Sunday, 3 April 2016

കീടനാശിനി കഴുകിയാല്‍ പോകുമോ?

കുറിപ്പ്: ഈ വാര്‍ത്ത ചൂണ്ടിക്കാട്ടിയതിന് സോഷ്യല്‍ മീഡിയ സുഹൃത്ത് ബിനോയ്‌ വിശ്വനാഥനോട്‌ കടപ്പാടുണ്ട്. ഈ വിഷയത്തില്‍ എഴുതാന്‍ താത്പര്യം ഇല്ലാതിരുന്ന എന്നെ ഈ ലേഖനം എഴുതാന്‍ പ്രേരിപ്പിച്ചതും ബിനോയ്‌ ആണ്. നന്ദി.

http://images.mathrubhuminews.in/
കീടനാശിനികള്‍ കഴുകിക്കളയാനായി കേരളാ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി കണ്ടെത്തിയ മാന്ത്രിക ഉത്പന്നം ആകുന്നു “വെജി വാഷ്.”1,2,3 ഡോ. തോമസ്‌ ബിജു മാത്യൂവിന്റെ  നേതൃത്വത്തില്‍ വെള്ളായണിയിലെ പെസ്റ്റിസൈഡ് റെസിഡ്യൂ അനലിറ്റിക്കല്‍ ആന്‍ഡ് റിസര്‍ച്ച് ലാബോറട്ടറിയില്‍ (Pesticide Residue Analytical and Research Laboratory) ആണ് വികസിപ്പിച്ചത്. 80 ശതമാനം വരെ കീടനാശിനികള്‍ ഇതുകൊണ്ട് കഴുകിക്കളയാന്‍ കഴിയുമത്രേ!2 (ഈ അവകാശവാദങ്ങളിലേക്ക് നമുക്ക് വരാം)
ഇതിനെ കീടനാശിനി കമ്പനികള്‍ ആക്രമിക്കുന്നു.4,5 ക്രോപ് കെയര്‍ ഫെഡറേഷന്‍ എന്ന കീടനാശിനി കണ്‍സോര്‍ഷ്യം ആയിരുന്നു അതിനുപിന്നില്‍. ഫുഡ് സേഫ്റ്റി കമ്മീഷനില്‍ പരാജയപ്പെട്ട ഇവര്‍ കോടതിയില്‍ കേസിന് പോകുന്നു. ഇതിനോട് പ്രതികരണം എന്നോണം അത് മാര്‍ക്കറ്റില്‍ നിന്നും പിന്‍‌വലിക്കുന്നു.6,7

http://www.azhimukham.com/
ഏപ്രില്‍ ഒന്നിന് മനുഷ്യരെ ഫൂളാക്കാനെന്നോണം അഴിമുഖം പ്രസിദ്ധീകരിച്ച ഒരു ലേഖനമാണ് നാട്ടുകാര്‍ പച്ചക്കറി കഴുകി ഉപയോഗിക്കുന്നതിന് കീടനാശിനി കമ്പനികള്‍ക്കെന്താ?”.7 ഇതും അഴിമുഖം തന്നെ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയും മാതൃഭൂമി, ഇന്ത്യന്‍ എക്സ്പ്രസ് എന്നിവയില്‍ വന്ന റിപ്പോര്‍ട്ടുകളും വെജി വാഷ് എന്ന ഉത്പന്നത്തിനെ പറ്റി അറിയാന്‍ കഴിയുന്നതും വച്ച് ഒരു വസ്തുതാപരിശോധന ആണ് ഈ ലേഖനം.
കീടനാശിനികള്‍ അങ്ങ് കഴുകിക്കളയാം എങ്കില്‍ ആ ഉത്പന്നത്തെ (വെജി വാഷിനെ) കീടനാശിനി വില്‍ക്കുന്നവര്‍ പരമാവധി പിന്തുണയ്ക്കുകയല്ലേ വേണ്ടത്? കീടനാശിനി ശരിക്കും കഴുകിയാല്‍ പോകും എങ്കില്‍ പിന്നെ കീടനാശിനി പേടി ഇല്ലല്ലോ? കൂടുതല്‍ കീടനാശിനികള്‍ അടിക്കാം. എന്തിന്, അടുക്കളത്തോട്ടത്തില്‍ പോലും എന്‍ഡോസള്‍ഫാന്‍ അടിക്കാം. കഴുകിയാല്‍ മതിയല്ലോ?
പിന്നെന്താ ഈ കീടനാശിനി കമ്പനികള്‍ക്ക്? സത്യം പറഞ്ഞാല്‍ എനിക്കും അറിയില്ല. ഒരു സാധ്യത, വെജി വാഷ് നൂറ് ശതമാനം ഉപയോഗശൂന്യം ആണെന്നും, ഇത് വില്‍ക്കും വഴി കീടനാശിനിപ്പേടി പരത്തല്‍  അല്ലാതെ മറ്റൊന്നും നടക്കുന്നില്ല എന്നും അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകാം എന്നതാണ്. (കീടനാശിനിപ്പേടിയെ പറ്റി ഞാന്‍ വഴിയേ പറയാം; ഈ ഭയം ഒരു യുക്തിസഹമായ അളവില്‍ ആവശ്യമാണ്) അവരുടെ സ്ഥാപിത താത്പര്യങ്ങള്‍ എന്തും ആകട്ടെ, വ്യക്തികളെ മാറ്റിനിര്‍ത്തി നമുക്ക് വസ്തുതകളെ പരിശോധിക്കാം.
കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിലെ വിവരങ്ങള്‍
http://www.kau.in/
ആദ്യം നമുക്ക് ഈ സാധനം ഫലപ്രദമാണോ എന്ന്‍ പരിശോധിക്കാന്‍ ശ്രമിക്കാം. അപ്പോള്‍ ആണ് ഒരു വസ്തുത തിരിച്ചറിയുന്നത്; ഈ ഉത്പന്നം ഫലപ്രദം ആണ് എന്നതിന്റെ ഒരു ഡാറ്റയും ഒരു ശാസ്ത്രജേണലിലും വന്നതായി വാര്‍ത്തകളില്‍ ഇല്ല.1,2,3  വാര്‍ത്തകള്‍ മൊത്തം ഇതിന്റെ സാമ്പത്തിക സാധ്യതയും പൊതുജനസ്വീകാര്യതയും മാത്രമാണ് ഉയര്‍ത്തിക്കാട്ടുന്നത്. (ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പുകള്‍ക്കും നല്ല പൊതുജനസ്വീകാര്യത ഉണ്ടായിരുന്നു; അനേകം ആളുകള്‍ ഉപയോഗിച്ചാല്‍ അത് നല്ല ഉത്പന്നം ആകില്ല) കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റില്‍ പോലും ഈ വിഷയത്തെ പറ്റി ഒരു പഠനവും പ്രസിദ്ധീകരിച്ചോ എന്തിന് തലക്കെട്ട് സൂചിപ്പിച്ചോ പോലും കാണുന്നില്ല.8
https://dalailina.files.wordpress.com/
തത്കാലം മറ്റ് വെജി വാഷുകള്‍ എത്രമാത്രം ഫലപ്രദം ആണെന്ന്‍ പരിശോധിക്കാനേ നിവൃത്തിയുള്ളൂ. “മറ്റ് വെജി വാഷുകളോ?” എന്ന്‍ അന്തം വിടണ്ട. ഇത്തരം ഉത്പന്നങ്ങള്‍ ധാരാളം ഉണ്ട്. അവയ്ക്ക് പൊതുവായി പച്ചക്കറി വാഷ് (Vegetable Wash) എന്ന്‍ പേര്‍.9 1990-കള്‍ മുതല്‍ പച്ചക്കറി വാഷുകള്‍ ഉണ്ടായിരുന്നു.  Veggie Washഎന്ന പേര് ബ്യൂമോണ്ട് (Beaumont) കോര്‍പ്പറേഷന്റെ ഒരുത്പന്നം വളരെക്കാലമായി ഉപയോഗിക്കുന്നുണ്ട്.10 പൊതുവേ, പ്രകൃതിദത്തം ആയ വസ്തുക്കള്‍ ഉപയോഗിച്ച് കീടനാശിനികള്‍, മറ്റ് “കെമിക്കലുകള്‍ ഒക്കെ കഴുകിക്കളയാന്‍ ഉള്ള ഉത്പന്നങ്ങള്‍.
ഇവയെല്ലാം തന്നെ വളരെ മുന്‍പേ പരിശോധിക്കപ്പെടുകയും ഉപയോഗശൂന്യം ആണെന്ന്‍ തിരിച്ചറിയുകയും ചെയ്തതാണ്.11,12,13 “അപ്പോ? കീടനാശിനി കഴുകിയാല്‍ പോകില്ല എന്നാണോ?” അല്ല. കീടനാശിനി വെള്ളം കൊണ്ട് നന്നായി കഴുകിയാല്‍ പോകുന്നതില്‍ കാര്യമായ വ്യത്യാസമൊന്നും ഒരു വെജി വാഷും കൊണ്ട് ഉണ്ടാകുന്നില്ല. പച്ചവെള്ളം മാത്രം മതി സാധ്യമാകുന്നത്രയും കീടനാശിനി കളഞ്ഞ് സുരക്ഷിതമാകാന്‍.11 കീടനാശിനി മാത്രമല്ല, മറ്റ് മലിനീകാരികള്‍ (മറ്റ് വിഷവസ്തുക്കള്‍, മണ്ണ്, രോഗാണുക്കള്‍) ഉണ്ടാകാം എന്നതുകൊണ്ട് നന്നായി കഴുകേണ്ടത് അത്യാവശ്യവും ആണ്.12,13 അമേരിക്കയിലെ ഫുഡ് ആന്‍ഡ്‌ ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (Food and Drug Administration - FDA) വെള്ളമല്ലാതെ ഒന്നും ഉപയോഗിക്കുന്നത് ഭൂഷണമല്ല എന്ന്‍ ഉപദേശിക്കുന്നു.14 എങ്ങനെ കഴുകാം എന്നതിന് “Lettuce Learn How to Wash Produce12 എന്ന ഈ ലിങ്കിലോ കേരളാ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയുടെ തന്നെ പച്ചക്കറികളില്‍ നിന്ന്‍ എങ്ങനെ വിഷം നീക്കം ചെയ്യാം15 എന്ന ലിങ്കോ വായിക്കാം.
http://www.thehindu.com/
ഇനി നമ്മുടെ വെജി വാഷിലേക്ക് തിരിയേ വരാം. “ഇത് ഫലപ്രദം ആകുമോ?” എന്ന്‍ ചോദിച്ചാല്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് ഉപയോഗിച്ചാല്‍ നല്ല ഫലം ഉണ്ടാകും എന്നേ പറയാന്‍ കഴിയൂ.

"The consumers have to dip fruits and vegetables in the Veggie Wash solution for 15 minutes followed by rigorous washing in water." (സ്രോതസ്: ദ ഹിന്ദു)
എന്നാകുന്നു ഇതിന്റെ ഉപയോഗ നിര്‍ദ്ദേശം.2 വെള്ളം കൊണ്ട് നന്നായി കഴുകിയാല്‍ കീടനാശിനികള്‍ പോകും എന്ന്‍ ഞാന്‍ മുന്‍പേ പറഞ്ഞിരുന്നല്ലോ? അതുകൊണ്ട് തന്നെ, ഈ നിര്‍ദേശം അനുസരിച്ചാല്‍ കീടനാശിനി പോകും. സംശയമില്ല. വെള്ളം കൊണ്ട് കഴുകുന്നതാണ് കീടനാശിനി പോകാന്‍ കാരണം, അതിനെ വെജി വാഷിലേക്ക് വച്ചുകെട്ടിയതാകാം എന്നാണ് എനിക്ക് തോന്നുന്നത്.
എന്തായാലും വെജി വാഷ് എന്ന ഒരു ഉപയോഗശൂന്യമായ പഴയ ആശയം പുതിയ കുപ്പിയില്‍  അവതരിപ്പിക്കപ്പെട്ടു. എന്ത് പഠനങ്ങള്‍ നടന്നു എന്ന്‍ വ്യക്തമല്ല, എത്ര മാറ്റം വെറും വെള്ളം കൊണ്ട് കഴുകുന്നതില്‍ നിന്നും ഉണ്ട് എന്നും വിവരമില്ല. ഇങ്ങനെ ഒരു ഉത്പന്നത്തെ വിശ്വസിക്കണോ എന്ന്‍ നിങ്ങള്‍ തന്നെ തീരുമാനിക്കുക.
ഇനി, കീടനാശിനി കമ്പനികളുടെ ആരോപണം. അവരുടെ ഉദ്ദേശശുദ്ധി സംശയിക്കാന്‍ എല്ലാ ന്യായവും ഉള്ളപ്പോഴും അവരുടെ വാദം മൊത്തമായി തള്ളിക്കളയാന്‍ കഴിയില്ല. അവരുടെ വാദം:
http://www.azhimukham.com/
വെജ് വാഷ് ഭക്ഷ്യോല്‍പ്പന്നമാണെന്നും അതു നിര്‍മ്മിച്ച്‌ വിതരണം ചെയ്യാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അംഗീകാരം വേണം എന്നുള്ളതുമാണ് ഒരു വാദം. വെജ് വാഷില്‍ ഭക്ഷണപദാര്‍ത്ഥമായ ജലം ചേര്‍ന്നിട്ടുണ്ട് എന്നുള്ളതാണ് ഇതിനാധാരമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ആയതിനാല്‍ വെജ് വാഷിന്റെ വിപണനം ഉടനടി നിര്‍ത്തി വയ്പ്പിക്കണം എന്നും സര്‍വ്വകലാശാലയ്ക്കെതിരെ കേസ് എടുക്കണം  എന്നു കാണിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പിനും ഇവര്‍ നോട്ടീസ് അയച്ചിട്ടുണ്ട്.5 (സ്രോതസ്: അഴിമുഖം)
സാങ്കേതികമായി വെജി വാഷ് ഭക്ഷ്യോത്പന്നം ആണ്. അതുകൊണ്ട് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അംഗീകാരം വേണം എന്ന വാദം സ്വല്പം ബാലിശമാണെന്ന് പറയാതെ വയ്യ. പക്ഷേ, വെജി വാഷിന് ഭക്ഷ്യ സുരക്ഷാ പരീക്ഷണങ്ങള്‍ നടന്നിട്ടില്ല എന്നത് ഒട്ടും ഭൂഷണമല്ല. എന്തൊക്കെ പ്രകൃതിദത്തം പറഞ്ഞാലും വെജി വാഷും വിഷമാകാം. (ആകും എന്നോ ആണെന്നോ അല്ല, ആകാം) കീടനാശിനികള്‍ മാസങ്ങള്‍ക്ക് മുന്‍പോ ഏറ്റവും ഭീകരമായ സന്ദര്‍ഭങ്ങളില്‍ ദിവസങ്ങള്‍ക്ക് മുന്‍പോ തളിച്ചിട്ടുണ്ടാകും. അവയെ പേടിക്കുന്നു എങ്കില്‍ പാചകം ചെയ്യും തൊട്ടുമുന്‍പ് 15 മിനിറ്റ് മുക്കി വയ്ക്കുന്ന ഒരു വസ്തു സുരക്ഷിതം ആണോ എന്ന്‍ പരിശോധിക്കുന്നതില്‍ എന്താണ് തെറ്റ്?
വെജി വാഷിന് കീടനാശിനി നീക്കാന്‍ ഉള്ള കഴിവ് ഉണ്ടാകും എന്ന്‍ മാത്രമേ സ്രഷ്ടാക്കള്‍ പോലും പറയുന്നുള്ളൂ. അകത്ത് പോയാല്‍ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ എന്ന്‍ ഒരു പഠനവും നടന്നിട്ടില്ല. നമ്മള്‍ എല്ലാ ദിവസവും ഉപയോഗിക്കുന്ന, പ്രകൃതിദത്ത വസ്തുക്കള്‍ ആണ് എന്നതാണ് ഏക ന്യായീകരണം.
Initially, the product was viewed with skepticism, as consumers wondered if it was yet another chemical to wash off the chemicals. But, it is made of components straight off the kitchen shelf, assures Thomas Biju Mathew, professor, Pesticide Residue Analytical and Research Laboratory, at the Vellayani college.3 (സ്രോതസ്: ഇന്ത്യന്‍ എക്സ്പ്രസ്)
ഇവയുടെ ഒരു സംയുക്തം എങ്ങനെ പെരുമാറും എന്നത് പഠിക്കപ്പെടണം; അല്ലാതെ കുഴപ്പം ഉണ്ടാകില്ലായിരിക്ക്വായിരിക്കില്ലായിരിക്കും, ഇതൊന്നും ഒറ്റയ്ക്ക് കുഴപ്പമില്ലല്ലോ എന്ന്‍ പറഞ്ഞാല്‍ മതിയാകില്ല.
എന്തായാലും വെജി വാഷ് എന്ന ഉത്പന്നം കൊണ്ട് കാര്യമായ ഉപയോഗം ഒന്നും ഉള്ളതായി സൂചനയില്ല. ഇത് സുരക്ഷിതമാണോ എന്നും അറിയില്ല. ഇങ്ങനെ ഒരു സാധനം വില്‍ക്കപ്പെടുന്നത് കീടനാശിനിപ്പേടി മുതലെടുത്താണ്. സത്യത്തില്‍, “ഇത്രേം കീടനാശിനിപ്പേടി ശരിക്കും ആവശ്യമുണ്ടോ?” എന്ന ചോദ്യത്തിന്റെ ഉത്തരം ഇല്ല എന്നാണ്.
സേഫ് ടു ഈറ്റ് പഠനറിപ്പോര്‍ട്ടിലെ പ്രസക്തഭാഗം എടുത്ത് കാട്ടിയിരിക്കുന്നു.
http://www.kau.in/
കേരളത്തിലെ ഭൂരിഭാഗം പച്ചക്കറികളിലും കീടനാശിനികള്‍ ഹാനികരമായ അളവില്‍ ഇല്ല എന്ന്‍  പെസ്റ്റിസൈഡ് റെസിഡ്യൂ അനലിറ്റിക്കല്‍ ആന്‍ഡ് റിസര്‍ച്ച് ലാബോറട്ടറി നടത്തിയ പഠനങ്ങള്‍ എല്ലാം തന്നെ കണ്ടെത്തിയിട്ടുണ്ട്.16 ഏറ്റവും പുതിയ രണ്ട് പഠനങ്ങള്‍ ഇതാ: ജനുവരി-ഡിസംബര്‍ 2015-ലെ മാര്‍ക്കറ്റ് സാമ്പിള്‍;17 ജനുവരി-ഡിസംബര്‍ 2015-ലെ ഫാഴ്മേഴ്സ്സാമ്പിള്‍.18 ഈ പഠനത്തില്‍ 2015-ലെ മാര്‍ക്കറ്റ് സാമ്പിളുകളില്‍ 2.3% മാത്രമേ ഹാനികരമായ അളവില്‍ വിഷാംശം ഉണ്ടായിരുന്നുള്ളൂ.17 (477 സാമ്പിളുകളില്‍ 11 എണ്ണം)
ഗവേഷണത്തിന്റെ തലവന്‍ ഡോ. തോമസ്‌ ബിജു മാത്യൂ തന്നെയാണ്. പിന്നെ, “എന്തുകൊണ്ട് ഈ ഗവേഷണം വിശ്വസിക്കണം?” എന്ന്‍ ചോദിക്കാം. ഇതില്‍ വ്യക്തമായി എന്ത് സാമ്പിളുകള്‍ സ്വീകരിച്ചു, എങ്ങനെ വിഷാംശം അളന്നു, ഡാറ്റ എന്ത് എന്നുംവ്യക്തമാണ്. പൊതുവായി ഈ ഗവേഷണങ്ങള്‍ എല്ലാം പ്രസിദ്ധീകരിച്ചുവരുന്നുണ്ട് എന്നതും ഇതിനെ ശാസത്രീയമായി വിസ്വസനീയമാക്കുന്നു. “സേഫ് ടു ഈറ്റ്(Safe to Eat) എന്ന വെള്ളായണി പെസ്റ്റിസൈഡ് റെസിഡ്യൂ അനലിറ്റിക്കല്‍ ആന്‍ഡ് റിസര്‍ച്ച് ലാബോറട്ടറി 2013 മുതല്‍ തുടര്‍ന്നുവരുന്ന ഈ പഠനത്തിന്റെ മൊത്തം ഡാറ്റ ലഭ്യമാണ്.
നമ്മുടെ പേടിക്ക് തത്കാലം വലിയ അടിസ്ഥാനമില്ല. പച്ചക്കറികളില്‍ വളരെ ചെറിയ ഒരു ശതമാനം മാത്രമേ കീടനാശിനികള്‍ ഉള്ളതുള്ളൂ. പച്ചവെള്ളം കൊണ്ട് നന്നായി കഴുകിയാല്‍ ഉള്ളതില്‍ ഹാനികരമായ കീടനാശിനികള്‍ പോകുകയും ചെയ്യും. എന്നാല്‍ നന്നായി കഴുകലും പെസ്റ്റിസൈഡ് റെസിഡ്യൂ അനലിറ്റിക്കല്‍ ആന്‍ഡ് റിസര്‍ച്ച് ലാബോറട്ടറി നടത്തുന്ന പഠനവും തുടരേണ്ടതുണ്ട്. കാരണം, കീടനാശിനികള്‍ ഉണ്ട് എന്നതും അവ അമിതമായി ഉപയോഗിക്കപ്പെടാം എന്നതും വളരെ പ്രധാനമാണ്.
തെളിവില്ലാത്ത അവകാശവാദങ്ങള്‍ കേരളസമൂഹത്തില്‍ എത്രമാത്രം വിലപ്പോകുന്നു എന്നതിന്റെ മകുടോദാഹരണം ആയി കീടനാശിനിപ്പേടി ചൂണ്ടിക്കാട്ടാം. വസ്തുതാവിരുദ്ധമായ ആ ഭയപ്രചാരണം കൊണ്ട് വെജി വാഷ് എന്ന നിഷ്ഫലമായ ഉത്പന്നം വിറ്റഴിക്കപ്പെടുന്നു. ഒരുലക്ഷം രൂപയാണ് (മറ്റ് ചിലവുകള്‍ സഹിതം) ഈ സാങ്കേതികവിദ്യ കൈമാറുന്നതിന് കേരളാ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി ഈടാക്കുന്നത്.19 ആദ്യം ഇത് ഇരുപത്തയ്യായിരം രൂപ മാത്രമായിരുന്നു.3
http://3riversepiscopal.blogspot.in/
കേരളത്തിന്റെ ശാസ്ത്രബോധത്തിന്റെ (ബോധക്കേടിന്റെ) മുഖത്ത് നോക്കി ചിരിക്കുകയാണ് വെജി വാഷ് എന്ന ഉത്പന്നവും അതിന്റെ സ്രഷ്ടാക്കളും എന്ന്‍ പറയേണ്ടി വരും. കാരണം,അവര്‍ കള്ളം ഒന്നും പറഞ്ഞിട്ടില്ല. പച്ചക്കറികളില്‍ വിഷം ഉണ്ട്. (ചെറിയ ശതമാനം എന്നത് നാം പരിശോധിച്ച് മനസിലാക്കണം) വെജി വാഷ് ഉപയോഗിച്ചാല്‍ അത് പോകും. (ഉപയോഗിക്കാതെയും പോകും എന്നത് പറയാതിരിക്കാം)
പച്ചക്കറികള്‍, പഴങ്ങളും എന്തിന് ധാന്യങ്ങള്‍ പോലും നന്നായി കഴുകുക; കീടനാശിനി മാത്രം അല്ല അതില്‍ ഉള്ള മനുഷ്യന് ഹാനികരമാകുന്ന വസ്തു എന്ന്‍ മുന്‍പ് വിശദമാക്കിയിരുന്നു. വെജി വാഷ്, എത്ര വിലക്കുറവ് ആയാലും, എന്ന നിഷ്ഫലമായ സാധനം വാങ്ങാതിരിക്കുക.
കീടനാശിനികള്‍ പച്ചക്കറികളിലും മറ്റും ഉണ്ടോ എന്ന “സേഫ് ടു ഈറ്റ്” പഠനം നിരന്തരം ശ്രദ്ധിക്കുക.
വിഷയങ്ങളെ ഭയക്രാന്തരാകാതെ വസ്തുനിഷ്ഠമായി സമീപിക്കുക.

അവലംബം
  1. http://www.thehindu.com/todays-paper/tp-national/tp-kerala/a-solution-to-rid-veg-of-pesticide-residue/article6453945.ece
  2. http://www.deccanchronicle.com/141212/nation-current-affairs/article/veggiewash%E2%80%99es-out-pesticides
  3. http://www.newindianexpress.com/cities/thiruvananthapuram/Sale-of-KAU-Veggie-Wash-Sees-Uptrend/2015/09/15/article3028793.ece
  4. http://www.newindianexpress.com/cities/thiruvananthapuram/Pesticide-Lobbys-Pressure-Tactics-Fail-to-Rein-KAU/2016/03/08/article3315406.ece
  5. http://www.azhimukham.com/news/8762/crop-care-federation-against-kerala-agricultural-university-vc-and-scientist-vegi-wash
  6. http://www.mathrubhumi.com/print-edition/kerala/veggie-wash-malayalam-news-1.963363
  7. http://www.azhimukham.com/news/11008/veg-wash-agriculture-university-stopped-distribution-trouble-from-crop-care-federation-azhimukham
  8. http://www.kau.in/search/node/veggie%20wash
  9. https://en.wikipedia.org/wiki/Vegetable_wash
  10. http://veggiewash.beaumontproducts.com/
  11. http://www.ct.gov/caes/cwp/view.asp?a=2815&q=376676
  12. http://www.npr.org/templates/story/story.php?storyId=6104414
  13. https://extension.usu.edu/files/publications/publication/FN_FC_2007-01.pdf
  14. http://www.fda.gov/AboutFDA/Transparency/Basics/ucm194327.htm
  15. http://www.keralaagriculture.gov.in/pdf/seps_28062014_04.pdf
  16. http://www.kau.in/document-subject/report-pesticide-residues-vegetables
  17. http://www.kau.in/sites/default/files/documents/pamstev_21_2015.pdf
  18. http://www.kau.in/sites/default/files/documents/pamstev_22_2015.pdf
  19. http://kau.in/sites/default/files/documents/tot-veggie-wash-guidelines_0.pdf


Thursday, 31 March 2016

വിഡ്ഢിദിനസന്ദേശം

http://proamnews.com/wp-content/uploads/2014/04/april-fools-day-banner.jpeg
April 1. This is the day upon which we are reminded of what we are on the other three hundred and sixty-four.”
-      Mark Twain, Pudd'nhead Wilson

ഏപ്രില്‍ ഒന്നിന് നാമെല്ലാവരും സന്ദേഹികള്‍ (skeptic) ആകും എന്ന്‍ പറയാറുണ്ട്. കേള്‍ക്കുന്ന വാര്‍ത്തകളോടും കാണുന്ന കാര്യങ്ങളോടും ഒരു സംശയം. ഒറ്റനോട്ടത്തില്‍ കാണുന്നതല്ല, എന്തോ ഒരു തന്ത്രം, ഒരു തമാശ, ഒരു ചിരിപൊട്ടിക്കുന്ന ചതി എല്ലാത്തിന്റെയും പിന്നില്‍ ഒളിച്ചിരിപ്പില്ലേ എന്ന സംശയം. എന്തുകൊണ്ട് എല്ലാ ദിനവും നാം ഈ സംശയം വച്ചുപുലര്‍ത്തിക്കൂടാ?
നമ്മുടെ വിശ്വാസസ്വഭാവം (credulityമുതലെടുത്താണ് പല തട്ടിപ്പുകളും കള്ളത്തരങ്ങളും പടരുന്നത്. സുഹൃത്തുക്കള്‍, നേതാക്കള്‍, വിദഗ്ധര്‍ എന്ന്‍ നാം കരുതുന്നവര്‍, സുഭാഷിതര്‍, സുന്ദരീസുന്ദരന്മാര്‍ അങ്ങനെ അനേകം ഗ്രൂപ്പുകളെ നാം കണ്ണുമടച്ച് വിശ്വസിക്കുന്നു. (ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ഒഴികെ!) വിശ്വസനീയം എന്ന്‍ നാം കരുതുന്ന വ്യക്തികളെ, സ്ഥാപനങ്ങളെ നാം മുഖവിലയ്ക്കെടുക്കുന്നു. എല്ലാത്തിനേയും സംശയദൃഷ്ടിയോടെ, ശാസ്ത്രത്തിന്റെ കണ്ണുകളിലൂടെ നോക്കുക എന്നത് സമയം ചിലവുള്ളതും ദുര്‍ഘടം പിടിച്ചതും ചിലപ്പോഴെങ്കിലും അപകടകരവുമാണ്. അതുകൊണ്ട് ഒരു പുതിയ അവകാശവാദത്തോടുള്ള, “വിശ്വസനീയം” എന്ന തോന്നലുളവാക്കുന്നു എങ്കില്‍ പ്രത്യേകിച്ച്,  നമ്മുടെ തലച്ചോറിന്റെ സ്വാഭാവിക നിര്‍ദേശം “വിശ്വസിക്കുക” എന്നതാണ്.
ഈ സ്വഭാവത്തെ മുതലെടുക്കും എന്ന മുൻകൂർ പ്രഖ്യാപനത്തോടെയാണ് ഏപ്രിൽ ഒന്നിന്റെ പ്രഭാതം പുലരുന്നത്. മറ്റ് ദിവസങ്ങളിലെപ്പോലെ നിങ്ങൾ ചിന്തകളിലും അവലോകനത്തിലും അലസയാകുന്നു എങ്കിൽ ഇന്ന് വ്യക്തമായും പറ്റിക്കപ്പെടുംപരിഹസിക്കപ്പെടും. പരിഹസിക്കപ്പെടാതെ പറ്റിക്കപ്പെടുന്ന വർഷത്തിലെ മറ്റ് ദിവസങ്ങളിൽ നിന്നും വിഡ്ഢിദിനം വേറിട്ടുനിൽക്കുന്നു. ആത്മാര്‍ഥമായ പറ്റിക്കല്‍ ആണ് ഇവിടെ നടക്കുക; അല്ലാതെ പണം തട്ടാനോ മറ്റ് രീതികളില്‍ തെറ്റിദ്ധരിപ്പിക്കാനോ അല്ല ഈ ദിവസം.
പക്ഷേഈ ദിവസത്തിന് മറ്റ് ദിവസങ്ങളിൽ നിന്നും എന്ത് വ്യത്യാസമുണ്ട് തട്ടിപ്പുകളുടെ കാര്യത്തിൽ?
ഒന്നിരുത്തി ആലോചിച്ചാൽ, അങ്ങനെ ഒരു വലിയ വ്യത്യാസമില്ല. പറ്റിക്കാൻ ഒരു ദിവസമില്ലഎല്ലാ ദിവസവും ആളുകൾ പറ്റിക്കപ്പെടുന്നുനിരുപദ്രവമായ തമാശകൾക്കായാണ് വിഡ്ഢിദിനം. "ഏപ്രിൽ ഫൂൾ" എന്ന വിളിയിൽ തീരുന്ന ഒരു ചെറിയ പറ്റിക്കൽ 364 ദിവസങ്ങളിൽ കൂടി ഉണ്ടായിരുന്നു എങ്കിൽ നമ്മൾ എത്രമാത്രം ശ്രദ്ധാലുക്കളാകുമായിരുന്നു?
സ്വാഭാവികമായി പറ്റിക്കപ്പെടുന്ന ഓരോ മനുഷ്യനേയും ചിന്തയുടേയും സന്ദേഹത്തിന്റെയും പാഠങ്ങള്‍ പഠിപ്പിക്കുന്ന ഈ ദിവസത്തെ വിഡ്ഢിദിനം എന്ന്‍ വിളിക്കുന്നത് തന്നെ ശരിയല്ല.

നമ്മുടെ വിശ്വാസശീലം ബാധിച്ച മസ്തിഷ്കത്തെ വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും സന്ദേഹിയാക്കുന്ന ഈ ദിവസത്തെ ഓര്‍ക്കേണ്ടതുണ്ട്; ആഘോഷിക്കേണ്ടതും.
http://www.bearingdrift.com/wp-content/uploads/april1bd.jpg

Sunday, 27 March 2016

കെമിക്കല്‍ മാത്രം തിന്നുന്ന ജീവി

ഡൈഹൈഡ്രജന്‍ മോണോക്സൈഡ് (dihydrogen monoxide) എന്ന്‍ കേട്ടിട്ടുണ്ടോ?
https://www.facebook.com/h2oawareness
ഏതാണ്ട് എല്ലാ കീടനാശിനികളിലും ഇതുണ്ട്; ഇതില്ലാതെ കീടനാശിനികള്‍ തളിക്കാന്‍ തന്നെ കഴിയില്ല എന്ന്‍ പറയാം. കാര്‍ബണ്‍ ഡയോക്സൈഡിനേക്കാള്‍ ശക്തമായ ഹരിതഗൃഹവാതകമാണിത്. അമ്ലമഴയിലെ പ്രധാന രാസികമായ ഇതിനെ ഹൈഡ്രോക്സില്‍ ആസിഡ് എന്നും വിളിക്കാറുണ്ട്. കൂട്ടക്കൊലപാതകങ്ങള്‍ നടത്തിയ എകാധിപതികളെല്ലാം ഇത് ദിവസവും ഉപയോഗിച്ചിരുന്നതിന് തെളിവുണ്ട്. എല്ലാ ട്യൂമറുകളിലും ധാരാളമായി ഇത് കാണപ്പെടുന്നു. നാസ ബഹിരാകാശയാത്രികര്‍ക്ക് കൊടുക്കുന്ന ഭക്ഷണത്തില്‍ നിന്നും ഇത് പരിപൂര്‍ണമായും നീക്കം ചെയ്യാറുണ്ട്. നമ്മുടെയെല്ലാം ഭക്ഷണത്തില്‍ ധാരാളം ഉണ്ട് എന്ന്‍ പ്രത്യേകം പറയണ്ടല്ലോ? ഇതൊരിക്കല്‍ കുടിച്ചാല്‍ പിന്നെ കുടിക്കാതിരുന്നാല്‍ മരിച്ചുപോകും.
അതേ, ഞാന്‍ പച്ചവെള്ളത്തെ കുറിച്ച് തന്നെയാണ് പറഞ്ഞുവരുന്നത്. H20. ഡൈ(2) ഹൈഡ്രജന്‍(H) മോണോ(1) ഓക്സൈഡ്(O).1,2 ചില വസ്തുതകള്‍ വസ്തുതാവിരുദ്ധമായി ഉപയോഗിച്ച് ആരേയും പേടിപ്പിക്കാം എന്നതിന്റെ ഉദാഹരണമാണ് ഈ ചെറിയ തട്ടിപ്പ്. കെമിക്കലുകളെ അകാരണമായി ഭയപ്പെടുന്ന നമ്മുടെ പൊതുബോധത്തെ കളിയാക്കാനുള്ള ഒരുപകരണം.
ഈ ലേഖനം കെമിസ്ട്രിയെ പ്രതിരോധിക്കാനുള്ള എന്റെ എളിയ ശ്രമമാകുന്നു. കെമിക്കല്‍ എന്നാണ് എന്തോ മോശം സാധനം ആണെന്നും പ്രകൃതിദത്തം എന്നാല്‍ കെമിക്കല്‍ അല്ല, നല്ലതാണ് എന്നതും ഉള്‍പ്പടെ അനേകം തെറ്റിദ്ധാരണകള്‍ കേരളസമൂഹത്തിനുണ്ട്. അവയെ ഒന്ന്‍ പരിശോധിക്കല്‍ ആകുന്നു ഇവിടെ ഉദ്ദേശം.
ആദ്യം തന്നെ ഒരു ലളിതമായ വസ്തുത പറഞ്ഞ് തുടങ്ങാം. എന്താണ് കെമിക്കല്‍? കെമിസ്ട്രിയുടെ അന്താരാഷ്‌ട്രീയമായി അംഗീകരിക്കപ്പെട്ട നിര്‍വചനങ്ങള്‍ രേഖപ്പെടുത്തിയ Compendium of Chemical Terminology-യില്‍ പറയുന്നത് “കെമിക്കല്‍ എന്നാല്‍ അതിലടങ്ങിയ ആറ്റങ്ങള്‍, തന്മാത്രകള്‍ എന്നിവയാല്‍ സ്വഭാവം നിര്‍ണയിക്കപ്പെടുന്ന സ്ഥിരഘടനയുള്ള വസ്തു” എന്നാണ്.3 (“Matter of constant composition best characterized by the entities (molecules, formula units, atoms) it is composed of.) അറ്റങ്ങള്‍ കൊണ്ടുണ്ടാക്കിയ, അറ്റങ്ങള്‍ കൊണ്ട് നിവചിക്കപ്പെടുന്ന വസ്തുക്കള്‍ എന്ന്‍ ലളിതമായി പറയാം. (തന്മാത്രകള്‍ ആറ്റങ്ങള്‍ കൊണ്ട് ഉണ്ടാകിയവയാണല്ലോ!)
https://upload.wikimedia.org/
കുറച്ചുകൂടി വ്യക്തമാക്കിയാല്‍, വെള്ളത്തെ വെള്ളമാക്കുന്നത് രണ്ട് ഹൈഡ്രജനും ഒരു ഓക്സിജനും ആണ്; ഫോര്‍മാല്‍ഡിഹൈഡ് (CH20) എന്ന വിഷവസ്തുവാകാന്‍ ഒരു കാര്‍ബണ്‍ ആറ്റം കൂടി ഉണ്ടായാല്‍ മതി.4 (ഒരു ചെറിയ കാര്യം കൂടി, ഫോര്‍മാല്‍ഡിഹൈഡ് സൂക്ഷ്മമായ അളവില്‍ പ്രകൃതിയില്‍ ഉള്ളതും മനുഷ്യശരീരത്തിന് കൈകാര്യം ചെയ്യാന്‍ കഴിയുന്നതുമാണ്; ഡോസേജ് ആണ് വിഷം എന്നാണല്ലോ!) ജലം എന്ന രാസികം നിര്‍വചിക്കപ്പെടുന്നതും അതിന്റെ ഘടന നിര്‍ണയിക്കപ്പെടുന്നതും അതിലടങ്ങിയിരിക്കുന്ന ആറ്റങ്ങള്‍ മൂലമാണ്. എന്നാല്‍ പച്ചവെള്ളം എന്ന്‍ നാം സാധാരണ പറയുന്ന, കുടിക്കാന്‍ പാകത്തിന് ശുദ്ധമായ ജലം, ഒരു കെമിക്കല്‍ ആണെന്ന്‍ പറയാന്‍ കഴിയില്ല. കാരണം, അതില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കള്‍ ഒരു സ്ഥിരമായ ഘടന നല്‍കുന്നില്ല. നാം പച്ചവെള്ളം എന്ന്‍ വിളിക്കുന്നത് ഒരു നിലവാരത്തിനകത്തുള്ള ജലത്തെയാണ്. ജലം എന്ന രാസികം ശുദ്ധമായ H20-ഉം.
അതായത്, നമ്മള്‍ കൈകാര്യം ചെയ്യുന്ന ഏതാണ്ട് എല്ലാ സാധനവും കെമിക്കല്‍ അടങ്ങിയവ തന്നെയാണ്. “കെമിക്കല്‍ മാത്രം തിന്നുന്ന ജീവി” എന്ന തലക്കെട്ട് നമ്മളെ ഓരോരുത്തരേയും ഉദ്ദേശിച്ച് തന്നെയാണ്. (മനുഷ്യന്മാരെ ആണ് ഞാനിവിടെ ഉദ്ദേശിച്ചത് എങ്കിലും അമീബയ്ക്കോ ബാക്ടീരിയക്കോ പോലും കെമിക്കലുകള്‍ സ്വീകരിക്കാതെ ജീവിക്കാന്‍ കഴിയില്ല) ഒരു വസ്തു, എന്തും ആകട്ടെ, “കെമിക്കല്‍ ആണ്” എന്ന കാരണം കൊണ്ട് മോശമോ നല്ലതോ ആകില്ല; കാരണം കെമിക്കല്‍ എന്നാല്‍ അങ്ങനെ ഒരര്‍ത്ഥം ഇല്ല. മാത്രമല്ല, കൃത്രിമം എന്ന അര്‍ത്ഥം ശാസ്ത്രീയമായി കെമിക്കല്‍ എന്ന പദം ഉപയോഗിക്കുമ്പോള്‍ ഇല്ല.
Google.com
ഇനി, കെമിക്കല്‍ എന്ന പദത്തിന് ശാസ്ത്രീയമല്ലാത്ത നിര്‍വചനം എടുക്കാം. കെമിക്കലിന്റെ അര്‍ത്ഥം ഗൂഗിള്‍ ചെയ്‌താല്‍ കിട്ടുന്നത് ഇതാണ്: “ഒരു വ്യതിരിക്തമായ വസ്തു അല്ലെങ്കില്‍ സംയുക്തം, പ്രത്യേകിച്ച് കൃത്രിമമായി ഉണ്ടാക്കുകയോ ശുദ്ധീകരിക്കുകയോ ചെയ്തത്.”5 (a distinct compound or substance, especially one which has been artificially prepared or purified.) അതായത്, പൊതുവേ കെമിക്കല്‍ എന്ന്‍ പറയുന്നത് കെമിസ്ട്രി ലാബില്‍ നിന്നും വരുന്ന സാധനങ്ങളെ ആണ്.
അതായത്, കെമിസ്ട്രിയോടുള്ള ഭയവും അവിശ്വാസവും ആകുന്നു ഈ കെമിക്കലുകളെ സംശയിക്കാനുള്ള കാരണം. ഈ പേടിക്ക്‌, അവജ്ഞക്ക് രാസഭീതി അല്ലെങ്കില്‍ കീമോഫോബിയ6 (Chemophobia) എന്നാകുന്നു പേര്.
ഒന്നാമതായി, ഇവര്‍ ഈ ലാബില്‍ നിന്ന്‍ ഉണ്ടാക്കി വിടുന്ന സാധനം രണ്ടാം കിടയാണോ, പ്രകൃതിദത്തം ആയിരിക്കില്ലേ നല്ലത് എന്ന തോന്നല്‍. കാരണം, വെള്ളവും പൂവിന്റെ മണവും പഴങ്ങളുടെ രുചിയും എല്ലാം ആദ്യമേ പ്രകൃതിയില്‍ ഉണ്ടായിരുന്നല്ലോ? പ്രകൃതിയുടെ തുച്ഛമായ അനുകരണങ്ങള്‍ മാത്രമാകുന്നു അവ എന്ന തോന്നല്‍. ഇത് അജ്ഞതയില്‍ നിന്നും ഉണ്ടാകുന്നതാണ്; ഒരു രാസവസ്തുവിനെ നിര്‍വചിക്കുന്നത് അതിന്റെ ഘടകമായ ആറ്റങ്ങള്‍ മാത്രമാണ്; ഉണ്ടാകുന്ന പ്രക്രിയ ഒരു ചെടിക്കുള്ളിലോ, മൃഗത്തിന്റെ വയറ്റിലോ, യീസ്റ്റ് ഉത്പ്രേരകമായോ, ലാബിലോ എന്നത് പ്രാധാന്യമുള്ള വിഷയമാണ്. 

http://hydrogenpluscarbon.tumblr.com
അനുകരണം തന്നെയാണ് പലപ്പോഴും എസ്റ്ററുകള്‍ (Esters) പോലുള്ള രാസികങ്ങള്‍. പ്രകൃതിയുടെ അതേ മണം അനുകരിക്കാന്‍ അതേ രാസികം ഉണ്ടാക്കുന്നതാണ്.7 ഉദാഹരണം: പൈനാപ്പിളിന്റെ മണത്തിന് ബ്യൂട്ടൈല്‍ ബ്യൂടിറേറ്റ്.8 (Butyl Butyrate) എന്നാല്‍ ഇവ “തുച്ഛമായ” അനുകരണം എന്ന്‍ പറഞ്ഞാല്‍ ശരിയാകില്ല; നല്ല നിലവാരമുള്ള, ഒറിജിനലിനോളം തന്നെ വരുന്ന ആവര്‍ത്തനങ്ങള്‍ ആകുന്നു അവ. പലയിടത്തും അനാവശ്യമായ മറ്റ് കെമിക്കലുകള്‍ ഇല്ലാതെ.
ഇവിടെ കൂട്ടിച്ചേര്‍ക്കേണ്ട ഒരു വിഷയം ആണ് പ്രകൃതിയിലേക്കുള്ള നിവേദനം9 (Appeal to nature) എന്ന ചിന്താവൈകല്യം. ഒരു സാധനം പ്രകൃതിദത്തം ആയാതിനാല്‍ അത് നന്നാകണം എന്നില്ല; കൃത്രിമം ആയാല്‍ മോശവും.  മുതലകള്‍ വളരെ പ്രകൃതിദത്തമായ സാധനം ആണ്, അതിനര്‍ത്ഥം മുതലകള്‍ കൂട്ടുകൂടാന്‍ പറ്റിയ ജീവികള്‍ ആണെന്നല്ല; പട്ടികളെ മനുഷ്യന്‍ കൃത്രിമ നിര്‍ധാരണം വഴി ഉണ്ടാക്കിയതാണ്, അതുകൊണ്ട് പട്ടികള്‍ ഭീകരജീവികള്‍ ആണെന്നും അര്‍ത്ഥമില്ല. എന്തുകൊണ്ടോ നമ്മുടെ ചിന്തയുടെ ഒരു കുഴപ്പമാണ് പ്രകൃതിദത്തം എന്നാല്‍ നല്ലത് എന്ന്‍ വിചാരിക്കല്‍. ഒരു വസ്തുവിന്റെ ഗുണമോ ദോഷമോ തീരുമാനിക്കുന്നത് അതിന്റെ സ്വഭാവം മാത്രമാണ്; അതിന്റെ നൈസര്‍ഗികതയോ കൃത്രിമത്വമോ അല്ല.

http://www.rsc.org/
രണ്ടാമത്, പുതിയ രാസികങ്ങളോടുള്ള ഭയം, മാറ്റത്തിനോടുള്ള ഭയം. പുതുതായി ഒന്ന്‍ ഉണ്ടാകുമ്പോള്‍ അതിനോടുള്ള സ്വാഭാവികമായ ഭയവും സന്ദേഹവും. വിഷവസ്തുക്കള്‍ എന്ത് എന്ന്‍ മനസിലാക്കാന്‍ ശാസ്ത്രീയമായ ഒരു പരിശോധന ആവശ്യപ്പെടുന്നതും വിഷമെന്ന് തെളിവുള്ളവ (ലെഡ് ഉദാഹരണം) ഉപയോഗം പരമാവധി കുറയ്ക്കലും ഒക്കെ ആവശ്യമാണ്. കെമിക്കല്‍ എന്നാല്‍ വിഷമല്ല എന്നതുപോലെ കെമിക്കല്‍ എന്നാല്‍ പരിപൂര്‍ണ്ണമായും നല്ലത് മാത്രമാണ് എന്ന അര്‍ത്ഥവും ഇല്ല.
ഈ ഭയം ആവശ്യമാണ്; പക്ഷേ, അത് പരിധി വിട്ട് പോകരുത്. പലപ്പോഴും കെമിക്കല്‍ എന്ന പേര് കേട്ടാല്‍ ഞെട്ടുകയാണ് പതിവ്. ചില ഭക്ഷണവസ്തുക്കളില്‍ വിഷാംശം ഉണ്ട് എന്ന്‍ പറയുമ്പോള്‍ എന്ത് എന്ന ചോദ്യത്തിന് “കെമിക്കല്‍ എന്നോ വല്ല രാസനാമമോ (മുന്‍പ് ഡൈഹൈഡ്രജന്‍ മോണോക്സൈഡ് എന്ന്‍ പറഞ്ഞതുപോലെ) പറഞ്ഞ് ഭയം പരത്താനാണ് പലരും ശ്രമിക്കുക.
http://janayugomonline.com/
ഉദാഹരണമായി ഈ ജനയുഗം ലേഖനം എടുക്കാം: നമുക്ക്‌ വേണ്ട ഈ വിഷവസ്തു10 ഒരുദാഹരണം മാത്രമാണിത്. ഇതിന് സമാനമായ അനേകം ലേഖനങ്ങള്‍ കാണാം. ഈ ലേഖനം വിമര്‍ശിക്കുന്നതിന്റെ രീതിശാസ്ത്രം ഉള്‍പ്പടെ ശ്രദ്ധിക്കണം എന്ന്‍ അപേക്ഷ. മാത്രമല്ല, ഇതിലെ രാസഭീതി മാത്രമാണ് ഞാന്‍ അഭിസംബോധന ചെയ്യുന്നത്; മറ്റ് പല മണ്ടത്തരങ്ങളും ഇതിലുണ്ട്; അതൊക്കെ സ്വയം പരിശോധിക്കാവുന്നതാണ്. ഓരോരോ പോയന്‍റ് ആയി പറയാം.
“ ... മൈദ വെളുത്ത നിറമുള്ളതാക്കാൻ ബെൻസോയിൽ പൊറോക്സയിഡ്‌ എന്ന രാസവസ്തുകൊണ്ട്‌ ബ്ലീച്‌ ചെയ്യുന്നു. അതിനുപുറമേ മൈദ നേർമ്മയുള്ള പൊടിയാക്കാൻ അലോക്സൈൻ എന്ന മാരകമായ കെമിക്കലും ചേർക്കുന്നു. ഇവ രണ്ടും ഇവ രണ്ടും ഇൻസുലിന്റെ അളവ്‌ ശരീരത്തിൽ ക്രമാതീതമായി വർദ്ധിക്കാനിടയാക്കുന്ന ആപൽകാരികളായ രാസവസ്തുക്കളാണ്‌.
http://www.thepublicistnovel.com
ബെന്‍സോയില്‍ പേറോക്സൈഡ് (Benzoyl peroxide) ഗോതമ്പ് ബ്ലീച്ച് ചെയ്യാന്‍ ഉപയോഗിക്കുന്നുണ്ട് എന്നത് വസ്തുത11, അതുകൊണ്ട് ഇന്‍സുലിന്‍ കൂടും എന്നത് വസ്തുതാവിരുദ്ധം.12 ആലോക്സാന്‍ ചേര്‍ക്കുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്, മൈദ ഉണ്ടാക്കുന്ന പ്രക്രിയയുടെ ഭാഗമായി നേരിയ അളവില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നേ ഉള്ളൂ; അതുകൊണ്ട് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകില്ല.13 മാത്രമല്ല, ആലോക്സാന്‍ വിഷമാകുന്ന ഡോസില്‍ അകത്ത് ചെന്നാല്‍ ഇന്‍സുലിന്‍ ഉണ്ടാക്കുന്ന കോശങ്ങള്‍ നശിച്ച് ഡയബെറ്റിസ് ഉണ്ടാകുകയാണ് ചെയ്യുക,14 ഒരു വസ്തുതാപരീക്ഷയും നടത്താതെയാണ് എഴുതിയത് എന്ന്‍ വ്യക്തം. “യുകെയിലെ ശാസ്ത്രജ്ഞർ എലികളിലും ഗിനിപന്നികളിലും അലോക്സിൻ പ്രയോഗിച്ചുനോക്കി. അതിന്റെ ഫലം അക്ഷരാർത്ഥത്തിൽ അവരെ ഞെട്ടിച്ചു. പരീക്ഷണത്തിന്‌ വിധേയരായ ജീവികളുടെ പാൻക്രിയാസിലെ ബീറ്റാ കോശങ്ങൾ നശിച്ചു. ഇൻസുലിന്റെ അളവ്‌ കുറഞ്ഞ്‌ പ്രമേഹം രൂക്ഷമാകുന്നതായി കണ്ടെത്തി.” എന്ന്‍ ഇതേ ലേഖനത്തില്‍ തന്നെ ഉണ്ടെന്നതില്‍ നിന്നും എഴുത്തുകാരന്റെ തത്വദീക്ഷ വ്യക്തമാണല്ലോ? ഒരു നാണവും ഇല്ലാതെ ഇതുപോലെ കള്ളം എഴുതിവിടാന്‍ എങ്ങനെ കഴിയുന്നോ  ആവോ?
“മൈദകൊണ്ടുള്ള ഉൽപ്പന്നങ്ങളിൽ അമിതമായ അളവിൽ കൊഴുപ്പ്‌, ഉപ്പ്‌, മധുരം എന്നിവ അടങ്ങിയിരിക്കുന്നു. എന്നാൽ നാരിന്റെയും മറ്റ്‌ ധാതുലവണങ്ങളുടെയും അളവ്‌ താരതമ്യേന കുറവാണ്‌. കൃത്രിമ നിറങ്ങളുടെ അളവു കൂടുതലുമാണ്‌. ഇത്‌ അർബുദത്തിനുവരെ കാരണമാകുന്നു.”

http://coffeetablecongress.com
ഇത് മൈദയുടെ കുഴപ്പമാണോ എന്ന ചോദ്യം നമുക്ക് തത്കാലം മാറ്റിവയ്ക്കാം. കൊഴുപ്പ്, മധുരം, കൃത്രിമ നിറങ്ങള്‍ എന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചതല്ലാതെ ഇവിടെ വല്ല വസ്തുതയും ഉണ്ടോ? ഏത് നിറം എന്ത് ക്യാന്‍സര്‍ ഉണ്ടാകും എന്ന്‍ പറയാതെ എങ്ങനെ ഒരു പരിശോധന സാധ്യമാകും. ഇത്തരം ഭയപ്രചാരണങ്ങള്‍ വസ്തുതകളില്‍ അധിഷ്ഠിതമല്ലാത്തത്തിന്റെ വ്യക്തമായ ദൃഷ്ടാന്തമാകുന്നു ഇത്തരം അവ്യക്തമായ പ്രസ്താവനകള്‍. ഇതുപോലുള്ള പ്രസ്താവനകള്‍ മുഖവിലയ്ക്ക് എടുക്കേണ്ട കാര്യം പോലുമില്ല.
“ബേക്കറികളിലെ പ്രധാന ചേരുവയായ സോഡാക്കാരത്തിലും മറ്റും പൂപ്പൽ വരാതിരിക്കാൻ ചേർക്കുന്ന സോഡിയം ബെൻസൊയേറ്റ്‌, പൊട്ടാസ്യം ബെൻസൊയേറ്റ്‌ എന്നിവ കാൻസറിനു കാരണമാകും.”
ഇവിടെ ഞാന്‍ ഒരു ചെറിയ എളുപ്പവഴി പറഞ്ഞുതരാം. അര്‍ബുദകാരികള്‍ (Carcinogen) ആണെന് തെളിവുള്ള എല്ലാ വസ്തുക്കളുടേയും ലോകാരോഗ്യസംഘടനയുടെ ലിസ്റ്റ് ഉണ്ട്. IARC Monographs on the Evaluationof Carcinogenic Risk to Humans. (IARC എന്നാല്‍ International Agency for Research on Cancer) ഈ പേജില്‍ ഓരോ വസ്തുവും അര്‍ബുദകാരി ആണോ എന്ന്‍ പരിശോധിക്കാന്‍ ഉള്ള സെര്‍ച്ച് ബോക്സ് സൗകര്യവും ഉണ്ട്. സോഡിയം ബെൻസൊയേറ്റ്‌ ക്യാന്‍സര്‍ ഉണ്ടാക്കും എന്ന്‍ തെളിവില്ല.15 പൊട്ടാസ്യം ബെൻസൊയേറ്റ്‌ ആകട്ടെ അര്‍ബുദകാരി ഗ്രൂപ്പ് 3-യില്‍ ആണ്.15 ഗ്രൂപ്പ് 3 എന്നാല്‍ മനുഷ്യനോ മൃഗങ്ങള്‍ക്കോ സാധ്യതയുണ്ട് എന്നതിന് തെളിവില്ലാത്ത (Not classifiable as to its carcinogenicity to humans) ഗ്രൂപ്പ്.16 സ്വയം പരിശോധിക്കാവുന്നതാണ് ഈ ലിസ്റ്റ്.
“കട്ട്ലെറ്റുകൾ പോലുള്ള മാംസാഹാരങ്ങളിൽ അടങ്ങിയ സോഡിയം നൈട്രേറ്റ്‌ കുടലിലെ അർബുദത്തിന്‌ കാരണമാകുന്നു.”
ഇതേ ലിസ്റ്റില്‍ നോക്കാം. ഇല്ല എന്നതിന്റെ സ്ക്രീന്‍ഷോട്ട് ഞാന്‍ ചേര്‍ക്കുന്നുണ്ട്. എന്നാലും സ്വയം പരിശോധിക്കുക.
എന്തും ക്യാന്‍സറോ പ്രമേഹമോ ഉണ്ടാക്കാം എന്ന്‍ ചുമ്മാ എഴുതി വിട്ടാല്‍ ആളുകള്‍ വായിക്കുകയും പലപ്പോഴും വ്യാപകമായി ഷേയര്‍ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയാണ് കേരളത്തില്‍ ഉള്ളത്. ഭയപ്പെടുത്തുന്ന സ്വരവും കുറേ സാങ്കേതിക പദങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന വിശ്വാസ്യതയും ആണിതിന് കാരണമെന്ന് തോന്നുന്നു.
ഇതുപോലെ ധാരാളം ഭയപ്പെടുത്താന്‍ ഉള്ള ഭാവനകള്‍ പറക്കുമ്പോള്‍ സത്യം മനസിലാക്കാന്‍ നാം ചെയ്യേണ്ടത്, എല്ലായിപ്പോഴും, അവകാശവാദങ്ങളെ വസ്തുതകള്‍ കൊണ്ട് വിലയിരുത്തുകയാണ്; ആ കെമിക്കല്‍ എന്തിന് ഉപയോഗിക്കുന്നു, അത് ആരോഗ്യപ്രശ്നങ്ങള്‍ (പാരിസ്ഥിതിക കുഴപ്പങ്ങള്‍, ആഗോളതാപനം അങ്ങനെ എന്ത് ആണോ അവവകാശവാദം അത്) ഉണ്ടാക്കും എന്ന്‍ എന്തെങ്കിലും സൂചനകളുണ്ടോ, ഇവര്‍ ഉണ്ട് എന്ന്‍ പറയുന്നിടത്ത് പറയുന്നത്ര അളവില്‍ ഉണ്ടോ എന്നതെല്ലാം പരിശോധിക്കുക. ഒരാള്‍ ഒരു ലേഖനത്തില്‍ ഒരു രാസനാമം പറയുന്നതുകൊണ്ടോ “കെമിക്കലുണ്ടേ” എന്ന്‍ “പുലിവരുന്നേ എന്നതുപോലെ വിളിച്ചുകൂവുന്നതുകൊണ്ടോ പ്രലോഭിതര്‍ ആകാതിരിക്കുക.
Google.com
കെമിക്കലുകളുടെ രാസനാമങ്ങള്‍ പലപ്പോഴും അതിന്റെ സങ്കീര്‍ണതകള്‍ കൊണ്ട് ഭയാനകമായേക്കാം; പക്ഷേ, അനേകം രീതികളില്‍ തന്മാത്രകള്‍ ഉണ്ടാകാം എന്നതിനാല്‍ ഓരോ കെമിക്കലിനും പേരിടാന്‍ അന്താരാഷ്‌ട്ര നിലവാരങ്ങള്‍ അത്യാവശ്യമായിവരും. സങ്കീര്‍ണമായ ഘടനയും പേരും ഉണ്ടെങ്കിലും പഞ്ചസാരയുടെ മധുരവും കൂടുതല്‍ കഴിച്ചാല്‍ തടിവയ്ക്കും എന്ന വസ്തുതകളും മാറുന്നില്ല. (പഞ്ചസാരയുടെ രാസനാമം (2R,3R,4S,5S,6R)-2-[(2S,3S,4S,5R)-3,4-dihydroxy-2,5-bis(hydroxymethyl)oxolan-2-yl]oxy-6-(hydroxymethyl)oxane-3,4,5-triol എന്നാകുന്നു!17)

http://www.icytales.com/
അതുകൊണ്ട് തന്നെ, “പേരിലെന്തിരിക്കുന്നു” എന്ന ഷേക്സ്പിയറുടെ ഉദ്ധരണി ഓര്‍ക്കുക. നാമം എന്ത് വിളിച്ചാലും റോസിന്റെ ഗന്ധം സുന്ദരമായിരിക്കുമല്ലോ.18 (“What's in a name? That which we call a rose, By any other name would smell as sweet …”) ആ റോമിയോ ആന്‍ഡ്‌ ജൂലിയറ്റിലെ ഉദ്ധരണിക്ക് ഈ ഒരര്‍ത്ഥം കൂടിയുണ്ട്. റോസിന്റെ ഗന്ധം ഉണ്ടാക്കുന്ന 2-ഫീനൈല്‍എത്തില്‍ അസിറ്റെറ്റ്, സിസ്-3-ഹെക്സീനയ്ല്‍ അസിറ്റെറ്റ്, ജെറാനില്‍ അസിറ്റെറ്റ്, സിട്രോനെലില്‍ അസിറ്റെറ്റ് എന്നിവ അടങ്ങുന്ന (2-Phenylethyl acetate, cis-3-hexenyl acetate, geranyl acetate, and citronellyl acetate) 400-ല്‍ അധികം എസ്റ്ററുകളെ19 എന്ത് വിളിച്ചാലും അവയുടെ സഗന്ധം ഒട്ടുമേ കുറയുന്നില്ല. നാമങ്ങള്‍ക്കപ്പുറം ഒരു വസ്തുവിനെ അതിന്റെ ഗുണങ്ങളുടെ വെളിച്ചത്തില്‍ കാണാന്‍ പരിശ്രമിക്കുക.
ലേഖനം അവസാനിപ്പിച്ചുകൊണ്ട് എനിക്ക് പറയാനുള്ളത് ഇതാണ്: കെമിസ്ട്രിയെ ഭയപ്പെടാതിരിക്കുക. കെമിക്കല്‍ എന്ന പേരിനെയും. ഒരു സാധനം കൃത്രിമം ആയാല്‍ അത് വിഷമാകില്ല, പ്രകൃതിദത്തം ആയാല്‍ അത്യുദാത്തവും. ഭയപ്പെടുത്താന്‍ ധാരാളം ആളുകള്‍ ഉണ്ട്; ഭയങ്ങളില്‍ നിന്നും മോചിതമായി വസ്തുതകള്‍ പരിശോധിക്കുക. പേരുകള്‍ കണ്ട് പേടിക്കാതെ ഓരോരോ വസ്തുക്കളേയും അവയുടെ ഗുണഫലങ്ങള്‍ അറിഞ്ഞ് ഉപയോഗിക്കുകയോ തള്ളിക്കളയുകയോ ചെയ്യുക.
https://s-media-cache-ak0.pinimg.com/
മുന്‍വിധികള്‍ കൊണ്ടുള്ള അര്‍ത്ഥമില്ലാത്ത വിവേചനങ്ങള്‍ ഒഴിവാക്കുക. മരുന്നുകളായും രാസവളങ്ങളായും ഇന്നത്തെ ആഗോള മനുഷ്യ സമൂഹത്തിന്റെ നാട്ടെല്ലാകുന്ന കെമിസ്ട്രിയെ വ്യക്തമായി മനസിലാക്കാതിരുന്നാല്‍ നല്ലത് കാണാതെ പോകാനും മോശം വസ്തുക്കളെ ആഘോഷിക്കാനും ഇടയുണ്ട്. അതുകൊണ്ട് തന്നെ, നമ്മുടെ ഉള്ളിലെ ആ രാസഭീരുവിനെ സയന്‍സ് ഉപയോഗിച്ച് അടക്കി നിര്‍ത്തുക.
ഭീതികള്‍ അല്ല, സയന്‍സ് ആകട്ടെ നമ്മുടെ ചാലകശക്തി.

പിന്‍കുറിപ്പ്: രാസവസ്തു എന്നും കെമിക്കല്‍ എന്നും പര്യായങ്ങള്‍ പലയിടത്തും ആയി പ്രയോഗിച്ചിട്ടുണ്ട്. തലക്കെട്ടില്‍ കെമിക്കല്‍ എന്ന്‍ ചേര്‍ത്തത് കെമിക്കല്‍ എന്ന വാക്കിനോട്‌ ചെറിയ ഭയം നമ്മുടെ പൊതുബോധത്തില്‍ ഉണ്ട് എന്നതുകൊണ്ടാണ്.
അവലംബം
  1. https://www.facebook.com/h2oawareness, ജലത്തെ പറ്റിയുള്ള കൂടുതല്‍ “ഭയാനകമായ വസ്തുതകള്‍” അറിയാന്‍ ഈ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക.
  2. https://en.wikipedia.org/wiki/Dihydrogen_monoxide_hoax
  3. http://goldbook.iupac.org/C01039.html
  4. https://en.wikipedia.org/wiki/Formaldehyde  
  5. https://www.google.co.in/search?q=chemical+meaning&oq=chemica&aqs=chrome.1.69i59l2j69i57j69i61j0l2.1804j0j4&sourceid=chrome&ie=UTF-8
  6. https://en.wikipedia.org/wiki/Chemophobia
  7. https://en.wikipedia.org/wiki/Ester#List_of_ester_odorants
  8. https://en.wikipedia.org/wiki/Butyl_butyrate
  9. https://www.logicallyfallacious.com/tools/lp/Bo/LogicalFallacies/36/Appeal_to_Nature
  10. http://janayugomonline.com/%E0%B4%A8%E0%B4%AE%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D%E2%80%8C-%E0%B4%B5%E0%B5%87%E0%B4%A3%E0%B5%8D%E0%B4%9F-%E0%B4%88-%E0%B4%B5%E0%B4%BF%E0%B4%B7%E0%B4%B5%E0%B4%B8%E0%B5%8D%E0%B4%A4/
  11.  https://en.wikipedia.org/wiki/Flour#Bleached_flour
  12. https://en.wikipedia.org/wiki/Benzoyl_peroxide#Side_effects
  13. http://wayback.archive.org/web/20110915221859/http://oss.mcgill.ca/everyday/alloxan.pdf
  14. http://www.sciencedirect.com/science/article/pii/S0140673600873973
  15. http://monographs.iarc.fr/ENG/Classification/latest_classif.php
  16. http://monographs.iarc.fr/ENG/Preamble/currentb6evalrationale0706.php
  17. http://pubchem.ncbi.nlm.nih.gov/compound/5988#section=Names-and-Identifiers
  18. http://nfs.sparknotes.com/romeojuliet/page_80.html
  19.  http://www.ncbi.nlm.nih.gov/pmc/articles/PMC166943/


കൂടുതല്‍ വായിക്കപെട്ട പോസ്റ്റുകള്‍