Wikimedia Commons |
കുറ്റാക്കുറ്റിരുട്ടത്ത് നിശാകാശം നോക്കി നിന്നിട്ടുണ്ടോ? കവികള്‍ മുതല്‍ ശാസ്ത്രജ്ഞര്‍ വരെയുള്ള സഹൃദയരെ പരിധികളില്ലാതെ വിസ്മയിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തിട്ടുണ്ടീ ദൃശ്യം. ഇരുട്ടിന്റെ ഒഴുകുന്ന അഗാധമായ നീല വാൻ ഗോവിന്റെ നിറച്ചാർത്തിൽ തിരമാലകളായി മാറിയെങ്കിൽ സിസിലിയ പെയ്ൻ പ്രകാശത്തിൽ നക്ഷത്രങ്ങളുടെ ഉൾക്കാമ്പിന്റെ കൈയ്യൊപ്പ് വായിച്ചു.
ഇടവിട്ട് മിന്നുന്ന പ്രകാശക്കുത്തുകള്‍, അവയ്ക്കിടയില്‍
മിന്നാതെ തെളിഞ്ഞ് നിൽക്കുന്ന ചില തോന്ന്യാസികള്‍, വല്ലപ്പോഴും കത്തിയമരുന്ന
കൊള്ളിയാനുകള്‍, അതിലുമപൂര്‍വ്വമായി വന്നുപോകുന്ന വാല്‍നക്ഷത്രങ്ങള്‍, അതിഭാഗ്യമുള്ളവർ മാത്രം
കാണുന്ന ആകാശം നിറഞ്ഞ് നിൽക്കുന്ന അത്ഭുത നക്ഷത്രങ്ങൾ,
പിന്നെ കവികളെ അത്രയൊന്നും സന്തോഷിപ്പിക്കാന്‍ സാധ്യതയില്ലാത്ത വീമാനങ്ങളും
ജ്യോതിശാസ്ത്രജ്ഞരുടെ കണ്ണിൽ ഈച്ചയാകുന്ന കൃത്രിമോപഗ്രഹങ്ങളും.
ഇവയ്ക്കുള്ളിലും ഇടയിലും ഇവ തമ്മിലുമായിട്ട് അറിഞ്ഞതും അറിയാനുള്ളതുമായി
ഒരുപാട് കൗതുകങ്ങൾ, പ്രതിഭാസങ്ങൾ: പ്രപഞ്ചസത്യങ്ങൾ. സൂര്യനും ഒരു നക്ഷത്രം തന്നെയാണെന്നും,
എല്ലാ നക്ഷത്രങ്ങൾക്ക് ചുറ്റും ഗ്രഹങ്ങളൊരുപാട് വൃത്തം
വയ്ക്കുന്നുണ്ടെന്നും ഒക്കെ ബഹിരാകാശത്തിന്റെ ശൂന്യതയിൽ ഒറ്റപ്പെടുന്നവർക്ക്
ആശ്വസിക്കാം. (“ഒഖമിന്റെ കത്തിയും റ്റാബിയുടെ നക്ഷത്രവും” ബാഹ്യഗ്രഹങ്ങളെ
വിശദമായി കൈകാര്യം ചെയ്യുന്നുണ്ട്)
മേൽപ്പറഞ്ഞ ഡോ. പെയ്നും മേഘ്നാദ് സാഹയും അടക്കം ഒരുപാട്
ജ്യോതിശാസ്ത്രജ്ഞരുടെ ശ്രമഫലമായി നക്ഷത്രങ്ങൾ ഹൈഡ്രജനെ ഗുരുത്വം കൊണ്ട് ഞെരുക്കി
ഹീലിയമാക്കുന്ന ഫ്യൂഷൻ ചൂളകളാണ് എന്ന് നമുക്കിന്നറിയാം. ഈ പ്രക്രിയയിലൂടെ
തന്നെയാണ് നമ്മുടെ ജീവനുവേണ്ട ഊർജ്ജം പ്രകാശമായി ഭൂമിയിലെത്തുന്നത്. ഒരുപാട് പുതിയ
മൂലകങ്ങളാദ്യം പിറന്നുവീഴുന്നതും നക്ഷത്രങ്ങളുടെ കാമ്പുകൾ എരിഞ്ഞടങ്ങുമ്പോഴാണ്.
അറിഞ്ഞതോരോന്നും നക്ഷത്രങ്ങളെ വെറും ഹൈഡ്രജൻ ഗോളങ്ങൾ ആയി
ചുരുക്കുകയല്ല, ജീവന്റേയും
പ്രപഞ്ചോത്പത്തിയുടേയും ഒക്കെ ഒരായിരം രഹസ്യങ്ങളുടെ താക്കോലുകളായി പുത്തനറിവുകളെ
മാറ്റിത്തീർക്കുകയാണുണ്ടായത്. നിഗൂഢതകൾ അവസാനിക്കാതെ, നിശാകാശത്തിന്റെ
സൗന്ദര്യത്തിന്റെ ആഴം അഗാധമാക്കുകയാണ് സയൻസ് ചെയ്തത്.1
ഈ ലേഖനം ആ പ്രപഞ്ചരഹസ്യങ്ങളുടെ അത്യന്താധുനിക സയൻസിനെ
പറ്റിയൊന്നുമല്ല.
കവിത്വമുണ്ടായിട്ടും എങ്ങനെയോ കണക്കിൽ ചെന്ന് ചാടിയ, സ്വയം കവിതയെഴുതാതെ പ്രകൃതിയുടെ കവിതയുടെ വരികൾ വായിക്കാൻ പഠിച്ച കുറേ സഹൃദയരുടെ കഥ പറയുകയാണ് ഇവിടെ. ഇത് മനുഷ്യർ മാസവും വർഷവും ഉണ്ടാക്കിയതിന്റെ കഥയാണ്; ഇത് നിരീക്ഷണസിദ്ധികൊണ്ട് ഭൂമിയുടെ ചലനത്തെ മനുഷ്യർ മെരുക്കിയതിന്റെ കഥയാണ്; ഇത് സയൻസ് നിശാകാശത്തിന്റെ നൃത്തത്തിൽ നിന്ന് പിറവികൊണ്ടതിന്റെ കഥയാണ്.
Llez (H. Zell) |
ഇത് കലണ്ടറുകളുണ്ടായതിന്റെ കഥയാണ്. നമുക്ക് പേരറിയാത്ത കുറേ
വാനംനോക്കികൾ ഭാഷയിലും ഓർമ്മയിലും അവശേഷിപ്പിച്ച് പോയ ചില ഫോസിലുകൾ
സംസ്കാരത്തിന്റെ വിസ്മരിക്കപ്പെട്ട ചില കോണുകളിൽ നിന്ന് ഘനനം ചെയ്തെടുക്കാനൊരു
ശ്രമം.
മാർച്ച് 20: ഇന്ന് വിഷുവമാണ്. വിഷു അല്ല, വിഷുവം. വിഷുവും വിഷുവവും തമ്മിൽ എന്തെങ്കിലും ഉണ്ടോ? ഒരു മാസത്തോളം എന്താണിവ മാറി ഇരിക്കുന്നത്? ഈ
ചോദ്യങ്ങൾക്ക് ഉത്തരം തേടുന്ന ഒരു ചെറിയ യാത്രയാണിനി അങ്ങോട്ട്. തലയ്ക്ക് മുകളിലെ
ആകാശത്തിൽ ഒരുപാട് കാര്യങ്ങൾ കണ്ട എന്റെ ബൗദ്ധിക പൂർവ്വികരായ വാനംനോക്കികൾക്കൊരു
ഓർമ്മക്കുറിപ്പുകൂടിയാണീ യാത്ര.
ഭൂമി സൂര്യനെ ചുറ്റുന്നു (സാങ്കേതികമായി
പരിക്രമണം - Revolution) എന്നത് നമ്മളെല്ലാം പഠിച്ച് വന്ന കാര്യമാണ്. പക്ഷേ, ഭൂമിയുടെ ചലനം
കറങ്ങുന്നത് തന്നെയാണ് എന്ന് എങ്ങനെ തറപ്പിച്ച് മനസിലാക്കും? ഒരു ഉദാഹരണം വഴി നമുക്കിതൊന്ന് മനസിലാക്കാൻ ശ്രമിക്കാം.
നിങ്ങൾ സ്വന്തം വീടിനെ വലം വച്ച്
നടക്കുകയാണെന്ന് സങ്കൽപ്പിക്കുക. വീടിന്റെ ദിശയിലേക്ക് നോക്കാൻ കഴിയില്ല എങ്കിൽ
(അല്ലെങ്കിൽ സൂര്യനെപ്പോലെ ഒരു പ്രകാശഗോളമാണ് വീട് എന്നതുകൊണ്ട് നോക്കിയിട്ട്
കാര്യമില്ല എങ്കിൽ) എങ്ങനെ നമ്മൾ വീടിന് ചുറ്റും തന്നെ ആണ് നടക്കുന്നത് എന്ന്
തീരുമാനിക്കും?
ഇതിനായി വീടിന് ചുറ്റും ഉള്ള ചെടികളെ നമ്മുക്ക്
അടയാളം ആയി വയ്ക്കാം. നമ്മൾ നടക്കാൻ തുടങ്ങിയിടത്ത് ഒരു കൊന്ന പൂത്ത്
നിൽക്കുന്നുണ്ട്, ഇത്തിരി നടന്നാൽ ഒരു പേര നിൽപ്പുണ്ട്, കുറച്ചുകൂടി
നടന്നാൽ ഒരു കൂട്ടം തുമ്പ കാണാം, അതും കഴിഞ്ഞുപോയാൽ ഒരു മാവ്
തെങ്ങും അടുത്തടുത്ത്... അങ്ങനെയങ്ങനെ. നടക്കുമ്പോൾ വീണ്ടും ഇതേ ചെടികൾ ഇതേ
ക്രമത്തിൽ ആവർത്തിച്ച് വരുന്നു എങ്കിൽ നമ്മൾ വീടിനെ വലം വയ്ക്കുന്നു എന്ന്
നിഗമിക്കാം. കൊന്നയിൽ എണ്ണി തുടങ്ങിയത് കൊണ്ട് കൊന്ന വീണ്ടും വരുമ്പോൾ ഒരു തവണ
നമ്മൾ വലം വച്ചു എന്നും മനസിലാക്കാം.
ഓറിയോൺ രാശി Michelet B |
ഇങ്ങനെ ആണ് വർഷം ജനിക്കുന്നത്. ഈ രാശികൾ
ആകാശത്തിന്റെ പന്ത്രണ്ടിലൊന്നായി സമം വീതിച്ചപ്പോൾ അവ അടയാളപ്പെടുത്തുന്ന സമയങ്ങൾ
മാസമായി.3
പക്ഷേ, നമ്മുടെ ഉദാഹരണം പ്രയോഗത്തിൽ വരുമ്പോൾ ഒരിത്തിരി കൂടി
സങ്കീർണമായി. ഭൂമി സ്വന്തം അച്ചുതണ്ടിൽ തന്നെ കറങ്ങുന്നു (സ്വയം ഭ്രമണം, Rotation) എന്നതുകൊണ്ട് നമ്മൾ
അടയാളം വച്ചതൊന്നും ഒരിടത്ത് നിൽക്കില്ല. നമ്മൾ കാണുന്ന ആകാശം എപ്പോഴും
കിഴക്കുനിന്ന് പടിഞ്ഞാട്ടേക്ക് നീങ്ങിക്കൊണ്ടേ ഇരിക്കുന്നുണ്ടെന്നതാണ് അതിനുകാരണം.
അതുകൊണ്ട് ഏത് സമയത്ത് നമ്മൾ രാശികളെ അടയാളമാക്കി വച്ചു എന്നതുകൂടി അറിഞ്ഞാലെ അവ
വീണ്ടും ആവർത്തിച്ച് വരുന്നത് ഉപയോഗിക്കാൻ കഴിയൂ.
വർഷത്തിലെ ഓരോ മാസത്തിനും അനുസരിച്ചാണ്
മഴയും വെയിലും മഞ്ഞുമൊക്കെ വരിക എന്നത് ജ്യോതിഷികൾ ശ്രദ്ധിച്ചു. മലയാളത്തിൽ വർഷം
എന്നത് മഴ എന്നതിനോട് കൂടി ചേർന്ന് കിടക്കുന്നത് നമുക്ക് വാർഷികമായ മൺസൂണുകൾ കൂടി
ഉണ്ട് എന്നതുകൊണ്ടാണ്. (തുലാവർഷവും കാലവർഷവുമായി നമുക്ക് വർഷത്തിൽ രണ്ട് വർഷമുണ്ടല്ലോ?)
പക്ഷേ, കൃത്യമായി ഇതിനെ ഒരു ചട്ടക്കൂട്ടിൽ ആക്കിയാലെ നല്ലൊരു കലണ്ടറായി ഇത് ഉപയോഗിക്കാൻ കഴിയൂ. ആകാശത്തിനെ പന്ത്രണ്ട് ആയി തിരിച്ചാൽ അതിൽ ഏത് കഷ്ണത്തിൽ ആണ് നമ്മൾ എന്ന് എങ്ങനെ അറിയും? അത് ചൂണ്ടുന്ന ആകാശത്തെ സൂചിയായി സൂര്യനെ തന്നെ എടുക്കാൻ കഴിയും. സൂര്യന്റെ പശ്ചാത്തലത്തിൽ ഏത് രാശിയാണുള്ളത് (കൃത്യമായി പറഞ്ഞാൽ ഏത് രാശിയുള്ള ആകാശഭാഗം) എന്നതാണ് മാസത്തിന്റെ സൂചനയായി എടുക്കുക.
ചിത്രം 1* |
ചിത്രം 1 നോക്കുക.* ഭൂമി
കറങ്ങുമ്പോള്‍ അതിനനുസൃതമായി സൂര്യന്റെ പിന്നിലുള്ള നക്ഷത്രങ്ങള്‍ മാറും എന്നത്
ഇതിൽ വ്യക്തമായി കാണാം. (ചിത്രത്തില്‍ 1,2,3 എന്നിങ്ങനെ പശ്ചാത്തല
നക്ഷത്രക്കൂട്ടങ്ങള്‍ മാറുന്നു) ഓരോ നക്ഷത്രങ്ങളെ കൃത്യമായി വേര്‍തിരിച്ചറിയുക
താരതമ്യേന ബുദ്ധിമുട്ടായതിനാലാണ് നക്ഷത്രക്കൂട്ടങ്ങൾ (രാശികൾ) ഉപയോഗിക്കുന്നത്. എപ്പോള്‍
വീണ്ടും ഭൂമി അതേ ഇടത്ത് പരിക്രമണം ചെയ്തെത്തി എന്ന് മനസിലാക്കാം.
സൂര്യൻ പകൽ കത്തി നിൽക്കുമ്പോ അതിന്റെ പിന്നിലെന്തുണ്ട് എന്നുള്ളത് നേരിട്ട് കാണാനാകില്ല എന്നത് പ്രത്യേകിച്ച് പറയണ്ടല്ലോ? അപ്പോ എങ്ങനെ നമുക്ക് സൂര്യനെ സൂചിയായി എടുക്കാൻ പറ്റും? അതിനുത്തരം പറയാനായി ക്രാന്തിവൃത്തം (ecliptic) എന്ന ജ്യോതിഷ സങ്കല്പം പരിചയപ്പെടുത്തേണ്ടിയിരിക്കുന്നു.
ചിത്രം 2* |
ഭൂമിയിൽ നിന്ന് നമ്മൾ എന്തായിരിക്കും
കാണുക എന്നതിന്റെ ചിത്രീകരണമാണ് ചിത്രം 2. നക്ഷത്രങ്ങളുടെ പശ്ചാത്തലത്തിൽ സൂര്യൻ
നമ്മളെ ഏതാണ്ട് ഒരു വർഷം കൊണ്ട് ചുറ്റി വരുന്നതായിട്ടാണ് നമ്മൾ കാണുക. ഏറ്റവും
ലളിതമായി പറഞ്ഞാൽ സൂര്യൻ നിശാകാശത്തിൽ പോകുന്ന ഈ വഴിയെ ആണ് നമ്മൾ ക്രാന്തിവൃത്തം
എന്ന് പറയുന്നത്. ചിത്രത്തിൽ നോക്കിയാൽ മനസിലാക്കാവുന്ന ഒരു കാര്യം, സൂര്യനു പിന്നിലായി ഒരു
നക്ഷത്രക്കൂട്ടം ഉള്ളപ്പോൾ അതിന് വിപരീതമായി മറ്റൊരു നക്ഷത്രക്കൂട്ടം രാത്രിയിൽ
ദൃശ്യമാകുന്നുണ്ട്. ഈ വിപരീതമായി വരുന്ന രാശി ഏത് കണ്ടുപിടിക്കാൻ കഴിയും എങ്കിൽ
ഇപ്പോൾ സൂര്യനു പിന്നിൽ ഏത് രാശി എന്ന് നമുക്ക് മനസിലാക്കാം. അതെങ്ങനെ കഴിയും
എന്നത് ഒരു ഉദാഹരണത്തിലൂടെ പറയാം.
പകൽ 9 മണിക്ക് സൂര്യൻ ആകാശത്ത് ഏത് കോണിൽ
ആണ് കാണുന്നത് എന്ന് നോക്കുക. രാത്രി 9 മണി എന്ന് പറയുന്നത് ഭൂമി നേരെ തിരിഞ്ഞ്
നിൽക്കുന്ന സമയം ആണല്ലോ? അപ്പോൾ സൂര്യൻ പകൽ 9-ന് ഉണ്ടായിരുന്ന കോണിൽ രാത്രി 9 മണിക്ക് ഉള്ളതാണ്
വിപരീത രാശി. ഉദാഹരണം മാത്രമാണിത്, 9 ആകണം എന്നൊന്നും ഇല്ല.
സൂര്യൻ നേരെ തലക്ക് നേരേ വരുന്ന സമയമോ അസ്തമയമോ ഉദയമോ ഒക്കെ എടുക്കുന്നതായിരിക്കും
നിരീക്ഷിക്കാൻ എളുപ്പം.
ഇത്രയുമേ ഉള്ളു രാശി എന്ന് പറയുന്നത്.
ഇതിന് നമ്മുടെ ഭാവിയെ സ്വാധീനിക്കാൻ കഴിയില്ല എന്ന് പരീക്ഷണങ്ങൾ നിസ്സംശയം
തെളിയിച്ചിട്ടുണ്ട്.4 ജ്യോത്സ്യം എന്നത് വാനംനോക്കികൾ ഒരു കാലത്ത്
ജീവിച്ച് പോകാൻ ഉണ്ടാക്കിയ ഒരു തട്ടിപ്പാണ്; നിശാകാശത്തേക്ക് നോക്കുക പോലും ചെയ്യാതെ ചില ഗജഫ്രോഡുകൾ അതേ
തട്ടിപ്പ് ആവർത്തിക്കുന്നു എന്നതാണ് ഇന്ന് പ്രശ്നം.
ഇതുപോലുള്ള വിശദമായ നിരീക്ഷണങ്ങളിലൂടെയാണ്
ഫലപ്രദമായ ഒരു കലണ്ടർ മനുഷ്യർക്ക് വികസിപ്പിക്കാൻ കഴിഞ്ഞത്. പക്ഷേ, മനുഷ്യനിർമിതമായ ഒരു ആളവ്
പോലെ 60 സെക്കന്റ് ഒരു മിനുറ്റ് എന്നതുപോലെ കൃത്യമായി, ക്രിത്രിമമായി
സൃഷ്ടിക്കപ്പെട്ട ഒന്നല്ല പ്രകൃതി. ഭൂമിയുടെ സ്വയം ഭ്രമണവും
(ദിവസം) സൂര്യനെ ചുറ്റി വരുന്നതും (വർഷവും) കൃത്യമായി ഒത്ത് പോകില്ല. ഏതാണ്ട് 365 ദിവസം എന്നല്ലാതെ കൃത്യം ദിവസക്കണക്കിൽ ചേരില്ല വർഷം
എന്നതുകൊണ്ട് അഥിവർഷം (leap year) എന്ന സങ്കല്പം ആധുനിക
കലണ്ടറുകളിൽ ചേർന്നിട്ടുണ്ട്. (2024 അഥിവർഷമാണല്ലോ?) അങ്ങനെ
ചില തിരുത്തുകൾ തെറ്റ് പറ്റി എന്ന് അറിയുമ്പോൾ വരുത്തിയില്ല എങ്കിൽ വർഷവും
കാലാവസ്ഥയും തമ്മിൽ ഒരു ബന്ധവും ഇല്ലാതെ പോകും.5
നമ്മൾ കലണ്ടർ ഒക്കെ ഉണ്ടാക്കി. പക്ഷേ, ഇത് എവിടെ തുടങ്ങും? എവിടെ നിന്ന് എങ്കിലും
എണ്ണി തുടങ്ങണമല്ലോ എല്ലാവരും പൊതുവായിട്ട്. അതേത് മാസം? ഇന്ന്
പൊതുവായി ഉപയോഗിക്കുന്ന ഗ്രിഗോറിയൻ കലണ്ടർ ഏതാണ്ട് വർഷത്തിലെ ഏറ്റവും നീളം കുറഞ്ഞ
ദിവസത്തിൽ നിന്ന് കുറച്ച് ദിവസത്തിനപ്പുറം വീണ്ടും സൂര്യപ്രകാശവും ചൂടും ഒക്കെ
തിരികെ വന്ന് തുടങ്ങുന്ന ജനുവരിയിൽ ആണ് ആരംഭിക്കാൻ തീരുമാനിച്ചത്.
വർഷത്തിൽ ഏറ്റവും നീളം കുറഞ്ഞ ദിവസം
ഉണ്ടെന്ന് പറഞ്ഞത് പോലെ ഏറ്റവും നീളം കൂടിയ ദിവസവും ഉണ്ട്. അനുഭവം കൊണ്ട് തന്നെ
നീളം കുറഞ്ഞത് ഡിസംബറിലും കൂടിയത് ജൂണിലും ആണെന്ന് നിങ്ങൾക്ക്
മനസിലായിട്ടുണ്ടാകും. ഏതാണ്ട് ഡിസംബർ 21-നുള്ള6 ഏറ്റവും നീളം കുറഞ്ഞ
ദിവസത്തെ ദക്ഷിണായനാന്തം (Winter
Solstice) എന്ന് പറയും. അതേപോലെ ജൂൺ 21-നുള്ള6 ഏറ്റവും നീളം കൂടിയ ദിവസത്തിനെ ഉത്തരായനാന്തം (Summer
Solstice)
എന്നും.
ഇതേപോലെ തന്നെ രണ്ട് ദിവസങ്ങൾ പകലും
രാത്രിയും തുല്യമായവയുണ്ട്. ഇവയെ ആണ് സമരാത്രദിനങ്ങൾ അല്ലെങ്കിൽ വിഷുവങ്ങൾ (Equinox) എന്ന് പറയുന്നത്.
ആ ദിവസങ്ങളിൽ സൂര്യൻ ക്രാന്തിവൃത്തത്തിൽ നിൽക്കുന്ന സ്ഥാനങ്ങളെ ആണ് വിഷുവസ്ഥാനങ്ങൾ
എന്ന് വിളിക്കുന്നത്. അതായത്, വർഷത്തിൽ രണ്ട് വർഷം ഉണ്ടെന്ന്
പറഞ്ഞത് പോലെ വർഷത്തിൽ രണ്ട് വിഷുവും ഉണ്ട്. വസന്തവിഷുവം, (Vernal
Equinox) തുലാവിഷുവം
(Autumnal Equinox) എന്നാണ് രണ്ട് വിഷുവങ്ങൾക്ക് പേരുള്ളത്. ഏതാണ്ട്
മാർച്ച് 20-ന് വസന്തവിഷുവവും ഏതാണ്ട് സെപ്റ്റംബർ 23-ന് തുലാവിഷുവവും.6
ഇതിൽ പൂക്കൾ വിരിയുന്ന
വസന്തവിഷുവമായിരുന്നു നമുക്കാദ്യം വർഷാരംഭം: അതായിരുന്നു മേടം 1. ഇതാണ് നമ്മൾ
ഏപ്രിൽ 14-ന് ആഘോഷിക്കാൻ പോകുന്ന വിഷു.
പക്ഷേ, ഞാൻ ഈ ലേഖനത്തിൽ തന്നെ പറഞ്ഞിരുന്നു ഇന്നാണ് വിഷുവം എന്ന്.
അതെങ്ങനെ ശരിയാകും? അഥിവർഷത്തെ പറ്റി പറഞ്ഞത് ഓർക്കുന്നില്ലേ?
നമ്മൾ ഉണ്ടാക്കുന്ന കലണ്ടറുകൾ എത്ര കൃത്യം ആണെന്ന് തോന്നിയാലും
അതിലും ഉണ്ടാകും ഒരുപാട് വർഷങ്ങൾ കൂടുമ്പോൾ ചില പിശകുകൾ; അഥിവർഷം
പോലെ അവ തിരുത്തി പോകേണ്ടതണ്. ഇത് 1600 കൊല്ലം കൊണ്ട് മലയാളം കലണ്ടറിൽ കടന്ന്
കൂടിയ ഏതാണ്ട് 24 ദിവസം വരുന്ന ഒരു തെറ്റാണ്.
ഇതെങ്ങനെ വന്നു എന്ന് വിശദീകരിക്കാൻ സ്വല്പം കൂടി ജ്യോതിഷം പറയേണ്ടി വരും. ഭൂമധ്യരേഖ (Equator) ആകാശത്തിലേക്ക് വികസിപ്പിച്ചാൽ ഉണ്ടാകുന്ന വൃത്തത്തിനെ നമ്മൾ ഖഗോളരേഖ (Celestial Equator) എന്ന് പറയും. ഇത് ക്രാന്തിവൃത്തത്തിൽ നിന്ന് 23.5 ഡിഗ്രി ചെരിഞ്ഞാണുണ്ടാകുക. ചിത്രത്തിൽ കാണുന്നത് പോലെ ഈ രേഖകൾ തമ്മിൽ കൂട്ടി മുട്ടുന്ന രണ്ട് ഇടങ്ങളാണ് വിഷുവസ്ഥാനങ്ങൾ.
വിഷുവങ്ങൾ |
ഭൂമധ്യരേഖ ഭൂമിയുടെ സ്വയം ഭ്രമണവും ക്രാന്തിവൃത്തം ഭൂമിയുടെ പരിക്രമണവുമാണ് സൂചിപ്പിക്കുന്നത്. ഭൂമിയുടെ ഭ്രമണാക്ഷത്തിനും (Rotational Axis) പരിക്രമണാക്ഷത്തിനും (Revolutionary Axis) ഉള്ള 23.5 ഡിഗ്രി ചെരിവ് തന്നെ ആണിത്. അതായത്, ക്രാന്തിവൃത്തത്തിൽ എവിടെ ആണ് വിഷുവം വരുന്നത് എന്ന് ഭൂമിയുടെ ഭ്രമണാക്ഷമാണ്. ഭ്രമണാക്ഷം മാറിയാൽ ഖഗോളരേഖയും മാറും, അങ്ങനെ വിഷുവവും മാറും.
പുരസ്സണം* |
ഭൂമിയുടെ ഭ്രമണാക്ഷം തന്നെ
കറങ്ങുന്നുണ്ട്. (കറക്കത്തിന്റെ കറക്കം, എന്താലെ പ്രകൃതി!) പുരസ്സണം (Precession)
എന്നാണിതിനെ വിളിക്കുക. ഇരുപത്തിയാറായിരം (26,000) കൊല്ലം
കൊണ്ട് ഒരു വട്ടം ഭൂമി ഇങ്ങനെ കറങ്ങി വരും.
അതായത്, പതിയെപ്പതിയെ, ഏതാണ്ട്
71 വർഷത്തിൽ ഒരു ദിവസം (26000/365≈71) എന്ന തോതിൽ വിഷുവം
മാറുന്നുണ്ട്. ഒരു മനുഷ്യായുസ്സിൽ ഒരു ദിവസം എന്ന് കൂട്ടാം. 24 ഓളം ദിവസം മാറണം എങ്കിൽ അപ്പോൾ ഏതാണ്ട് 1,700 കൊല്ലം.
(24x71=1704) അത്രയും കാലം മുൻപാണ് അവസാനമായി മലയാളം കലണ്ടറിൽ വിഷുവവും മേടം ഒന്നും ഒരേ ദിവസം
ആക്കാൻ ആരോക്കെയോ തീരുമാനിച്ചത്. അതിനുശേഷം ഇത് മാറ്റം വരുമെന്ന് കേരളത്തിലെ വാനംനോക്കികൾ
പ്രതീക്ഷിച്ചുകാണില്ല. അതുകൊണ്ട് തന്നെ നമ്മുടെ മലയാളം കലണ്ടറിൽ ഇതിനൊരു തിരുത്ത്
ഇല്ല. വസന്തവിഷുവവും വസന്തത്തിലെ വിഷുവും അകന്നകന്ന് പോയിക്കൊണ്ടിരിക്കുന്നു.
ഭ്രമണാക്ഷത്തിന്റെ പുരസ്സണം മനസിലാക്കി കലണ്ടർ
പരിഷ്കരിച്ചില്ല എങ്കിൽ വസന്തം കൊണ്ടുവരുന്ന വസന്തവിഷുവവും വസന്തത്തിന്റെ ആഘോഷമായ വിഷുവും ഒരു ബന്ധവും ഇല്ലാത്ത
രണ്ട് ദിവസങ്ങളാകും. കൊന്ന പൂത്ത് കൊഴിയുന്നതും വിഷുവും തമ്മിലൊരു ബന്ധവും ഇല്ലാതെയാകും.
വിഷുവിനും മുൻപേ കൊന്ന പൂത്ത് തുടങ്ങുന്നത് കണി വയ്ക്കാൻ സൗകര്യം ആയിക്കോട്ടെ എന്ന്
വിചാരിച്ചിട്ടല്ല, ചെടികൾ പൂക്കുന്നത് വസന്തത്തിന്റെ വരവോടെയാണെന്നത് കൊണ്ടാണ്.
തിരുത്താതെ വിട്ടാൽ വിഷു വസന്തത്തിൽ വീണ്ടും
എത്തുക ഇരുപത്തിനാലായിരം വർഷങ്ങളെങ്കിലും കഴിഞ്ഞാകും. വിഷു മാത്രമല്ല, നമ്മുടെ കലണ്ടർ മുഴുവൻ കാലാവസ്ഥയുടെ
വസ്തുതയിൽ നിന്ന് വേർപെട്ടുപോകും. കർക്കടകത്തിലെ കല്ലുരുട്ടി മഴയും വിഷുക്കൊന്നയും
ഒക്കെ ചരിത്രത്തിന്റെ ഓർമ്മകൾ മാത്രമാകും.7
കാലം അത്രയ്ക്ക് മാറിയില്ലെങ്കിലും വിഷുവത്തിന്റെ, സമരാത്രദിനത്തിന്റെ,
വസന്തം വരുന്നതിന്റെ പകുതി മറന്ന ഓർമ്മയാണ് നമുക്ക് പോലും വിഷു. വിസ്മരിക്കപ്പെട്ട
സംസ്കാരത്തിന്റെ സ്മരണകളിലൊളിച്ചിരിക്കുന്ന, 1700 വർഷം മുൻപ്
ഏതോ വാനംനോക്കികൾ കുറിച്ചുവച്ചുപോയൊരു ഫോസിൽ.
പക്ഷേ, ആ വാനംനോക്കികൾ എന്താകും ആഗ്രഹിച്ചിരിക്കുക?
കാലാവസ്ഥയറിയാൻ ഉപയോഗശൂന്യമായി പരിണമിച്ചുകൊണ്ടിരിക്കുന്ന തന്റെ സൃഷ്ടി
അയുക്തികമായ ബഹുമാനത്തോടെ ആളുകൾ ആരാധിക്കണമെന്നോ? അതോ അവർ ചെയ്തത്
പോലെ ആവശ്യത്തിനായി നവീകരിച്ച് അവരുടെ പിൻ ഗാമികൾ ഭാവിക്ക് കൈമാറണമെന്നോ? അവരുടെ സൃഷ്ടി അനന്തകാലം ഉപയോഗശൂന്യമായി ആവർത്തിക്കപ്പെടണമെന്നോ പരിഷ്കരിക്കപ്പെടണമെന്നോ?
വിഷുവം എന്തെന്നത്
അന്താരാഷ്ട്ര യോഗ ദിനം എന്ന നിലയിൽ ഒരു പബ്ലിസിറ്റി സ്റ്റണ്ട് ആയിട്ടല്ലാതെ സമരാത്രദിനമെന്ന
പ്രാധാന്യമോടെ കൂടുതലാൾ മനസിലാക്കണമെന്നാണ്
എന്റെയുള്ളിലെ ജ്യോതിഷകുതുകി ആഗ്രഹിക്കുന്നത്. കേരളജനതയുടെ വിഷു ഭാവിയിലും കൊന്നപ്പൂക്കൾ
നിറഞ്ഞതാകാണം എന്നാണെനിക്കുള്ളിലെ മലയാളി സ്വപ്നം കാണുന്നത്.
ഇന്ന് വിഷുവത്തെ ഓർമ്മിക്കാൻ നിങ്ങൾക്കിതൊരു കാരണം ആകട്ടെ.
വിഷുവിനന്ന്
ഈ ഫോസിലിനെ വിസ്മരിക്കാതെ വസന്തത്തിനൊപ്പം വിഷുവത്തിനേയും ഓർക്കുക. ഒരു നിമിഷം ഓര്‍ക്കുക, വസന്തത്തിന്റെ വരവിനെ...
കൊന്നപ്പൂക്കളെ...
സമര്‍പ്പണം:
എന്നെ ആദ്യം കണ്ട സഹൃദയയക്ക് – ഞാൻ ആരായാലും എന്നെ എന്നും ആലിംഗനം ചെയ്തിട്ടുള്ള എന്റെ അമ്മയ്ക്ക് വൈകിയെങ്കിലും പിറന്നാൾ സമ്മാനമായിട്ട്...
അവലംബവും കുറിപ്പുകളും
1. “People say
science takes away from the beauty of the stars – mere globs of gas atoms.
Nothing is “mere”. I too can see the stars on a desert night, and feel them.
But do I see less or more?” -എന്ന ഫൈന്മൻ ഉദ്ധരണിയിൽ നിന്ന് പ്രജോദനം ഉൾക്കൊണ്ട
ഘണ്ഡിക.
2. ജ്യോതിഷികൾ
എന്നത് പ്രാചീന ജ്യോതിശാസ്ത്രജ്ഞർ എന്ന നിലയിൽ ആണ് ലേഖനത്തിൽ
ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് അവരോട് ബഹുമാനം പ്രകടിപ്പിക്കുന്നതിൽ അത്ഭുതം
തോന്നണ്ട. പ്രവചന കലാപരിപാടിയെ ജ്യോത്സ്യം എന്നാണ് വിളിക്കുക, അതിനെ
നന്നായി കൈകാര്യം ചെയ്യുന്നും ഉണ്ട്.
3. അത് മാത്രമല്ല, ഒരു പൂർണ്ണചന്ദ്രനിൽ
നിന്ന് അടുത്തതിലേക്കുള്ള ദൂരവും ഏതാണ്ട് ഒരു മാസമാണ്; അത്
മാസമായ കലണ്ടറുകളും ഉണ്ട്: ഹിജ്ര കലണ്ടർ ഉദാഹരണം. ഈ ലേഖനത്തിൽ ആ കലണ്ടറുകൾ
ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഇടമില്ല എന്നതുകൊണ്ടാണ് വിശദമായി
പോകാത്തത്.
4. https://en.wikipedia.org/wiki/Astrology_and_science#Tests_of_astrology
5. കാലാവസ്ഥാവ്യതിയാനത്തിന്റെ
ഇടപെടലുകളില്ലാതെ തന്നെ.
6. അയനാന്തങ്ങളും വിഷുവങ്ങളും ഒരു
ദിവസം അങ്ങോട്ടും ഇങ്ങോട്ടും മാറാം.
7. കാലാവസ്ഥാവ്യതിയാനം മനുഷ്യർ നിയന്ത്രിക്കുന്ന ഒരു നല്ല ഭാവിയിൽ പോലും ഇത് തന്നെ ആകും അവസ്ഥ.
No comments:
Post a Comment