Saturday, 20 May 2017

വരുന്നില്ല... കോസ്മിക് സുനാമി!

“കോസ്മിക് സുനാമി” (Cosmic Tsunami) എന്നൊരു വാര്‍ത്ത അടുത്തകാലത്തായി സോഷ്യല്‍ മീഡിയയില്‍ കിടന്നു കറങ്ങുന്നുണ്ട്.  “പ്രപഞ്ച സുനാമി ഭീഷണിയെന്ന് നാസ” എന്ന മനോരമ വാര്‍ത്ത ഇതിനൊരുദാഹരണം മാത്രം.1 നാസ മേയ് 2-ന് പുറത്തുവിട്ട പത്രക്കുറിപ്പില്‍ നിന്നാണ് ഈ വാര്‍ത്തകള്‍ മുഴുവന്‍ ഉണ്ടായിരിക്കുന്നത്.2,3,4,5 സസ്പെന്‍സ് ഇടുന്നില്ല, തലക്കെട്ട്‌ പറയും പോലെ, ഇങ്ങോട്ടെങ്ങും വരുന്ന സാധനമല്ല ഈ “സുനാമി”. ലോകാവസാന പ്രഘോഷകര്‍ ഒക്കെ മൈക്കും കെട്ടിപ്പൂട്ടി പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി പോകുന്നതാകും നല്ലത്.
ആ പ്രശ്നം തീര്‍ത്ത സ്ഥിതിക്ക്, എന്താണ് ഈ സുനാമി എന്നുകൂടി ചര്‍ച്ച ചെയ്യാം. എന്താണ് ഈ “സുനാമി” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? ശാസ്ത്രലോകത്തിന് എന്തുകൊണ്ട് ഇതിത്ര കാര്യമായി പറയേണ്ടി വരുന്നു? എന്തൊക്കെ പ്രതിഭാസങ്ങള്‍ ആണ് ഇത്രയും വലിയൊരു “തിരമാല” സൃഷ്ടിക്കുക?!
Perseus cluster
ഗാലക്സികള്‍ എന്നാല്‍ ഗുരുത്വാകര്‍ഷണം മൂലം പരസ്പരം ബന്ധിപ്പിക്കപ്പെട്ട അനേകം നക്ഷത്രങ്ങളും വാതകമേഘങ്ങളും ഉള്‍പ്പടെയുള്ള ജ്യോതിര്‍വസ്തുക്കള്‍ (Astronomical Objects) ഘടനയാണെന്ന് അറിയാമായിരിക്കും.6 അങ്ങനെയുള്ള ഗാലക്സികളുടെ ഒരു കൂട്ടത്തെയാണ്‌ നാം ഗാലക്സി ക്ലസ്റ്റര്‍ (Galaxy Cluster) എന്ന് വിളിക്കുക.7 അത്തരത്തിലൊന്നാണ് പേഴ്സിയൂസ് ക്ലസ്റ്റര്‍.8 (Perseus cluster) പ്രപഞ്ചത്തിലെ തന്നെ ഏറ്റവും വലിയ വസ്തുക്കളില്‍ ഒന്ന്.8,9
അതില്‍ “തീരം” (Bay) എന്ന് വിളിക്കുന്ന ഒരു ഘടനയുണ്ട്. ചിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ള മുകളിലേക്ക് വളഞ്ഞ് നില്‍ക്കുന്ന ഭാഗം. ഇത് എക്സ്റേ തരംഗദൈര്‍ഖ്യത്തില്‍ ഉള്ള ചിത്രമാണ്. നാം കാണുന്നത് നക്ഷത്രങ്ങള്‍ അല്ല, നക്ഷത്രങ്ങള്‍ക്ക് ഇടയിലുള്ള വാതകങ്ങള്‍ ആണ്. ആ വാതകങ്ങളുടെ കടലില്‍ തന്നെയാണ് ഈ “തീരം” ഉയര്‍ന്നുനില്‍ക്കുന്നത്.
ഇതിന്റെ ഉത്പത്തിയെ കുറിച്ച് പഠിക്കാനായി നടത്തിയ പരിശ്രമിച്ച സ്റ്റീഫന്‍ വാക്കര്‍ (Stephen Walker) എന്ന ശാസ്ത്രജ്ഞനും സംഘവുമാണ് “സുനാമി” എന്ന നിഗമനത്തിലേക്ക് എത്തിച്ചേര്‍ന്നത്.2,10 നിലനില്‍ക്കുന്ന നിരീക്ഷണ ഫലങ്ങളെ ജോണ്‍ സൂഹോണ്‍ (John ZuHone) എന്ന ശാസ്ത്രജ്ഞന്‍ നടത്തിയ കമ്പ്യൂട്ടര്‍ സിമുലേഷനുകള്‍ ഉപയോഗിച്ച് പഠനവിധേയമാക്കിയപ്പോള്‍ “തീരം” ഘടന വിശദീകരിക്കുന്ന ഒറ്റ സിമുലേഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ: അകമേ വേഗത കുറഞ്ഞ (തണുത്ത) ഒരു വാതകപാളിയും പുറമേ വേഗത കൂടിയ (ചൂടായ) മറ്റൊരു വാതകപാളിയും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം മൂലം ഉണ്ടാകുന്ന പ്രതിഭാസങ്ങള്‍.
Kelvin-Helmholtz instabilityimage credit: http://www.jamesspann.com/wordpress/wp-content/uploads/2011/12/KH-waves.gif
ഇതിനെ ഫിസിക്സില്‍ കെല്‍വിന്‍-ഹെല്മോള്‍ട്സ് അസ്ഥിരത (Kelvin-Helmholtz instability) എന്നാണ് വിളിക്കുക.11 രണ്ട് വാതകങ്ങള്‍ക്ക് ഇടയിലോ വാതകപാളികള്‍ക്ക് ഇടയിലോ ഉള്ള വേഗതാ വ്യത്യാസം കൊണ്ട് ഉണ്ടാകുന്ന അസ്ഥിരത. ഇതേ പ്രതിഭാസം കൊണ്ടാണ് കടലില്‍ തിര ഉണ്ടാകുന്നത്! കാറ്റിന്റെ വേഗതയും കടല്‍പ്പരപ്പും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം, കടല്‍പ്പരപ്പും കടലാഴവും തമ്മിലുള്ള പ്രവര്‍ത്തനം; ഇതൊക്കെ കൊണ്ടാണ് തിരയെണ്ണി തീരത്തിരിക്കാന്‍ പറ്റുന്നത്.


ഇതിന് സമാനമായ പ്രതിഭാസം പേഴ്സിയൂസ് ക്ലസ്റ്ററില്‍ നടന്നിട്ടുണ്ടാകണം എന്നതാണ് ഇപ്പോഴുള്ള സിദ്ധാന്തം. അതിന്റെ സിമുലേഷന്‍ ഇവിടെ കാണാം.
അതിനെ വലിച്ചുനീട്ടി എവിടെ എത്തിച്ചു!
പിന്‍കുറിപ്പ്: വളരെയധികം സാങ്കേതികമയതുകൊണ്ട് അധികം ഇപ്പോള്‍ വിശദീകരിക്കാന്‍ നില്‍ക്കുന്നില്ല. പിന്നെടെപ്പോഴെങ്കിലും വിശദമായി എഴുതാം.

അവലംബം
  1. http://www.manoramaonline.com/technology/science/2017/05/05/nasa-cosmic-tsunami-swallow-earth-apocalypse-space-asteroid.html
  2. https://www.nasa.gov/feature/goddard/2017/scientists-find-giant-wave-rolling-through-the-perseus-galaxy-cluster
  3. http://tech.firstpost.com/news-analysis/nasa-scientists-discover-cosmic-tsunami-of-hot-gas-twice-the-size-of-the-milky-way-374627.html
  4. http://www.dailystar.co.uk/news/latest-news/611319/nasa-cosmic-tsunami-swallow-earth-apocalypse-space-asteroid
  5. http://www.indialivetoday.com/nasa-warns-of-massive-cosmic-tsunami-perzizus-could-swallow-earth-in-seconds/155225.html
  6. https://en.wikipedia.org/wiki/Galaxy
  7. https://en.wikipedia.org/wiki/Galaxy_cluster
  8. https://en.wikipedia.org/wiki/Perseus_cluster
  9. https://www.nasa.gov/chandra/multimedia/perseus-cluster.html
  10. https://arxiv.org/abs/1705.00011
  11. https://en.wikipedia.org/wiki/Kelvin%E2%80%93Helmholtz_instability

Thursday, 13 April 2017

വിഷുവും വിഷുവവും: വാനംനോക്കികളുടെ ഫോസില്‍

ഇതിൽ പിശകുകൾ ഉള്ളതുകൊണ്ടും, കൂടുതൽ നന്നായി എഴുതാം എന്ന് തോന്നിയത് കൊണ്ടും തിരുത്തി എഴുതിയിട്ടുണ്ട്. ദയവായി അവഗണിക്കുക. ആർക്കൈവ് ആയിട്ട് ഇട്ടിരിക്കുന്നതാണ്.

സമര്‍പ്പണം: ഞാനാദ്യം കണ്ട വാനംനോക്കിക്ക്, നിശാകാശത്തിന്റെ സൗന്ദര്യം ആശയങ്ങള്‍ക്കുമപ്പുറം ഒരു വികാരമായി എന്റെ മനസ്സില്‍ സന്നിവേശിപ്പിച്ച, ഓറിയോണ്‍ ആകാശത്തുള്ളിടത്തോളം എന്റെ വിഷാദങ്ങള്‍ മാഞ്ഞുപോകുന്നതിന് കാരണഭൂതനായ എന്റെ അച്ഛന്...
https://upload.wikimedia.org/wikipedia/commons/3/37/Pinnacles_Night_Sky_-_Flickr_-_Joe_Parks.jpg
കുറ്റാക്കുറ്റിരുട്ടത്ത് നിശാകാശം നോക്കി നിന്നിട്ടുണ്ടോ? കവികള്‍ മുതല്‍ ശാസ്ത്രജ്ഞര്‍ വരെയുള്ള സഹൃദയരെ പരിധികളില്ലാതെ വിസ്മയിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തിട്ടുണ്ടീ ദൃശ്യം. ഇടവിട്ട് മിന്നുന്ന പ്രകാശക്കുത്തുകള്‍, അവയ്ക്കിടയില്‍ മിന്നാത്ത ചില തോന്ന്യാസികള്‍, വല്ലപ്പോഴും കത്തിയമരുന്ന കൊള്ളിയാനുകള്‍, അതിലുമപൂര്‍വ്വമായി വന്നുപോകുന്ന വാല്‍നക്ഷത്രങ്ങള്‍ പിന്നെ കവികളെ അത്രയൊന്നും സന്തോഷിപ്പിക്കാന്‍ സാധ്യതയില്ലാത്ത വീമാനങ്ങളും കൃത്രിമോപഗ്രഹങ്ങളും.
ഇവയ്ക്കോരോന്നിനുമിടയില്‍ അറിഞ്ഞതും അറിയാനുള്ളതുമായി ഒരായിരം സത്യങ്ങള്‍. ഒരല്പം ശാസ്ത്ര വിദ്യാഭ്യാസം സിദ്ധിച്ചവര്‍ക്ക് നക്ഷത്രങ്ങളോരോന്നും ഓരോ സൂര്യനാണെന്നും അവയില്‍ പലതിനുചുറ്റും ഭീമാകാരമോ ഭൌമസമാനമോ സൂക്ഷമവുമോ ആയ അനേകം ഗ്രഹങ്ങള്‍ വലം വയ്ക്കുന്നുണ്ടെന്നും അറിയാമായിരിക്കും. (“ഒഖമിന്റെ കത്തിയും റ്റാബിയുടെ നക്ഷത്രവും” ബാഹ്യഗ്രഹങ്ങളെ വിശദമായി കൈകാര്യം ചെയ്യുന്നുണ്ട്)
ഇത്തിരികൂടി മുന്നോട്ടുപോയാല്‍, ഓരോ നക്ഷത്രവും സ്വന്തം ഗുരുത്വാകര്‍ഷണം കൊണ്ട് കേന്ദ്രത്തിലെ ആറ്റങ്ങളെ ഞെരുക്കി പുതിയ മൂലകങ്ങള്‍ സൃഷിക്കുകയും തന്മൂലം താപോര്‍ജ്ജവും പ്രകാശവും സൃഷ്ടിക്കുകയും ചെയ്യുന്ന വാതകഗോളങ്ങളാണെന്നും മനസിലാക്കാന്‍ കഴിയും.1
ഓരോ തിരിച്ചറിവും പ്രപഞ്ചത്തിന്റെ, നിശാകാശത്തിന്റെ, മാസ്മരികതയും നിഗൂഢതയും പതിന്മാടങ്ങാക്കുക മാത്രമാണ് ചെയ്യുക.2 ഒരിറ്റുപോലും ആ സൗന്ദര്യം കുറയുന്നേയില്ല.
http://thefossilshop.com/wp-content/uploads/2014/01/fossil_treasure.jpg?7313a5
പക്ഷേ, ഈ ലേഖനം അതിനെപ്പറ്റിയല്ല. കവിഹൃദയമുണ്ടായിട്ടും സ്വന്തം കൃതികളെഴുതാതെ പ്രകൃതിയുടെ സംഗീതം തേടിയിറങ്ങിയ മഹാരഥികളുടെ കഥയാണിത്. ഇത് ദിവസമുണ്ടായതിന്റെ കഥയാണ്; മാസവും വര്‍ഷവുമുണ്ടായതിന്റെ കഥയാണ്; പ്രവചനസിദ്ധികൊണ്ട് പ്രകൃതിയെ മനുഷ്യന്‍ മെരുക്കിയതിന്റെ കഥയാണ്; സയന്‍സ് ഒരു സാധ്യതയാണെന്ന് തിരിച്ചറിഞ്ഞതിന്റെ കഥയാണ്.
ഇത് കലണ്ടര്‍ ഉണ്ടായതിന്റെ കഥയാണ്. പേരറിയാത്ത കുറേ വാനംനോക്കികള്‍ അവശേഷിപ്പിച്ചുപോയ ഫോസിലുകള്‍ സംസ്കാരത്തിന്റെ സ്മരണകളില്‍ നിന്ന് ഖനനം ചെയ്യാനുള്ളൊരു ശ്രമം.
ഇന്ന് വിഷുവാണെന്ന് അറിയാമല്ലോ. എന്താണീ ഈ വിഷു? അതിന്റെ പ്രാധാന്യമെന്തായിരുന്നു?3 എന്തുകൊണ്ട് ഈ ദിവസം തന്നെ അതിനായി തിരഞ്ഞെടുക്കപ്പെട്ടു? തലക്കെട്ടില്‍ പറഞ്ഞ “വിഷുവം” എന്താണ്? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ തേടിയുള്ള യാത്രയില്‍ നിശാകാശത്തെ പുതിയൊരു ദൃഷ്ടികോണില്‍ വരച്ചുകാട്ടുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. “വാനംനോക്കി” എന്നതൊരു മോശം കാര്യമേ അല്ല എന്ന് സ്ഥാപിക്കാനും!
ഭൂമി സൂര്യനെ ചുറ്റുന്നുണ്ട് (പരിക്രമണം – Revolution) എന്ന് നമുക്കെല്ലാം അറിയാം.4 എന്നാല്‍, ഒരു വലം വയ്ക്കല്‍ പൂര്‍ത്തിയായെന്ന് എങ്ങനെ മനസിലാക്കാനാകും?
നിങ്ങള്‍ സ്വന്തം വീടിനുചുറ്റും നടക്കുകയാണെന്ന് സങ്കല്‍പ്പിക്കുക. വീടിന്റെ ദിശയിലേക്ക് നോക്കാനാകില്ല എങ്കില്‍ എങ്ങനെ പുറപ്പെട്ടിടത്തെത്തി, അതായത് ഒരു വലം വയ്പ്പ് കഴിഞ്ഞു എന്ന് മനസിലാക്കാം? നടക്കുന്ന വഴിയിലുള്ള എന്തെങ്കിലും അടയാളങ്ങള്‍ കണ്ടുവയ്ക്കാം: ഒരു കൊന്നയോ, തുമ്പയോ, പേരയോ, മാവോ അങ്ങനെ എന്തെങ്കിലും. ഓരോ സ്ഥാനങ്ങളും സൂചിപ്പിക്കാന്‍ ഓരോ അടയാളങ്ങള്‍.
 
രാശികള്‍
http://stories.barkpost.com/wp-content/uploads/2013/12/canis-major-2.jpg
ഇത് തന്നെയാണ് ആകാശത്ത് ജ്യോതിഷികളും5 ചെയ്തുവച്ചിട്ടുള്ളത്: പരിചിതമായ ചില നക്ഷത്രക്കൂട്ടങ്ങള്‍, അവയെ രാശികള്‍ എന്ന് വിളിക്കും, ആകാശത്ത് അടയാളമാക്കി വച്ചിട്ടുണ്ട്. (രാശികളുടെ പേരുകള്‍ തത്കാലം ഇവിടെ പറയുന്നില്ല: വെറുതെ നീളം കൂട്ടണ്ട എന്ന് വിചാരിച്ചാണ്)
ഇനിയാണ് ഈ ഉദാഹരണം സങ്കീര്‍ണ്ണമാകുന്നത്. കാരണം, ഒന്ന്, ഭൂമി ഓരോ ദിവസവും സ്വയം ഭ്രമണം ചെയ്യുന്നുണ്ട്; അതായത്, നാം കാണുന്ന നിശാകാശം (പകലുള്ളതും, പക്ഷേ, അവിടെ വ്യക്തമായുള്ളത് സൂര്യന്‍ മാത്രമാണല്ലോ!) എല്ലായ്പ്പോഴും അല്പാല്പമായി കിഴക്കുനിന്നും പടിഞ്ഞാട്ട് നീങ്ങുന്നുണ്ട്. അതുകൊണ്ട്, ഒരു പ്രത്യേക നക്ഷത്രക്കൂട്ടം വ്യക്തമായി രേഖപ്പെടുത്തിയ സമയത്ത് എവിടെ എന്ന് മനസിലാക്കിയാലേ ഒരു വര്‍ഷം കഴിഞ്ഞ് അതവിടെത്തന്നെ വരുമ്പോള്‍ തിരിച്ചറിയാന്‍ കഴിയൂ.
ഇന്നിപ്പോള്‍ പരിചയമില്ലാത്ത ഒരു വാനനിരീക്ഷക ക്ലോക്ക് നോക്കി നക്ഷത്രങ്ങള്‍ എവിടെ എന്ന് നോക്കും പോലെ, (ഇന്ന് ഓണ്‍ലൈന്‍ ആയും അല്ലാതെയും വ്യക്തമായി ഇതെല്ലം രേഖപ്പെടുത്തിയ അനേകം സ്രോതസ്സുകള്‍ ലഭ്യമാണ്) നക്ഷത്രങ്ങളുടെ സ്ഥാനം രാത്രിയില്‍ സമയനിര്‍ണ്ണയത്തിന് ഉപയോഗിക്കാം എന്ന് വളരെക്കാലത്തെ നിരീക്ഷണവും ചിന്തയും കൊണ്ട് “വാനംനോക്കികള്‍” കണ്ടെത്തി. (വെറും “വാനംനോക്കല്‍” എന്നതില്‍ നിന്നും നാം പണ്ടേ വിട്ടുപോന്നു എന്ന് പറയേണ്ടല്ലോ; എന്നാലും, വെറും അല്ല എങ്കിലും ഇതും വാനംനോക്കല്‍ തന്നെ!)
അതുപോലെ, കാലാവസ്ഥാചക്രങ്ങള്‍ സൂര്യന്‍ ഏത് നക്ഷത്രത്തിന്റെ പശ്ചാത്തലത്തില്‍ ആണെന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്നും അവര്‍ മനസിലാക്കി. അങ്ങനെ വര്‍ഷാവര്‍ഷം കറങ്ങി വരുന്ന നക്ഷത്രങ്ങളെ മനുഷ്യന്റെ സംസ്കാരത്തിലേക്ക് പ്രയോജനകരമായി ആവാഹിക്കാന്‍ ജ്യോതിഷികള്‍ക്ക് കഴിഞ്ഞു.6
“സൂര്യന്റെ പശ്ചാത്തലത്തില്‍? അതെങ്ങനെ മനസിലാകും?” എന്ന വളരെ സ്വാഭാവികമായ ഒരു ചോദ്യം ഇവിടെയുണ്ട്. അതും ക്രാന്തിവൃത്തം (ecliptic) എന്ന ജ്യോതിഷ സങ്കല്‍പവും ഇനി വിശദീകരിക്കാം.
ചിത്രം 1*
ചിത്രം 1 നോക്കുക.* ഭൂമി കറങ്ങുമ്പോള്‍ അതിനനുസൃതമായി സൂര്യന്റെ പിന്നില്‍ നാം “കാണുന്ന” നക്ഷത്രങ്ങള്‍ മാറും. (ചിത്രത്തില്‍ 1,2,3 എന്നിങ്ങനെ പശ്ചാത്തല നക്ഷത്രക്കൂട്ടങ്ങള്‍ മാറുന്നു) ഓരോ നക്ഷത്രങ്ങളെ കൃത്യമായി വേര്‍തിരിച്ചറിയുക താരതമ്യേന ബുദ്ധിമുട്ടായതിനാല്‍ നക്ഷത്രക്കൂട്ടങ്ങളെ പല ചിത്രങ്ങളായി ഓര്‍ത്തുവച്ചാല്‍7 എപ്പോള്‍ വീണ്ടും ഭൂമി അതേ ഇടത്ത് പരിക്രമണം ചെയ്തെത്തി എന്ന് മനസിലാക്കാം.
പക്ഷേ, ആ നക്ഷത്രക്കൂട്ടങ്ങള്‍ കാണുക എന്നതൊരു സാങ്കേതിക സാധ്യത മാത്രമാണ്. സൂര്യന്റെ തീവ്രത കൊണ്ട് ആ നക്ഷത്രക്കൂട്ടങ്ങള്‍ ഏതെന്ന് കാണുക സാധ്യമേയല്ല! അപ്പോള്‍ എന്ത് ചെയ്യാന്‍ കഴിയും?
ചിത്രം 2*
ചിത്രം 2 കാണുക. ഇതില്‍ നാം എന്ത് കാണുന്നു എന്നതിന്റെ ചിത്രീകരണമാണ്. ഭൂമിയുടെ ചുറ്റും നക്ഷത്രകൂട്ടങ്ങളുടെ പശ്ചാത്തലത്തില്‍ സൂര്യന്‍ ചുറ്റി വരുന്നു. സൂര്യന്റെ ഈ പഥത്തെയാണ് ക്രാന്തിവൃത്തം എന്ന് വിളിക്കുന്നത്. ക്രാന്തിവൃത്തത്തില്‍ നക്ഷത്രക്കൂട്ടം 1-ന്റെ മുന്നില്‍ സൂര്യന്‍ നില്‍ക്കുമ്പോള്‍ നമുക്ക് അതിന്റെ നേരെ വിപരീതമായ നക്ഷത്രക്കൂട്ടം, “വിപരീത നക്ഷത്രക്കൂട്ടം 1” രാത്രിയില്‍ ദൃശ്യമാകും. “വിപരീത നക്ഷത്രക്കൂട്ടം 1”-ന്റെ പശ്ചാത്തലത്തില്‍ സൂര്യന്‍ നില്‍ക്കുമ്പോള്‍ നക്ഷത്രക്കൂട്ടം 1-ഉം. പക്ഷേ, അപ്പോഴും ഒരു പ്രശ്നം ബാക്കി നില്‍ക്കുന്നുണ്ട്. രാത്രി കാണുന്ന നക്ഷത്രങ്ങളില്‍ ഏതാണീ വിപരീത നക്ഷത്രക്കൂട്ടം എന്ന് എങ്ങനെ തിരിച്ചറിയും???
ഏതെങ്കിലും ഒരു സമയമെടുക്കുക. രാവിലെ 9 മണി എന്ന് സങ്കല്‍പ്പിക്കാം. ഇപ്പോള്‍ സൂര്യനുള്ള കോണ്‍ എന്തെന്ന് ശ്രദ്ധിക്കുക.8 രാത്രി 9-ന് അതേ കോണില്‍ കാണുന്നതാണ് വിപരീത നക്ഷത്രക്കൂട്ടം. 9 മണിക്ക് പ്രത്യേകിച്ച് പ്രാധാന്യമൊന്നുമില്ല എന്ന് പറയേണ്ടല്ലോ; ഏത് സൂര്യനെ രാവിലെയും നക്ഷത്രങ്ങളെ രാത്രിയും കാണാന്‍ പറ്റുന്ന ഏത് സമയത്തും ഈ പ്രക്രിയ സാധ്യമാണ്.
കുറേക്കൂടി നിരീക്ഷണം പുരോഗമിച്ചാല്‍, ഇന്നേക്ക് ആറുമാസം കഴിഞ്ഞ് വിപരീത നക്ഷത്രക്കൂട്ടമായി വരുന്നതാണ് ഇന്നത്തെ നക്ഷത്രക്കൂട്ടം എന്ന് മനസിലാകും. ഇങ്ങനെയുള്ള നിരീക്ഷണങ്ങളിലൂടെയാണ് കാലാവസ്ഥ വ്യക്തമായി പ്രവചിക്കാനും അങ്ങനെ കൃഷിയുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനും കഴിഞ്ഞത്.
ഇങ്ങനെ ഒരു കണക്ക് ഉണ്ടാക്കുമ്പോള്‍, കലണ്ടര്‍ ഉണ്ടാക്കുമ്പോള്‍, ഏത് ദിവസം എടുക്കും ഒരു ആരംഭമായി? ഓരോരുത്തരും സ്വന്തം ദിവസം ആരംഭമായെടുത്താല്‍ ഒരു പൊതു കലണ്ടര്‍ ഉണ്ടാകും? അതായത്, വര്‍ഷം എവിടെ തുടങ്ങും?
https://c.tadst.com/gfx/750x500/december-solstice-illustration.png?2
കാലാവസ്ഥയറിയാന്‍ വേണ്ടിയാണല്ലോ കലണ്ടറുണ്ടാക്കിയത്? അതുകൊണ്ട്, കാലാവസ്ഥയുമായി ബന്ധപ്പെട്ട എന്തെങ്കിലുമൊരു ദിവസമാണ് മിക്കവാറും കലണ്ടറുകളില്‍ ആരംഭമായി എടുക്കുന്നത്. നാം പൊതുവേ ഉപയോഗിക്കുന്ന ഗ്രിഗോറിയന്‍ കലണ്ടറില്‍ ആദ്യ ദിനമായെടുത്തത് ഏറ്റവും നീളം കുറഞ്ഞ ദിവസത്തില്‍ നിന്നും എട്ട് ദിവസം കഴിഞ്ഞ നാളാണ്. ഏറ്റവും നീളം കുറഞ്ഞ ദിവസമായിരുന്നു സാറ്റര്‍നാലിയ (Saturnalia) എന്ന പേരില്‍ റോമാക്കാര്‍ ആഘോഷിച്ചിരുന്നത്; അതാണ്‌ പിന്നീട് ക്രിസ്തുമസ് ആഘോഷമായത്. പക്ഷേ, ഇന്ന് ആ ദിവസം മാറിപ്പോയി; ക്രിസ്തുമസ് അല്ല ഏറ്റവും നീളം കുറഞ്ഞ ദിനം. (എന്തുകൊണ്ട് എന്ന് വഴിയേ പറയാം)
ഇനി വിഷുവം എന്തെന്ന്. ഏറ്റവും നീളം കുറഞ്ഞ ദിവസം പോലെ ഏറ്റവും നീളം കൂടിയ ദിവസവുമുണ്ട്. ഇവയെ ക്രമേണ ഉത്തരായനാന്തം, ദക്ഷിണായനാന്തം (Winter Solstice and Summer Solstice) എന്ന് വിളിക്കും; ഡിസംബര്‍ 22-നും ജൂണ്‍ 22-നും ആണീ ദിവസങ്ങള്‍.
ഇവയ്ക്കിടയില്‍ ദിവസവും രാത്രിയും സമമായ രണ്ട് ദിവസങ്ങളുണ്ട്: അവയാണ് സമരാത്രദിനങ്ങള്‍. (Equinox) സൂര്യന്‍ വിഷുവത്തില്‍ എത്തുന്ന ദിവസങ്ങളാണിവ. ഇവയില്‍ വസന്തവിഷുവം (Vernal Equinox) എന്ന പൂക്കാലവുമായി ബന്ധപ്പെട്ട ദിനമാണ് നാം വര്‍ഷാരംഭമായി എടുത്തിരുന്നത്.
ഭൂമി സൂര്യനെ ചുറ്റുന്ന അക്ഷത്തില്‍ (Axis) നിന്നും 23.5 ഡിഗ്രി ചെരിഞ്ഞാണ്‌ ഭൂമി സ്വയം ചുറ്റുന്ന അക്ഷം എന്ന് അറിയാമല്ലോ? ഇതുമൂലമാണ് കാലാവസ്ഥയില്‍ സ്വാഭാവികമായ മാറ്റമുണ്ടാകുന്നത്; സൂര്യപ്രകാശം ഭൂമിയില്‍ എവിടെ, എത്ര അളവില്‍ വീഴുന്നു എന്നതില്‍ വിവിധ സമയത്ത് വരുന്ന വ്യത്യാസങ്ങള്‍ കൊണ്ടാണീ കാലാവസ്ഥാമാറ്റങ്ങള്‍. അതുകൊണ്ട്, കാലാവസ്ഥയുമായി ബന്ധപ്പെട്ട കലണ്ടറില്‍ ഈ വസ്തുതയ്ക്ക് വലിയ പ്രാധാന്യമുണ്ട്.
ക്രാന്തിവൃത്തം പോലെ തന്നെ മറ്റൊരു വൃത്തം കൂടി ആകാശത്ത് വരയ്ക്കാം; ഭൂമധ്യരേഖയെ (Equator) ആകാശത്തിലേക്ക് വികസിപ്പിച്ചാല്‍ ഉണ്ടാകുന്ന വൃത്തത്തെ നാം ഖമധ്യരേഖ (Celestial Equator) എന്ന് വിളിക്കും. ഈ രണ്ട് വൃത്തങ്ങളും 23.5 ഡിഗ്രി ചെരിഞ്ഞുതന്നെയാണ്. ഒന്ന് ഭൂമിയുടെ കറക്കവുമായും മറ്റൊന്ന് സൂര്യന്റെ കറക്കം അഥവാ ഭൂമിയുടെ പരിക്രമണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതുകൊണ്ടാണിത്.
വിഷുവങ്ങള്‍
ക്രാന്തിവൃത്തവും ഖമധ്യരേഖയും രണ്ടിടങ്ങളില്‍ പരസ്പരം കടന്നുപോകുന്നുണ്ട്. ആ സ്ഥാനങ്ങളാണ് വിഷുവങ്ങള്‍. മാര്‍ച്ച് 21-ല്‍ വസന്തവിഷുവവും സെപ്തംബര്‍ 23-ന് ഉത്തരവിഷുവവും. (Autumnal Equinox) (ചിത്രം കാണുക) 1600 കൊല്ലം മുന്‍പ് മലയാളമാസങ്ങള്‍ ജ്യോതിശാസ്ത്ര വസ്തുതയായ വസന്തവിഷുവവുമായി ബന്ധപ്പെട്ടിരുന്നു; അന്ന് മേടം ഒന്ന് സമരാത്ര ദിനമായിരുന്നു.
*
പിന്നെയെന്ത് സംഭവിച്ചു? ഭൂമിയുടെ ഭ്രമണാക്ഷം പതിയെപ്പതിയെ കറങ്ങുന്നുണ്ട്. (എത്ര കറക്കമായി എന്നാകും അല്ലെ?) അതെ, ഭൂമിയുടെ കറക്കവും കറങ്ങുന്നുണ്ട്! ഏതാണ്ട് ഇരുപത്തിമൂന്നര ഡിഗ്രി ഭ്രമണാക്ഷത്തില്‍ നിന്നും ചെരിഞ്ഞ ഒരു അക്ഷത്തിലാണ് ആ കറക്കം. (ചിത്രം കാണുക) ഇരുപത്തിയാറായിരം (26,000) വര്‍ഷങ്ങള്‍ കൊണ്ടാണ് ഈ കറക്കം, സാങ്കേതികമായി പറഞ്ഞാല്‍ പുരസ്സണം (Precession) പുര്‍ത്തിയാകുന്നത്.
പരിക്രമണത്തില്‍ മാറ്റമൊന്നും വരാത്തതുകൊണ്ട്, ഇതുമൂലം വിഷുവസ്ഥാനങ്ങള്‍ വളരെ പതിയെയാണെങ്കിലും മാറും. ഈ പ്രതിഭാസത്തെ പറ്റി നമ്മുടെ കലണ്ടര്‍ ഉണ്ടാക്കിയ വാനംനോക്കികള്‍ക്ക് അറിയില്ലായിരുന്നു; അതുകൊണ്ട് ഈ മാറ്റത്തെ കാലാവസ്ഥയുമായി ബന്ധപ്പെടും വണ്ണം തിരുത്താന്‍ അവര്‍ ശ്രമിച്ചിരുന്നില്ല.
പുരസ്സണം അനുസരിച്ച് വിഷുദിനം പരിഷ്കരിച്ചാലെ വിഷു അതിന്റെ നാമകാരണമായ വിഷുവവുമായി, വിഷു കൊണ്ടുവരുന്ന വസന്തവുമായി ബന്ധപ്പെട്ടിരിക്കൂ. വിഷുവിനും മുന്‍പേ കൊന്ന പൂക്കുന്നത് കണി വയ്ക്കാന്‍ എളുപ്പത്തിനല്ല; നമ്മള്‍ വിഷു എന്ന് ആഘോഷിക്കുന്നു എന്നതല്ല, വസന്തം എന്ന് വരുന്നു എന്നതാണ് ചെടികള്‍ക്ക് കാര്യം എന്നതുകൊണ്ടാണ്.
ഏതാണ്ട് ഇരുപത്തിനാലായിരത്തിനാന്നൂറ് കൊല്ലം കഴിഞ്ഞാല്‍ വീണ്ടും വിഷു മേടം ഒന്നിനാകും. പക്ഷേ, അതിനിടയില്‍ കാലാവസ്ഥയുമായി വളരെ വേറിട്ട്‌ പോകും നമ്മുടെ കലണ്ടര്‍. കര്‍ക്കടകത്തില്‍ കല്ലുരുട്ടി മഴയുണ്ടാകില്ല; വിഷുവിന് കണിക്കൊന്നയും ഉണ്ടാകില്ല!9
വിഷു എന്ന പേര് വിഷുവത്തില്‍ നിന്ന്, വസന്തം വരുന്നു എന്ന ഓര്‍മ്മയില്‍ നിന്ന് ഉണ്ടായ പേരാണ്. ലേഖനത്തിനാദ്യം പറഞ്ഞതുപോലെ നമ്മുടെ സംസ്കാരത്തിന്റെ സ്മരണകളില്‍ നിന്ന് ഈ വസ്തുത കുഴിച്ചെടുത്ത് പൊടികളഞ്ഞ് പ്രദര്‍ശനത്തിന് വച്ചിരിക്കുകയാണ്.
പക്ഷേ, ആ വാനംനോക്കിയുടെ കണ്ണിലൂടെ ഒന്ന് നോക്കൂ. പാതി പൂര്‍ത്തിയായ ഒരു കെട്ടിടം, വാസയോഗ്യമെങ്കിലും കാലത്തെ അതിജീവിക്കാത്ത ഒരു സൃഷ്ടി; അതിനെ ഇനി പരിഷ്കരിക്കാന്‍ കഴിയാത്ത അതിന്റെ യഥാര്‍ത്ഥ ശില്പി എന്താഗ്രഹിക്കും? ആരെങ്കിലും പൂര്‍ത്തിയാക്കി അത് അനന്തകാലം തേജസ്സോടെ അതിജീവിക്കണമെന്നോ, അതോ  പണിതപോലെ തന്നെ ഇരിക്കട്ടെ, പൊളിഞ്ഞ് പോകട്ടെ എന്നോ?
ഒരു ജ്യോതിശാസ്ത്ര കുതുകി എന്ന നിലയില്‍ എനിക്ക് വിഷുവം എന്തെന്ന് കൂടുതലാള്‍ അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. ഒരു മലയാളി എന്ന നിലയില്‍ എന്റെ പിന്‍ഗാമികളും ഓര്‍മ്മയില്‍ വിഷുവിന് “ഇത്തിരി കൊന്നപ്പൂവും” പൂത്തുകാണണമെന്നുണ്ട്.
എന്തായാലും തത്കാലം എല്ലാവര്‍ക്കും വിഷു ഇന്ന് തന്നെയാണ്. വിഷുവത്തിന്റെ, വസന്തത്തിന്റെ വിസ്മൃതിയിലും ഓര്‍ത്തിരിക്കുന്ന ആഘോഷം.
ഒരു നിമിഷം ഓര്‍ക്കുക, വസന്തത്തിന്റെ വരവിനെ... കൊന്നപ്പൂക്കളെ...
http://www.tradewindsfruit.com/content/images/cassia-alata12.jpg

വിഷു ആശംസകള്‍. കടന്നുപോയ വിഷുവത്തിന്റെ ആശംസകളും.

അവലംബവും കുറിപ്പുകളും
  1. https://en.wikipedia.org/wiki/Stellar_nucleosynthesis
  2. “There are all kinds of interesting questions that come from a knowledge of science, which only adds to the excitement and mystery and awe of a flower. It only adds. I don't understand how it subtracts.” – എന്ന ഫൈന്മന്‍ ഉദ്ധരണിയില്‍ നിന്നും പ്രചോദിതം. https://en.wikiquote.org/wiki/Richard_Feynman
  3. ഈ ലേഖനത്തെ പറ്റി സംസാരിച്ചപ്പോള്‍ ചില സുഹൃത്തുക്കള്‍ (നിതീഷേട്ടന്‍, രാജേഷേട്ടന്‍) ഓര്‍മ്മപ്പെടുത്തിയതുപോലെ ഇന്ന് വിഷുവും ഒരാഘോഷം മാത്രമാണ്. തലയ്ക്ക് വെളിവ് കിട്ടാനൊരവധി; അത്ര തന്നെ. “പ്രാധാന്യമെന്ത്” എന്ന ചോദ്യത്തിനര്‍ത്ഥമില്ല; “എന്തായിരുന്നു” എന്നുതന്നെയാകണം ചോദ്യം.
  4. തത്കാലം അത് തെളിയിക്കാന്‍ പോകുന്നില്ല. “വെള്ളം നനയ്ക്കും” എന്ന് തെളിയിക്കാന്‍ പറയും പോലെ, പ്രശ്നം തെളിവില്ലാത്തതല്ല, അനേകം തെളിവുകള്‍ ഉള്ളതുകൊണ്ട് എന്ത് പറയും എന്ന സംശയമാണ്. https://en.wikipedia.org/wiki/Earth%27s_orbit
  5. https://en.wikipedia.org/wiki/Constellation. ഓറിയോണ്‍, Orion, എന്ന വേട്ടക്കാരന്‍ ആകും തിരിച്ചറിയാന്‍ ഏറ്റവും എളുപ്പമുള്ള രൂപം. https://en.wikipedia.org/wiki/Orion_(constellation)
  6. ജ്യോതിഷം എന്നത് ഇവിടെ Old Astronomy അഥവാ പ്രാചീന ജ്യോതിശാസ്ത്രം എന്ന അര്‍ത്ഥത്തില്‍ ആണുപയോഗിക്കുന്നത്. ജ്യോതിഷികളോട് ബഹുമാനം എന്റെ വാക്കുകളില്‍ തോന്നിയാല്‍ അതൊരബദ്ധമല്ല!
  7. ബൂര്‍ഷ്വാകളെ പോലെ, ജ്യോത്സ്യന്മാരും തക്കം പാര്‍ത്തിരിക്കുകയായിരുന്നു. ഇതേ പ്രവചനസിദ്ധി തന്നെയാണ് പിന്നീട് ഫലഭാഗജ്യോതിഷം അഥവാ ജോത്സ്യം (Astrology) എന്ന പേരില്‍ ദുരുപയോഗം ചെയ്യപ്പെട്ടത്! മഴയും വെയിലും ഞാറ്റുവേലയും ഗ്രഹണങ്ങളും ആകാശത്ത് നോക്കി പറയാം; എന്നാല്‍ മനുഷ്യരുടെ ഭാവിയെ സ്വാധീനിക്കുന്ന ഒന്നും അവിടെ ഇല്ല. പക്ഷേ, ഭാവി പ്രവചനത്തിന് ഇവര്‍ എന്തെന്ത് സങ്കേതങ്ങള്‍, ഗണിതവും നിരീക്ഷണവും, ഉപയോഗിച്ചു എന്നറിയാത്തവരെ എന്ത് ഭാവിയും ഞങ്ങള്‍ക്ക് പ്രവചിക്കാന്‍ കഴിയും എന്ന് പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. https://en.wikipedia.org/wiki/Astrology
  8. ധനുര്‍യന്ത്രം (Inclinometer) പോലുള്ള ലളിതമായ ഉപകരണങ്ങള്‍ കൊണ്ട് ആകാശത്തിലെ ഒരു വസ്തുവുള്ള കോണ്‍ അളക്കാവുന്നതാണ്. https://en.wikipedia.org/wiki/Inclinometer  ഒരു പോട്രാക്റ്ററിന്റെ കീഴില്‍ ഒരു കുഴല്‍ പിടിപ്പിക്കുക; അതില്‍ നിന്നും 90 ഡിഗ്രി വരയിലൂടെ ഒരു നൂലില്‍ കല്ല്‌ കെട്ടി താഴേക്കിടുക. ഈ സംവിധാനമാണ് ധനുര്‍യന്ത്രം. ആകാശത്തിലെ ഒരു വസ്തുവിനെ കുഴലിലൂടെ നോക്കിയാല്‍ നൂല് നീങ്ങി പ്രസ്തുത കോണളവില്‍ നില്‍ക്കും.
  9. ഉണ്ടാക്കും എന്ന് സംശയമില്ല; സയന്‍സിനെ തെറ്റ് തിരുത്താനുള്ള തിരിച്ചറിവായിട്ടല്ലാതെ പൊട്ടത്തരങ്ങള്‍ നന്നായി ചെയ്യാന്‍ ഉപയോഗിക്കുക എന്നതാണല്ലോ പൊതുരീതി. മേടമാസം പുനക്രമീകരിക്കില്ല; കൊന്ന ജനറ്റിക് എഞ്ചിനിയര്‍ ചെയ്യും! https://en.wikipedia.org/wiki/Reactionary_modernism


*ഞാന്‍ തന്നെ പെയിന്റില്‍ വരച്ചതാണ്, ഇഹലോകത്തിന്റെ ആദ്യ സ്വന്തം ചിത്രം. ആര്‍ക്കെങ്കിലും ഇത് ഉപയോഗിക്കണം എങ്കില്‍ എടുക്കാവുന്നതാണ്. 100% സ്വതന്ത്ര ലൈസന്‍സ്. ഇനിയും ഇത്തരം ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ ഞാന്‍ അവയുടെ കീഴില്‍ നക്ഷത്രചിഹ്നം (*) ഇടുന്നതാണ്.

കടപ്പാട്: പരിഷത്ത് പ്രസിദ്ധീകരിച്ച പാപ്പൂട്ടിമാഷുടെ “ജ്യോതിഷവും ജ്യോതിശാസ്ത്രവും” എന്ന പുസ്തകം ഈ ലേഖനത്തിന് എല്ലാവിധത്തിലുമുള്ള പ്രചോദനമായിട്ടുണ്ട്. ചിലപ്പോള്‍ മുഴുവന്‍ വാചകങ്ങള്‍ തന്നെ അബോധമായി ഉപയോഗിച്ച് പോയിട്ടുണ്ടാകാം!

Friday, 24 March 2017

ഇഴചേരാത്ത ഊടും പാവും

കുറിപ്പ്: ഒരു ശരാശരി ഇഹലോകം ലേഖനത്തില്‍ നിന്നും വലിപ്പത്തിലും ഘടനയിലും കുറച്ചൊക്കെ മാറിയിട്ടാണീ ലേഖനം. ഒരു ശരാശരി പൊളിച്ചടുക്കല്‍ ഈ വിഷയത്തില്‍ ഒന്നുമാകില്ല എന്നതുകൊണ്ടാണിത്.
വലിയൊരു ലേഖനമാകുമ്പോള്‍ അക്ഷരത്തെറ്റുകളുടെ അക്ഷയഖനിയാകാനും നല്ല സാധ്യതയുണ്ട്; എന്തെങ്കിലും വശപ്പിശക് തോന്നിയാല്‍ തിരുത്തുക.
മാത്രമല്ല, ഇന്റര്‍നെറ്റിനോട് ഒട്ടിച്ചേര്‍ന്നല്ലാതെ എഴുതുന്നതുകൊണ്ട് ലിങ്ക് രഫറന്‍സുകളും ഉണ്ടാകില്ല; ഉണ്ടാകാവുന്ന ലിങ്കുകളുടെ എണ്ണത്തെപ്പറ്റിയുള്ള പേടി കൂടി വച്ചിട്ടാണ് അതോഴിവാക്കിയത്. ചോദിച്ചാല്‍ എതൊരു പ്രസ്താവനയ്ക്കും സ്രോതസ് നല്‍കാന്‍ ഞാന്‍ തയ്യാറാണ്.
കുറ്റങ്ങള്‍ക്കും കുറവുകള്‍ക്കും ക്ഷമാപണം; ക്ഷമയ്ക്കും ശ്രദ്ധയ്ക്കും നന്ദി.

“ഞാനൊരു സിദ്ധാന്തം പറയട്ടെ, അവ്യക്ത...”
“അയ്യോ, അവ്യക്തമാണെങ്കില്‍ വേണ്ട!”
- എന്റെ സുഹൃത്ത് തോമസിന്റെ വാക്കുകള്‍.

http://habib.edu.pk/sseblog/wp-content/uploads/2016/02/Spacetime-1.jpg
അവ്യക്ത” –സി. രാധാകൃഷ്ണന്‍ സൃഷ്ടിച്ച ഈ ‘സിദ്ധാന്തം’ പത്രവാര്‍ത്തകളിലൂടെ മലയാളി മനസുകളെ കയ്യിലെടുത്തുകഴിഞ്ഞു. പക്ഷേ, ഈ വാര്‍ത്താബഹളങ്ങള്‍ക്ക് മുന്‍പേ തന്നെ ഈ ‘സിദ്ധാന്തത്തെ’ ഞാന്‍ ഒരു ഫിസിക്സ് വിദ്യാര്‍ത്ഥി എന്ന നിലയില്‍ പരിശോധിച്ചതാണ്: അങ്ങനെ ഒരു സിദ്ധാന്തം തന്നെ ഇല്ല എന്നാണെന്റെ നിഗമനം. അതെന്തുകൊണ്ട് എന്നതിനെക്കുറിച്ചുള്ള ഒരു ലേഖനമാണിത്; “സ്ഥലകാലത്തിന്റെ ഊടും പാവും” എന്നവകാശപ്പെടുന്ന അവ്യക്തയുടെ ഇഴകള്‍ ചേരുന്നില്ല എന്നതിന്റെ തുറന്നുകാട്ടല്‍. ഈ പ്രയത്നം വിജയകരമാകാന്‍ ഒരു ശാസ്ത്രസിദ്ധാന്തം എന്താകണം എന്നും, എന്തൊക്കെ ഒരിക്കലും ശാസ്ത്രസിദ്ധാന്തങ്ങളാകില്ല എന്നും വിശദീകരിക്കേണ്ടിവരും. അതുകൊണ്ട് തന്നെ സിദ്ധാന്തങ്ങള്‍ ഉണ്ടാക്കുന്നതിനെപ്പറ്റിയുള്ള ഒരു ലേഖനം കൂടിയാണിത്.
അവ്യക്ത തെറ്റാണോ? അല്ല. തെറ്റാകാന്‍ പോലും യോഗ്യതയില്ലാത്ത* ഒരു ഭാവനാസൃഷ്ടി മാത്രമാണിത്. അതെന്തുകൊണ്ട് എന്നറിയണമെങ്കില്‍ മനസ്സില്‍ സയന്‍സ് വേണം, സയന്റിഫിക് ടെമ്പര്‍ വേണം, ഒരല്പം ശാസ്ത്രവസ്തുതകളും വേണം. ഇതെല്ലാം കുത്തിനിറച്ച, ഒരു വാഗണ്‍ ട്രാജഡിയാകാന്‍ സാധ്യതയുള്ള ഈ ലേഖനത്തിലേക്ക് മനക്കട്ടിയുള്ളവര്‍ മാത്രം കടക്കുക. പകുതി വായിച്ച് അവ്യക്തയെ അതിലും അവ്യക്തമായി മനസിലാക്കി വയ്ക്കരുത്!
  എന്തായാലും കടിച്ചാല്‍ പൊട്ടാത്ത താത്വിക അവലോകനങ്ങളിലേക്ക് കടക്കും മുന്‍പ് “രസകരമായ” (അതായത് താരതമ്യേന ബോറ് കുറഞ്ഞ) കുറച്ച് ഫിസിക്സിലേക്ക് കടക്കാം. ഈ ലേഖനത്തിന്റെ കേന്ദ്രബിന്ദുവായ അവ്യക്തയോട് നേരിട്ട് ബന്ധമില്ല എങ്കിലും ഈ ചര്‍ച്ചകളില്‍ എന്തിനെപ്പറ്റിയാണ് പറയുന്നത് എന്ന തിരിച്ചറിവ് വളരെ ഉപകാരപ്രദമാകും. അപ്പോള്‍, ആദ്യം സ്വല്പം വ്യക്തത:
ഫിസിക്സിലെ പ്രതിസന്ധി
സയന്‍സിന്  എല്ലാമറിഞ്ഞുകൂട എന്ന് സയന്‍സിനറിയാം; എല്ലാമറിയാം സയന്‍സ് ഈ പെടാപ്പാട് പെടില്ലായിരുന്നു.
- ഡാര ഓ ബ്രയന്‍, ടിവി അവതാരകന്‍
പ്രിന്‍കിപ്പിയയുടെ കവര്‍
http://www.esa.int/
ഐസക് ന്യൂട്ടന്‍ (Issac Newton) കണ്ടെത്തിയ “ഭൂഗോളത്തിന്റെ സ്പന്ദനം” ഗണിതശാസ്ത്രത്താല്‍ വിശദീകരിക്കുന്ന രീതിയാണ് ഫിസിക്സ്. അതിനുമുന്‍പ്‌ നടന്ന സമാനമായ പഠനങ്ങളെ പ്രകൃതി തത്വശാസ്ത്രം (Natural Philosophy) എന്നായിരുന്നു വിളിച്ചിരുന്നത്; ഇതിനാല്‍ തന്നെയാണ് “പ്രകൃതി തത്ത്വശാസ്ത്രത്തിന്റെ ഗണിത തത്വങ്ങള്‍” (Philosophie Naturalis Pricipia Mathematica – ഇംഗ്ലീഷില്‍ The Mathematical Principles of Natural Philosophy) എന്ന പേര് തന്റെ “പ്രിന്‍കിപ്പിയ” എന്ന് സുപ്രസിദ്ധമായ കൃതിക്ക് ന്യൂട്ടന്‍ നല്‍കിയത്.
ഇതൊക്കെ കണക്കാക്കിയത് എന്തിനാണെന്ന ചോദ്യത്തിനുത്തരം വഴിയെ തരാം. (സി. രാധാകൃഷ്ണന്‍ ആരോപിക്കും പോലെ അളന്ന് സ്വന്തമാക്കാനോ പലരും പറയും പോലെ മനപ്പൂര്‍വം ദുര്‍ഗ്രാഹ്യമാക്കാനോ അല്ല എന്ന് പറഞ്ഞുവയ്ക്കട്ടെ!) ന്യൂട്ടന്‍ ഫിസിക്സ് കണ്ടുപിടിച്ച കാലം തൊട്ടേ പ്രതിസന്ധികള്‍ അതിന്റെ കൂടപ്പിറപ്പാണ്. അതിലൊരു പ്രശ്നത്തിന്റെ ലഘുചരിത്രമാണ് ഇവിടെ. “പ്രകാശത്തിന്റെ സ്വഭാവമെന്ത്‌?” എന്നതാണ് ചോദ്യം.
രണ്ട് ഉത്തരങ്ങളാണ് ഇതിന് ശാസ്ത്രജ്ഞര്‍ നല്‍കിവന്നിട്ടുള്ളത്: കണങ്ങള്‍, തരംഗങ്ങള്‍. (Particles and Waves)
എന്താണ് കണം? എന്താണ് തരംഗം? തത്കാലം ഞാനതിവിടെ പറയുന്നില്ല! അത് തന്നെ ഒരു ലേഖനമെഴുതാനും മാത്രമുള്ള വിഷയമാണ്‌. എന്തായാലും കണങ്ങള്‍ എന്നുപറഞ്ഞാല്‍ പന്തുകള്‍ എന്നോ തരംഗങ്ങള്‍ എന്നുപറഞ്ഞാല്‍ തിരമാലകള്‍ എന്നോ അല്ല അര്‍ത്ഥം. ചില ഗണിതനിയമങ്ങള്‍ അംഗീകരിക്കുന്ന പ്രതിഭാസങ്ങളെ നാം അങ്ങനെ വിളിക്കുന്നു എന്ന് കരുതുക. അതായത്, കണത്തിന്റെ സമവാക്യം സാധൂകരിക്കുന്നു എങ്കില്‍ അതൊരു കണമാണ്; തരംഗങ്ങളുടെ സമവാക്യങ്ങള്‍ സാധൂകരിക്കുന്നു എങ്കില്‍ അതൊരു തരംഗവും. (ഈ ഉത്തരം ഒട്ടും തൃപ്തികരമല്ല എന്നെനിക്കറിയാം; പക്ഷേ, കൂടുതല്‍ വിശദാംശങ്ങളിലേക്ക് തത്കാലം കടക്കാന്‍ നിവൃത്തിയില്ല) നമുക്ക് നമുക്ക് പരിചയമുള്ള ലോകത്ത് കാണുന്ന കാറ്റായും തിരമാലകളായും പന്തുകളായും ഒക്കെയാകും ഇതിനെയൊക്കെ മനസ്സില്‍ ചിത്രീകരിക്കാന്‍ തോന്നുക; കാരണം, നമുക്കതേ പരിചയമുള്ളൂ. (“അളിയൻ ഇനി ഈ വീട്ടിൽ കോമൺ സെൻസ് എഴുന്നള്ളിച്ചോണ്ട് വരരുത്...!” ഇത് കുറച്ചുകൂടി വിശദമായി പറയുന്നുണ്ട്) അതുകൊണ്ട് പക്ഷേ, പ്രകൃതി അങ്ങനെതന്നെ പെരുമാറണം; നമ്മുടെ ഭാവനയ്ക്കനുസരിച്ച് പ്രകൃതി അടങ്ങിയൊതുങ്ങി നില്‍ക്കണം എന്നൊന്നും പറയാന്‍ പറ്റില്ലല്ലല്ലോ!
http://images.iop.org/objects/phw/news/15/8/4/fibre.jpg
ന്യൂട്ടന്‍ കണസിദ്ധാന്തം (Corpuscular Theory) ശരിയെന്ന് വാദിച്ചെങ്കില്‍ തുടര്‍ന്ന് നടന്ന പരീക്ഷണങ്ങള്‍ പ്രകാശം തരംഗസ്വഭാവമാണ് കാട്ടുന്നത് എന്ന നിഗമനത്തിലെത്താന്‍ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചു. അതായത്, പ്രകാശം തരംഗമാണ് എന്ന ഗണിതസങ്കല്‍പം ഉപയോഗിച്ചാല്‍ പ്രകാശത്തിന്റെ എല്ലാ പെരുമാറ്റങ്ങളും വിജയകരമായി വിശദീകരിക്കാന്‍ കഴിയും എന്ന് ശാസ്ത്രജ്ഞര്‍ കരുതി. ആ പ്രതിസന്ധി പരിഹരിക്കപ്പെട്ടു എന്ന് കരുതി.
ഇനിയാണ് ഫിസിക്സിലെ തന്നെ ഏറ്റവും വലിയ വിപ്ലവങ്ങളില്‍ ഒന്നുണ്ടാകുന്നത്. “പ്രകാശവൈദ്യുതി പ്രഭാവം” (Photoelectric Effect) എന്നൊരു പ്രതിഭാസം വിശദീകരിക്കണമെങ്കില്‍ പ്രകാശം കണമാണെന്ന് സങ്കല്‍പ്പിച്ചേ മതിയാകൂ. അതായത്, ഒരേസമയം കണങ്ങളുടെയും തരംഗത്തിന്റെയും സ്വഭാവം കാണിക്കുന്നുണ്ട് പ്രകാശം! അപ്പോള്‍ എന്താ ചെയ്യുക?! രണ്ടും കൂടി അടുത്ത ഗണിതരൂപം മെനഞ്ഞുണ്ടാക്കി. അടിച്ച വഴിയെ പ്രകൃതി ഒരിക്കലും പോകില്ല എന്നതുകൊണ്ട് പോയവഴിയെ അടിച്ചേ മതിയാകൂ. (സത്യത്തില്‍ അത് നാം തെളിക്കുന്ന ഒരു കാളയല്ല, വഴികാട്ടുന്ന വിളക്കുമരമാണല്ലോ!) കണതരംഗങ്ങള്‍. (Particle Waves)
ഈ കണതരംഗങ്ങള്‍ എന്ന സങ്കല്‍പം മനസ്സില്‍ ആലോചിച്ചുണ്ടാക്കല്‍ വലിയ സാഹസമാണ്; ഇപ്പോഴും അതിന് വ്യക്തമായൊരു ചിത്രം മനസിലുണ്ട് എന്നെനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയില്ല. എന്നാല്‍, ഗണിതത്തിലൂടെ ആ പദം കൊണ്ട് ഉദ്ദേശിക്കുന്ന യുക്തി എനിക്ക് മനസിലാകും; അങ്ങനെ അത് തെറ്റാണോ ശരിയാണോ എന്ന് പരീക്ഷണങ്ങളിലൂടെ സ്ഥിതീകരിക്കാനും സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനുമൊക്കെ സാധ്യമാകും.
ഈ ഗണിതത്തിന്റെ സ്വല്പം കൂടി വികസിതമായ രൂപമാണ് നാം ക്വാണ്ടം മെക്കാനിക്സ് (Quantum Mechanics) എന്ന് വിളിക്കുന്ന സിദ്ധാന്തം. പ്രകാശം പോലെ തന്നെ, ഇലക്ട്രോണുകളും മറ്റ് അടിസ്ഥാന കണങ്ങളും കണതരംഗങ്ങള്‍ തന്നെയാണ്.  അതുകൊണ്ട്, ക്വാണ്ടം മെക്കാനിക്സ് പ്രകാശവും ഇലക്ട്രോണുകളും ഒക്കെ വിശദീകരിക്കുന്ന ഫിസിക്സിലെ ഒരടിസ്ഥാന സിദ്ധാന്തം തന്നെയാണ്.
ഇനിയാണ് പ്രതിസന്ധി: ഐന്‍സ്റ്റീന്റെ ആപേക്ഷികതാസിദ്ധാന്തവുമായി ക്വാണ്ടം മെക്കാനിക്സ് ഒത്തുപോകാന്‍ ബുദ്ധിമുട്ടാണ്. ഗാലക്സികളെ ബന്ധിപ്പിക്കുന്ന, വാതകങ്ങള്‍ കൂട്ടിച്ചേര്‍ത്ത് നക്ഷത്രങ്ങളെ സൃഷ്ടിക്കുന്ന  ഗുരുത്വാകര്‍ഷണം വിശദീകരിക്കണമെങ്കില്‍ ആപേക്ഷികതാസിദ്ധാന്തം കൂടിയേ തീരു; സൂക്ഷ്മപ്രതിഭാസങ്ങളിലെ ബലങ്ങള്‍ വിശദീകരിക്കണമെങ്കില്‍ ക്വാണ്ടം മെക്കാനിക്സും അനിവാര്യമാണ്.
ആപേക്ഷികതാസിദ്ധാന്തം പ്രകാശവേഗത്തിനപ്പുറം വിവരം കൈമാറ്റം ചെയ്യുന്നത് അസാധ്യമാണെന്ന് പറയുന്നു; ക്വാണ്ടം മെക്കാനിക്സില്‍ അത് സാധ്യമാണ്. ഈ വൈരുധ്യം മൂലം രണ്ടിലോന്നില്‍ അല്ലെങ്കില്‍ രണ്ടിലും തെറ്റുകളുണ്ട്; അവ തിരുത്തി ഒരു ഏകീകൃത സിദ്ധാന്തമായി ഇതിനെ മാറ്റാന്‍ ശാസ്ത്രജ്ഞര്‍ ദശാബ്ദങ്ങളായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. പരിപൂര്‍ണ്ണ വിജയം എന്ന് പറയാനാകില്ലെങ്കിലും ആ ഗവേഷണങ്ങള്‍ വളരെയധികം മുന്നോട്ടുപോയിട്ടുണ്ട്.
ഇതാണ് ഇപ്പോള്‍ ഫിസിക്സിലെ പ്രതിസന്ധി. പക്ഷേ, അറിയാത്ത ഒന്ന് തേടിപ്പോകുമ്പോള്‍ ആശയക്കുഴപ്പങ്ങള്‍ എപ്പോഴും കൂടെയുണ്ടാകും; അതാണ്‌ എല്ലാ ശാസ്ത്രങ്ങളുടേയും പുത്തന്‍ ഗവേഷണമേഖലകളില്‍ സംഭവിക്കുന്നത്, ഇത് തന്നെ ഫിസിക്സിലും ഉണ്ട്.
ഫിസിക്സില്‍ എല്ലാം തീര്‍പ്പായി ആരും ഇങ്ങോട്ടിനി ആനകളെയും തളിച്ചുകൊണ്ട് വരണ്ട എന്നല്ല പറയുന്നത് എന്ന് സാരം. തീര്‍പ്പായാലും ഇല്ലെങ്കിലും ആനകളേയും തളിച്ച് ഈ വഴിക്ക് എന്തായാലും വരണ്ട കാര്യമില്ല, ഇവിടെ മനുഷ്യര്‍ ഫുട്ബോള്‍ കളിക്കുകയാണ്! അതായത്, ഇത് കളി വേറെയാണ്.
ഇതാണ് “രസകരം” എങ്കില്‍ ഇനി വരുന്നതെന്താകും എന്നല്ലേ? അവ്യക്ത.
അവ്യക്ത: പ്രബന്ധവും പത്രവാര്‍ത്തകളും
ഏതെങ്കിലും ഒരാള്‍ ചന്ദ്രന്‍ പാല്‍ക്കട്ടികൊണ്ടുണ്ടാക്കിയതാണെന്ന് അവകാശപ്പെട്ടാല്‍ ഒരു ജ്യോതിശാസ്ത്രജ്ഞ തന്റെ ടെലസ്കോപ്പ് ഉപേക്ഷിച്ച് ഇതിനെവിശദമായി ഘണ്ഡിക്കണം എന്ന് പ്രതീക്ഷിക്കാനൊക്കുമോ?
- മാര്‍ട്ടിന്‍ ഗാര്‍ഡ്നര്‍, Fads and Fallacies In The Name of Science
Avyakta: The Fabric of Space എന്ന സിദ്ധാന്തം അവതരിപ്പിച്ചു എന്നുപറയുന്ന പ്രബന്ധം ഒരു പീഡനമായിരുന്നു.+ (ലിങ്ക്: http://prespacetime.com/index.php/pst/article/view/1140/1144)  അതിനെപ്പറ്റിയുള്ള അവലോകനങ്ങള്‍ പുറകെ വരുന്നുണ്ട്. പ്രഥമദൃഷ്ട്യാ ഈ പേപ്പര്‍ എങ്ങനെ സയന്‍സല്ല എന്ന് നിഗമിക്കാന്‍ കഴിയും എന്നതാണ് ഞാന്‍ ആദ്യം ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്നത്.
ഈ ശാസ്ത്രലോകവുമായി ബന്ധമില്ലാതിരുന്ന് പെട്ടന്ന് പേപ്പര്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്കെല്ലാം ഐന്‍സ്റ്റീന്‍ ആണല്ലോ ഹീറോ. (ഐന്‍സ്റ്റീന്‍ ഡോക്ടറേറ്റ് എടുത്തിട്ടാണ് പേറ്റന്റ് ക്ലാര്‍ക്ക് ആയി പണി എടുത്തിരുന്നത് എന്നതൊന്നും ആര്‍ക്കും പ്രശ്നമല്ല!) അപ്പോള്‍ നമുക്ക് ഈ പ്രബന്ധത്തെ ഐന്‍സ്റ്റീന്റെ വിശിഷ്ട ആപേക്ഷികതാസിദ്ധാന്തം അവതരിപ്പിച്ച പേപ്പറുമായി താരതമ്യം ചെയ്യാം... (ഐന്‍സ്റ്റീനോട് താരതമ്യം ചെയ്യരുത് എന്നൊന്നും പറഞ്ഞേക്കരുത്! ഐന്‍സ്റ്റീനെയൊക്കെ മറികടന്നുപോയി എന്നാണല്ലോ അവകാശവാദം.)
http://archive.ncsa.illinois.edu/
On the Electrodynamics of Moving Bodies എന്നാണ് ഐന്‍സ്റ്റീന്റെ പേപ്പറിന്റെ പേര്. ഹൃസ്വമായ ഒരാമുഖത്തിനുശേഷം ഗണിതശാസ്ത്രഅവലോകനത്തിലേക്ക് കടക്കുകയാണ് ഈ പ്രബന്ധം. തുടര്‍ന്ന് പ്രകശവേഗം സ്ഥിരമായി അനുമാനിച്ചാല്‍ ഉണ്ടാകുന്ന മാറ്റങ്ങളെ വളരെ വ്യക്തമായി, ഗണിതത്തിന്റെ കണിശതയോടെ, അവതരിപ്പിക്കുന്നു. സത്യം പറഞ്ഞാല്‍ അങ്കഗണിതവും ന്യൂട്ടോണിയന്‍ ഫിസിക്സും അറിയാവുന്ന ആര്‍ക്കും വായിച്ചാല്‍ മനസിലാകുന്ന ഒരു സുന്ദരസൃഷ്ടിയാണ് ആ പ്രബന്ധത്തിന്റെ ആദ്യഭാഗം. വിദ്യുത്കാന്തികതയെ പറ്റിയുള്ള രണ്ടാം ഭാഗം അത്രയും ലളിതമല്ല എന്നാലും വ്യക്തം തന്നെയാണ്. ഈ പേപ്പര്‍ പ്രസിദ്ധീകരിച്ചത് Annalen der Physik എന്ന 1799 മുതല്‍ ഫിസിക്സ് പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്ന, ഇന്നും അറിയപ്പെടുന്ന ജേണലില്‍ ആണ്. (പേപ്പര്‍ പ്രസിദ്ധീകരിക്കാന്‍ ശരിക്കും പേരും പെരുമയും ഒന്നും വേണ്ട; പേപ്പറില്‍ എന്തെങ്കിലും ഉണ്ടായാല്‍ മതി എന്ന്.)
ഇനി അവ്യക്ത പേപ്പറിലേക്ക് വരാം. എന്താണിതിന്റെ ഗണിതം എന്നാണ് ഞാനാദ്യം നോക്കിയത്. അങ്ങനെ ഒരു സാധനം ഇല്ല. (അടുത്ത ഭാഗത്ത് ഞാനിത് കൂടുതല്‍ പറയാം) അതായത് പതിനെട്ടോളം പേജ് നീണ്ട വാചാടോപം.
തുടക്കത്തിലുള്ള കുറച്ച് ഒരു സാമ്പിള്‍ ആയി എടുത്ത് കാട്ടാം:
Assumptions
A). It is assumed that a fabric of special nature pervades the entire universe as a continuous web. A term is introduced for it here - 'Avyakta'.
B). It is assumed that Avyakta (the fabric of space, S for short) is pliable in its own way, so that at any time at any given point it is either Tough or Humble or Flat. When S is Tough, it spreads out if left free. When Humble its tendency is to shrink. When Flat, it does neither; it will remain idle. Toughness and humbleness indicate action-potential of mutually opposite nature. The word 'Vigour' is proposed to be used to indicate this potential.
C). It is assumed that Avyakta is tough at this stage of the universe, but it is declining in toughness. The decline started from the big bang, and the background fabric has consistently spread out but has not yet reached the Flat state.
D). A particle is considered as a small volume of S with an additional toughness (T), surrounded by S of normal background toughness (t). It is also assumed that at the quantum level, T is represented as a wave of the fabric.
ഇത് വായിച്ചിട്ട് എന്തെങ്കിലും സിദ്ധാന്തം നിങ്ങള്‍ക്ക് തോന്നുന്നുണ്ട് എങ്കില്‍ ഉടനെ തന്നെ ഒരു ഡോക്ടറെ കാണണം. കാരണം, ഇതില്‍ ഒന്നുമില്ല. ശൂന്യതയില്‍ നിന്ന് സിദ്ധാന്തങ്ങള്‍ പിടിച്ചെടുക്കുകയല്ല ശാസ്ത്രജ്ഞര്‍ ചെയ്യുക. പരീക്ഷണഫലങ്ങളിലും മുന്‍ പഠനങ്ങളിലും അധികരിച്ചാണ് ഊഹങ്ങള്‍ മെനയുക. എന്തുകൊണ്ട് ഈ ഊഹങ്ങള്‍ എന്ന് പറയുന്നതേയില്ല! (ഐന്‍സ്റ്റീന്റെ പേപ്പറില്‍ അത് വ്യക്തമാണ്)
http://digitalpaper.mathrubhumi.com/c/17790217
ഇതുപോലെ കുറേ ഊഹങ്ങള്‍, അതിനുമേല്‍ ഊഹങ്ങള്‍. ഓരോ പ്രതിഭാസവും വിശദീകരിക്കാന്‍ ഓരോ പുതിയ ഊഹങ്ങള്‍. വായിച്ചാല്‍ തലയ്ക്ക് പ്രാന്തുപിടിക്കും, തീര്‍ച്ച.

ഈ പ്രാന്തില്‍ നിന്നും ഞാന്‍ പതിയെ മുക്തനായി വരുമ്പോഴാണ് പത്രവാര്‍ത്തകള്‍. ദേ, ഇപ്പോള്‍ മാതൃഭൂമിയില്‍ ഒരു ലേഖനവും! രണ്ട് ഗീതാ ശ്ലോകങ്ങളില്‍ നിന്ന് ഇതിന്റെ മൊത്തം പൊരുള്‍ വെളിപ്പെട്ടുകിട്ടിയത്രേ! എന്നാല്‍ ഇദ്ദേഹത്തിനിത് വല്ല കൊള്ളാവുന്ന ജേണലിനും അയച്ചുകൂടായിരുന്നോ? Prespacetime Journal എന്ന തലക്ക് വെളിവുള്ള ആര്‍ക്കും തട്ടിപ്പ് ജേണലാണെന്ന് മനസിലാകുന്ന സാധനത്തിലാണ് ഇത് പ്രസിദ്ധീകരിച്ച് വന്നിരിക്കുന്നത്. (കൂടുതല്‍ ഞാന്‍ പറയുന്നില്ല)
ഇനി, ഇത് എന്തുകൊണ്ടൊരു ശാസ്ത്രസിദ്ധാന്തമാകുന്നില്ല എന്ന വിശദീകരണം. കണക്കാണ്.
ഇക്വേഷനെവിടെ? ഇക്വേഷനെവിടെ?
ഗണിതശാസ്ത്രം ഭാഷയും യുക്തിചിന്തയും കൂടിയതാണ്.
- റിച്ചാഡ് ഫൈന്മന്‍, The Character of Physical Law
ഈ സമവാക്യങ്ങള്‍, ഗണിതം ഇതിനൊക്കെ ഞാന്‍ കിടന്ന് മുറവിളി കൂട്ടുന്നതെന്തിനെന്നു തോന്നിയോ? കാരണം ലളിതമാണ്, ഫിസിക്സ് സമവാക്യങ്ങളാണ്. സി. രാധാകൃഷ്ണന്‍ ഫിസിക്സ് എത്രമാത്രം മനസിലാക്കിയിട്ടുണ്ടെന്ന് മാതൃഭൂമി ലേഖനത്തിലെ ഈ ഭാഗം വ്യക്തമാക്കുന്നുണ്ട്.
          അളന്നുകണക്കാക്കി തിരിക്കുന്നത് ‘സ്വന്ത’മാക്കാനുള്ള പുറപ്പാടിന്റെ ആദ്യ പടിയാണ്.
അല്ല. അളക്കുന്നത് തിരിച്ചറിവിന് വേണ്ടിയാണ്. തോന്നുന്നത് തോന്നുമ്പോള്‍ വിളിച്ചുപറഞ്ഞ്, എല്ലാം ശരിയാണെന്ന് ആഘോഷിക്കാനുള്ള ആത്മവഞ്ചന കൈവശമില്ലാത്ത പാവങ്ങളുടെ ഏക ആശ്രയം. ന്യൂട്ടന്‍ സൗരയൂഥം ആര്‍ക്കും തീറെഴുതുകയായിരുന്നില്ല; എല്ലാവര്‍ക്കും വേണ്ടി സൗരയൂഥത്തെ യുക്തിയുടെ ഭാഷയില്‍ ഒരു കവിതയാക്കുകയായിരുന്നു. ആ കവിതയില്‍ നിന്ന് പ്രപഞ്ചനൃത്തം കാണാനും ഒരു വാല്‍നക്ഷത്രം എപ്പോള്‍, എവിടെ വരും എന്ന് പ്രവചിക്കാന്‍ എഡ്മണ്ട് ഹാലിക്ക് (Edmund Halley) കഴിഞ്ഞു. കാരണം, അത് ന്യൂട്ടന്‍ തന്റെതാക്കിയ പ്രപഞ്ചത്തിലുള്ളതല്ല; അവര്‍ പങ്കിടുന്ന ഇഹലോകത്തിനുള്ളതാണത്.
ഗണിതം ഒരു ഭാഷയാണ്‌. പക്ഷേ, മറ്റ് ഭാഷകള്‍ക്കില്ലാത്ത പ്രത്യേകതരം വ്യാകരണമുള്ള ഒരു ഭാഷ. ആ ഭാഷ യുക്തിയാണ്; പൂര്‍വ്വാപര ബന്ധമാണ്.
ഭൂമിയുടെ ഏത് കോണില്‍ ആര് നിര്‍ധാരണം ന്യൂട്ടോണിയന്‍ ഫിസിക്സില്‍ (കൂടുതല്‍ സങ്കീര്‍ണ്ണമാക്കണ്ട എന്ന് കരുതിയാണ്) ബലത്തിന്റെ സമവാക്യമായ F=ma ഒരേ അര്‍ത്ഥമാണ് നല്‍കുക. ചിലപ്പോള്‍ നിങ്ങള്‍ക്ക് ഞാന്‍ കാണാത്ത ഒരു തലം അതില്‍ നിന്നും നിര്‍ദ്ധാരണം ചെയ്യാന്‍ കഴിഞ്ഞേക്കാം; പക്ഷേ, പടിപടിയായി അത് എന്നേയും കാട്ടിത്തരാനും അതുവഴി നമ്മളിരുവര്‍ക്കും ആ തിരിച്ചറിവ് പങ്കിടാന്‍ കഴിയുകയും ചെയ്യും: ഇതാണ് ഗണിതത്തിന്റെ അനിവാര്യത.
സ്വന്തമാക്കാനുള്ള ത്വരയല്ല, പങ്കിടാനുള്ള ആവേശമാണ് ഗണിതത്തിലുള്ളത്. ഒരു വ്യക്തമായ തിരിച്ചറിവ്, ഐന്‍സ്റ്റീനുണ്ടായതുപോലെ ഒന്ന്, ഉണ്ടായിട്ടുണ്ട് എങ്കില്‍ അതിനെ ഗണിതഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ കഴിയേണ്ടതാണ്. ഇനി കഴിയുന്നില്ല എങ്കില്‍, ഒന്ന്, അത് അവ്യക്തമായിരിക്കും(!); രണ്ട്, മൈക്കല്‍ ഫാരഡേയ്ക്ക് (Micheal Faraday) ഉണ്ടായതുപോലെ തുടര്‍ച്ചയായ പരീക്ഷണങ്ങളില്‍ നിന്നും ഉണ്ടായ ഒരു ഭൌതിക തിരിച്ചറിവായിരിക്കും.
http://mucholderthen.tumblr.com/
വൈദ്യുതിയേയും കാന്തികതയേയും പറ്റിയുള്ള സ്വന്തം നിരീക്ഷണങ്ങള്‍ എഴുതിവയ്ക്കാനല്ലാതെ അതിനെ ഗണിതമാക്കാന്‍ വേണ്ട വിദ്യാഭ്യാസം സിദ്ധിച്ചിരുന്നില്ല ഫാരഡേയ്ക്ക്. എന്നാല്‍, അദ്ദേഹം “അളന്ന് തിട്ടപ്പെടുത്തി” “സ്വന്തമാക്കി” വച്ചിരുന്ന കണക്കുകള്‍ ജെയിംസ് മാക്സ്വേല്‍ (James Maxwell) എന്ന ഗണിതമാന്ത്രികന് വിദ്യുത്കാന്തികകതയുടെ മൌലിക നിയമങ്ങളാക്കി മാറ്റുവാന്‍ സാധിച്ചു.
ന്യൂട്ടന്റെ കണക്കിനെ പരീക്ഷണമാക്കി വാല്‍നക്ഷത്രം കണ്ടെത്തിയ ഹാലി; ഫാരഡേയുടെ അളവുകളെ ഗണിതശാസ്ത്രമാക്കി വിദ്യുത്കാന്തിക പ്രതിഭാസങ്ങളുടെ പൊരുളറിഞ്ഞ മാക്സ്വേല്‍. ഇവരൊക്കെ എന്താണാവോ സ്വന്തമാക്കിയത്? ഒരു വാല്‍നക്ഷത്രത്തിലും സമവാക്യങ്ങളിലും തങ്ങളുടെ പേരുകള്‍ പതിച്ചതോ?!
ഇങ്ങനെയുള്ള അതികായന്മാരുടെ തോളില്‍ നിന്ന് അപ്പുറം നോക്കാതെ അവിടെ കയറിയിരുന്ന് ചെവി തിന്നുന്ന ഡയലോഗാണ് “ഞാന്‍ സമവാക്യങ്ങള്‍ എഴുതില്ല” എന്നത്.
ഗണിതത്തിലായ സിദ്ധാന്തങ്ങളുടെ ചില പ്രയോജനങ്ങളിതാണ്:
1. നമ്മുടെ ആശയം ഭാഷകളുടെ പരിധികളില്ലാതെ കൈമാറാനാകും; ഗണിതം ആഗോളീയമാണല്ലോ!
2. യുക്തിചിന്ത വ്യാകരണമാക്കുന്നു എന്നതുകൊണ്ട് തന്നെ, എന്തെങ്കിലും ചിന്താക്കുഴപ്പം ഉണ്ടെങ്കില്‍ കണ്ടെത്താനെളുപ്പമാണ്.
3. ഒരൊറ്റ അര്‍ത്ഥമേയുള്ളൂ എന്നതുകൊണ്ട് വ്യാഖ്യാനിച്ച് വലിച്ചുനീട്ടി എന്തുമാക്കാന്‍ കഴിയില്ല.
4. നാം കാണാത്ത തലങ്ങള്‍ അതില്‍ നിന്നും ഗണിതനിയമങ്ങള്‍ പിന്തുടര്‍ന്ന് വേറൊരാള്‍ക്ക് നിര്‍ദ്ധരിക്കാന്‍ കഴിയും.
5. നിര്‍ദ്ധാരണങ്ങള്‍ വഴി പരീക്ഷിക്കാനുള്ള അനേകം വഴികള്‍ കണ്ടെത്താനും അതുവഴി പലയിടത്തും പരീക്ഷിച്ചുറപ്പിക്കാനും കഴിയും.
ഇനിയും പല സൗകര്യങ്ങളും ഗണിതമെന്ന ഭാഷയ്ക്കുണ്ട്. ഇതുകൊണ്ടാണ് ഗണിതം ഫിസിക്സിന്റെ ഭാഷയാകുന്നത്. ഇതേ കാരണം കൊണ്ടാണ് “ഇക്വേഷനെവിടെ?” എന്ന് ഏത് പേപ്പര്‍ കാണുമ്പോളും നമ്മള്‍ പരിഭ്രാന്തിയോടെ തപ്പിപ്പോകുന്നത്; കാരണം, അതിന്റെ ഗണിതം എന്ത് പ്രവചിക്കുന്നു എന്ന് ലേഖനം വായിച്ച് മനസിലാക്കുന്നതിലും വ്യക്തമായി മനസിലാകും.
ഇതാണ് ഗണിതം. അളന്ന് മുറിക്കുന്നത് ഭൂമി സ്വന്തമാക്കാന്‍ മാത്രമല്ല, ജ്യാമിതി (Geometry) എന്ന തിരിച്ചറിവിന് വളമാകാന്‍ കൂടിയാണെന്ന് ഗീത വായിച്ചാല്‍ വെളിപ്പെട്ടുകിട്ടണമെന്നില്ല.
ഒരിക്കലും തെറ്റാത്ത തിയറി!
കൃത്യമായ നിര്‍വചനങ്ങള്‍ സാധ്യമല്ലെങ്കില്‍ അക്കാര്യത്തെപ്പറ്റി എന്തെങ്കിലും അറിയാമെന്ന് അവകാശപ്പെടാനാവില്ല.
- റിച്ചാഡ് ഫൈന്മന്‍, The Character of Physical Law
http://sandwalk.blogspot.in/2012/08/disproving-evolution.html
ഒരു ശാസ്ത്ര സിദ്ധാന്തത്തിന്റെ പ്രധാന സ്വഭാവമെന്താണ്? അസത്യവത്കരണക്ഷമത. (Falsifiability) അതായത്, തെറ്റാണെന്ന് തെളിയിക്കാനുള്ള സാധ്യത അനിവാര്യമാണ്. ഐന്‍സ്റ്റീന്റെ സിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കാന്‍ പ്രകശവേഗം മറികടക്കുന്ന കണങ്ങളെ കണ്ടെത്തിയാല്‍ മതി. ക്വാണ്ടം മെക്കാനിക്സ് തെറ്റാണെന്ന് തെളിയിക്കാന്‍ അനിശ്ചിതത്വം (Uncertainty) പ്രകൃതിയുടെ സ്വഭാവമല്ല എന്ന് അളന്നുകാട്ടിയാല്‍ മതി. പരിണാമം തെറ്റാണെന്ന് തെളിയിക്കാന്‍ തെറ്റായ ക്രമത്തില്‍ ഒരു ഫോസില്‍ കിട്ടിയാല്‍ മതി. ഈ മൂന്നു സിദ്ധാന്തങ്ങളിലും ഇനിയും അത് സാധ്യമായിട്ടില്ല എങ്കിലും പരീക്ഷിക്കാനും തെറ്റന്ന് സ്ഥാപിക്കപ്പെടാനും വ്യക്തമായ ഒരു സാധ്യതയുണ്ടല്ലോ? അതാണ്‌ അസത്യവത്കരണക്ഷമത.
അവ്യക്തയ്ക്ക് ഈ ഗുണമില്ല. അതിന്റെ കാരണം ഗണിതമില്ല എന്നത് തന്നെ. എങ്ങനെയും വ്യാഖ്യാനിച്ച് ഏത് വഴിക്കും കൊണ്ടുപോകാം ഈ വാക്കുകള്‍. ഇതുപോലെ ഒരു സിദ്ധാന്തം ഏതൊരാള്‍ക്കും കണ്ണുമടച്ച് ഉണ്ടാക്കാവുനന്നതേയുള്ളൂ.
ഒരുദാഹരണം:       
വിരക്ത എന്ന ഒരൊറ്റ കണമാകുന്നു എല്ലാത്തിന്റെയും കാരണം. വിരക്തയുടെ വ്യതിരിക്തമായ വ്യതികലനക്രമങ്ങളാകുന്നു കണതരംഗങ്ങളായി നമ്മള്‍ നിരീക്ഷിക്കുന്നത്. നമ്മുടെ ഒരുപകരണവുമായും പ്രതിപ്രവര്‍ത്തിക്കാന്‍ താത്പര്യം ഇല്ലാത്തതുകൊണ്ടാണ് “വിരക്ത” എന്ന പേര്. ഒരു രക്ഷയുമില്ലാതെ വരുമ്പോള്‍ സ്വയം വ്യതികലിച്ച് വിരക്ത നമ്മുടെ ലോകത്തെ കണമായി മാറുന്നു. അല്ലാത്തപ്പോള്‍, ബിഗ്‌ ബാങ്ങിനു മുന്‍പ്, വിരക്ത പരിപൂര്‍ണ്ണ വിരക്തമായി ഇരിക്കുന്നു. സമയം പോകും തോറും വിരക്തി കുറഞ്ഞും ആസക്തി കൂടിയും വരും. ആസക്തി കൂടിയ ഭാവിയുടെ ഈ സമമിതിയുള്ള വ്യത്യാസം കൊണ്ടാണ് ആന്റി പാര്‍ട്ടിക്കിളുകളെക്കാള്‍ പാര്‍ട്ടിക്കിള്‍ ഉള്ളത്. സമയത്തിന്റെ ഇതേ വിരക്തി/ആസക്തി പ്രതിപവര്‍ത്തനം കൊണ്ടാണ് ആദ്യം നക്ഷത്രങ്ങളും തുടര്‍ന്ന് ഗാലക്സികളും ഉണ്ടാകുന്നത്. ആദ്യം ആസക്തി പ്രവര്‍ത്തനം നന്നേ കുറവാണല്ലോ...
(സി. രാധാകൃഷ്ണനോളം നല്ലൊരെഴുത്തുകാരനേ അല്ല ഞാന്‍, അതുകൊണ്ട് അവ്യക്തയോളം വരുമോ ഇതെന്ന് സംശയമാണ്!)
ഇങ്ങനെ ഒരു ഭാവനാസൃഷ്ടികള്‍ ഉണ്ടാക്കിയെടുക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല എന്ന് മാത്രമല്ല, അത് മനുഷ്യസഹജവുമാണ്.
ഈ ബ്ലോഗിന്റെ തലക്കെട്ടിനുകീഴെ ഒരുദ്ധരണിയുണ്ട്; അതില്‍ ഓര്‍മ്മിപ്പിക്കും പോലെ സ്വയം കബളിപ്പിക്കാനാണ് ഏറ്റവും എളുപ്പം. ഒരു ശാസ്ത്രജ്ഞന്‍ ആദ്യം സ്വയം ഓര്‍മ്മിപ്പിക്കേണ്ട കാര്യമാണത്.
ആ വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോള്‍, വ്യക്തമായ ഒരു പ്രവചനമോ, ഒരു പരീക്ഷണമോ നടന്നിട്ടില്ലാത്ത ഒന്നിനെപ്പറ്റി “സംശയിക്കണ്ട, വേറെ വഴിയില്ല” എന്നൊരു ലേഖനം എഴുതുന്ന വ്യക്തി സ്വയം കബളിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് വിലപിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല. സ്വയം കബളിപ്പിച്ചാല്‍ മറ്റുള്ളവരെ കളിപ്പിക്കാനും എളുപ്പമാണ്! നമ്മുടെ മാധ്യമങ്ങള്‍ ഒരെഴുത്തുകാരന്‍ മെടഞ്ഞുണ്ടാക്കിയ ഇല്ലാത്ത സിദ്ധാന്തവും എടുത്തണിഞ്ഞ് ചമഞ്ഞ് നില്‍ക്കുമ്പോള്‍ “രാജാവ് നഗ്നനാണെ”ന്ന് വിളിച്ചുപറയാന്‍ ഒരാളെങ്കിലും വേണ്ടേ?
ഇത് ശരിക്കും അവ്യക്തയെ പറ്റി തന്നെയാണോ? ഭാഗീകമായി മാത്രം. ഗണിതത്തിന്റെ പ്രാധാന്യവും അസത്യവത്കരണക്ഷമതയുടെ ആവശ്യകതയും ഞാനീ അവസരം ഉപയോഗിച്ചു എന്ന് പറയാം.
പക്ഷേ, അവ്യക്ത തെറ്റ് പോലുമല്ല എന്ന് തുടക്കത്തില്‍ പറഞ്ഞതെന്തേ?
കാരണം ലളിതം, വ്യക്തമായ പ്രവചനമുള്ള, അസത്യവത്കരണക്ഷമമായ ഒരു സിദ്ധാന്തം സൃഷ്ടിക്കുക എളുപ്പമുള്ള കാര്യമല്ല; അത് തെറ്റെന്ന് തെളിഞ്ഞാലും അത് സയന്‍സിന്റെ ഭാഗം തന്നെയാണ്. പരാജയപ്പെട്ടാലും നൂറുശതമാനവും ശാസ്ത്രീയമായ പരിശ്രമം; അതിനതിന്റെ മൂല്യമുണ്ട്.
എന്നാല്‍, ഒന്നും വ്യക്തമായി പ്രവചിക്കാനില്ലാത്ത, ഈ ലോകത്തില്‍ എന്ത് നടക്കും എന്ന് കൃത്യമായി പറയാനാകാത്ത ഒരു സിദ്ധാന്തം പരിപൂര്‍ണമായും ഉപയോഗശൂന്യമാണ്. “തെറ്റ്” എന്ന മൂല്യം പോലും അതര്‍ഹിക്കുന്നില്ല.
 ഫിസിക്സില്‍ പ്രശ്നങ്ങളുണ്ട്. ഇനിയിപ്പോ സി. രാധാകൃഷ്ണന് അത് പരിഹരിക്കാന്‍ പറ്റും എങ്കില്‍ അതിനെ നിറമനസ്സോടെ സ്വാഗതം ചെയ്യുന്നു. പക്ഷേ, ആദ്യം വ്യക്തമായ സമവാക്യങ്ങളും കൃത്യമായ പ്രവചനങ്ങളും കൊണ്ടുവരൂ. (സമവാക്യങ്ങള്‍ ഉണ്ടെങ്കില്‍ പ്രവചനങ്ങള്‍ ഉണ്ടാക്കുന്ന കാര്യം ശാസ്ത്രലോകം ഏല്‍ക്കും!) നമുക്കത് പരീക്ഷിച്ചുനോക്കാം.
ഇനി ഇതിനൊന്നും പറ്റാതെ കണക്ക് ചോദിച്ചാല്‍ സ്വത്വബോധത്തെ പറ്റി തത്ത്വശാസ്ത്ര പ്രസംഗം നടത്താനാണെങ്കില്‍ ക്ഷമിക്കൂ മഹാമതേ, വേറെ പണിയുണ്ട്!
അവ്യക്തയും ഞാനും: ഈ ലേഖനമുണ്ടായ കഥ
ആ നിമിഷത്തിന്റെ അനിവാര്യതയില്‍ ഞാന്‍ ഞാനല്ലാതായിപ്പോയി.
- സൈന്റ് എക്സ്യൂപെറി, The Little Prince
ഞാന്‍ അവ്യക്തയില്‍ ചെന്ന് ചാടുന്നത് ഈ ഫെബ്രുവരിയിലാണ്. ഫെബ്രുവരി 24-ന് ദേശീയ സയന്‍സ് ദിനം എന്നോരാചാരമുണ്ടല്ലോ! അന്ന് എന്റെ യൂണിവേഴ്സിറ്റി സയന്‍സ് ക്യാമ്പസില്‍ വിശിഷ്ടാതിഥിയായി സി. രാധാകൃഷ്ണനായിരുന്നു ക്ഷണിക്കപ്പെട്ടത്. പൂച്ച-പോന്നുരുക്കല്‍ സംശയം കാരണം ഞാന്‍ ഇദ്ദേഹത്തെ ഒന്ന് ഗൂഗിള്‍ ചെയ്തു. അങ്ങനെ ഞാന്‍ അവ്യക്തയില്‍ ചെന്ന് ചാടി.
എന്താണിത് എന്ന ആത്മാര്‍ത്ഥമായ ആകാംക്ഷയോടെ വായിച്ചുതുടങ്ങിയ എന്നെ അത്യഗാധമായ ഒരു നിരാശയുടെ പടുകുഴിയിലേക്ക് ഉന്തിയിട്ടു ഈ പ്രബന്ധം. ഇദ്ദേഹത്തിന്റെ പ്രസംഗം നടക്കുന്ന സമയം ഞാന്‍ വേദിയുടെ അടുത്തെങ്ങും ചെന്നേയില്ല. എനിക്ക് എന്റെ സ്വന്തം “ശാസ്ത്രവും കപടശാസ്ത്രവും” അവതരണം ഉണ്ടായിരുന്നു; അത് പരിശീലിക്കുന്നു എന്ന വ്യാജേന വിട്ടുനിന്നു! സത്യത്തില്‍ എനിക്കെന്നെ നിയന്ത്രിക്കാന്‍ പറ്റുമോ എന്ന സംശയം മൂലമാണ് ഞാന്‍ ആ വഴിക്ക് പോകാതിരുന്നത്. ആള്‍ വന്നു, കാര്യമായി അവ്യക്ത പറയാതെ പോയി.
അതവിടെ തീര്‍ന്നു എന്ന് വിചാരിച്ചിരുന്നതാണ്. പക്ഷേ, കഴിഞ്ഞ ഡിസംബറില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തെ പറ്റി മാര്‍ച്ച് അവസാനമാണ് നമ്മുടെ പത്രങ്ങള്‍ക്ക് ബോധോദയമുണ്ടാകുന്നത്. അങ്ങനെ വാര്‍ത്ത കാണുന്നു.
അപ്പോള്‍ത്തന്നെ “ഇതെന്നെയും കൊണ്ടേ പോകൂ” എന്ന് തോന്നിയതാണ്. “അളന്നുകണക്കാക്കി തിരിക്കുന്നത് ‘സ്വന്ത’മാക്കാനുള്ള പുറപ്പാടിന്റെ ആദ്യ പടിയാണ്.” എന്ന വാചകം വായിച്ചതോടെ എന്റെ എല്ലാ നിയന്ത്രണവും വിട്ടു. ഇതിനുമുന്‍പ് ഉണ്ടായിട്ടില്ലാത്ത വലുതും ഒരായിരം വിഷയങ്ങള്‍ കുത്തിത്തിരുകിയതുമായ ഒരു ലേഖനം എഴുതിക്കളയാം എന്ന് തീരുമാനിച്ചു.
അങ്ങനെയാണ് “ഇഴചേരാത്ത ഊടും പാവും” പിറവിയെടുക്കുന്നത്.
ഇഴചേര്‍ക്കാന്‍ നിതാന്ത പരിശ്രമത്തിലാകും ഈ ഭൂഗോളത്തിന് ചുറ്റുമുള്ള അനേകം ശാസ്ത്ര വിദ്യര്‍ത്ഥികളെപ്പോലെ ഞാനും. ഫൈന്മന്‍ പറഞ്ഞതുപോലെ:
പ്രകൃതി സുദീര്‍ഘമായ ഇഴകള്‍ ഉപയോഗിച്ചേ ക്രമങ്ങള്‍ നെയ്യാറുള്ളൂ, അതുകൊണ്ട് ആ വസ്ത്രത്തിന്റെ ഓരോ ചെറുകഷ്ണങ്ങളും ആ ഊടും പാവും ചേര്‍ന്നിരിക്കുന്നതെങ്ങിനെയെന്ന് വെളിപ്പെടുത്തും.


*വോള്‍ഫ്ഗാങ്ങ് പോളി (Wolfgang Pauli) എന്ന ശാസ്ത്രജ്ഞന്‍ പറഞ്ഞ ഒരു പ്രസ്തവനയില്‍ പ്രചോദിതം. “ഇത് ശരിയല്ല, ഇത് തെറ്റ് പോലുമല്ല,” (“This is not right, this is not even wrong.”)

+ഈ പേപ്പര്‍ ആദ്യം വായിക്കാന്‍ ക്ഷമകെട്ടപ്പോള്‍ വായിച്ച് സഹായിച്ച ഹരിക്ക് നന്ദി.


പിന്‍കുറിപ്പ്: ഈ ഒരു ലേഖനം എഴുതുന്നതിനിടയില്‍ ഒരിത്തിരി കൂടുതല്‍ കലിപ്പായിരുന്ന എന്നെ സഹിച്ച, കയ്യേറ്റം ചെയ്യാതിരുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി. 

കൂടുതല്‍ വായിക്കപെട്ട പോസ്റ്റുകള്‍