Showing posts with label ചിന്ത. Show all posts
Showing posts with label ചിന്ത. Show all posts

Tuesday, 19 March 2024

വിഷുവവും വിഷുവും: വാനം നോക്കികളുടെ ഫോസിൽ

Wikimedia Commons

കുറ്റാക്കുറ്റിരുട്ടത്ത് നിശാകാശം നോക്കി നിന്നിട്ടുണ്ടോ? കവികള്‍ മുതല്‍ ശാസ്ത്രജ്ഞര്‍ വരെയുള്ള സഹൃദയരെ പരിധികളില്ലാതെ വിസ്മയിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തിട്ടുണ്ടീ ദൃശ്യം. ഇരുട്ടിന്റെ ഒഴുകുന്ന അഗാധമായ നീല വാൻ ഗോവിന്റെ നിറച്ചാർത്തിൽ തിരമാലകളായി മാറിയെങ്കിൽ സിസിലിയ പെയ്ൻ പ്രകാശത്തിൽ നക്ഷത്രങ്ങളുടെ ഉൾക്കാമ്പിന്റെ കൈയ്യൊപ്പ് വായിച്ചു.

ഇടവിട്ട് മിന്നുന്ന പ്രകാശക്കുത്തുകള്‍, അവയ്ക്കിടയില്‍ മിന്നാതെ തെളിഞ്ഞ് നിൽക്കുന്ന ചില തോന്ന്യാസികള്‍, വല്ലപ്പോഴും കത്തിയമരുന്ന കൊള്ളിയാനുകള്‍, അതിലുമപൂര്‍വ്വമായി വന്നുപോകുന്ന വാല്‍നക്ഷത്രങ്ങള്‍, അതിഭാഗ്യമുള്ളവർ മാത്രം കാണുന്ന ആകാശം നിറഞ്ഞ് നിൽക്കുന്ന അത്ഭുത നക്ഷത്രങ്ങൾ, പിന്നെ കവികളെ അത്രയൊന്നും സന്തോഷിപ്പിക്കാന്‍ സാധ്യതയില്ലാത്ത വീമാനങ്ങളും ജ്യോതിശാസ്ത്രജ്ഞരുടെ കണ്ണിൽ ഈച്ചയാകുന്ന കൃത്രിമോപഗ്രഹങ്ങളും.

ഇവയ്ക്കുള്ളിലും ഇടയിലും ഇവ തമ്മിലുമായിട്ട് അറിഞ്ഞതും അറിയാനുള്ളതുമായി ഒരുപാട് കൗതുകങ്ങൾ, പ്രതിഭാസങ്ങൾ: പ്രപഞ്ചസത്യങ്ങൾ. സൂര്യനും ഒരു നക്ഷത്രം തന്നെയാണെന്നും, എല്ലാ നക്ഷത്രങ്ങൾക്ക് ചുറ്റും ഗ്രഹങ്ങളൊരുപാട് വൃത്തം വയ്ക്കുന്നുണ്ടെന്നും ഒക്കെ ബഹിരാകാശത്തിന്റെ ശൂന്യതയിൽ ഒറ്റപ്പെടുന്നവർക്ക് ആശ്വസിക്കാം. (“ഒഖമിന്റെ കത്തിയും റ്റാബിയുടെ നക്ഷത്രവും” ബാഹ്യഗ്രഹങ്ങളെ വിശദമായി കൈകാര്യം ചെയ്യുന്നുണ്ട്)

മേൽപ്പറഞ്ഞ ഡോ. പെയ്നും മേഘ്നാദ് സാഹയും അടക്കം ഒരുപാട് ജ്യോതിശാസ്ത്രജ്ഞരുടെ ശ്രമഫലമായി നക്ഷത്രങ്ങൾ ഹൈഡ്രജനെ ഗുരുത്വം കൊണ്ട് ഞെരുക്കി ഹീലിയമാക്കുന്ന ഫ്യൂഷൻ ചൂളകളാണ് എന്ന് നമുക്കിന്നറിയാം. ഈ പ്രക്രിയയിലൂടെ തന്നെയാണ് നമ്മുടെ ജീവനുവേണ്ട ഊർജ്ജം പ്രകാശമായി ഭൂമിയിലെത്തുന്നത്. ഒരുപാട് പുതിയ മൂലകങ്ങളാദ്യം പിറന്നുവീഴുന്നതും നക്ഷത്രങ്ങളുടെ കാമ്പുകൾ എരിഞ്ഞടങ്ങുമ്പോഴാണ്.

അറിഞ്ഞതോരോന്നും നക്ഷത്രങ്ങളെ വെറും ഹൈഡ്രജൻ ഗോളങ്ങൾ ആയി ചുരുക്കുകയല്ല, ജീവന്റേയും പ്രപഞ്ചോത്പത്തിയുടേയും ഒക്കെ ഒരായിരം രഹസ്യങ്ങളുടെ താക്കോലുകളായി പുത്തനറിവുകളെ മാറ്റിത്തീർക്കുകയാണുണ്ടായത്. നിഗൂഢതകൾ അവസാനിക്കാതെ, നിശാകാശത്തിന്റെ സൗന്ദര്യത്തിന്റെ ആഴം അഗാധമാക്കുകയാണ് സയൻസ് ചെയ്തത്.1

ഈ ലേഖനം ആ പ്രപഞ്ചരഹസ്യങ്ങളുടെ അത്യന്താധുനിക സയൻസിനെ പറ്റിയൊന്നുമല്ല.

കവിത്വമുണ്ടായിട്ടും എങ്ങനെയോ കണക്കിൽ ചെന്ന് ചാടിയ, സ്വയം കവിതയെഴുതാതെ പ്രകൃതിയുടെ കവിതയുടെ വരികൾ വായിക്കാൻ പഠിച്ച കുറേ സഹൃദയരുടെ കഥ പറയുകയാണ് ഇവിടെ. ഇത് മനുഷ്യർ മാസവും വർഷവും ഉണ്ടാക്കിയതിന്റെ കഥയാണ്; ഇത് നിരീക്ഷണസിദ്ധികൊണ്ട് ഭൂമിയുടെ ചലനത്തെ മനുഷ്യർ മെരുക്കിയതിന്റെ കഥയാണ്; ഇത് സയൻസ് നിശാകാശത്തിന്റെ നൃത്തത്തിൽ നിന്ന് പിറവികൊണ്ടതിന്റെ കഥയാണ്.

Llez (H. Zell)

ഇത് കലണ്ടറുകളുണ്ടായതിന്റെ കഥയാണ്. നമുക്ക് പേരറിയാത്ത കുറേ വാനംനോക്കികൾ ഭാഷയിലും ഓർമ്മയിലും അവശേഷിപ്പിച്ച് പോയ ചില ഫോസിലുകൾ സംസ്കാരത്തിന്റെ വിസ്മരിക്കപ്പെട്ട ചില കോണുകളിൽ നിന്ന് ഘനനം ചെയ്തെടുക്കാനൊരു ശ്രമം.

മാർച്ച് 20: ഇന്ന് വിഷുവമാണ്. വിഷു അല്ല, വിഷുവം. വിഷുവും വിഷുവവും തമ്മിൽ എന്തെങ്കിലും ഉണ്ടോ? ഒരു മാസത്തോളം എന്താണിവ മാറി ഇരിക്കുന്നത്? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുന്ന ഒരു ചെറിയ യാത്രയാണിനി അങ്ങോട്ട്. തലയ്ക്ക് മുകളിലെ ആകാശത്തിൽ ഒരുപാട് കാര്യങ്ങൾ കണ്ട എന്റെ ബൗദ്ധിക പൂർവ്വികരായ വാനംനോക്കികൾക്കൊരു ഓർമ്മക്കുറിപ്പുകൂടിയാണീ യാത്ര.

ഭൂമി സൂര്യനെ ചുറ്റുന്നു (സാങ്കേതികമായി പരിക്രമണം - Revolution) എന്നത് നമ്മളെല്ലാം പഠിച്ച് വന്ന കാര്യമാണ്. പക്ഷേ, ഭൂമിയുടെ ചലനം കറങ്ങുന്നത് തന്നെയാണ് എന്ന് എങ്ങനെ തറപ്പിച്ച് മനസിലാക്കും? ഒരു ഉദാഹരണം വഴി നമുക്കിതൊന്ന് മനസിലാക്കാൻ ശ്രമിക്കാം.

നിങ്ങൾ സ്വന്തം വീടിനെ വലം വച്ച് നടക്കുകയാണെന്ന് സങ്കൽപ്പിക്കുക. വീടിന്റെ ദിശയിലേക്ക് നോക്കാൻ കഴിയില്ല എങ്കിൽ (അല്ലെങ്കിൽ സൂര്യനെപ്പോലെ ഒരു പ്രകാശഗോളമാണ് വീട് എന്നതുകൊണ്ട് നോക്കിയിട്ട് കാര്യമില്ല എങ്കിൽ) എങ്ങനെ നമ്മൾ വീടിന് ചുറ്റും തന്നെ ആണ് നടക്കുന്നത് എന്ന് തീരുമാനിക്കും?

ഇതിനായി വീടിന് ചുറ്റും ഉള്ള ചെടികളെ നമ്മുക്ക് അടയാളം ആയി വയ്ക്കാം. നമ്മൾ നടക്കാൻ തുടങ്ങിയിടത്ത് ഒരു കൊന്ന പൂത്ത് നിൽക്കുന്നുണ്ട്, ഇത്തിരി നടന്നാൽ ഒരു പേര നിൽപ്പുണ്ട്, കുറച്ചുകൂടി നടന്നാൽ ഒരു കൂട്ടം തുമ്പ കാണാം, അതും കഴിഞ്ഞുപോയാൽ ഒരു മാവ് തെങ്ങും അടുത്തടുത്ത്... അങ്ങനെയങ്ങനെ. നടക്കുമ്പോൾ വീണ്ടും ഇതേ ചെടികൾ ഇതേ ക്രമത്തിൽ ആവർത്തിച്ച് വരുന്നു എങ്കിൽ നമ്മൾ വീടിനെ വലം വയ്ക്കുന്നു എന്ന് നിഗമിക്കാം. കൊന്നയിൽ എണ്ണി തുടങ്ങിയത് കൊണ്ട് കൊന്ന വീണ്ടും വരുമ്പോൾ ഒരു തവണ നമ്മൾ വലം വച്ചു എന്നും മനസിലാക്കാം.

ഓറിയോൺ രാശി
Michelet B
ഇതിന് സമാനമായൊരു പണിയാണ് ജ്യോതിഷികൾ2 ഒപ്പിച്ച് വച്ചത്. പരിചിതമായ ചില നക്ഷത്രങ്ങളുടെ കൂട്ടങ്ങളെ (രാശികൾ എന്ന് മലയാളം, constellation എന്ന് ഇംഗ്ലീഷ്) നിശാകാശത്ത് അടയാളമാക്കി വച്ച് അവ ആവർത്തിച്ച് വരുന്നത് സൂര്യൻ ഭൂമിയെ ഒരു വട്ടം ചുറ്റി വന്നു എന്നതിന്റെ അടയാളം ആക്കി എടുത്തു അവർ. (അത്ര ലളിതമല്ല ഭൂമി സൂര്യനെ ചുറ്റുന്നു എന്ന നിഗമനം, പിന്നെ എപ്പോഴെങ്കിലും എഴുതാം അത്) ഇതാണ് അവർ വർഷമായി എടുത്തത്.

ഇങ്ങനെ ആണ് വർഷം ജനിക്കുന്നത്. ഈ രാശികൾ ആകാശത്തിന്റെ പന്ത്രണ്ടിലൊന്നായി സമം വീതിച്ചപ്പോൾ അവ അടയാളപ്പെടുത്തുന്ന സമയങ്ങൾ മാസമായി.3

പക്ഷേ, നമ്മുടെ ഉദാഹരണം പ്രയോഗത്തിൽ വരുമ്പോൾ ഒരിത്തിരി കൂടി സങ്കീർണമായി. ഭൂമി സ്വന്തം അച്ചുതണ്ടിൽ തന്നെ കറങ്ങുന്നു (സ്വയം ഭ്രമണം, Rotation) എന്നതുകൊണ്ട് നമ്മൾ അടയാളം വച്ചതൊന്നും ഒരിടത്ത് നിൽക്കില്ല. നമ്മൾ കാണുന്ന ആകാശം എപ്പോഴും കിഴക്കുനിന്ന് പടിഞ്ഞാട്ടേക്ക് നീങ്ങിക്കൊണ്ടേ ഇരിക്കുന്നുണ്ടെന്നതാണ് അതിനുകാരണം. അതുകൊണ്ട് ഏത് സമയത്ത് നമ്മൾ രാശികളെ അടയാളമാക്കി വച്ചു എന്നതുകൂടി അറിഞ്ഞാലെ അവ വീണ്ടും ആവർത്തിച്ച് വരുന്നത് ഉപയോഗിക്കാൻ കഴിയൂ.

വർഷത്തിലെ ഓരോ മാസത്തിനും അനുസരിച്ചാണ് മഴയും വെയിലും മഞ്ഞുമൊക്കെ വരിക എന്നത് ജ്യോതിഷികൾ ശ്രദ്ധിച്ചു. മലയാളത്തിൽ വർഷം എന്നത് മഴ എന്നതിനോട് കൂടി ചേർന്ന് കിടക്കുന്നത് നമുക്ക് വാർഷികമായ മൺസൂണുകൾ കൂടി ഉണ്ട് എന്നതുകൊണ്ടാണ്. (തുലാവർഷവും കാലവർഷവുമായി നമുക്ക് വർഷത്തിൽ രണ്ട് വർഷമുണ്ടല്ലോ?)

പക്ഷേ, കൃത്യമായി ഇതിനെ ഒരു ചട്ടക്കൂട്ടിൽ ആക്കിയാലെ നല്ലൊരു കലണ്ടറായി ഇത് ഉപയോഗിക്കാൻ കഴിയൂ. ആകാശത്തിനെ പന്ത്രണ്ട് ആയി തിരിച്ചാൽ അതിൽ ഏത് കഷ്ണത്തിൽ ആണ് നമ്മൾ എന്ന് എങ്ങനെ അറിയും? അത് ചൂണ്ടുന്ന ആകാശത്തെ സൂചിയായി സൂര്യനെ തന്നെ എടുക്കാൻ കഴിയും. സൂര്യന്റെ പശ്ചാത്തലത്തിൽ ഏത് രാശിയാണുള്ളത് (കൃത്യമായി പറഞ്ഞാൽ ഏത് രാശിയുള്ള ആകാശഭാഗം) എന്നതാണ് മാസത്തിന്റെ സൂചനയായി എടുക്കുക.

ചിത്രം 1*

ചിത്രം 1 നോക്കുക.* ഭൂമി കറങ്ങുമ്പോള്‍ അതിനനുസൃതമായി സൂര്യന്റെ പിന്നിലുള്ള നക്ഷത്രങ്ങള്‍ മാറും എന്നത് ഇതിൽ വ്യക്തമായി കാണാം. (ചിത്രത്തില്‍ 1,2,3 എന്നിങ്ങനെ പശ്ചാത്തല നക്ഷത്രക്കൂട്ടങ്ങള്‍ മാറുന്നു) ഓരോ നക്ഷത്രങ്ങളെ കൃത്യമായി വേര്‍തിരിച്ചറിയുക താരതമ്യേന ബുദ്ധിമുട്ടായതിനാലാണ് നക്ഷത്രക്കൂട്ടങ്ങൾ (രാശികൾ) ഉപയോഗിക്കുന്നത്. എപ്പോള്‍ വീണ്ടും ഭൂമി അതേ ഇടത്ത് പരിക്രമണം ചെയ്തെത്തി എന്ന് മനസിലാക്കാം.

സൂര്യൻ പകൽ കത്തി നിൽക്കുമ്പോ അതിന്റെ പിന്നിലെന്തുണ്ട് എന്നുള്ളത് നേരിട്ട് കാണാനാകില്ല എന്നത് പ്രത്യേകിച്ച് പറയണ്ടല്ലോ? അപ്പോ എങ്ങനെ നമുക്ക് സൂര്യനെ സൂചിയായി എടുക്കാൻ പറ്റും? അതിനുത്തരം പറയാനായി ക്രാന്തിവൃത്തം (ecliptic) എന്ന ജ്യോതിഷ സങ്കല്പം പരിചയപ്പെടുത്തേണ്ടിയിരിക്കുന്നു.

ചിത്രം 2*

ഭൂമിയിൽ നിന്ന് നമ്മൾ എന്തായിരിക്കും കാണുക എന്നതിന്റെ ചിത്രീകരണമാണ് ചിത്രം 2. നക്ഷത്രങ്ങളുടെ പശ്ചാത്തലത്തിൽ സൂര്യൻ നമ്മളെ ഏതാണ്ട് ഒരു വർഷം കൊണ്ട് ചുറ്റി വരുന്നതായിട്ടാണ് നമ്മൾ കാണുക. ഏറ്റവും ലളിതമായി പറഞ്ഞാൽ സൂര്യൻ നിശാകാശത്തിൽ പോകുന്ന ഈ വഴിയെ ആണ് നമ്മൾ ക്രാന്തിവൃത്തം എന്ന് പറയുന്നത്. ചിത്രത്തിൽ നോക്കിയാൽ മനസിലാക്കാവുന്ന ഒരു കാര്യം, സൂര്യനു പിന്നിലായി ഒരു നക്ഷത്രക്കൂട്ടം ഉള്ളപ്പോൾ അതിന് വിപരീതമായി മറ്റൊരു നക്ഷത്രക്കൂട്ടം രാത്രിയിൽ ദൃശ്യമാകുന്നുണ്ട്. ഈ വിപരീതമായി വരുന്ന രാശി ഏത് കണ്ടുപിടിക്കാൻ കഴിയും എങ്കിൽ ഇപ്പോൾ സൂര്യനു പിന്നിൽ ഏത് രാശി എന്ന് നമുക്ക് മനസിലാക്കാം. അതെങ്ങനെ കഴിയും എന്നത് ഒരു ഉദാഹരണത്തിലൂടെ പറയാം.

പകൽ 9 മണിക്ക് സൂര്യൻ ആകാശത്ത് ഏത് കോണിൽ ആണ് കാണുന്നത് എന്ന് നോക്കുക. രാത്രി 9 മണി എന്ന് പറയുന്നത് ഭൂമി നേരെ തിരിഞ്ഞ് നിൽക്കുന്ന സമയം ആണല്ലോ? അപ്പോൾ സൂര്യൻ പകൽ 9-ന് ഉണ്ടായിരുന്ന കോണിൽ രാത്രി 9 മണിക്ക് ഉള്ളതാണ് വിപരീത രാശി. ഉദാഹരണം മാത്രമാണിത്, 9 ആകണം എന്നൊന്നും ഇല്ല. സൂര്യൻ നേരെ തലക്ക് നേരേ വരുന്ന സമയമോ അസ്തമയമോ ഉദയമോ ഒക്കെ എടുക്കുന്നതായിരിക്കും നിരീക്ഷിക്കാൻ എളുപ്പം.

ഇത്രയുമേ ഉള്ളു രാശി എന്ന് പറയുന്നത്. ഇതിന് നമ്മുടെ ഭാവിയെ സ്വാധീനിക്കാൻ കഴിയില്ല എന്ന് പരീക്ഷണങ്ങൾ നിസ്സംശയം തെളിയിച്ചിട്ടുണ്ട്.4 ജ്യോത്സ്യം എന്നത് വാനംനോക്കികൾ ഒരു കാലത്ത് ജീവിച്ച് പോകാൻ ഉണ്ടാക്കിയ ഒരു തട്ടിപ്പാണ്; നിശാകാശത്തേക്ക് നോക്കുക പോലും ചെയ്യാതെ ചില ഗജഫ്രോഡുകൾ അതേ തട്ടിപ്പ് ആവർത്തിക്കുന്നു എന്നതാണ് ഇന്ന് പ്രശ്നം.

ഇതുപോലുള്ള വിശദമായ നിരീക്ഷണങ്ങളിലൂടെയാണ് ഫലപ്രദമായ ഒരു കലണ്ടർ മനുഷ്യർക്ക് വികസിപ്പിക്കാൻ കഴിഞ്ഞത്. പക്ഷേ, മനുഷ്യനിർമിതമായ ഒരു ആളവ് പോലെ 60 സെക്കന്റ് ഒരു മിനുറ്റ് എന്നതുപോലെ കൃത്യമായി, ക്രിത്രിമമായി സൃഷ്ടിക്കപ്പെട്ട ഒന്നല്ല പ്രകൃതി. ഭൂമിയുടെ സ്വയം ഭ്രമണവും (ദിവസം) സൂര്യനെ ചുറ്റി വരുന്നതും (വർഷവും) കൃത്യമായി ഒത്ത് പോകില്ല. ഏതാണ്ട് 365 ദിവസം എന്നല്ലാതെ കൃത്യം ദിവസക്കണക്കിൽ ചേരില്ല വർഷം എന്നതുകൊണ്ട് അഥിവർഷം (leap year) എന്ന സങ്കല്പം ആധുനിക കലണ്ടറുകളിൽ ചേർന്നിട്ടുണ്ട്. (2024 അഥിവർഷമാണല്ലോ?) അങ്ങനെ ചില തിരുത്തുകൾ തെറ്റ് പറ്റി എന്ന് അറിയുമ്പോൾ വരുത്തിയില്ല എങ്കിൽ വർഷവും കാലാവസ്ഥയും തമ്മിൽ ഒരു ബന്ധവും ഇല്ലാതെ പോകും.5

നമ്മൾ കലണ്ടർ ഒക്കെ ഉണ്ടാക്കി. പക്ഷേ, ഇത് എവിടെ തുടങ്ങും? എവിടെ നിന്ന് എങ്കിലും എണ്ണി തുടങ്ങണമല്ലോ എല്ലാവരും പൊതുവായിട്ട്. അതേത് മാസം? ഇന്ന് പൊതുവായി ഉപയോഗിക്കുന്ന ഗ്രിഗോറിയൻ കലണ്ടർ ഏതാണ്ട് വർഷത്തിലെ ഏറ്റവും നീളം കുറഞ്ഞ ദിവസത്തിൽ നിന്ന് കുറച്ച് ദിവസത്തിനപ്പുറം വീണ്ടും സൂര്യപ്രകാശവും ചൂടും ഒക്കെ തിരികെ വന്ന് തുടങ്ങുന്ന ജനുവരിയിൽ ആണ് ആരംഭിക്കാൻ തീരുമാനിച്ചത്.

വർഷത്തിൽ ഏറ്റവും നീളം കുറഞ്ഞ ദിവസം ഉണ്ടെന്ന് പറഞ്ഞത് പോലെ ഏറ്റവും നീളം കൂടിയ ദിവസവും ഉണ്ട്. അനുഭവം കൊണ്ട് തന്നെ നീളം കുറഞ്ഞത് ഡിസംബറിലും കൂടിയത് ജൂണിലും ആണെന്ന് നിങ്ങൾക്ക് മനസിലായിട്ടുണ്ടാകും. ഏതാണ്ട് ഡിസംബർ 21-നുള്ള6 ഏറ്റവും നീളം കുറഞ്ഞ ദിവസത്തെ ദക്ഷിണായനാന്തം (Winter Solstice) എന്ന് പറയും. അതേപോലെ ജൂൺ 21-നുള്ള6 ഏറ്റവും നീളം കൂടിയ ദിവസത്തിനെ ഉത്തരായനാന്തം (Summer Solstice) എന്നും.

ഇതേപോലെ തന്നെ രണ്ട് ദിവസങ്ങൾ പകലും രാത്രിയും തുല്യമായവയുണ്ട്. ഇവയെ ആണ് സമരാത്രദിനങ്ങൾ അല്ലെങ്കിൽ വിഷുവങ്ങൾ (Equinox) എന്ന് പറയുന്നത്. ആ ദിവസങ്ങളിൽ സൂര്യൻ ക്രാന്തിവൃത്തത്തിൽ നിൽക്കുന്ന സ്ഥാനങ്ങളെ ആണ് വിഷുവസ്ഥാനങ്ങൾ എന്ന് വിളിക്കുന്നത്. അതായത്, വർഷത്തിൽ രണ്ട് വർഷം ഉണ്ടെന്ന് പറഞ്ഞത് പോലെ വർഷത്തിൽ രണ്ട് വിഷുവും ഉണ്ട്. വസന്തവിഷുവം, (Vernal Equinox) തുലാവിഷുവം (Autumnal Equinox) എന്നാണ് രണ്ട് വിഷുവങ്ങൾക്ക് പേരുള്ളത്. ഏതാണ്ട് മാർച്ച് 20-ന് വസന്തവിഷുവവും ഏതാണ്ട് സെപ്റ്റംബർ 23-ന് തുലാവിഷുവവും.6

ഇതിൽ പൂക്കൾ വിരിയുന്ന വസന്തവിഷുവമായിരുന്നു നമുക്കാദ്യം വർഷാരംഭം: അതായിരുന്നു മേടം 1. ഇതാണ് നമ്മൾ ഏപ്രിൽ 14-ന് ആഘോഷിക്കാൻ പോകുന്ന വിഷു.

പക്ഷേ, ഞാൻ ഈ ലേഖനത്തിൽ തന്നെ പറഞ്ഞിരുന്നു ഇന്നാണ് വിഷുവം എന്ന്. അതെങ്ങനെ ശരിയാകും? അഥിവർഷത്തെ പറ്റി പറഞ്ഞത് ഓർക്കുന്നില്ലേ? നമ്മൾ ഉണ്ടാക്കുന്ന കലണ്ടറുകൾ എത്ര കൃത്യം ആണെന്ന് തോന്നിയാലും അതിലും ഉണ്ടാകും ഒരുപാട് വർഷങ്ങൾ കൂടുമ്പോൾ ചില പിശകുകൾ; അഥിവർഷം പോലെ അവ തിരുത്തി പോകേണ്ടതണ്. ഇത് 1600 കൊല്ലം കൊണ്ട് മലയാളം കലണ്ടറിൽ കടന്ന് കൂടിയ ഏതാണ്ട് 24 ദിവസം വരുന്ന ഒരു തെറ്റാണ്.

ഇതെങ്ങനെ വന്നു എന്ന് വിശദീകരിക്കാൻ സ്വല്പം കൂടി ജ്യോതിഷം പറയേണ്ടി വരും. ഭൂമധ്യരേഖ (Equator) ആകാശത്തിലേക്ക് വികസിപ്പിച്ചാൽ ഉണ്ടാകുന്ന വൃത്തത്തിനെ നമ്മൾ ഖഗോളരേഖ (Celestial Equator) എന്ന് പറയും. ഇത് ക്രാന്തിവൃത്തത്തിൽ നിന്ന് 23.5 ഡിഗ്രി ചെരിഞ്ഞാണുണ്ടാകുക. ചിത്രത്തിൽ കാണുന്നത് പോലെ ഈ രേഖകൾ തമ്മിൽ കൂട്ടി മുട്ടുന്ന രണ്ട് ഇടങ്ങളാണ് വിഷുവസ്ഥാനങ്ങൾ.

വിഷുവങ്ങൾ

ഭൂമധ്യരേഖ ഭൂമിയുടെ സ്വയം ഭ്രമണവും ക്രാന്തിവൃത്തം ഭൂമിയുടെ പരിക്രമണവുമാണ് സൂചിപ്പിക്കുന്നത്. ഭൂമിയുടെ ഭ്രമണാക്ഷത്തിനും (Rotational Axis) പരിക്രമണാക്ഷത്തിനും (Revolutionary Axis) ഉള്ള 23.5 ഡിഗ്രി ചെരിവ് തന്നെ ആണിത്. അതായത്, ക്രാന്തിവൃത്തത്തിൽ എവിടെ ആണ് വിഷുവം വരുന്നത് എന്ന് ഭൂമിയുടെ ഭ്രമണാക്ഷമാണ്. ഭ്രമണാക്ഷം മാറിയാൽ ഖഗോളരേഖയും മാറും, അങ്ങനെ വിഷുവവും മാറും.

പുരസ്സണം*

ഭൂമിയുടെ ഭ്രമണാക്ഷം തന്നെ കറങ്ങുന്നുണ്ട്. (കറക്കത്തിന്റെ കറക്കം, എന്താലെ പ്രകൃതി!) പുരസ്സണം (Precession) എന്നാണിതിനെ വിളിക്കുക. ഇരുപത്തിയാറായിരം (26,000) കൊല്ലം കൊണ്ട് ഒരു വട്ടം ഭൂമി ഇങ്ങനെ കറങ്ങി വരും.

അതായത്, പതിയെപ്പതിയെ, ഏതാണ്ട് 71 വർഷത്തിൽ ഒരു ദിവസം (26000/36571) എന്ന തോതിൽ വിഷുവം മാറുന്നുണ്ട്. ഒരു മനുഷ്യായുസ്സിൽ ഒരു ദിവസം എന്ന് കൂട്ടാം. 24 ഓളം ദിവസം മാറണം എങ്കിൽ അപ്പോൾ ഏതാണ്ട് 1,700 കൊല്ലം. (24x71=1704) അത്രയും കാലം മുൻപാണ് അവസാനമായി മലയാളം കലണ്ടറിൽ വിഷുവവും മേടം ഒന്നും ഒരേ ദിവസം ആക്കാൻ ആരോക്കെയോ തീരുമാനിച്ചത്. അതിനുശേഷം ഇത് മാറ്റം വരുമെന്ന് കേരളത്തിലെ വാനംനോക്കികൾ പ്രതീക്ഷിച്ചുകാണില്ല. അതുകൊണ്ട് തന്നെ നമ്മുടെ മലയാളം കലണ്ടറിൽ ഇതിനൊരു തിരുത്ത് ഇല്ല. വസന്തവിഷുവവും വസന്തത്തിലെ വിഷുവും അകന്നകന്ന് പോയിക്കൊണ്ടിരിക്കുന്നു.

ഭ്രമണാക്ഷത്തിന്റെ പുരസ്സണം മനസിലാക്കി കലണ്ടർ പരിഷ്കരിച്ചില്ല എങ്കിൽ വസന്തം കൊണ്ടുവരുന്ന വസന്തവിഷുവവും  വസന്തത്തിന്റെ ആഘോഷമായ വിഷുവും ഒരു ബന്ധവും ഇല്ലാത്ത രണ്ട് ദിവസങ്ങളാകും. കൊന്ന പൂത്ത് കൊഴിയുന്നതും വിഷുവും തമ്മിലൊരു ബന്ധവും ഇല്ലാതെയാകും. വിഷുവിനും മുൻപേ കൊന്ന പൂത്ത് തുടങ്ങുന്നത് കണി വയ്ക്കാൻ സൗകര്യം ആയിക്കോട്ടെ എന്ന് വിചാരിച്ചിട്ടല്ല, ചെടികൾ പൂക്കുന്നത് വസന്തത്തിന്റെ വരവോടെയാണെന്നത് കൊണ്ടാണ്.

തിരുത്താതെ വിട്ടാൽ വിഷു വസന്തത്തിൽ വീണ്ടും എത്തുക ഇരുപത്തിനാലായിരം വർഷങ്ങളെങ്കിലും കഴിഞ്ഞാകും. വിഷു മാത്രമല്ല, നമ്മുടെ കലണ്ടർ മുഴുവൻ കാലാവസ്ഥയുടെ വസ്തുതയിൽ നിന്ന് വേർപെട്ടുപോകും. കർക്കടകത്തിലെ കല്ലുരുട്ടി മഴയും വിഷുക്കൊന്നയും ഒക്കെ ചരിത്രത്തിന്റെ ഓർമ്മകൾ മാത്രമാകും.7

കാലം അത്രയ്ക്ക് മാറിയില്ലെങ്കിലും വിഷുവത്തിന്റെ, സമരാത്രദിനത്തിന്റെ, വസന്തം വരുന്നതിന്റെ പകുതി മറന്ന ഓർമ്മയാണ് നമുക്ക് പോലും വിഷു. വിസ്മരിക്കപ്പെട്ട സംസ്കാരത്തിന്റെ സ്മരണകളിലൊളിച്ചിരിക്കുന്ന, 1700 വർഷം മുൻപ് ഏതോ വാനംനോക്കികൾ കുറിച്ചുവച്ചുപോയൊരു ഫോസിൽ.

പക്ഷേ, ആ വാനംനോക്കികൾ എന്താകും ആഗ്രഹിച്ചിരിക്കുക? കാലാവസ്ഥയറിയാൻ ഉപയോഗശൂന്യമായി പരിണമിച്ചുകൊണ്ടിരിക്കുന്ന തന്റെ സൃഷ്ടി അയുക്തികമായ ബഹുമാനത്തോടെ ആളുകൾ ആരാധിക്കണമെന്നോ? അതോ അവർ ചെയ്തത് പോലെ ആവശ്യത്തിനായി നവീകരിച്ച് അവരുടെ പിൻ ഗാമികൾ ഭാവിക്ക് കൈമാറണമെന്നോ? അവരുടെ സൃഷ്ടി അനന്തകാലം ഉപയോഗശൂന്യമായി ആവർത്തിക്കപ്പെടണമെന്നോ പരിഷ്കരിക്കപ്പെടണമെന്നോ?

വിഷുവം എന്തെന്നത് അന്താരാഷ്ട്ര യോഗ ദിനം എന്ന നിലയിൽ ഒരു പബ്ലിസിറ്റി സ്റ്റണ്ട് ആയിട്ടല്ലാതെ സമരാത്രദിനമെന്ന പ്രാധാന്യമോടെ  കൂടുതലാൾ മനസിലാക്കണമെന്നാണ് എന്റെയുള്ളിലെ ജ്യോതിഷകുതുകി ആഗ്രഹിക്കുന്നത്. കേരളജനതയുടെ വിഷു ഭാവിയിലും കൊന്നപ്പൂക്കൾ നിറഞ്ഞതാകാണം എന്നാണെനിക്കുള്ളിലെ മലയാളി സ്വപ്നം കാണുന്നത്.

ഇന്ന് വിഷുവത്തെ ഓർമ്മിക്കാൻ നിങ്ങൾക്കിതൊരു കാരണം ആകട്ടെ.


വിഷുവിനന്ന് ഈ ഫോസിലിനെ വിസ്മരിക്കാതെ വസന്തത്തിനൊപ്പം വിഷുവത്തിനേയും ഓർക്കുക. ഒരു നിമിഷം ഓര്‍ക്കുക, വസന്തത്തിന്റെ വരവിനെ... കൊന്നപ്പൂക്കളെ...

 

 

സമര്‍പ്പണം:

എന്നെ ആദ്യം കണ്ട സഹൃദയയക്ക് – ഞാൻ ആരായാലും എന്നെ എന്നും ആലിംഗനം ചെയ്തിട്ടുള്ള എന്റെ അമ്മയ്ക്ക് വൈകിയെങ്കിലും പിറന്നാൾ സമ്മാനമായിട്ട്...

 

അവലംബവും കുറിപ്പുകളും

1.       People say science takes away from the beauty of the stars – mere globs of gas atoms. Nothing is “mere”. I too can see the stars on a desert night, and feel them. But do I see less or more?” -എന്ന ഫൈന്മൻ ഉദ്ധരണിയിൽ നിന്ന് പ്രജോദനം ഉൾക്കൊണ്ട ഘണ്ഡിക.

2.     ജ്യോതിഷികൾ എന്നത് പ്രാചീന ജ്യോതിശാസ്ത്രജ്ഞർ എന്ന നിലയിൽ ആണ് ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് അവരോട് ബഹുമാനം പ്രകടിപ്പിക്കുന്നതിൽ അത്ഭുതം തോന്നണ്ട. പ്രവചന കലാപരിപാടിയെ ജ്യോത്സ്യം എന്നാണ് വിളിക്കുക, അതിനെ നന്നായി കൈകാര്യം ചെയ്യുന്നും ഉണ്ട്.

3.     അത് മാത്രമല്ല, ഒരു പൂർണ്ണചന്ദ്രനിൽ നിന്ന് അടുത്തതിലേക്കുള്ള ദൂരവും ഏതാണ്ട് ഒരു മാസമാണ്; അത് മാസമായ കലണ്ടറുകളും ഉണ്ട്: ഹിജ്ര കലണ്ടർ ഉദാഹരണം. ഈ ലേഖനത്തിൽ ആ കലണ്ടറുകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഇടമില്ല എന്നതുകൊണ്ടാണ് വിശദമായി പോകാത്തത്.

4.     https://en.wikipedia.org/wiki/Astrology_and_science#Tests_of_astrology

5.     കാലാവസ്ഥാവ്യതിയാനത്തിന്റെ ഇടപെടലുകളില്ലാതെ തന്നെ.

6.     അയനാന്തങ്ങളും വിഷുവങ്ങളും ഒരു ദിവസം അങ്ങോട്ടും ഇങ്ങോട്ടും മാറാം.

7.     കാലാവസ്ഥാവ്യതിയാനം മനുഷ്യർ നിയന്ത്രിക്കുന്ന ഒരു നല്ല ഭാവിയിൽ പോലും ഇത് തന്നെ ആകും അവസ്ഥ.


*ഞാന്‍ തന്നെ പെയിന്റില്‍ വരച്ചതാണ്. ആര്‍ക്കെങ്കിലും ഇത് ഉപയോഗിക്കണം എങ്കില്‍ എടുക്കാവുന്നതാണ്. 100% സ്വതന്ത്ര ലൈസന്‍സ്. ഇത്തരം ചിത്രങ്ങള്‍ക്ക് കീഴില്‍ നക്ഷത്രചിഹ്നം (*) ഇടുന്നതാണ്.


കടപ്പാട്: പരിഷത്ത് പ്രസിദ്ധീകരിച്ച പാപ്പൂട്ടിമാഷുടെ “ജ്യോതിഷവും ജ്യോതിശാസ്ത്രവും” എന്ന പുസ്തകം ഈ ലേഖനത്തിന് എല്ലാവിധത്തിലുമുള്ള പ്രചോദനമായിട്ടുണ്ട്. ചിലപ്പോള്‍ മുഴുവന്‍ വാചകങ്ങള്‍ തന്നെ അബോധമായി ഉപയോഗിച്ച് പോയിട്ടുണ്ടാകാം!

Tuesday, 30 July 2019

മൊബൈല്‍ കൊണ്ട് മുട്ട പുഴുങ്ങുന്നതെങ്ങിനെ?


 
മുന്‍കുറി: സ്വന്തമായി കുറച്ചധികം കണക്ക് ചെയ്യേണ്ടി വന്നെങ്കിലും ഈ ലേഖനത്തോളം ഒരു സായന്‍സിക സൃഷ്ടി ആയി തോന്നുന്ന മറ്റൊന്നും തന്നെ ഇല്ല ഈ ബ്ലോഗില്‍. കണക്കുണ്ട് എന്നോര്‍ത്ത് ഭയപ്പെടാതെ ഒന്ന് വായിച്ചുനോക്കുക. നമുക്ക് ഒരുമിച്ച് മുട്ട പുഴുങ്ങി കണക്കാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. പറ്റുമെങ്കില്‍ കമ്പ്യൂട്ടറില്‍ നിന്ന് വായിക്കാന്‍ ശ്രമിക്കുക; സമവാക്യങ്ങളടക്കം പലതും മൊബൈല്‍ മോഡില്‍ വ്യക്തമാകണമെന്നില്ല. കണക്ക് മനസിലാകും എന്നുള്ളവര്‍ ഇത് വായിക്കുക.

"ഒരു മണിക്കൂര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ ഒരു മുട്ട പുഴുങ്ങാം…!": ഈ മീം കണ്ടിട്ടില്ലാത്തവര്‍ ഉണ്ടാകില്ലെന്ന് കരുതുന്നു. "മൊബൈല്‍ ആരോഗ്യത്തിന് ഹാനികരം" എന്ന അബദ്ധധാരണ പരത്തുകയാണ് ഇതിന്റെ ലക്ഷ്യം. ഇത്തരം ഭയവ്യാപാരികള്‍ എന്ത് പറഞ്ഞാലും വസ്തുത ഇതാണ്: വളരെക്കാലം പഠനങ്ങള്‍ നടന്നിട്ടും മൊബൈലിന്റെ  റേഡിയേഷന്‍ ആരോഗ്യത്തിന് ഹാനികരമാണ് എന്നതിന് തൃപ്തികരമായ തെളിവുകളില്ല1,2 അതായത്. മൊബൈല്‍ റേഡിയേഷന്‍ കൊണ്ട് ഒരു കുഴപ്പവുമില്ല എന്ന് സാരം.
അത്തരം പേടികളൊക്കെ മാറ്റിവച്ചേക്കുക; നമ്മളിവിടെ മൊബൈലിന്റെ റേഡിയേഷനില്‍ (radiation)‍ മുട്ട പുഴുങ്ങുന്ന തിയറി ഒന്ന് പ്രയോഗിക്കാന്‍ ശ്രമിക്കുകയാണ്! (പ്രയോഗിച്ച് കഴിയുമ്പോള്‍ ഫോണിന്റെ ചൂട് പോലും പേടിക്കാനില്ല എന്നും മനസിലാകും)
നമ്മള്‍ സ്ക്കൂളില്‍ പഠിച്ച ഫിസിക്സ് ധാരണകള്‍ ഉപയോഗിച്ച് ഇത്തരം സാഹചര്യങ്ങളെ പറ്റി ഏതാണ്ട് ശരിയായൊരു ചിത്രം ഉണ്ടാക്കിയെടുക്കുക സാധ്യമാണ്; സൈദ്ധാന്തികമായ സയന്‍സ് പ്രായോഗിക ജീവിതത്തില്‍ എങ്ങനെ ഉപയോഗിക്കാനാകും എന്നതിന്റെ ഒരു വ്യക്തമായ ഉദാഹരണമായിട്ട്, എത്ര നേരമെടുക്കും ഒരു ഫോണ്‍ കൊണ്ട് മുട്ട പുഴുങ്ങാന്‍ എന്ന് കണക്കുകൂട്ടുന്നതിന്റെ രീതിശാസ്ത്രമാണിവിടെ വിശദീകരിക്കുന്നത്.
ഏറ്റവും ലളിതമായ രീതിയില്‍ സായന്‍സികമായി (scientifically) ഈ വിഷയത്തെ അവലോകനം ചെയ്യുവാന്‍ നമ്മളിവിടെ ചിന്തിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്:
1) എത്രമാത്രം ഊര്‍ജ്ജം (energy) മൊബൈലുകള്‍ റേഡിയേഷനായി പുറത്തുവിടുന്നുണ്ട്?
മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ ആണല്ലോ ഇവിടെ ഭീതിയുണ്ടാക്കുന്നത്. എത്രമാത്രം ശക്തമാണ് അവ പുറത്തുവിടുന്ന ഊര്‍ജ്ജം എന്ന് മനസിലാക്കിയാല്‍ മാത്രമേ നമുക്ക് ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ അവലോകനം സാധ്യമാകൂ. അതിനാണ് നാം "പവര്‍" (power) എന്ന ഭൗതികസങ്കല്പം ഉപയോഗിക്കുന്നത്; ഒരു സെക്കന്റില്‍ എത്ര ഊര്‍ജ്ജം (energy per second) ആണ് എന്നതാണ് പവര്‍. എത്രമാത്രം പവര്‍ മൊബൈലുകള്‍ പുറപ്പെടുവിക്കുന്നു എന്നത് കണ്ടുപിടിക്കണം ഇത് മനസിലാക്കാന്‍.
2) മുട്ട പുഴുങ്ങാന്‍ എത്ര ഊര്‍ജ്ജം അവശ്യമാണ്?
ഒരു സാധാരണ മുട്ട (മീമില്‍ കാടമുട്ട) സാധാരണ താപനിലയില്‍ (room temperature) നിന്ന് പുഴുങ്ങിയെടുക്കാന്‍ എത്ര ഊര്‍ജ്ജം അവശ്യമാണ് എന്നത് കണക്കുകൂട്ടണം.
3) മുട്ട പുഴുങ്ങാന്‍ എത്ര സമയമെടുക്കും?
മൊബൈലിന്റെ പവറും പുഴുങ്ങിയെടുക്കാന്‍ വേണ്ട ഊര്‍ജ്ജവും അറിഞ്ഞാല്‍ എത്ര സമയമെടുക്കും മുട്ട പുഴുങ്ങാന്‍ എന്ന് കണക്കുകൂട്ടാന്‍ കഴിയും. "പുഴുങ്ങാനാവശ്യമായ ഊര്‍ജ്ജം മുട്ടയിലേക്ക് എത്താന്‍ എത്ര സെക്കന്റ് വേണം?” എന്നതാണ് സായന്‍സികമായി ഈ ചോദ്യം. മൊബൈലില്‍ നിന്ന് ഒരു സെക്കന്റില്‍ കൊടുക്കാന്‍ കഴിയുന്ന പരമാവധി ഊര്‍ജ്ജം നമുക്ക് പവറില്‍ നിന്നറിയാം; ഒരു സെക്കന്റില്‍ ഇത്ര ഊര്‍ജ്ജം എന്നതാണല്ലോ പവറിന്റെ നിര്‍വചനം. മുട്ടയിലേക്ക് ഓരോ സെക്കന്റിലും ഇങ്ങനെ വരുന്ന ഊര്‍ജ്ജം കൂട്ടിയെടുത്താല്,‍ മുട്ടയില്‍ എത്തുന്ന ഊര്‍ജ്ജം എത്ര സെക്കന്റ് ആയി എന്നത് പവര്‍ കൊണ്ട് ഗുണിച്ചാല്‍ (mutiply) കിട്ടുന്ന അതേ ആളവാണെന്ന് മനസിലാകും. (രണ്ട് സെക്കന്റില്‍ മുട്ടയിലെത്തിയ ഊര്‍ജ്ജം രണ്ടുവട്ടം പവറിലുള്ള ഊര്‍ജ്ജം; മൂന്നു സെക്കന്റില്‍ മുട്ടയിലെത്തിയ ഊര്‍ജ്ജം മൂന്നുവട്ടം പവറിലുള്ള ഊര്‍ജ്ജം എന്നിങ്ങനെ)
താഴെയുള്ള ലളിതമായ സമവാക്യം നോക്കിയാല്‍ എത്ര സെക്കന്റ് ആയി എന്നത് മുട്ടയിലെത്തിയ ഊര്‍ജ്ജത്തെ പവര്‍ കൊണ്ട് ഹരിച്ചാല്‍ (divide)‍ കിട്ടും എന്നത് മനസിലാകും.
പുഴുങ്ങാനുള്ള ഊര്‍ജ്ജം മുട്ടയിലെത്താന്‍ വേണ്ട സമയം കണക്കാക്കാനായി പുഴുങ്ങാനാവശ്യമായ ഊര്‍ജ്ജത്തെ പവര്‍ കൊണ്ട് ഹരിക്കുകയാണ് വേണ്ടതെന്ന് മനസിലായെന്ന് കരുതുന്നു.
നൂറ് ശതമാനം പ്രായോഗികമായി നോക്കിയാല്‍ മറ്റ് പ്രതിഭാസങ്ങളും ഇവിടെയുണ്ട്: മൊബൈലിന്റെ ആന്തരിക പ്രവര്‍ത്തനം മൂലമുള്ള ചൂട് കണ്ടക്ഷന്‍ (conduction) വഴി മുട്ടയെ ഇത്തിരി ചൂടാക്കുന്നുണ്ട്, അന്തരീക്ഷ താപനിലയില്‍ നിന്ന് മുട്ടയുടെ താപനില ഉയര്‍ന്നാല്‍ പതിയെ മുട്ടയില്‍ നിന്ന് കണ്‍വെക്ഷന്‍ (convection) വഴി ചൂട് നഷ്ടപ്പെടുന്നുണ്ട്. മാത്രമല്ല, മൊബൈലില്‍ നിന്നുള്ള റേഡിയേഷന്‍ മുഴുവനായി മുട്ട വലിച്ചെടുക്കുന്നില്ല; വലിച്ചെടുക്കുന്ന (absorbed) റേഡിയേഷന്‍ മുഴുവന്‍ ചൂടായി (heat) മാറുന്നുമില്ല.
മുട്ട തണുക്കുന്ന, അല്ലെങ്കില്‍ ചൂടാകുന്ന സമയം കൂട്ടുന്ന എല്ലാ പ്രക്രിയകളും നമ്മള്‍ തത്കാലം പൂര്‍ണ്ണമായും അവഗണിക്കുന്നു. ഏറ്റവും വേഗത്തില്‍, ഏറ്റവും കുറഞ്ഞ സമയത്തില്‍, മൊബൈല്‍ റേഡിയേഷന്‍ കൊണ്ട് ചൂടാകുന്ന സാഹചര്യമാണ് നമ്മള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. മുട്ട ചേര്‍ത്തുവച്ചാല്‍ ഉണ്ടാകുന്ന കണ്ടക്ഷന്‍ കൂടി ഈ കൂട്ടത്തില്‍ അവഗണിക്കുന്നുണ്ട്; പൂര്‍ണ്ണമായും റേഡിയേഷന്‍ വലിച്ചെടുക്കുന്നു എങ്കില്‍ അത് അവഗണിക്കാവുന്നത്രയേ ഉണ്ടാകൂ.*
അതായത്, ഫോണിന് മുട്ട പുഴുങ്ങാനുള്ള എല്ലാ സാഹചര്യങ്ങളും സൈദ്ധാന്തികമായി നമ്മള്‍ സൃഷ്ടിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ മൊബൈല്‍ റേഡിയേഷന്റെ പവറും പുഴുങ്ങാനുള്ള എനര്‍ജിയും കിട്ടിയാല്‍ നമുക്ക് സമയം കണക്കുകൂട്ടാം. അവയിലേക്ക് എങ്ങനെ എത്താം എന്ന വിശദീകരണമാണ് ഇനി.
നിങ്ങളില്‍ ചിലരെങ്കിലും ഫോണിന്റെ സ്പെസിഫിക് അബ്സോര്‍ബ്ഷന്‍ റേറ്റ് അഥവാ SAR (Specific Absorption Rate-SAR) എന്ന നമ്പറിനെ പറ്റി കേട്ടിട്ടുണ്ടാകും. ഫോണ്‍ റേഡിയേഷനെ എത്രമാത്രം മനുഷ്യശരീരം വലിച്ചെടുക്കുന്നുണ്ട് എന്നതിന്റെ നിരീക്ഷണങ്ങളില്‍ അധിഷ്ഠിതമായ ഒരു കണക്കാണത്. ഫോണിന്റെ റേഡിയേഷനും ദൃഷ്യപ്രകാശവുമൊക്കെ (visible light) വിദ്യുത്കാന്തിക തരംഗങ്ങള്‍ (electromagnetic waves) ആണ് എന്നത് അറിയാമെന്ന് കരുതുന്നു. അതുകൊണ്ട് തന്നെ, ഒരു പ്രത്യേക മാസുള്ള (mass) വസ്തുവിനുള്ളില്‍ എത്രമാത്രം വൈദ്യത ഫീല്‍ഡ് (electric field) മാറുന്നുണ്ട് എന്നത് നിരീക്ഷിക്കുന്നതിലൂടെ എത്രമാത്രം പവര്‍ വലിച്ചെടുത്തു എന്ന് കണക്കാക്കാന്‍ കഴിയും. (ഈ കണക്കാക്കലിന്റെ വിശദീകരണം മിനിമം ഡിഗ്രി ലെവല്‍ എങ്കിലുമുള്ള വിദ്യുത്കാന്തിക സിദ്ധാന്തമാണ്, electromagnetic theory, എന്നതുകൊണ്ട് അതിലേക്ക് തത്കാലം കടക്കുന്നില്ല)
മനുഷ്യശരീരത്തിന് സമാനമായ വസ്തുക്കള്‍ ഉപയോഗിച്ച് ഫീല്‍ഡ് അളന്ന് അതില്‍ നിന്ന് ഒരു കിലോഗ്രാം (kilogram) വസ്തുവില്‍ എത്രമാത്രം പവര്‍ വലിച്ചെടുക്കപ്പെട്ടു എന്ന് കണക്ക് കൂട്ടി കിട്ടുന്നതാണ് SAR.3,4,5 അളവെടുപ്പില്‍ കിട്ടുന്ന പരമാവധി മൂല്യമാണ് നാം എടുക്കുന്നത്.6 (ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ താരതമ്യേന വ്യത്യാസങ്ങളുണ്ട്, ഫോണിന്റെ പല പ്രവര്‍ത്തനങ്ങളില്‍ വ്യത്യാസമുണ്ട് എന്ന് സാരം) അതായത്, ഓരോ കിലോഗ്രാം വസ്തുവിലും എത്രമാത്രം പവര്‍ വലിച്ചെടുക്കപ്പെട്ടു (power absorbed per kilogram) എന്നതിന് ഒരു അളവ്. ഇന്ത്യയില്‍ അനുവദനീയമായ പരമാവധി SAR 1.6 W/kg ആണ്.7 അതായത്, ഓരോ കിലോഗ്രാമിലും (kg) 1.6 വാട്ട് (Watt – W) പവര്‍ ആഗിരണം ചെയ്യപ്പെടുന്നു.5 വാട്ട് എന്നത് ഒരു സെക്കന്റില്‍ ഒരു ജൂള്‍ (Joule – J) ഊര്‍ജ്ജം എന്നതിനെ സൂചിപ്പിക്കുന്നു.8,9 (ജൂള്‍ ഊര്‍ജ്ജത്തിന്റെ അളവാണ്; അതിന്റെ കൂടി നിര്‍വചനത്തിലേക്ക് തത്കാലം പോകുന്നില്ല) നിങ്ങളുടെ ഫോണിന്റെ SAR എത്ര എന്ന് അറിയാന്‍ *#07# എന്ന് ഡയല്‍ ചെയ്യുക. മിക്കവാറും ഫോണുകളുടെ SAR ഈ മാര്‍ഗത്തിലൂടെ തന്നെ കിട്ടും
അതായത്, ഇന്ത്യയില്‍ നിയമപരമായി ലഭ്യമായ ഫോണുകളുടെ SAR പരമാവധി ‍1.6 W/kg ആണ്; നമ്മളെടുക്കുന്ന വസ്തുവിന്റെ ഭാരമെന്തെന്ന് അറിയാമെങ്കില്‍ എത്രമാത്രം പവര്‍ വലിച്ചെടുക്കുന്നുണ്ട് എന്ന് കണക്കാക്കാം. രണ്ട് കിലോ ‍വസ്തു ഉണ്ടെങ്കില്‍ (1.6 W/kg x 2 kg =) 3.2 W പവര്‍ വലിച്ചെടുക്കുന്നുണ്ട്; അരക്കിലോ അതായത് 0.5 കിലോ ഉണ്ടെങ്കില്‍ (1.6 W/kg x 0.5 kg =) 0.8 W പവറാണ് വലിച്ചെടുക്കുന്നത്. അതായത്, ഇവിടെ മാസ് കൊണ്ട് SAR-നെ ഗുണിച്ചാല്‍ പവര്‍ കിട്ടും.
പക്ഷേ, മുട്ടയുടെ ഭാരമോ മാസോ അറിയാതെ തന്നെ ഈ കണക്ക് ചെയ്യാനാകും. (മാസും ഭാരവും തമ്മില്‍ ഫിസിക്സില്‍ ചെറിയ വ്യത്യാസമുള്ളത് കൊണ്ടാണ് ഞാന്‍ കൃത്യമായ വാക്ക് ഉപയോഗിച്ചത്; പ്രായോഗികമായി വലിയ വ്യത്യാസമില്ല, നമ്മള്‍ ഭാരം എന്ന് പറയുന്നത് തന്നെ ഇത് എന്ന് തത്കാലം വിചാരിക്കുന്നത് പ്രശ്നമില്ല) എങ്ങനെ എന്ന് വരുന്ന വഴിയെ വിശദീകരിക്കാം. തത്കാലം മാസ് m കിലോഗ്രാം ആണെന്ന് കരുതുക. (അറിയാത്തതിന് ഇംഗ്ലീഷില്‍ ഒറ്റയക്ഷരം എന്നതാണല്ലോ ഒരു നാട്ടുനടപ്പ്) അപ്പോള്‍ നമ്മള്‍ മുന്‍പ് പറഞ്ഞ യുക്തിയില്‍ പവര്‍ (1.6 W/kg x m kg=) 1.6m Wആയി. (1.6 x m-ന്റെ ചുരുക്കെഴുത്താണ് 1.6m) അപ്പോ നമുക്ക് പവര്‍ കിട്ടി.
ഇനി മുട്ട പുഴുങ്ങി എടുക്കാന്‍ വേണ്ട ഊര്‍ജ്ജം കണക്കാക്കണം. ഇതിന് നാം ചിലരെങ്കിലും പ്ലസ് വണ്ണില്‍ ഫിസിക്സിന്റെ ഭാഗമായി പഠിച്ച സ്പെസിഫിക് ഹീറ്റ് കപാസിറ്റി (specific heat capacity, c എന്ന് ചുരുക്കെഴുത്ത്) എന്ന സങ്കല്പം ഒന്നുകൂടി ഓര്‍ത്തെടുക്കേണ്ടിയിരിക്കുന്നു.10,11,12 ഒരു വസ്തുവിന്റെ ഒരു കിലോഗ്രാം മാസ് ഒരു ഡിഗ്രി സെല്‍ഷ്യസ് ചൂടാക്കുവാന്‍ വേണ്ടി വരുന്ന താപോര്‍ജ്ജം (heat energy) ആണ് c. മര്‍ദ്ദവും, pressure, വസ്തുവിന്റെ വ്യാപ്തിയും, volume, അനുസരിച്ച് c മാറാറുണ്ട്; പക്ഷേ, അന്തരീക്ഷ മര്‍ദ്ദവും മുട്ടയുടെ വ്യാപ്തിയും കാര്യമായി മാറുന്നില്ല എന്നതുകൊണ്ട് c ഏതാണ്ട് സ്ഥിരമായിരിക്കും. c വളരെ ചെറുതായിട്ടാണെങ്കിലും താപനിലക്കനുസരിച്ചും മാറുന്നുണ്ട്; കൂടുതല്‍ ചൂടുള്ള വസ്തുക്കളെ പിന്നേയും ചൂടാക്കണം എങ്കില്‍ കൂടുതല്‍ ഊര്‍ജ്ജം വേണം, അതായത് താപനില കൂടുന്ന നിലയ്ക്ക് കുറച്ചാണെങ്കിലും c-യും കൂടും.
മുട്ടയിലേക്ക് പോകും മുന്‍പ് നമുക്ക് വെള്ളത്തിന്റെ c വച്ച് ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ ഒരിത്തിരി വ്യക്തമാക്കാം. വെള്ളത്തിന്റെ c 4.186 J/goC ആണ്.11,13 അതായത് ഒരു ഗ്രാം വെള്ളത്തിന്റെ താപനില ഒരു ഒരു ഡിഗ്രി സെല്‍ഷ്യസ് കൂട്ടണം എങ്കില്‍ 4.186 ജൂള്‍ ഊര്‍ജ്ജം വേണം. (ജൂള്‍ ഊര്‍ജ്ജത്തിന്റെ, ഇവിടെ താപോര്‍ജ്ജത്തിന്റെ, യൂണിറ്റാണ് എന്നത് ഓര്‍ക്കുന്നുണ്ടല്ലോ?) ഒരു ഗ്രാം രണ്ട് ഡിഗ്രി ഉയര്‍ത്തണം എങ്കില്‍ (1 g x 2oC x 4.186 J/goC =) 8.372 J ഊര്‍ജ്ജം; രണ്ട് ഗ്രാം രണ്ട് ഡിഗ്രി ഉയര്‍ത്തണം (2g x 2oC x 4.186 J/goC =) 16.744 J ഊര്‍ജ്ജം. പവറിന്റെ കാര്യത്തിലേതിന് സമാനമായ കണക്കാണ്; ഒന്നിനു പകരം രണ്ട് മൂല്യങ്ങള്‍ ഗുണിക്കാനുണ്ട് എന്ന് മാത്രം) 
ഒരു കിലോഗ്രാം വെള്ളം സാധാരണ താപനിലയില്‍ (സയന്‍സില്‍ പൊതുവേ 23oC ആണ് ഇതിന് എടുക്കുന്ന മൂല്യം) നിന്ന് തിളയ്ക്കുന്ന അവസ്ഥ വരെ, സാധാരണ അന്തരീക്ഷ മര്‍ദ്ദത്തില്‍ 100oC, എത്തിക്കാന്‍ എത്ര വേണ്ടി വരും എന്നൊന്ന് കണക്കുകൂട്ടി നോക്കാം.
ഭാരം ഗ്രാമിലാക്കുമ്പോള്‍ 1 kg = 1000 g.
ഉയര്‍ത്തേണ്ട താപനില = 100oC-23oC = 77oC.
ഊര്‍ജ്ജം = മാസ് x ഉയര്‍ത്തേണ്ട താപനില x c = 1000g x 77oC x 4.186 J/goC = 322322 J
മൂന്നുലക്ഷത്തി ഇരുപത്തിരണ്ടായിത്തി മുന്നൂറ്റി ഇരുപത്തി രണ്ട് ജൂള്‍. കിലോഗ്രാം പോലെ ആയിരം ജൂള്‍ ഒരു കിലോജൂള്‍ ആണ്; ഏതാണ്ട് മുന്നൂറ്റി ഇരുപത്തി രണ്ട് കിലോജൂള്‍ എന്നും പറയാം. (322322J/1000=322.322kJ) ഈ സംഖ്യകള്‍ക്കൊന്നും ഒരടിസ്ഥാനവും ഇപ്പോള്‍ തോന്നുന്നുണ്ടാകില്ല. പക്ഷേ, നിങ്ങള്‍ക്ക് ഒരു ലിറ്റര്‍ വെള്ളം (ഒരു കിലോ വെള്ളത്തിന്റെ അളവ് ഒരു ലിറ്ററാണ്; അത് വെള്ളത്തിന്റെ ഒരു പ്രത്യേകതയാണ്) ചൂടാകാന്‍ ഏതാണ്ട് എത്രമാത്രം ഊര്‍ജ്ജമെടുക്കും എന്നൊരു ധാരണയുണ്ടല്ലോ? ആ ഊര്‍ജ്ജമാണ് ഈ ഊര്‍ജ്ജം: 322 kJ.
ഇനി നമുക്ക് ഇതിന് എത്ര സമയമെടുക്കും എന്നുകൂടി കണക്കാക്കാം. വെള്ളം തിളപ്പിക്കാന്‍ ഉപയോഗിച്ചത് ഒരു ഇന്‍ഡക്ഷന്‍ കുക്കര്‍ ആണെന്ന് വിചാരിക്കുക. അതില്‍ നിന്ന് വെള്ളത്തിലേക്ക് വലിച്ചെടുക്കപ്പെടുന്ന പവര്‍ 2000 W ആണെന്നും. (2000 W ഇന്‍ഡക്ഷന്‍ കുക്കറിന് കൃത്യം ഇത്രയും ഉണ്ടാകില്ല, ഇത്തിരി കുറവായിരിക്കും ശരിക്കും പവര്‍) നമ്മള്‍ ഈ ലേഖനത്തില്‍ ആദ്യം പറഞ്ഞ സമവാക്യം ഉപയോഗിച്ചാല്‍ എത്ര സമയമെടുക്കും വെള്ളം തിളയ്ക്കാന്‍ എന്ന് കിട്ടും:
161 സെക്കന്റ്, ഏതാണ്ട് മൂന്ന് മിനിറ്റ്. (സെക്കന്റിനെ 60 കൊണ്ട് ഹരിച്ചാല്‍ മിനിറ്റ് കിട്ടുമെന്ന് അറിയാമെന്ന് കരുതുന്നു) അതായത് ഒരു 2000 വാട്ട് ഇന്‍ഡക്ഷന്‍ കുക്കറില്‍ ഒരു ലിറ്റര്‍ വെള്ളം തിളപ്പിക്കാന്‍ മൂന്ന് മിനിറ്റ് എടുക്കും. ഇത് എങ്ങനെയാണ് നമുക്ക് ഉപയോഗിക്കാന്‍ കഴിയുക എന്ന ഏകദേശ ധാരണ ആയി എന്ന് കരുതുന്നു.
ഇനി വേണ്ടത് മുട്ടയുടെ c ആണ്. അതെവിടുന്ന് കിട്ടും? മുട്ടക്കുള്ളിലെ ദ്രാവകത്തിന്റെ (അതായത് തൊലി ഒഴികേ ശരിക്കും പുഴുങ്ങേണ്ട ഭാഗത്തിന്റെ) c എത്ര എന്ന് ജേണല്‍ ഓഫ് ഫുഡ് എഞ്ചിനീയറിംഗില്‍ (Journal of Food Engineering) പ്രസിദ്ധീകരിച്ച ഒരു പഠനത്തിലുണ്ട്. പക്ഷേ, നമുക്ക് പ്രസക്തമാകുന്ന മൂല്യങ്ങളില്‍ 24oC മുതല്‍ 38oC വരെയാണ് ഇവര്‍ c അളന്നിട്ടുള്ളത്: 3.5 J/goC- നും 3.6 J/goC-നും ഇടയിലാണ് ആ മൂല്യങ്ങള്‍.14 ഏറ്റവും ചെറിയ c എടുത്താലാണല്ലോ പുഴുങ്ങാനുള്ള ഊര്‍ജ്ജം ഏറ്റവും കുറയുക? അതുകൊണ്ട് കണക്കിന് നമ്മള്‍ 3.5 J/goC എടുക്കുന്നു. അളവുള്ളത് 24oC-ല്‍ ആയതുകൊണ്ട് അവിടെ നിന്ന് തുടങ്ങാം. (23oC ആയാല്‍ 24oC-ലും കൂടുതല്‍ ചൂടാക്കണം എന്നതുകൊണ്ട് ഇതും ഊര്‍ജ്ജം കുറയ്ക്കുന്ന സങ്കല്പം തന്നെ ഇത്) തിളക്കുന്ന വെള്ളത്തിലാണ് നമ്മള്‍ പൊതുവേ മുട്ട പുഴുങ്ങാറ് എന്നതുകൊണ്ട് 100oC ആണ് എത്തേണ്ട താപനില. മണിക്കൂറൂകള്‍ അവിടെയെത്താന്‍ തന്നെ എടുക്കും എന്നതുകൊണ്ട് മുട്ട 100oC ആവുമ്പോള്‍ തന്നെ പുഴുങ്ങി എന്ന് അനുമാനിക്കാം; മുട്ട വേവാനുള്ള മിനിറ്റുകള്‍ കൂടി കണക്കാക്കി ശവത്തില്‍ കുത്താന്‍ നില്ക്കണ്ട.
ഭാരം ഗ്രാമിലാക്കുമ്പോള്‍ m kg = 1000m g.
ഉയര്‍ത്തേണ്ട താപനില = 100oC-24oC = 76oC.
ഊര്‍ജ്ജം = മാസ് x ഉയര്‍ത്തേണ്ട താപനില x c = 1000m g x 77oC x 3.5 J/goC = 266000m J
സമയം ഊര്‍ജ്ജം പവര്‍ കൊണ്ട് ഹരിക്കുന്നത് തന്നെ
അതായത്, എല്ലാ തരത്തിലുള്ള ഇളവുകളും കൊടുത്ത്, ഒട്ടുമേ തണുക്കുന്നില്ല എന്ന ഊഹം വച്ചാല്‍ പോലും, മാര്‍ക്കറ്റിലുള്ള പരമാവധി ശക്തമായ ഫോണിന്റെ മുഴുവന്‍ റേഡിയേഷനില്‍ ചൂടാക്കിയാല്‍ പോലും, ഏതാണ്ട് രണ്ട് ദിവസത്തോളം, 46 മണിക്കൂര്‍, തുടര്‍ച്ചയായി വേണ്ടിവരും ഇതിന്! അല്ല, എങ്ങനെയെങ്കിലും 46 ഫോണ്‍ മുട്ടയിലേക്ക് കേന്ദ്രീകരിച്ചാലും മതിയാകും! അതും പ്രായോഗികമേ അല്ല എന്ന് മനസിലായിക്കാണും എന്ന് കരുതുന്നു.
മാത്രമല്ല, m കിലോ മാസുള്ള മുട്ടയ്ക്ക്, അതായത് ഏത് മാസുമാകാം എന്ന് സാരം, എത്ര സമയം വേണം എന്നാണ് കണക്കാക്കിയതെന്ന് കാണാമല്ലോ? ഒട്ടകപ്പക്ഷി മുതല്‍ കാടയുടെ വരെ ഏത് മുട്ടയും വേവാന്‍ ഇതേ സമയമാണ് എടുക്കുക ഈ കണക്കില്‍. എന്തായിരിക്കാം കാരണം? SAR എന്നത് ഇത്ര മാസില്‍ വലിച്ചെടുക്കപ്പെടുന്ന ഊര്‍ജ്ജമാണ്; ഹീറ്റ് കപ്പാസിറ്റി മൂലം തിളയ്ക്കാന്‍ ഉത്പാദിപ്പിക്കേണ്ട എനര്‍ജിയുടെ അളവ് തീരുമാനിക്കുന്നതില്‍ ഒരു ഘടകവും മാസ് തന്നെയാണ്. അതായത്, ഇവ രണ്ടും മാസിനെ ഗുണിച്ചാണ് നമുക്ക് കിട്ടുക. ആ രണ്ട് മാസും സമവാക്യത്തില്‍ ഊര്‍ജ്ജത്തില്‍‍ മുകളിലും പവറില്‍ താഴെയുമായി വന്ന് പരസ്പരം ഹരിച്ച് ഒന്നുകൊണ്ട് ഗുണിക്കുന്ന അവസ്ഥയാകും. ഒരു മാറ്റവുമില്ല.
കണക്കൊക്കെ മാറ്റി ഭൗതികമായ ഒരു വിശദീകരണം ആണെങ്കില്‍, ഒരു ഗ്രാം ചൂടാക്കാന്‍ വേണ്ട ചൂട് അതേ ഗ്രാമിനുള്ളില്‍ ആഗിരണം ചെയ്യപ്പെടുന്ന ഊര്‍ജ്ജം കൊണ്ട് തന്നെ വരും; ഒരു ഗ്രാം ചൂടാക്കാനുള്ള സമയം എപ്പോഴും സ്ഥിരമായിരിക്കും. നമ്മള്‍ SAR-ന്റെ പരമാവധി മൂല്യമെടുത്ത് പരമാവധി പവര്‍ ആഗിരണം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ മാസ് കൂടുന്നതിനനുസരിച്ച് വലിച്ചെടുക്കപ്പെടുന്ന പവറും കൂടിവരും; മാസ് കൂടുന്തോറും ചൂടാക്കാന്‍ കൂടുതല്‍ ഊര്‍ജ്ജവും വേണ്ടി വരും. അതായത് ഈ മോഡലില്‍ ഒട്ടകപക്ഷിയുടെ മുട്ടയ്ക്കും കാടമുട്ടയ്ക്കും ആവശ്യമായ പവറിന് വ്യത്യാസമുണ്ട്, ചൂടാക്കാന്‍ വേണ്ട ഊര്‍ജ്ജത്തിനും മുട്ടകള്‍ക്കിടയില്‍ വ്യത്യാസമുണ്ട്; പക്ഷേ അവ മാസിന് അനുസൃതമായിട്ട് ഒരേതോതിലാണ് മാറുന്നത് എന്നതുകൊണ്ട് സമയത്തില്‍ മാറ്റം വരുന്നില്ല.
ഹയര്‍സെക്കന്ററി സയന്‍സ് വിദ്യാഭ്യാസമുള്ള ഒരാള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമാണെങ്കില്‍, അല്ലെങ്കില്‍ ലൈബ്രറിയില്‍ പോയി വായിച്ച് പഠിച്ചോ, പാഠപുസ്തകങ്ങളില്‍ നോക്കിയോ‍ ലളിതമായി ചെയ്യാവുന്ന കണക്കാണിത്. മുട്ടയുടെ c കിട്ടിയില്ല എങ്കില്‍ വെള്ളത്തിന്റെ c പരിഗണിച്ച് ചെയ്യാം; മുട്ടയുടെ 80%-ത്തോളം വെള്ളമാണ്.14 വെള്ളത്തിന്റെ c പാഠപുസ്തകത്തിലുമുണ്ട് താനും.11

24oC-ല്‍ നിന്നല്ലാതെ 30oC ആയാലോ? നമ്മുടെ കാലാവസ്ഥ ഉച്ചയ്ക്ക് അത്രയൊക്കെ ആകുമല്ലോ? 23oC മുതല്‍ 60oC വരെ ഒരോ താപനില സംഖ്യയില്‍ നിന്നും എത്ര സമയം വേണ്ടി വരും എന്ന് ഒരു പ്രോഗ്രാം എഴുതി ഞാന്‍ ചെയ്തിട്ടുണ്ട്. (60oC-ക്ക് മുകളില്‍ ഭൂമിയിലെവിടെയും താപനില ഇതുവരെ വിശ്വസനീയമായി രേഖപ്പെടുത്തിയിട്ടില്ല16) 60oC-ല്‍ പോലും 24 മണിക്കൂര്‍, ഒരു മുഴുവന്‍ ദിവസം ഇല്ലാതെ ചൂടാകുകയേ ഇല്ല. എത്രമാത്രം ഇളവുകള്‍ കൊടുത്താലും ഒരു ഫോണ്‍ കൊണ്ട് ഒരു മണിക്കൂറില്‍ കാടമുട്ടയല്ല ഒന്നും പുഴുങ്ങാന്‍ പറ്റില്ല. (കണക്കിന്റെ ചുരുക്കെഴുത്തും പ്രോഗ്രാം കോഡും കിട്ടിയ ഫലങ്ങളും ഇവിടെ)
മനുഷ്യന്റെ തലയുടെ ഭാഗത്തുള്ള അളവായിരുന്നു നമ്മള്‍ കണക്കിനായി എടുത്ത SAR എന്നതുകൊണ്ട്; മനുഷ്യനും സൈദ്ധാന്തികമായി പരമാവധി ചൂടാകാനുള്ള സമവാക്യങ്ങള്‍ ഏതാണ്ട് ഇതൊക്കെ തന്നെയാണ്. ഒരു മണിക്കൂര്‍ അഥവാ 3600 സെക്കന്റ് നേരം സംസാരിച്ചാല്‍ എത്ര ചൂടാകും എന്നും ചോദിക്കാവുന്നതാണ്:
അവശ്യമായ ഊര്‍ജ്ജം = സമയം x പവര്‍ = 3600 s x 1.6m W = 5760m J
ഊര്‍ജ്ജം = മാസ് x ഉയര്‍ത്തേണ്ട താപനില x c എന്ന സമവാക്യം എടുത്താല്‍ ഉയരുന്ന താപനില എത്ര എന്ന് മനസിലാക്കാന്‍ കഴിയും. (ഇവിടെ എളുപ്പത്തിന് J/kgoC യൂണിറ്റിലാണ് മനുഷ്യന്റെ തലച്ചോറിന്റെ c എടുക്കുന്നത്: 3630 J/kgoC17,18
അതായത് ഒരു മണിക്കൂര്‍ സംസാരിച്ചാല്‍ ഉയരാവുന്ന പരമാവധി സൈദ്ധാന്തിക താപനില 1.56oC ആണ്. ഒരു മണിക്കൂറില്‍ അതിലുമധികം താപനില ഉയരുക ഭൗതികമായി അസാധ്യമാണ്. ശരിക്കും പരമാവധി എത്രമാത്രം ഉയരും എന്നതിന് മനുഷ്യന്റെ തലച്ചോറിന് സമാനമായ മോഡലുപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളില്‍ കിട്ടിയ ഫലമുണ്ട്: 0.1oC. 19 തലയോട്ടി തുളച്ച് അധികം റേഡിയേഷന്‍ ഒന്നും തലക്കുള്ളില്‍ പോകുന്നില്ല എന്ന് വേണം പ്രഥമദൃഷ്ട്യാ മനസിലാക്കാന്‍; അതുകൊണ്ട് തന്നെ പരമാവധി ‍SAR എടുത്ത് ചെയ്ത കണക്കും ഒത്തുവരുന്നില്ല. തലച്ചോറിലെ സ്വാഭാവികമായ താപനിലാ മാറ്റങ്ങള്‍ ഏതാണ്ട് 3oC ആണ്.20 0.1 ഭയപ്പെടാന്‍ ഒന്നുമില്ലാത്ത സ്വാഭാവികമായ ഒരു സംഖ്യമാത്രമാണ്.
പരമാവധി നേരിട്ട് റേഡിയേഷന്‍ വലിച്ചെടുക്കുന്നത് മൂലം പരമാവധി ചൂട് പ്രായോഗികമായി ഉണ്ടാകുക തൊലിപ്പുറത്താണ് എന്നറിയാമല്ലോ? ‍SAR അതടങ്ങുന്ന ഭാഗത്ത് തന്നെയാണ് അളക്കപ്പെടുക. അതേ പരീക്ഷണത്തില്‍ തൊലിപ്പുറത്ത് ആളന്ന താപനിലയുടെ ഉയര്‍ച്ച 1.5oC. 19 നമ്മളെടുത്ത കണക്കില്‍ തൊലിക്ക് c = 3430 J/kgoC19 ആണ്; താപനിലയുടെ ഉയര്‍ച്ച 1.7oC-ഉം. ഒരു ഏകദേശ സമവാക്യം പോലും എത്രമാത്രം വസ്തുതയോട് ചേര്‍ന്ന് നില്‍ക്കുന്നു എന്നത് ഇവിടെ കാണാം. (ഏതാണ്ട് ഒരു മണിക്കൂറോളം തന്നെയായിരുന്നു ഈ പരീക്ഷണത്തിലും റേഡിയേഷന്‍ ഉണ്ടായത് എന്നാണ് എനിക്ക് മനസിലായത്; പക്ഷേ, ബയോഫിസിക്സില്‍ വൈദഗ്ധ്യമില്ലാത്തതുകൊണ്ട് ഈ ഒരു കണക്കിന്റെ യോജിപ്പിനെപ്പറ്റി ഉറപ്പ് പറയാനാകില്ല. അറിവുള്ളവര്‍ തെറ്റാണെങ്കില്‍ തിരുത്തുക)
ഇത് പറയുന്ന "വാര്‍ത്ത"യിലെ മഹാന് യോഗയില്‍ ഡോക്ടറേറ്റുണ്ട്; ഒരു മണിക്കൂറില്‍ മുട്ട പുഴുങ്ങും എന്നൊക്കെ പറയാന്‍ കുറച്ചൊന്നും തെറ്റിദ്ധാരണകള്‍ പോര എന്നത് തിരിച്ചറിയുമ്പോള്‍ഇദ്ദേഹത്തിന്റെ ഈ യോഗ്യതയുടെ ഉപയോഗശൂന്യത മനസിലാക്കേണ്ടതാണ്. സ്ക്കുളില്‍ പഠിച്ച വസ്തുതകളെല്ലാം മറന്നോ മനപ്പൂര്‍വ്വം അവഗണിച്ചോ ഭാവനാലോകങ്ങള്‍ പണിയുന്നതിനാണോ യോഗ ഡോക്ടറേറ്റ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിശ്വാസ്യത ലവലേശമില്ലത്തൊരു തട്ടിക്കൂട്ട് ജീവിയാണ് ഇദ്ദേഹം എന്നേ പറയാന്‍ കഴിയൂ.
മൊബൈലുകളെ ഭയപ്പെടാതെ അവയ്ക്ക് പിന്നിലെ സയന്‍സ് അന്വേഷിച്ച് പോയാല്‍ ഇന്‍ഡക്ഷന്‍ കുക്കറില്‍ വെള്ളം തിളപ്പിക്കുന്നത് വരെ എത്താം. നമ്മള്‍ പഠിക്കുന്ന സയന്‍സിലെ സമവാക്യങ്ങള്‍ക്ക് പിന്നില്‍ നമ്മുടെ ലോകത്തിലേക്ക് തന്നെ ഒരു കിളിവാതിലുണ്ട് എന്ന് കാണിച്ചുതരാനാണ് ഒരു കൗതുകത്തിനായി ചെയ്ത കണക്കിനെ അതീവ സൂക്ഷ്മതയോടെ പടിപടിയായി വിശദീകരിക്കാന്‍ ശ്രമിച്ചത്. കണക്ക് എന്ന യുക്തിയുടെ ഭാഷയിലെഴുതപ്പെടുന്ന വസ്തുതയുടെ കവിതകളാണ് എനിക്കിതെല്ലാം!
ഇഹലോകത്തിനെ തിരിച്ചറിയാനുള്ള, ഇഹലോകത്തിനോട് ഇഴചേര്‍ന്ന് നില്‍ക്കുന്ന ഒരു ഗണിതലോകമാണ് സായന്‍സിക സിദ്ധാന്തങ്ങള്‍. സ്ക്കൂളുകള്‍ നമ്മളെ പലപ്പോഴും ഇക്കാര്യം ബോധ്യപ്പെടുത്താന്‍ മറന്നുപോകുന്നു; എനിക്കിങ്ങനെയൊരു ലോകത്തേക്ക് കടന്നുചെല്ലാന്‍ സഹായിച്ചത് യാക്കോവ് പെരല്‍മാന്‍ (Yakov Perelman) എഴുതിയ "ഭൗതിക കുതുകം" (Physics for Entertainment) എന്ന പുസ്തകത്തിന്റെ മലയാള തര്‍ജ്ജമയായിരുന്നു.21 സയന്‍സ് ഫിക്ഷന്‍ നോവലുകളിലേക്ക് ഫിസിക്സിന്റെ പ്രകാശവുമായി വസ്തുതകള്‍ വെളിവാക്കാന്‍,‍ ഗണിതത്തെ കൂസാതെ, കടന്നുചെല്ലാന്‍ പെരല്‍മാന്‍ എന്നെ സഹായിച്ചിട്ടുണ്ട്. ആ ധൈര്യം കഴിമെങ്കില്‍ മറ്റുള്ളവരുമായി പങ്കിടാന്‍ എന്നാലാകും വിധമുള്ള ഒരു ശ്രമമായിരുന്നു ഇത്.
പെരല്‍മാന്റെ എനിക്ക് സുപരിചിതമായ തര്‍ജ്ജമയില്‍ നിന്ന് എന്റെ മനസ്സില്‍ കോറിയിടപ്പെട്ട വാക്കുകള്‍ താഴെ:

ഫിസിക്സിന്റെ കണക്കില്‍ ആനന്ദമുണ്ട് എന്നത് എന്നോട് പങ്കിട്ട പെരല്‍മാന് എനിക്ക് കഴിയും വിധമുള്ള ഒരു നന്ദിവാക്കാണിത്. ഒരാള്‍ക്കെങ്കിലും ഈ ലേഖനം ആനന്ദത്തിന്റെ ആ വാതായനം തുറക്കാനിടയാല്‍ എനിക്ക് പൂര്‍ണ്ണ തൃപ്തിയായി.


*ഫിസിക്സ് കുറച്ചുകൂടി അറിയുന്നവര്‍ക്ക്: ഫോണ്‍ എന്തായാലും 100 ഡിഗ്രി പോലുള്ള താപനിലകളിലേക്ക് പോകാന്‍ പോകുന്നില്ല എന്നതുകൊണ്ട്, നമ്മളിവിടെ കണ്ടഷന്‍ കണക്കുകൂട്ടിയാല്‍ ആദ്യം മുട്ടയിലേക്ക് ഒരല്പം ചൂട് വരുന്നുണ്ടാകും. (heat flow)) പിന്നെ അതിന്റെ ദിശ (direction of heat flow) നേരെ തിരിയും. ഇത്തരം സങ്കീര്‍ണ്ണതകള്‍ കൊണ്ടാണ് ഇത് അവഗണിച്ചത്. ചൂടാകുന്നത് മാത്രമല്ല, തണുപ്പിക്കുന്നത് കൂടിയാണ് ഈ പ്രക്രിയ. മാത്രമല്ല, ഫോണിന്റെ താപനില 99 ഡിഗ്രി എന്ന് എടുത്താല്‍ പോലും, (അത്രയും ചൂടായ ഒരു ഫോണ്‍ കൈയ്യില്‍ പിടിക്കാന്‍ പറ്റുമോ എന്നും ആലോചിക്കുക) ചൂടായ ശേഷം തിരിച്ച് ചൂട് പോകുന്നില്ല എന്ന് വിചാരിച്ചാല്‍ പോലും, അത് കഴിഞ്ഞ് മേലേക്ക് റേഡിഷേന്‍ വഴിയുള്ള ചൂടാക്കല്‍ അല്ലേ സാധ്യമാകൂ? ഞാന്‍ പ്രോഗ്രാമില്‍ 99 വരെ കണക്ക് കൂട്ടി നോക്കി, 36 മിനിറ്റ് എടുക്കും ഏതാണ് തിളയ്ക്കുന്ന നിലയുള്ള ഫോണ്‍ റേഡിയേഷന്‍ വഴി ചൂടാകാന്‍! 99 ഡിഗ്രി ചൂടുള്ള ഫോണ്‍ അരമണിക്കൂര്‍ പിടിച്ചുകൊണ്ട് ഇരിക്കരുത് എന്നത് അല്ലെങ്കിലും നല്ല ഉപദേശമാണെന്നത് കൊണ്ട് ആ സാഹചര്യത്തിലേക്ക് മുഖ്യ ലേഖനത്തില്‍ പോയില്ല. പക്ഷേ, കൂടുതല്‍ അറിയണം എങ്കില്‍ ഇതിനായി മാറ്റിയ എന്റെ രണ്ടാമത്തെ ഫോര്‍ട്രാന്‍ കോഡും ഡാറ്റയും പങ്കിടാന്‍ ഒരു മടിയുമില്ല.


അവലംബം
  1. https://www.who.int/en/news-room/fact-sheets/detail/electromagnetic-fields-and-public-health-mobile-phones
  2. "ഫോണൂം ക്യാന്‍സറും" വിഷയത്തെ കുറിച്ച് ഞാനെഴുതിയ വിശദമായ പോസ്റ്റ്: https://www.facebook.com/photo.php?fbid=2268132323229284
  3. https://ieeexplore.ieee.org/document/5475833
  4. https://ieeexplore.ieee.org/document/6419418
  5. https://en.wikipedia.org/wiki/Specific_absorption_rate
  6. https://www.fcc.gov/consumers/guides/specific-absorption-rate-sar-cell-phones-what-it-means-you
  7. http://www.pib.nic.in/newsite/erelease.aspx?relid=87152
  8. www.bipm.org/utils/common/pdf/si_brochure_8_en.pdf
  9. https://en.wikipedia.org/wiki/Watt
  10. +1 പാഠപുസ്തകം: http://ncertbooks.prashanthellina.com/class_11.Physics.PhysicsPartII/11.pdf
  11. Introductory Statistical Mechanics by Roger Bowley and Mariana Sanchez

  12. https://en.wikipedia.org/wiki/Specific_heat_capacity
  13. http://hyperphysics.phy-astr.gsu.edu/hbase/Tables/sphtt.html#c1
  14. https://www.sciencedirect.com/science/article/abs/pii/S0260877405001330
  15. https://en.wikipedia.org/wiki/Highest_temperature_recorded_on_Earth
  16. https://www.worldscientific.com/doi/abs/10.1142/S1793048010001184
  17. https://itis.swiss/virtual-population/tissue-properties/database/heat-capacity/
  18. https://iopscience.iop.org/article/10.1088/0031-9155/45/8/321
  19. https://www.ncbi.nlm.nih.gov/pmc/articles/PMC3149793/
  20. Physics for Entertainment by Yakov Perelman

കൂടുതല്‍ വായിക്കപെട്ട പോസ്റ്റുകള്‍