Sunday, 27 March 2016

കെമിക്കല്‍ മാത്രം തിന്നുന്ന ജീവി

ഡൈഹൈഡ്രജന്‍ മോണോക്സൈഡ് (dihydrogen monoxide) എന്ന്‍ കേട്ടിട്ടുണ്ടോ?
https://www.facebook.com/h2oawareness
ഏതാണ്ട് എല്ലാ കീടനാശിനികളിലും ഇതുണ്ട്; ഇതില്ലാതെ കീടനാശിനികള്‍ തളിക്കാന്‍ തന്നെ കഴിയില്ല എന്ന്‍ പറയാം. കാര്‍ബണ്‍ ഡയോക്സൈഡിനേക്കാള്‍ ശക്തമായ ഹരിതഗൃഹവാതകമാണിത്. അമ്ലമഴയിലെ പ്രധാന രാസികമായ ഇതിനെ ഹൈഡ്രോക്സില്‍ ആസിഡ് എന്നും വിളിക്കാറുണ്ട്. കൂട്ടക്കൊലപാതകങ്ങള്‍ നടത്തിയ എകാധിപതികളെല്ലാം ഇത് ദിവസവും ഉപയോഗിച്ചിരുന്നതിന് തെളിവുണ്ട്. എല്ലാ ട്യൂമറുകളിലും ധാരാളമായി ഇത് കാണപ്പെടുന്നു. നാസ ബഹിരാകാശയാത്രികര്‍ക്ക് കൊടുക്കുന്ന ഭക്ഷണത്തില്‍ നിന്നും ഇത് പരിപൂര്‍ണമായും നീക്കം ചെയ്യാറുണ്ട്. നമ്മുടെയെല്ലാം ഭക്ഷണത്തില്‍ ധാരാളം ഉണ്ട് എന്ന്‍ പ്രത്യേകം പറയണ്ടല്ലോ? ഇതൊരിക്കല്‍ കുടിച്ചാല്‍ പിന്നെ കുടിക്കാതിരുന്നാല്‍ മരിച്ചുപോകും.
അതേ, ഞാന്‍ പച്ചവെള്ളത്തെ കുറിച്ച് തന്നെയാണ് പറഞ്ഞുവരുന്നത്. H20. ഡൈ(2) ഹൈഡ്രജന്‍(H) മോണോ(1) ഓക്സൈഡ്(O).1,2 ചില വസ്തുതകള്‍ വസ്തുതാവിരുദ്ധമായി ഉപയോഗിച്ച് ആരേയും പേടിപ്പിക്കാം എന്നതിന്റെ ഉദാഹരണമാണ് ഈ ചെറിയ തട്ടിപ്പ്. കെമിക്കലുകളെ അകാരണമായി ഭയപ്പെടുന്ന നമ്മുടെ പൊതുബോധത്തെ കളിയാക്കാനുള്ള ഒരുപകരണം.
ഈ ലേഖനം കെമിസ്ട്രിയെ പ്രതിരോധിക്കാനുള്ള എന്റെ എളിയ ശ്രമമാകുന്നു. കെമിക്കല്‍ എന്നാണ് എന്തോ മോശം സാധനം ആണെന്നും പ്രകൃതിദത്തം എന്നാല്‍ കെമിക്കല്‍ അല്ല, നല്ലതാണ് എന്നതും ഉള്‍പ്പടെ അനേകം തെറ്റിദ്ധാരണകള്‍ കേരളസമൂഹത്തിനുണ്ട്. അവയെ ഒന്ന്‍ പരിശോധിക്കല്‍ ആകുന്നു ഇവിടെ ഉദ്ദേശം.
ആദ്യം തന്നെ ഒരു ലളിതമായ വസ്തുത പറഞ്ഞ് തുടങ്ങാം. എന്താണ് കെമിക്കല്‍? കെമിസ്ട്രിയുടെ അന്താരാഷ്‌ട്രീയമായി അംഗീകരിക്കപ്പെട്ട നിര്‍വചനങ്ങള്‍ രേഖപ്പെടുത്തിയ Compendium of Chemical Terminology-യില്‍ പറയുന്നത് “കെമിക്കല്‍ എന്നാല്‍ അതിലടങ്ങിയ ആറ്റങ്ങള്‍, തന്മാത്രകള്‍ എന്നിവയാല്‍ സ്വഭാവം നിര്‍ണയിക്കപ്പെടുന്ന സ്ഥിരഘടനയുള്ള വസ്തു” എന്നാണ്.3 (“Matter of constant composition best characterized by the entities (molecules, formula units, atoms) it is composed of.) അറ്റങ്ങള്‍ കൊണ്ടുണ്ടാക്കിയ, അറ്റങ്ങള്‍ കൊണ്ട് നിവചിക്കപ്പെടുന്ന വസ്തുക്കള്‍ എന്ന്‍ ലളിതമായി പറയാം. (തന്മാത്രകള്‍ ആറ്റങ്ങള്‍ കൊണ്ട് ഉണ്ടാകിയവയാണല്ലോ!)
https://upload.wikimedia.org/
കുറച്ചുകൂടി വ്യക്തമാക്കിയാല്‍, വെള്ളത്തെ വെള്ളമാക്കുന്നത് രണ്ട് ഹൈഡ്രജനും ഒരു ഓക്സിജനും ആണ്; ഫോര്‍മാല്‍ഡിഹൈഡ് (CH20) എന്ന വിഷവസ്തുവാകാന്‍ ഒരു കാര്‍ബണ്‍ ആറ്റം കൂടി ഉണ്ടായാല്‍ മതി.4 (ഒരു ചെറിയ കാര്യം കൂടി, ഫോര്‍മാല്‍ഡിഹൈഡ് സൂക്ഷ്മമായ അളവില്‍ പ്രകൃതിയില്‍ ഉള്ളതും മനുഷ്യശരീരത്തിന് കൈകാര്യം ചെയ്യാന്‍ കഴിയുന്നതുമാണ്; ഡോസേജ് ആണ് വിഷം എന്നാണല്ലോ!) ജലം എന്ന രാസികം നിര്‍വചിക്കപ്പെടുന്നതും അതിന്റെ ഘടന നിര്‍ണയിക്കപ്പെടുന്നതും അതിലടങ്ങിയിരിക്കുന്ന ആറ്റങ്ങള്‍ മൂലമാണ്. എന്നാല്‍ പച്ചവെള്ളം എന്ന്‍ നാം സാധാരണ പറയുന്ന, കുടിക്കാന്‍ പാകത്തിന് ശുദ്ധമായ ജലം, ഒരു കെമിക്കല്‍ ആണെന്ന്‍ പറയാന്‍ കഴിയില്ല. കാരണം, അതില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കള്‍ ഒരു സ്ഥിരമായ ഘടന നല്‍കുന്നില്ല. നാം പച്ചവെള്ളം എന്ന്‍ വിളിക്കുന്നത് ഒരു നിലവാരത്തിനകത്തുള്ള ജലത്തെയാണ്. ജലം എന്ന രാസികം ശുദ്ധമായ H20-ഉം.
അതായത്, നമ്മള്‍ കൈകാര്യം ചെയ്യുന്ന ഏതാണ്ട് എല്ലാ സാധനവും കെമിക്കല്‍ അടങ്ങിയവ തന്നെയാണ്. “കെമിക്കല്‍ മാത്രം തിന്നുന്ന ജീവി” എന്ന തലക്കെട്ട് നമ്മളെ ഓരോരുത്തരേയും ഉദ്ദേശിച്ച് തന്നെയാണ്. (മനുഷ്യന്മാരെ ആണ് ഞാനിവിടെ ഉദ്ദേശിച്ചത് എങ്കിലും അമീബയ്ക്കോ ബാക്ടീരിയക്കോ പോലും കെമിക്കലുകള്‍ സ്വീകരിക്കാതെ ജീവിക്കാന്‍ കഴിയില്ല) ഒരു വസ്തു, എന്തും ആകട്ടെ, “കെമിക്കല്‍ ആണ്” എന്ന കാരണം കൊണ്ട് മോശമോ നല്ലതോ ആകില്ല; കാരണം കെമിക്കല്‍ എന്നാല്‍ അങ്ങനെ ഒരര്‍ത്ഥം ഇല്ല. മാത്രമല്ല, കൃത്രിമം എന്ന അര്‍ത്ഥം ശാസ്ത്രീയമായി കെമിക്കല്‍ എന്ന പദം ഉപയോഗിക്കുമ്പോള്‍ ഇല്ല.
Google.com
ഇനി, കെമിക്കല്‍ എന്ന പദത്തിന് ശാസ്ത്രീയമല്ലാത്ത നിര്‍വചനം എടുക്കാം. കെമിക്കലിന്റെ അര്‍ത്ഥം ഗൂഗിള്‍ ചെയ്‌താല്‍ കിട്ടുന്നത് ഇതാണ്: “ഒരു വ്യതിരിക്തമായ വസ്തു അല്ലെങ്കില്‍ സംയുക്തം, പ്രത്യേകിച്ച് കൃത്രിമമായി ഉണ്ടാക്കുകയോ ശുദ്ധീകരിക്കുകയോ ചെയ്തത്.”5 (a distinct compound or substance, especially one which has been artificially prepared or purified.) അതായത്, പൊതുവേ കെമിക്കല്‍ എന്ന്‍ പറയുന്നത് കെമിസ്ട്രി ലാബില്‍ നിന്നും വരുന്ന സാധനങ്ങളെ ആണ്.
അതായത്, കെമിസ്ട്രിയോടുള്ള ഭയവും അവിശ്വാസവും ആകുന്നു ഈ കെമിക്കലുകളെ സംശയിക്കാനുള്ള കാരണം. ഈ പേടിക്ക്‌, അവജ്ഞക്ക് രാസഭീതി അല്ലെങ്കില്‍ കീമോഫോബിയ6 (Chemophobia) എന്നാകുന്നു പേര്.
ഒന്നാമതായി, ഇവര്‍ ഈ ലാബില്‍ നിന്ന്‍ ഉണ്ടാക്കി വിടുന്ന സാധനം രണ്ടാം കിടയാണോ, പ്രകൃതിദത്തം ആയിരിക്കില്ലേ നല്ലത് എന്ന തോന്നല്‍. കാരണം, വെള്ളവും പൂവിന്റെ മണവും പഴങ്ങളുടെ രുചിയും എല്ലാം ആദ്യമേ പ്രകൃതിയില്‍ ഉണ്ടായിരുന്നല്ലോ? പ്രകൃതിയുടെ തുച്ഛമായ അനുകരണങ്ങള്‍ മാത്രമാകുന്നു അവ എന്ന തോന്നല്‍. ഇത് അജ്ഞതയില്‍ നിന്നും ഉണ്ടാകുന്നതാണ്; ഒരു രാസവസ്തുവിനെ നിര്‍വചിക്കുന്നത് അതിന്റെ ഘടകമായ ആറ്റങ്ങള്‍ മാത്രമാണ്; ഉണ്ടാകുന്ന പ്രക്രിയ ഒരു ചെടിക്കുള്ളിലോ, മൃഗത്തിന്റെ വയറ്റിലോ, യീസ്റ്റ് ഉത്പ്രേരകമായോ, ലാബിലോ എന്നത് പ്രാധാന്യമുള്ള വിഷയമാണ്. 

http://hydrogenpluscarbon.tumblr.com
അനുകരണം തന്നെയാണ് പലപ്പോഴും എസ്റ്ററുകള്‍ (Esters) പോലുള്ള രാസികങ്ങള്‍. പ്രകൃതിയുടെ അതേ മണം അനുകരിക്കാന്‍ അതേ രാസികം ഉണ്ടാക്കുന്നതാണ്.7 ഉദാഹരണം: പൈനാപ്പിളിന്റെ മണത്തിന് ബ്യൂട്ടൈല്‍ ബ്യൂടിറേറ്റ്.8 (Butyl Butyrate) എന്നാല്‍ ഇവ “തുച്ഛമായ” അനുകരണം എന്ന്‍ പറഞ്ഞാല്‍ ശരിയാകില്ല; നല്ല നിലവാരമുള്ള, ഒറിജിനലിനോളം തന്നെ വരുന്ന ആവര്‍ത്തനങ്ങള്‍ ആകുന്നു അവ. പലയിടത്തും അനാവശ്യമായ മറ്റ് കെമിക്കലുകള്‍ ഇല്ലാതെ.
ഇവിടെ കൂട്ടിച്ചേര്‍ക്കേണ്ട ഒരു വിഷയം ആണ് പ്രകൃതിയിലേക്കുള്ള നിവേദനം9 (Appeal to nature) എന്ന ചിന്താവൈകല്യം. ഒരു സാധനം പ്രകൃതിദത്തം ആയാതിനാല്‍ അത് നന്നാകണം എന്നില്ല; കൃത്രിമം ആയാല്‍ മോശവും.  മുതലകള്‍ വളരെ പ്രകൃതിദത്തമായ സാധനം ആണ്, അതിനര്‍ത്ഥം മുതലകള്‍ കൂട്ടുകൂടാന്‍ പറ്റിയ ജീവികള്‍ ആണെന്നല്ല; പട്ടികളെ മനുഷ്യന്‍ കൃത്രിമ നിര്‍ധാരണം വഴി ഉണ്ടാക്കിയതാണ്, അതുകൊണ്ട് പട്ടികള്‍ ഭീകരജീവികള്‍ ആണെന്നും അര്‍ത്ഥമില്ല. എന്തുകൊണ്ടോ നമ്മുടെ ചിന്തയുടെ ഒരു കുഴപ്പമാണ് പ്രകൃതിദത്തം എന്നാല്‍ നല്ലത് എന്ന്‍ വിചാരിക്കല്‍. ഒരു വസ്തുവിന്റെ ഗുണമോ ദോഷമോ തീരുമാനിക്കുന്നത് അതിന്റെ സ്വഭാവം മാത്രമാണ്; അതിന്റെ നൈസര്‍ഗികതയോ കൃത്രിമത്വമോ അല്ല.

http://www.rsc.org/
രണ്ടാമത്, പുതിയ രാസികങ്ങളോടുള്ള ഭയം, മാറ്റത്തിനോടുള്ള ഭയം. പുതുതായി ഒന്ന്‍ ഉണ്ടാകുമ്പോള്‍ അതിനോടുള്ള സ്വാഭാവികമായ ഭയവും സന്ദേഹവും. വിഷവസ്തുക്കള്‍ എന്ത് എന്ന്‍ മനസിലാക്കാന്‍ ശാസ്ത്രീയമായ ഒരു പരിശോധന ആവശ്യപ്പെടുന്നതും വിഷമെന്ന് തെളിവുള്ളവ (ലെഡ് ഉദാഹരണം) ഉപയോഗം പരമാവധി കുറയ്ക്കലും ഒക്കെ ആവശ്യമാണ്. കെമിക്കല്‍ എന്നാല്‍ വിഷമല്ല എന്നതുപോലെ കെമിക്കല്‍ എന്നാല്‍ പരിപൂര്‍ണ്ണമായും നല്ലത് മാത്രമാണ് എന്ന അര്‍ത്ഥവും ഇല്ല.
ഈ ഭയം ആവശ്യമാണ്; പക്ഷേ, അത് പരിധി വിട്ട് പോകരുത്. പലപ്പോഴും കെമിക്കല്‍ എന്ന പേര് കേട്ടാല്‍ ഞെട്ടുകയാണ് പതിവ്. ചില ഭക്ഷണവസ്തുക്കളില്‍ വിഷാംശം ഉണ്ട് എന്ന്‍ പറയുമ്പോള്‍ എന്ത് എന്ന ചോദ്യത്തിന് “കെമിക്കല്‍ എന്നോ വല്ല രാസനാമമോ (മുന്‍പ് ഡൈഹൈഡ്രജന്‍ മോണോക്സൈഡ് എന്ന്‍ പറഞ്ഞതുപോലെ) പറഞ്ഞ് ഭയം പരത്താനാണ് പലരും ശ്രമിക്കുക.
http://janayugomonline.com/
ഉദാഹരണമായി ഈ ജനയുഗം ലേഖനം എടുക്കാം: നമുക്ക്‌ വേണ്ട ഈ വിഷവസ്തു10 ഒരുദാഹരണം മാത്രമാണിത്. ഇതിന് സമാനമായ അനേകം ലേഖനങ്ങള്‍ കാണാം. ഈ ലേഖനം വിമര്‍ശിക്കുന്നതിന്റെ രീതിശാസ്ത്രം ഉള്‍പ്പടെ ശ്രദ്ധിക്കണം എന്ന്‍ അപേക്ഷ. മാത്രമല്ല, ഇതിലെ രാസഭീതി മാത്രമാണ് ഞാന്‍ അഭിസംബോധന ചെയ്യുന്നത്; മറ്റ് പല മണ്ടത്തരങ്ങളും ഇതിലുണ്ട്; അതൊക്കെ സ്വയം പരിശോധിക്കാവുന്നതാണ്. ഓരോരോ പോയന്‍റ് ആയി പറയാം.
“ ... മൈദ വെളുത്ത നിറമുള്ളതാക്കാൻ ബെൻസോയിൽ പൊറോക്സയിഡ്‌ എന്ന രാസവസ്തുകൊണ്ട്‌ ബ്ലീച്‌ ചെയ്യുന്നു. അതിനുപുറമേ മൈദ നേർമ്മയുള്ള പൊടിയാക്കാൻ അലോക്സൈൻ എന്ന മാരകമായ കെമിക്കലും ചേർക്കുന്നു. ഇവ രണ്ടും ഇവ രണ്ടും ഇൻസുലിന്റെ അളവ്‌ ശരീരത്തിൽ ക്രമാതീതമായി വർദ്ധിക്കാനിടയാക്കുന്ന ആപൽകാരികളായ രാസവസ്തുക്കളാണ്‌.
http://www.thepublicistnovel.com
ബെന്‍സോയില്‍ പേറോക്സൈഡ് (Benzoyl peroxide) ഗോതമ്പ് ബ്ലീച്ച് ചെയ്യാന്‍ ഉപയോഗിക്കുന്നുണ്ട് എന്നത് വസ്തുത11, അതുകൊണ്ട് ഇന്‍സുലിന്‍ കൂടും എന്നത് വസ്തുതാവിരുദ്ധം.12 ആലോക്സാന്‍ ചേര്‍ക്കുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്, മൈദ ഉണ്ടാക്കുന്ന പ്രക്രിയയുടെ ഭാഗമായി നേരിയ അളവില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നേ ഉള്ളൂ; അതുകൊണ്ട് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകില്ല.13 മാത്രമല്ല, ആലോക്സാന്‍ വിഷമാകുന്ന ഡോസില്‍ അകത്ത് ചെന്നാല്‍ ഇന്‍സുലിന്‍ ഉണ്ടാക്കുന്ന കോശങ്ങള്‍ നശിച്ച് ഡയബെറ്റിസ് ഉണ്ടാകുകയാണ് ചെയ്യുക,14 ഒരു വസ്തുതാപരീക്ഷയും നടത്താതെയാണ് എഴുതിയത് എന്ന്‍ വ്യക്തം. “യുകെയിലെ ശാസ്ത്രജ്ഞർ എലികളിലും ഗിനിപന്നികളിലും അലോക്സിൻ പ്രയോഗിച്ചുനോക്കി. അതിന്റെ ഫലം അക്ഷരാർത്ഥത്തിൽ അവരെ ഞെട്ടിച്ചു. പരീക്ഷണത്തിന്‌ വിധേയരായ ജീവികളുടെ പാൻക്രിയാസിലെ ബീറ്റാ കോശങ്ങൾ നശിച്ചു. ഇൻസുലിന്റെ അളവ്‌ കുറഞ്ഞ്‌ പ്രമേഹം രൂക്ഷമാകുന്നതായി കണ്ടെത്തി.” എന്ന്‍ ഇതേ ലേഖനത്തില്‍ തന്നെ ഉണ്ടെന്നതില്‍ നിന്നും എഴുത്തുകാരന്റെ തത്വദീക്ഷ വ്യക്തമാണല്ലോ? ഒരു നാണവും ഇല്ലാതെ ഇതുപോലെ കള്ളം എഴുതിവിടാന്‍ എങ്ങനെ കഴിയുന്നോ  ആവോ?
“മൈദകൊണ്ടുള്ള ഉൽപ്പന്നങ്ങളിൽ അമിതമായ അളവിൽ കൊഴുപ്പ്‌, ഉപ്പ്‌, മധുരം എന്നിവ അടങ്ങിയിരിക്കുന്നു. എന്നാൽ നാരിന്റെയും മറ്റ്‌ ധാതുലവണങ്ങളുടെയും അളവ്‌ താരതമ്യേന കുറവാണ്‌. കൃത്രിമ നിറങ്ങളുടെ അളവു കൂടുതലുമാണ്‌. ഇത്‌ അർബുദത്തിനുവരെ കാരണമാകുന്നു.”

http://coffeetablecongress.com
ഇത് മൈദയുടെ കുഴപ്പമാണോ എന്ന ചോദ്യം നമുക്ക് തത്കാലം മാറ്റിവയ്ക്കാം. കൊഴുപ്പ്, മധുരം, കൃത്രിമ നിറങ്ങള്‍ എന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചതല്ലാതെ ഇവിടെ വല്ല വസ്തുതയും ഉണ്ടോ? ഏത് നിറം എന്ത് ക്യാന്‍സര്‍ ഉണ്ടാകും എന്ന്‍ പറയാതെ എങ്ങനെ ഒരു പരിശോധന സാധ്യമാകും. ഇത്തരം ഭയപ്രചാരണങ്ങള്‍ വസ്തുതകളില്‍ അധിഷ്ഠിതമല്ലാത്തത്തിന്റെ വ്യക്തമായ ദൃഷ്ടാന്തമാകുന്നു ഇത്തരം അവ്യക്തമായ പ്രസ്താവനകള്‍. ഇതുപോലുള്ള പ്രസ്താവനകള്‍ മുഖവിലയ്ക്ക് എടുക്കേണ്ട കാര്യം പോലുമില്ല.
“ബേക്കറികളിലെ പ്രധാന ചേരുവയായ സോഡാക്കാരത്തിലും മറ്റും പൂപ്പൽ വരാതിരിക്കാൻ ചേർക്കുന്ന സോഡിയം ബെൻസൊയേറ്റ്‌, പൊട്ടാസ്യം ബെൻസൊയേറ്റ്‌ എന്നിവ കാൻസറിനു കാരണമാകും.”
ഇവിടെ ഞാന്‍ ഒരു ചെറിയ എളുപ്പവഴി പറഞ്ഞുതരാം. അര്‍ബുദകാരികള്‍ (Carcinogen) ആണെന് തെളിവുള്ള എല്ലാ വസ്തുക്കളുടേയും ലോകാരോഗ്യസംഘടനയുടെ ലിസ്റ്റ് ഉണ്ട്. IARC Monographs on the Evaluationof Carcinogenic Risk to Humans. (IARC എന്നാല്‍ International Agency for Research on Cancer) ഈ പേജില്‍ ഓരോ വസ്തുവും അര്‍ബുദകാരി ആണോ എന്ന്‍ പരിശോധിക്കാന്‍ ഉള്ള സെര്‍ച്ച് ബോക്സ് സൗകര്യവും ഉണ്ട്. സോഡിയം ബെൻസൊയേറ്റ്‌ ക്യാന്‍സര്‍ ഉണ്ടാക്കും എന്ന്‍ തെളിവില്ല.15 പൊട്ടാസ്യം ബെൻസൊയേറ്റ്‌ ആകട്ടെ അര്‍ബുദകാരി ഗ്രൂപ്പ് 3-യില്‍ ആണ്.15 ഗ്രൂപ്പ് 3 എന്നാല്‍ മനുഷ്യനോ മൃഗങ്ങള്‍ക്കോ സാധ്യതയുണ്ട് എന്നതിന് തെളിവില്ലാത്ത (Not classifiable as to its carcinogenicity to humans) ഗ്രൂപ്പ്.16 സ്വയം പരിശോധിക്കാവുന്നതാണ് ഈ ലിസ്റ്റ്.
“കട്ട്ലെറ്റുകൾ പോലുള്ള മാംസാഹാരങ്ങളിൽ അടങ്ങിയ സോഡിയം നൈട്രേറ്റ്‌ കുടലിലെ അർബുദത്തിന്‌ കാരണമാകുന്നു.”
ഇതേ ലിസ്റ്റില്‍ നോക്കാം. ഇല്ല എന്നതിന്റെ സ്ക്രീന്‍ഷോട്ട് ഞാന്‍ ചേര്‍ക്കുന്നുണ്ട്. എന്നാലും സ്വയം പരിശോധിക്കുക.
എന്തും ക്യാന്‍സറോ പ്രമേഹമോ ഉണ്ടാക്കാം എന്ന്‍ ചുമ്മാ എഴുതി വിട്ടാല്‍ ആളുകള്‍ വായിക്കുകയും പലപ്പോഴും വ്യാപകമായി ഷേയര്‍ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയാണ് കേരളത്തില്‍ ഉള്ളത്. ഭയപ്പെടുത്തുന്ന സ്വരവും കുറേ സാങ്കേതിക പദങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന വിശ്വാസ്യതയും ആണിതിന് കാരണമെന്ന് തോന്നുന്നു.
ഇതുപോലെ ധാരാളം ഭയപ്പെടുത്താന്‍ ഉള്ള ഭാവനകള്‍ പറക്കുമ്പോള്‍ സത്യം മനസിലാക്കാന്‍ നാം ചെയ്യേണ്ടത്, എല്ലായിപ്പോഴും, അവകാശവാദങ്ങളെ വസ്തുതകള്‍ കൊണ്ട് വിലയിരുത്തുകയാണ്; ആ കെമിക്കല്‍ എന്തിന് ഉപയോഗിക്കുന്നു, അത് ആരോഗ്യപ്രശ്നങ്ങള്‍ (പാരിസ്ഥിതിക കുഴപ്പങ്ങള്‍, ആഗോളതാപനം അങ്ങനെ എന്ത് ആണോ അവവകാശവാദം അത്) ഉണ്ടാക്കും എന്ന്‍ എന്തെങ്കിലും സൂചനകളുണ്ടോ, ഇവര്‍ ഉണ്ട് എന്ന്‍ പറയുന്നിടത്ത് പറയുന്നത്ര അളവില്‍ ഉണ്ടോ എന്നതെല്ലാം പരിശോധിക്കുക. ഒരാള്‍ ഒരു ലേഖനത്തില്‍ ഒരു രാസനാമം പറയുന്നതുകൊണ്ടോ “കെമിക്കലുണ്ടേ” എന്ന്‍ “പുലിവരുന്നേ എന്നതുപോലെ വിളിച്ചുകൂവുന്നതുകൊണ്ടോ പ്രലോഭിതര്‍ ആകാതിരിക്കുക.
Google.com
കെമിക്കലുകളുടെ രാസനാമങ്ങള്‍ പലപ്പോഴും അതിന്റെ സങ്കീര്‍ണതകള്‍ കൊണ്ട് ഭയാനകമായേക്കാം; പക്ഷേ, അനേകം രീതികളില്‍ തന്മാത്രകള്‍ ഉണ്ടാകാം എന്നതിനാല്‍ ഓരോ കെമിക്കലിനും പേരിടാന്‍ അന്താരാഷ്‌ട്ര നിലവാരങ്ങള്‍ അത്യാവശ്യമായിവരും. സങ്കീര്‍ണമായ ഘടനയും പേരും ഉണ്ടെങ്കിലും പഞ്ചസാരയുടെ മധുരവും കൂടുതല്‍ കഴിച്ചാല്‍ തടിവയ്ക്കും എന്ന വസ്തുതകളും മാറുന്നില്ല. (പഞ്ചസാരയുടെ രാസനാമം (2R,3R,4S,5S,6R)-2-[(2S,3S,4S,5R)-3,4-dihydroxy-2,5-bis(hydroxymethyl)oxolan-2-yl]oxy-6-(hydroxymethyl)oxane-3,4,5-triol എന്നാകുന്നു!17)

http://www.icytales.com/
അതുകൊണ്ട് തന്നെ, “പേരിലെന്തിരിക്കുന്നു” എന്ന ഷേക്സ്പിയറുടെ ഉദ്ധരണി ഓര്‍ക്കുക. നാമം എന്ത് വിളിച്ചാലും റോസിന്റെ ഗന്ധം സുന്ദരമായിരിക്കുമല്ലോ.18 (“What's in a name? That which we call a rose, By any other name would smell as sweet …”) ആ റോമിയോ ആന്‍ഡ്‌ ജൂലിയറ്റിലെ ഉദ്ധരണിക്ക് ഈ ഒരര്‍ത്ഥം കൂടിയുണ്ട്. റോസിന്റെ ഗന്ധം ഉണ്ടാക്കുന്ന 2-ഫീനൈല്‍എത്തില്‍ അസിറ്റെറ്റ്, സിസ്-3-ഹെക്സീനയ്ല്‍ അസിറ്റെറ്റ്, ജെറാനില്‍ അസിറ്റെറ്റ്, സിട്രോനെലില്‍ അസിറ്റെറ്റ് എന്നിവ അടങ്ങുന്ന (2-Phenylethyl acetate, cis-3-hexenyl acetate, geranyl acetate, and citronellyl acetate) 400-ല്‍ അധികം എസ്റ്ററുകളെ19 എന്ത് വിളിച്ചാലും അവയുടെ സഗന്ധം ഒട്ടുമേ കുറയുന്നില്ല. നാമങ്ങള്‍ക്കപ്പുറം ഒരു വസ്തുവിനെ അതിന്റെ ഗുണങ്ങളുടെ വെളിച്ചത്തില്‍ കാണാന്‍ പരിശ്രമിക്കുക.
ലേഖനം അവസാനിപ്പിച്ചുകൊണ്ട് എനിക്ക് പറയാനുള്ളത് ഇതാണ്: കെമിസ്ട്രിയെ ഭയപ്പെടാതിരിക്കുക. കെമിക്കല്‍ എന്ന പേരിനെയും. ഒരു സാധനം കൃത്രിമം ആയാല്‍ അത് വിഷമാകില്ല, പ്രകൃതിദത്തം ആയാല്‍ അത്യുദാത്തവും. ഭയപ്പെടുത്താന്‍ ധാരാളം ആളുകള്‍ ഉണ്ട്; ഭയങ്ങളില്‍ നിന്നും മോചിതമായി വസ്തുതകള്‍ പരിശോധിക്കുക. പേരുകള്‍ കണ്ട് പേടിക്കാതെ ഓരോരോ വസ്തുക്കളേയും അവയുടെ ഗുണഫലങ്ങള്‍ അറിഞ്ഞ് ഉപയോഗിക്കുകയോ തള്ളിക്കളയുകയോ ചെയ്യുക.
https://s-media-cache-ak0.pinimg.com/
മുന്‍വിധികള്‍ കൊണ്ടുള്ള അര്‍ത്ഥമില്ലാത്ത വിവേചനങ്ങള്‍ ഒഴിവാക്കുക. മരുന്നുകളായും രാസവളങ്ങളായും ഇന്നത്തെ ആഗോള മനുഷ്യ സമൂഹത്തിന്റെ നാട്ടെല്ലാകുന്ന കെമിസ്ട്രിയെ വ്യക്തമായി മനസിലാക്കാതിരുന്നാല്‍ നല്ലത് കാണാതെ പോകാനും മോശം വസ്തുക്കളെ ആഘോഷിക്കാനും ഇടയുണ്ട്. അതുകൊണ്ട് തന്നെ, നമ്മുടെ ഉള്ളിലെ ആ രാസഭീരുവിനെ സയന്‍സ് ഉപയോഗിച്ച് അടക്കി നിര്‍ത്തുക.
ഭീതികള്‍ അല്ല, സയന്‍സ് ആകട്ടെ നമ്മുടെ ചാലകശക്തി.

പിന്‍കുറിപ്പ്: രാസവസ്തു എന്നും കെമിക്കല്‍ എന്നും പര്യായങ്ങള്‍ പലയിടത്തും ആയി പ്രയോഗിച്ചിട്ടുണ്ട്. തലക്കെട്ടില്‍ കെമിക്കല്‍ എന്ന്‍ ചേര്‍ത്തത് കെമിക്കല്‍ എന്ന വാക്കിനോട്‌ ചെറിയ ഭയം നമ്മുടെ പൊതുബോധത്തില്‍ ഉണ്ട് എന്നതുകൊണ്ടാണ്.
അവലംബം
  1. https://www.facebook.com/h2oawareness, ജലത്തെ പറ്റിയുള്ള കൂടുതല്‍ “ഭയാനകമായ വസ്തുതകള്‍” അറിയാന്‍ ഈ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക.
  2. https://en.wikipedia.org/wiki/Dihydrogen_monoxide_hoax
  3. http://goldbook.iupac.org/C01039.html
  4. https://en.wikipedia.org/wiki/Formaldehyde  
  5. https://www.google.co.in/search?q=chemical+meaning&oq=chemica&aqs=chrome.1.69i59l2j69i57j69i61j0l2.1804j0j4&sourceid=chrome&ie=UTF-8
  6. https://en.wikipedia.org/wiki/Chemophobia
  7. https://en.wikipedia.org/wiki/Ester#List_of_ester_odorants
  8. https://en.wikipedia.org/wiki/Butyl_butyrate
  9. https://www.logicallyfallacious.com/tools/lp/Bo/LogicalFallacies/36/Appeal_to_Nature
  10. http://janayugomonline.com/%E0%B4%A8%E0%B4%AE%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D%E2%80%8C-%E0%B4%B5%E0%B5%87%E0%B4%A3%E0%B5%8D%E0%B4%9F-%E0%B4%88-%E0%B4%B5%E0%B4%BF%E0%B4%B7%E0%B4%B5%E0%B4%B8%E0%B5%8D%E0%B4%A4/
  11.  https://en.wikipedia.org/wiki/Flour#Bleached_flour
  12. https://en.wikipedia.org/wiki/Benzoyl_peroxide#Side_effects
  13. http://wayback.archive.org/web/20110915221859/http://oss.mcgill.ca/everyday/alloxan.pdf
  14. http://www.sciencedirect.com/science/article/pii/S0140673600873973
  15. http://monographs.iarc.fr/ENG/Classification/latest_classif.php
  16. http://monographs.iarc.fr/ENG/Preamble/currentb6evalrationale0706.php
  17. http://pubchem.ncbi.nlm.nih.gov/compound/5988#section=Names-and-Identifiers
  18. http://nfs.sparknotes.com/romeojuliet/page_80.html
  19.  http://www.ncbi.nlm.nih.gov/pmc/articles/PMC166943/


7 comments:

  1. കണ്ണൻ, നന്നായിരിക്കുന്നു. ഇത് ഞാൻ share ചെയ്യുന്നതതിൽ വിരോധമില്ല എന്നു കരുതുന്നു.

    ReplyDelete
    Replies
    1. ഒരു കുഴപ്പവും ഇല്ല. :-) "The articles in this blog are free to be used in any manner other than commercial by the reader." എന്ന്‍ ബ്ലോഗിന് കീഴെ ഞാന്‍ എഴുതിയിട്ടുണ്ട്.

      ഷെയര്‍ ചെയ്യുന്നു എങ്കില്‍ സന്തോഷം മാത്രം.

      Delete
  2. നന്നായിരിക്കുന്നു. 👍
    ആ മുതല ഉദാഹരണം മാത്രം ഇത്തിരി ചേരായ്മ തോന്നി. ആശയം convey ചെയ്യുന്നുണ്ട്. പക്ഷേ കുറെ കൂടി നല്ല ഒരെണ്ണം കണ്ടുപിടിക്കാമായിരുന്നു. 😊

    ReplyDelete
    Replies
    1. ആ ചേരായ്മ ഉദ്ദേശിച്ചത് തന്നെയാണ്. ആ വിചിത്രമായ ഉദാഹരണം കൊണ്ട് "പ്രകൃതിദത്തം നല്ലത്" എന്ന തോന്നലിന്റെ വിചിത്ര സ്വഭാവം കൂടി കാട്ടാന്‍ ആണ് ശ്രമിച്ചത്. :-)

      Delete
  3. Beautiful.I have never read anything like this before.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete

കൂടുതല്‍ വായിക്കപെട്ട പോസ്റ്റുകള്‍