കുറിപ്പ്: ഈ വാര്‍ത്ത ചൂണ്ടിക്കാട്ടിയതിന് സോഷ്യല്‍ മീഡിയ സുഹൃത്ത്
ബിനോയ് വിശ്വനാഥനോട് കടപ്പാടുണ്ട്. ഈ വിഷയത്തില്‍ എഴുതാന്‍ താത്പര്യം
ഇല്ലാതിരുന്ന എന്നെ ഈ ലേഖനം എഴുതാന്‍ പ്രേരിപ്പിച്ചതും ബിനോയ് ആണ്. നന്ദി.
http://images.mathrubhuminews.in/ |
കീടനാശിനികള്‍ കഴുകിക്കളയാനായി കേരളാ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി
കണ്ടെത്തിയ മാന്ത്രിക ഉത്പന്നം ആകുന്നു “വെജി വാഷ്.”1,2,3 ഡോ. തോമസ് ബിജു
മാത്യൂവിന്റെ നേതൃത്വത്തില്‍ വെള്ളായണിയിലെ പെസ്റ്റിസൈഡ് റെസിഡ്യൂ അനലിറ്റിക്കല്‍ ആന്‍ഡ് റിസര്‍ച്ച്
ലാബോറട്ടറിയില്‍ (Pesticide Residue
Analytical and Research Laboratory) ആണ് വികസിപ്പിച്ചത്. 80 ശതമാനം വരെ കീടനാശിനികള്‍
ഇതുകൊണ്ട് കഴുകിക്കളയാന്‍ കഴിയുമത്രേ!2 (ഈ അവകാശവാദങ്ങളിലേക്ക് നമുക്ക്
വരാം)
ഇതിനെ കീടനാശിനി കമ്പനികള്‍ ആക്രമിക്കുന്നു.4,5 ക്രോപ് കെയര്‍ ഫെഡറേഷന്‍
എന്ന കീടനാശിനി കണ്‍സോര്‍ഷ്യം ആയിരുന്നു അതിനുപിന്നില്‍. ഫുഡ് സേഫ്റ്റി കമ്മീഷനില്‍
പരാജയപ്പെട്ട ഇവര്‍ കോടതിയില്‍ കേസിന് പോകുന്നു. ഇതിനോട് പ്രതികരണം എന്നോണം അത്
മാര്‍ക്കറ്റില്‍ നിന്നും പിന്‍വലിക്കുന്നു.6,7
http://www.azhimukham.com/ |
ഏപ്രില്‍ ഒന്നിന് മനുഷ്യരെ ഫൂളാക്കാനെന്നോണം അഴിമുഖം പ്രസിദ്ധീകരിച്ച ഒരു
ലേഖനമാണ് “നാട്ടുകാര്‍ പച്ചക്കറി കഴുകി ഉപയോഗിക്കുന്നതിന് കീടനാശിനി കമ്പനികള്‍ക്കെന്താ?”.7 ഇതും
അഴിമുഖം തന്നെ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയും മാതൃഭൂമി, ഇന്ത്യന്‍ എക്സ്പ്രസ്
എന്നിവയില്‍ വന്ന റിപ്പോര്‍ട്ടുകളും വെജി വാഷ് എന്ന ഉത്പന്നത്തിനെ പറ്റി അറിയാന്‍ കഴിയുന്നതും
വച്ച് ഒരു വസ്തുതാപരിശോധന ആണ് ഈ ലേഖനം.
കീടനാശിനികള്‍
അങ്ങ് കഴുകിക്കളയാം എങ്കില്‍ ആ ഉത്പന്നത്തെ (വെജി വാഷിനെ) കീടനാശിനി വില്‍ക്കുന്നവര്‍
പരമാവധി പിന്തുണയ്ക്കുകയല്ലേ വേണ്ടത്? കീടനാശിനി ശരിക്കും കഴുകിയാല്‍ പോകും
എങ്കില്‍ പിന്നെ കീടനാശിനി പേടി ഇല്ലല്ലോ? കൂടുതല്‍ കീടനാശിനികള്‍ അടിക്കാം.
എന്തിന്, അടുക്കളത്തോട്ടത്തില്‍ പോലും എന്‍ഡോസള്‍ഫാന്‍ അടിക്കാം. കഴുകിയാല്‍
മതിയല്ലോ?
പിന്നെന്താ ഈ
കീടനാശിനി കമ്പനികള്‍ക്ക്? സത്യം പറഞ്ഞാല്‍ എനിക്കും അറിയില്ല. ഒരു സാധ്യത, വെജി
വാഷ് നൂറ് ശതമാനം ഉപയോഗശൂന്യം ആണെന്നും, ഇത് വില്‍ക്കും വഴി കീടനാശിനിപ്പേടി പരത്തല്‍
അല്ലാതെ മറ്റൊന്നും നടക്കുന്നില്ല എന്നും
അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകാം എന്നതാണ്. (കീടനാശിനിപ്പേടിയെ പറ്റി ഞാന്‍ വഴിയേ
പറയാം; ഈ ഭയം ഒരു യുക്തിസഹമായ അളവില്‍ ആവശ്യമാണ്) അവരുടെ സ്ഥാപിത താത്പര്യങ്ങള്‍
എന്തും ആകട്ടെ, വ്യക്തികളെ മാറ്റിനിര്‍ത്തി നമുക്ക് വസ്തുതകളെ പരിശോധിക്കാം.
കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിലെ വിവരങ്ങള്‍ http://www.kau.in/ |
ആദ്യം നമുക്ക്
ഈ സാധനം ഫലപ്രദമാണോ എന്ന്‍ പരിശോധിക്കാന്‍ ശ്രമിക്കാം. അപ്പോള്‍ ആണ് ഒരു വസ്തുത
തിരിച്ചറിയുന്നത്; ഈ ഉത്പന്നം ഫലപ്രദം ആണ് എന്നതിന്റെ ഒരു ഡാറ്റയും ഒരു ശാസ്ത്രജേണലിലും
വന്നതായി വാര്‍ത്തകളില്‍ ഇല്ല.1,2,3 വാര്‍ത്തകള്‍
മൊത്തം ഇതിന്റെ സാമ്പത്തിക സാധ്യതയും പൊതുജനസ്വീകാര്യതയും മാത്രമാണ് ഉയര്‍ത്തിക്കാട്ടുന്നത്.
(ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പുകള്‍ക്കും നല്ല പൊതുജനസ്വീകാര്യത ഉണ്ടായിരുന്നു; അനേകം
ആളുകള്‍ ഉപയോഗിച്ചാല്‍ അത് നല്ല ഉത്പന്നം ആകില്ല) കേരള അഗ്രിക്കള്‍ച്ചറല്‍
യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റില്‍ പോലും ഈ വിഷയത്തെ പറ്റി ഒരു പഠനവും പ്രസിദ്ധീകരിച്ചോ
എന്തിന് തലക്കെട്ട് സൂചിപ്പിച്ചോ പോലും കാണുന്നില്ല.8
https://dalailina.files.wordpress.com/ |
തത്കാലം മറ്റ് വെജി വാഷുകള്‍ എത്രമാത്രം ഫലപ്രദം ആണെന്ന്‍ പരിശോധിക്കാനേ
നിവൃത്തിയുള്ളൂ. “മറ്റ് വെജി വാഷുകളോ?” എന്ന്‍ അന്തം വിടണ്ട. ഇത്തരം ഉത്പന്നങ്ങള്‍
ധാരാളം ഉണ്ട്. അവയ്ക്ക് പൊതുവായി പച്ചക്കറി വാഷ് (Vegetable Wash) എന്ന്‍ പേര്‍.9 1990-കള്‍ മുതല്‍ പച്ചക്കറി വാഷുകള്‍
ഉണ്ടായിരുന്നു. “Veggie Wash” എന്ന പേര് ബ്യൂമോണ്ട് (Beaumont) കോര്‍പ്പറേഷന്റെ ഒരുത്പന്നം വളരെക്കാലമായി ഉപയോഗിക്കുന്നുണ്ട്.10
പൊതുവേ, പ്രകൃതിദത്തം ആയ വസ്തുക്കള്‍ ഉപയോഗിച്ച് കീടനാശിനികള്‍, മറ്റ് “കെമിക്കലുകള്‍” ഒക്കെ കഴുകിക്കളയാന്‍ ഉള്ള ഉത്പന്നങ്ങള്‍.
ഇവയെല്ലാം തന്നെ വളരെ മുന്‍പേ പരിശോധിക്കപ്പെടുകയും ഉപയോഗശൂന്യം ആണെന്ന്‍
തിരിച്ചറിയുകയും ചെയ്തതാണ്.11,12,13 “അപ്പോ? കീടനാശിനി കഴുകിയാല്‍
പോകില്ല എന്നാണോ?” അല്ല. കീടനാശിനി വെള്ളം കൊണ്ട് നന്നായി കഴുകിയാല്‍ പോകുന്നതില്‍
കാര്യമായ വ്യത്യാസമൊന്നും ഒരു വെജി വാഷും കൊണ്ട് ഉണ്ടാകുന്നില്ല. പച്ചവെള്ളം
മാത്രം മതി സാധ്യമാകുന്നത്രയും കീടനാശിനി കളഞ്ഞ് സുരക്ഷിതമാകാന്‍.11
കീടനാശിനി മാത്രമല്ല, മറ്റ് മലിനീകാരികള്‍ (മറ്റ് വിഷവസ്തുക്കള്‍, മണ്ണ്,
രോഗാണുക്കള്‍) ഉണ്ടാകാം എന്നതുകൊണ്ട് നന്നായി കഴുകേണ്ടത് അത്യാവശ്യവും ആണ്.12,13
അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (Food and Drug Administration - FDA) വെള്ളമല്ലാതെ ഒന്നും ഉപയോഗിക്കുന്നത്
ഭൂഷണമല്ല എന്ന്‍ ഉപദേശിക്കുന്നു.14 എങ്ങനെ കഴുകാം എന്നതിന് “Lettuce Learn How to Wash Produce”12
എന്ന ഈ ലിങ്കിലോ കേരളാ അഗ്രിക്കള്‍ച്ചറല്‍
യൂണിവേഴ്സിറ്റിയുടെ തന്നെ “പച്ചക്കറികളില്‍ നിന്ന്‍ എങ്ങനെ വിഷം നീക്കം ചെയ്യാം”15 എന്ന ലിങ്കോ വായിക്കാം.
http://www.thehindu.com/ |
ഇനി
നമ്മുടെ വെജി വാഷിലേക്ക് തിരിയേ വരാം. “ഇത് ഫലപ്രദം ആകുമോ?” എന്ന്‍ ചോദിച്ചാല്‍
നിര്‍ദേശങ്ങള്‍ അനുസരിച്ച് ഉപയോഗിച്ചാല്‍ നല്ല ഫലം ഉണ്ടാകും എന്നേ പറയാന്‍ കഴിയൂ.
"The consumers
have to dip fruits and vegetables in the Veggie Wash solution for 15 minutes followed by rigorous
washing in water."
(സ്രോതസ്: ദ ഹിന്ദു)
എന്നാകുന്നു
ഇതിന്റെ ഉപയോഗ നിര്‍ദ്ദേശം.2 വെള്ളം കൊണ്ട് നന്നായി കഴുകിയാല്‍
കീടനാശിനികള്‍ പോകും എന്ന്‍ ഞാന്‍ മുന്‍പേ പറഞ്ഞിരുന്നല്ലോ? അതുകൊണ്ട് തന്നെ, ഈ
നിര്‍ദേശം അനുസരിച്ചാല്‍ കീടനാശിനി പോകും. സംശയമില്ല. വെള്ളം കൊണ്ട് കഴുകുന്നതാണ്
കീടനാശിനി പോകാന്‍ കാരണം, അതിനെ വെജി വാഷിലേക്ക് വച്ചുകെട്ടിയതാകാം എന്നാണ് എനിക്ക്
തോന്നുന്നത്.
എന്തായാലും
വെജി വാഷ് എന്ന ഒരു ഉപയോഗശൂന്യമായ പഴയ ആശയം പുതിയ കുപ്പിയില്‍ അവതരിപ്പിക്കപ്പെട്ടു. എന്ത് പഠനങ്ങള്‍ നടന്നു
എന്ന്‍ വ്യക്തമല്ല, എത്ര മാറ്റം വെറും വെള്ളം കൊണ്ട് കഴുകുന്നതില്‍ നിന്നും ഉണ്ട്
എന്നും വിവരമില്ല. ഇങ്ങനെ ഒരു ഉത്പന്നത്തെ വിശ്വസിക്കണോ എന്ന്‍ നിങ്ങള്‍ തന്നെ
തീരുമാനിക്കുക.
ഇനി,
കീടനാശിനി കമ്പനികളുടെ ആരോപണം. അവരുടെ ഉദ്ദേശശുദ്ധി സംശയിക്കാന്‍ എല്ലാ ന്യായവും
ഉള്ളപ്പോഴും അവരുടെ വാദം മൊത്തമായി തള്ളിക്കളയാന്‍ കഴിയില്ല. അവരുടെ വാദം:
http://www.azhimukham.com/ |
“വെജ് വാഷ് ഭക്ഷ്യോല്‍പ്പന്നമാണെന്നും അതു നിര്‍മ്മിച്ച്
വിതരണം ചെയ്യാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അംഗീകാരം വേണം എന്നുള്ളതുമാണ് ഒരു
വാദം. വെജ് വാഷില്‍ ഭക്ഷണപദാര്‍ത്ഥമായ ജലം ചേര്‍ന്നിട്ടുണ്ട് എന്നുള്ളതാണ്
ഇതിനാധാരമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ആയതിനാല്‍ വെജ് വാഷിന്റെ വിപണനം ഉടനടി നിര്‍ത്തി വയ്പ്പിക്കണം
എന്നും സര്‍വ്വകലാശാലയ്ക്കെതിരെ കേസ് എടുക്കണം എന്നു കാണിച്ച് ഭക്ഷ്യ
സുരക്ഷാ വകുപ്പിനും ഇവര്‍ നോട്ടീസ് അയച്ചിട്ടുണ്ട്.”5 (സ്രോതസ്: അഴിമുഖം)
സാങ്കേതികമായി
വെജി വാഷ് ഭക്ഷ്യോത്പന്നം ആണ്. അതുകൊണ്ട് ഭക്ഷ്യ
സുരക്ഷാ വകുപ്പിന്റെ അംഗീകാരം വേണം എന്ന വാദം സ്വല്പം ബാലിശമാണെന്ന് പറയാതെ വയ്യ.
പക്ഷേ, വെജി വാഷിന് ഭക്ഷ്യ സുരക്ഷാ പരീക്ഷണങ്ങള്‍ നടന്നിട്ടില്ല എന്നത് ഒട്ടും
ഭൂഷണമല്ല. എന്തൊക്കെ പ്രകൃതിദത്തം പറഞ്ഞാലും വെജി വാഷും വിഷമാകാം. (ആകും എന്നോ
ആണെന്നോ അല്ല, ആകാം) കീടനാശിനികള്‍ മാസങ്ങള്‍ക്ക് മുന്‍പോ ഏറ്റവും ഭീകരമായ സന്ദര്‍ഭങ്ങളില്‍
ദിവസങ്ങള്‍ക്ക് മുന്‍പോ തളിച്ചിട്ടുണ്ടാകും. അവയെ പേടിക്കുന്നു എങ്കില്‍ പാചകം
ചെയ്യും തൊട്ടുമുന്‍പ് 15 മിനിറ്റ് മുക്കി വയ്ക്കുന്ന ഒരു വസ്തു സുരക്ഷിതം ആണോ
എന്ന്‍ പരിശോധിക്കുന്നതില്‍ എന്താണ് തെറ്റ്?
വെജി
വാഷിന് കീടനാശിനി നീക്കാന്‍ ഉള്ള കഴിവ് ഉണ്ടാകും എന്ന്‍ മാത്രമേ സ്രഷ്ടാക്കള്‍
പോലും പറയുന്നുള്ളൂ. അകത്ത് പോയാല്‍ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ എന്ന്‍ ഒരു
പഠനവും നടന്നിട്ടില്ല. നമ്മള്‍ എല്ലാ ദിവസവും ഉപയോഗിക്കുന്ന, പ്രകൃതിദത്ത
വസ്തുക്കള്‍ ആണ് എന്നതാണ് ഏക ന്യായീകരണം.
“Initially, the product was viewed with skepticism, as
consumers wondered if it was yet another chemical to wash off the chemicals.
But, it is made of components straight off the kitchen shelf, assures Thomas
Biju Mathew, professor, Pesticide Residue Analytical and Research Laboratory,
at the Vellayani college.”3 (സ്രോതസ്:
ഇന്ത്യന്‍ എക്സ്പ്രസ്)
ഇവയുടെ ഒരു
സംയുക്തം എങ്ങനെ പെരുമാറും എന്നത് പഠിക്കപ്പെടണം; അല്ലാതെ കുഴപ്പം
ഉണ്ടാകില്ലായിരിക്ക്വായിരിക്കില്ലായിരിക്കും, ഇതൊന്നും ഒറ്റയ്ക്ക് കുഴപ്പമില്ലല്ലോ
എന്ന്‍ പറഞ്ഞാല്‍ മതിയാകില്ല.
എന്തായാലും
വെജി വാഷ് എന്ന ഉത്പന്നം കൊണ്ട് കാര്യമായ ഉപയോഗം ഒന്നും ഉള്ളതായി സൂചനയില്ല. ഇത്
സുരക്ഷിതമാണോ എന്നും അറിയില്ല. ഇങ്ങനെ ഒരു സാധനം വില്‍ക്കപ്പെടുന്നത് കീടനാശിനിപ്പേടി
മുതലെടുത്താണ്. സത്യത്തില്‍, “ഇത്രേം കീടനാശിനിപ്പേടി ശരിക്കും ആവശ്യമുണ്ടോ?” എന്ന
ചോദ്യത്തിന്റെ ഉത്തരം ഇല്ല എന്നാണ്.
സേഫ്
ടു ഈറ്റ് പഠനറിപ്പോര്‍ട്ടിലെ പ്രസക്തഭാഗം എടുത്ത് കാട്ടിയിരിക്കുന്നു. http://www.kau.in/ |
കേരളത്തിലെ
ഭൂരിഭാഗം പച്ചക്കറികളിലും കീടനാശിനികള്‍ ഹാനികരമായ അളവില്‍ ഇല്ല എന്ന്‍ പെസ്റ്റിസൈഡ് റെസിഡ്യൂ അനലിറ്റിക്കല്‍ ആന്‍ഡ്
റിസര്‍ച്ച് ലാബോറട്ടറി നടത്തിയ പഠനങ്ങള്‍ എല്ലാം തന്നെ കണ്ടെത്തിയിട്ടുണ്ട്.16
ഏറ്റവും പുതിയ രണ്ട് പഠനങ്ങള്‍ ഇതാ: ജനുവരി-ഡിസംബര്‍ 2015-ലെ മാര്‍ക്കറ്റ് സാമ്പിള്‍;17 ജനുവരി-ഡിസംബര്‍ 2015-ലെ ഫാഴ്മേഴ്സ്സാമ്പിള്‍.18 ഈ പഠനത്തില്‍ 2015-ലെ മാര്‍ക്കറ്റ് സാമ്പിളുകളില്‍
2.3% മാത്രമേ ഹാനികരമായ അളവില്‍ വിഷാംശം ഉണ്ടായിരുന്നുള്ളൂ.17 (477
സാമ്പിളുകളില്‍ 11 എണ്ണം)
ഗവേഷണത്തിന്റെ
തലവന്‍ ഡോ. തോമസ് ബിജു മാത്യൂ
തന്നെയാണ്. പിന്നെ, “എന്തുകൊണ്ട് ഈ ഗവേഷണം വിശ്വസിക്കണം?” എന്ന്‍
ചോദിക്കാം. ഇതില്‍ വ്യക്തമായി എന്ത് സാമ്പിളുകള്‍ സ്വീകരിച്ചു, എങ്ങനെ വിഷാംശം
അളന്നു, ഡാറ്റ എന്ത് എന്നുംവ്യക്തമാണ്. പൊതുവായി ഈ ഗവേഷണങ്ങള്‍ എല്ലാം പ്രസിദ്ധീകരിച്ചുവരുന്നുണ്ട്
എന്നതും ഇതിനെ ശാസത്രീയമായി വിസ്വസനീയമാക്കുന്നു. “സേഫ് ടു ഈറ്റ്”(Safe to Eat) എന്ന വെള്ളായണി പെസ്റ്റിസൈഡ് റെസിഡ്യൂ അനലിറ്റിക്കല്‍ ആന്‍ഡ്
റിസര്‍ച്ച് ലാബോറട്ടറി 2013 മുതല്‍ തുടര്‍ന്നുവരുന്ന ഈ പഠനത്തിന്റെ മൊത്തം ഡാറ്റ
ലഭ്യമാണ്.
നമ്മുടെ പേടിക്ക്
തത്കാലം വലിയ അടിസ്ഥാനമില്ല. പച്ചക്കറികളില്‍ വളരെ ചെറിയ ഒരു ശതമാനം മാത്രമേ കീടനാശിനികള്‍
ഉള്ളതുള്ളൂ. പച്ചവെള്ളം കൊണ്ട് നന്നായി കഴുകിയാല്‍ ഉള്ളതില്‍ ഹാനികരമായ
കീടനാശിനികള്‍ പോകുകയും ചെയ്യും. എന്നാല്‍ നന്നായി കഴുകലും പെസ്റ്റിസൈഡ് റെസിഡ്യൂ
അനലിറ്റിക്കല്‍ ആന്‍ഡ് റിസര്‍ച്ച് ലാബോറട്ടറി നടത്തുന്ന പഠനവും തുടരേണ്ടതുണ്ട്. കാരണം,
കീടനാശിനികള്‍ ഉണ്ട് എന്നതും അവ അമിതമായി ഉപയോഗിക്കപ്പെടാം എന്നതും വളരെ പ്രധാനമാണ്.
തെളിവില്ലാത്ത
അവകാശവാദങ്ങള്‍ കേരളസമൂഹത്തില്‍ എത്രമാത്രം വിലപ്പോകുന്നു എന്നതിന്റെ മകുടോദാഹരണം
ആയി കീടനാശിനിപ്പേടി ചൂണ്ടിക്കാട്ടാം. വസ്തുതാവിരുദ്ധമായ ആ ഭയപ്രചാരണം കൊണ്ട് വെജി
വാഷ് എന്ന നിഷ്ഫലമായ ഉത്പന്നം വിറ്റഴിക്കപ്പെടുന്നു. ഒരുലക്ഷം രൂപയാണ് (മറ്റ്
ചിലവുകള്‍ സഹിതം) ഈ സാങ്കേതികവിദ്യ കൈമാറുന്നതിന് കേരളാ
അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി ഈടാക്കുന്നത്.19 ആദ്യം ഇത്
ഇരുപത്തയ്യായിരം രൂപ മാത്രമായിരുന്നു.3
http://3riversepiscopal.blogspot.in/ |
കേരളത്തിന്റെ
ശാസ്ത്രബോധത്തിന്റെ (ബോധക്കേടിന്റെ) മുഖത്ത് നോക്കി ചിരിക്കുകയാണ് വെജി വാഷ് എന്ന ഉത്പന്നവും
അതിന്റെ സ്രഷ്ടാക്കളും എന്ന്‍ പറയേണ്ടി വരും. കാരണം,അവര്‍ കള്ളം ഒന്നും
പറഞ്ഞിട്ടില്ല. പച്ചക്കറികളില്‍ വിഷം ഉണ്ട്. (ചെറിയ ശതമാനം എന്നത് നാം പരിശോധിച്ച്
മനസിലാക്കണം) വെജി വാഷ് ഉപയോഗിച്ചാല്‍ അത് പോകും. (ഉപയോഗിക്കാതെയും പോകും എന്നത് പറയാതിരിക്കാം)
പച്ചക്കറികള്‍,
പഴങ്ങളും എന്തിന് ധാന്യങ്ങള്‍ പോലും നന്നായി കഴുകുക; കീടനാശിനി മാത്രം അല്ല അതില്‍
ഉള്ള മനുഷ്യന് ഹാനികരമാകുന്ന വസ്തു എന്ന്‍ മുന്‍പ് വിശദമാക്കിയിരുന്നു. വെജി വാഷ്,
എത്ര വിലക്കുറവ് ആയാലും, എന്ന നിഷ്ഫലമായ സാധനം വാങ്ങാതിരിക്കുക.
കീടനാശിനികള്‍
പച്ചക്കറികളിലും മറ്റും ഉണ്ടോ എന്ന “സേഫ് ടു ഈറ്റ്” പഠനം നിരന്തരം ശ്രദ്ധിക്കുക.
വിഷയങ്ങളെ
ഭയക്രാന്തരാകാതെ വസ്തുനിഷ്ഠമായി സമീപിക്കുക.
അവലംബം
- http://www.thehindu.com/todays-paper/tp-national/tp-kerala/a-solution-to-rid-veg-of-pesticide-residue/article6453945.ece
- http://www.deccanchronicle.com/141212/nation-current-affairs/article/veggiewash%E2%80%99es-out-pesticides
- http://www.newindianexpress.com/cities/thiruvananthapuram/Sale-of-KAU-Veggie-Wash-Sees-Uptrend/2015/09/15/article3028793.ece
- http://www.newindianexpress.com/cities/thiruvananthapuram/Pesticide-Lobbys-Pressure-Tactics-Fail-to-Rein-KAU/2016/03/08/article3315406.ece
- http://www.azhimukham.com/news/8762/crop-care-federation-against-kerala-agricultural-university-vc-and-scientist-vegi-wash
- http://www.mathrubhumi.com/print-edition/kerala/veggie-wash-malayalam-news-1.963363
- http://www.azhimukham.com/news/11008/veg-wash-agriculture-university-stopped-distribution-trouble-from-crop-care-federation-azhimukham
- http://www.kau.in/search/node/veggie%20wash
- https://en.wikipedia.org/wiki/Vegetable_wash
- http://veggiewash.beaumontproducts.com/
- http://www.ct.gov/caes/cwp/view.asp?a=2815&q=376676
- http://www.npr.org/templates/story/story.php?storyId=6104414
- https://extension.usu.edu/files/publications/publication/FN_FC_2007-01.pdf
- http://www.fda.gov/AboutFDA/Transparency/Basics/ucm194327.htm
- http://www.keralaagriculture.gov.in/pdf/seps_28062014_04.pdf
- http://www.kau.in/document-subject/report-pesticide-residues-vegetables
- http://www.kau.in/sites/default/files/documents/pamstev_21_2015.pdf
- http://www.kau.in/sites/default/files/documents/pamstev_22_2015.pdf
- http://kau.in/sites/default/files/documents/tot-veggie-wash-guidelines_0.pdf
എന്താണ് ഇതിന്റെ chemical composition?
ReplyDeleteകൃത്യമായ ഡാറ്റ ലഭ്യമല്ല. ഞാനത് പോസ്റ്റില്‍ പറഞ്ഞിരുന്നു.
Deletevery good post
ReplyDelete