Friday 13 September 2019

ഇഹലോകത്തിന്റെ യുക്തിഭാഷ: സയന്‍സും കണക്കും തമ്മില്‍

കണക്ക് സയന്‍സിന്റെ ഭാഷയാണ്. ഇഹലോകം ബ്ലോഗില്‍ ഇതിനുമുന്‍പും ഈ വിഷയം ചര്‍ച്ചചെയ്തിട്ടുണ്ട് എങ്കിലും,1 മറ്റ് കൂട്ടിച്ചേര്‍ക്കലുകളില്ലാതെ എന്തുകൊണ്ട് സയന്‍സിന് കണക്ക് അനിവാര്യമാണ് എന്നത് വിശദീകരിക്കുന്ന, ഭാവി റഫറന്‍സിനുവേണ്ടിയുള്ള ഒരു ചെറിയ കുറിപ്പാണിത്.
കണക്ക് ഒരു ഭാഷയാണ്. ഒന്നും ഒന്നും കൂട്ടിയാല്‍ രണ്ടാണെന്നതുമുതല്‍ ഒരുപാടുതരത്തിലുള്ള നിയമളുള്ള ഭാഷ. വ്യക്തമായ ഒരു ചട്ടക്കൂടുള്ള, വ്യക്തമായി രേഖപ്പെടുത്താവുന്ന, ഒന്നിലധികം വ്യാഖ്യാനങ്ങള്‍ സാധ്യമല്ലാത്ത ഒരു ഭാഷയാണത്.
F = ma എന്നെഴുതിയാല്‍, F-നും m-നും a-ക്കും വ്യക്തമായ നിര്‍വചനങ്ങളുണ്ട് എങ്കില്‍, അത് ഒരു വ്യക്തമായ പ്രസ്താവനയാണ്. ഫോഴ്സ് ആയി നാം അളക്കുന്നത് മാസും ആക്സിലറേഷനും ഗുണിക്കുന്നതല്ല എങ്കില്‍ ആ പ്രസ്താവന തെറ്റാണ് താനും. ഞാനാണോ, ഒരു അമേരിക്കക്കാരൻ അണോ, ഒരു ബഹിരാകാശയാത്രികയാണോ ഈ ഗണിത പ്രസ്താവന നടത്തുന്നത് എന്നത് പ്രശ്നമല്ല; അതിന്റെ വസ്തുതാപരമായ പ്രത്യാഘാതം ഒന്നുതന്നെയായിരിക്കും.
Credit: NASA
യുക്തിയുടെ വ്യാകരണത്തില്‍ ആഗോളമായൊരു ഭാഷയാണ് കണക്കെന്ന് നമ്മള്‍ പറയുന്ന വിഷയം; എല്ലാവര്‍ക്കും പങ്കിടാനാകുന്ന ജ്ഞാനത്തിലേക്കുള്ള ഒരു ചവിട്ടുപടി. സയന്റിസ്റ്റുകളുടെ പ്രസ്താവനകള്‍ പരമാവധി വ്യക്തമാക്കി സയന്‍സെന്ന സമൂഹത്തിന്റെ അറിവാക്കി മാറ്റുന്ന ഒരു പ്രക്രിയയാണ് കണക്കിലൂടെ നമുക്ക് സാധ്യമാകുന്നത്.
സങ്കീര്‍ണ്ണമായ ആശയങ്ങളുടെ ചുരുക്കെഴുത്തും കംപ്യൂട്ടേഷണല്‍ ഉപകരണങ്ങളുപയോഗിക്കാനുള്ള എളുപ്പവുമടക്കം മറ്റൊരുപാട് ഉപയോഗങ്ങള്‍ കണക്കിനുണ്ട് എങ്കിലും സായന്‍സിക പ്രക്രിയയില്‍ സയന്റിസ്റ്റുകള്‍ പങ്കിടുന്ന ധാരണകളെ ഏകീകരിക്കുക എന്ന കണക്കിന്റെ സ്വഭാവമാണ് അതിനെ സയന്‍സിന്റെ ഭാഷയാക്കുന്നത്.
യുക്തിയും ഭാഷയും വ്യക്തമായി കലരുന്ന, കണക്കിന് സമാനമായൊരു ഉപകരണമില്ലാതെ സയന്‍സ് എന്ന സാമൂഹിക പ്രസ്ഥാനം സാധ്യമല്ലതന്നെ!
അവലംബം
  1. https://ihalokam.blogspot.com/2017/03/blog-post.html

കൂടുതല്‍ വായിക്കപെട്ട പോസ്റ്റുകള്‍