴങ്ങന്മാര്‍ ഇതുപോലെ സയന്‍സിനെ ദുര്‍വ്യാഖ്യാനം ചെയ്‌താല്‍ ഒന്നാമതേ വെന്റിലേറ്ററില്‍ ആയ സയന്‍സിനെ ശ്വാസം മുട്ടിക്കും പോലാകും.
http://epaper.manoramaonline.com/
പിന്നെങ്ങനെ വാര്‍ത്ത കൊടുക്കും എന്നാകും. ദാ, അതിനുദാഹരണം. ഇന്നത്തെ മനോരമ കൊച്ചി എഡീഷനില്‍ നിന്ന്‍. (ഞാന്‍ മനോരമയോട് എന്തെങ്കിലും വൈരാഗ്യം വച്ച് എഴുതുകയാണ് എന്ന്‍ തെറ്റിദ്ധരിക്കണ്ട!) ആചാരം ഉണ്ട് എന്ന്‍ ഭക്തജനങ്ങളെ അറിയിച്ചു. അത്ര തന്നെ.
സൂര്യഗ്രഹണം മൂലം നട അടയ്ക്കുന്നു. അതുമതി. അല്ലാതെ കൂടുതല്‍ ഡെക്കറേഷന്‍ ഒന്നും വേണ്ട!






അവലംബം:
1.   http://isc103.in/assets/img/ISCA%20Brochure%20Final%2021%2012%2015_CDM.pdf; 2016 സയൻസ് കോൺഗ്രസിന്റെ ബ്രോഷർ. നിങ്ങൾക്ക് തന്നെ ശിവനെ പറ്റിയുള്ള ആ പ്രസന്റേഷന്റെ പേര് കാണാം.

1 comment:

  1. പെണ്ണുങ്ങളെ കണ്ടാൽ കണ്ട്രോള് പോകും.അൾട്രാ വയലറ്റ് അടിച്ചാൽ ശക്തി പോകും. എന്നിട്ട് പേര് കലിയുഗവരധായകൻ.ഈ ദൈവത്തെ സംരക്ഷിക്കാൻ ഭക്തന്മാരെല്ലാം കൂടിയൊരു ദുരിതാശ്വാസ നിധി തുടങ്ങുന്നത് നന്നാകും.

    ReplyDelete

കൂടുതല്‍ വായിക്കപെട്ട പോസ്റ്റുകള്‍