Thursday, 13 April 2017

വിഷുവും വിഷുവവും: വാനംനോക്കികളുടെ ഫോസില്‍

ഇതിൽ പിശകുകൾ ഉള്ളതുകൊണ്ടും, കൂടുതൽ നന്നായി എഴുതാം എന്ന് തോന്നിയത് കൊണ്ടും തിരുത്തി എഴുതിയിട്ടുണ്ട്. ദയവായി അവഗണിക്കുക. ആർക്കൈവ് ആയിട്ട് ഇട്ടിരിക്കുന്നതാണ്.

സമര്‍പ്പണം: ഞാനാദ്യം കണ്ട വാനംനോക്കിക്ക്, നിശാകാശത്തിന്റെ സൗന്ദര്യം ആശയങ്ങള്‍ക്കുമപ്പുറം ഒരു വികാരമായി എന്റെ മനസ്സില്‍ സന്നിവേശിപ്പിച്ച, ഓറിയോണ്‍ ആകാശത്തുള്ളിടത്തോളം എന്റെ വിഷാദങ്ങള്‍ മാഞ്ഞുപോകുന്നതിന് കാരണഭൂതനായ എന്റെ അച്ഛന്...
https://upload.wikimedia.org/wikipedia/commons/3/37/Pinnacles_Night_Sky_-_Flickr_-_Joe_Parks.jpg
കുറ്റാക്കുറ്റിരുട്ടത്ത് നിശാകാശം നോക്കി നിന്നിട്ടുണ്ടോ? കവികള്‍ മുതല്‍ ശാസ്ത്രജ്ഞര്‍ വരെയുള്ള സഹൃദയരെ പരിധികളില്ലാതെ വിസ്മയിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തിട്ടുണ്ടീ ദൃശ്യം. ഇടവിട്ട് മിന്നുന്ന പ്രകാശക്കുത്തുകള്‍, അവയ്ക്കിടയില്‍ മിന്നാത്ത ചില തോന്ന്യാസികള്‍, വല്ലപ്പോഴും കത്തിയമരുന്ന കൊള്ളിയാനുകള്‍, അതിലുമപൂര്‍വ്വമായി വന്നുപോകുന്ന വാല്‍നക്ഷത്രങ്ങള്‍ പിന്നെ കവികളെ അത്രയൊന്നും സന്തോഷിപ്പിക്കാന്‍ സാധ്യതയില്ലാത്ത വീമാനങ്ങളും കൃത്രിമോപഗ്രഹങ്ങളും.
ഇവയ്ക്കോരോന്നിനുമിടയില്‍ അറിഞ്ഞതും അറിയാനുള്ളതുമായി ഒരായിരം സത്യങ്ങള്‍. ഒരല്പം ശാസ്ത്ര വിദ്യാഭ്യാസം സിദ്ധിച്ചവര്‍ക്ക് നക്ഷത്രങ്ങളോരോന്നും ഓരോ സൂര്യനാണെന്നും അവയില്‍ പലതിനുചുറ്റും ഭീമാകാരമോ ഭൌമസമാനമോ സൂക്ഷമവുമോ ആയ അനേകം ഗ്രഹങ്ങള്‍ വലം വയ്ക്കുന്നുണ്ടെന്നും അറിയാമായിരിക്കും. (“ഒഖമിന്റെ കത്തിയും റ്റാബിയുടെ നക്ഷത്രവും” ബാഹ്യഗ്രഹങ്ങളെ വിശദമായി കൈകാര്യം ചെയ്യുന്നുണ്ട്)
ഇത്തിരികൂടി മുന്നോട്ടുപോയാല്‍, ഓരോ നക്ഷത്രവും സ്വന്തം ഗുരുത്വാകര്‍ഷണം കൊണ്ട് കേന്ദ്രത്തിലെ ആറ്റങ്ങളെ ഞെരുക്കി പുതിയ മൂലകങ്ങള്‍ സൃഷിക്കുകയും തന്മൂലം താപോര്‍ജ്ജവും പ്രകാശവും സൃഷ്ടിക്കുകയും ചെയ്യുന്ന വാതകഗോളങ്ങളാണെന്നും മനസിലാക്കാന്‍ കഴിയും.1
ഓരോ തിരിച്ചറിവും പ്രപഞ്ചത്തിന്റെ, നിശാകാശത്തിന്റെ, മാസ്മരികതയും നിഗൂഢതയും പതിന്മാടങ്ങാക്കുക മാത്രമാണ് ചെയ്യുക.2 ഒരിറ്റുപോലും ആ സൗന്ദര്യം കുറയുന്നേയില്ല.
http://thefossilshop.com/wp-content/uploads/2014/01/fossil_treasure.jpg?7313a5
പക്ഷേ, ഈ ലേഖനം അതിനെപ്പറ്റിയല്ല. കവിഹൃദയമുണ്ടായിട്ടും സ്വന്തം കൃതികളെഴുതാതെ പ്രകൃതിയുടെ സംഗീതം തേടിയിറങ്ങിയ മഹാരഥികളുടെ കഥയാണിത്. ഇത് ദിവസമുണ്ടായതിന്റെ കഥയാണ്; മാസവും വര്‍ഷവുമുണ്ടായതിന്റെ കഥയാണ്; പ്രവചനസിദ്ധികൊണ്ട് പ്രകൃതിയെ മനുഷ്യന്‍ മെരുക്കിയതിന്റെ കഥയാണ്; സയന്‍സ് ഒരു സാധ്യതയാണെന്ന് തിരിച്ചറിഞ്ഞതിന്റെ കഥയാണ്.
ഇത് കലണ്ടര്‍ ഉണ്ടായതിന്റെ കഥയാണ്. പേരറിയാത്ത കുറേ വാനംനോക്കികള്‍ അവശേഷിപ്പിച്ചുപോയ ഫോസിലുകള്‍ സംസ്കാരത്തിന്റെ സ്മരണകളില്‍ നിന്ന് ഖനനം ചെയ്യാനുള്ളൊരു ശ്രമം.
ഇന്ന് വിഷുവാണെന്ന് അറിയാമല്ലോ. എന്താണീ ഈ വിഷു? അതിന്റെ പ്രാധാന്യമെന്തായിരുന്നു?3 എന്തുകൊണ്ട് ഈ ദിവസം തന്നെ അതിനായി തിരഞ്ഞെടുക്കപ്പെട്ടു? തലക്കെട്ടില്‍ പറഞ്ഞ “വിഷുവം” എന്താണ്? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ തേടിയുള്ള യാത്രയില്‍ നിശാകാശത്തെ പുതിയൊരു ദൃഷ്ടികോണില്‍ വരച്ചുകാട്ടുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. “വാനംനോക്കി” എന്നതൊരു മോശം കാര്യമേ അല്ല എന്ന് സ്ഥാപിക്കാനും!
ഭൂമി സൂര്യനെ ചുറ്റുന്നുണ്ട് (പരിക്രമണം – Revolution) എന്ന് നമുക്കെല്ലാം അറിയാം.4 എന്നാല്‍, ഒരു വലം വയ്ക്കല്‍ പൂര്‍ത്തിയായെന്ന് എങ്ങനെ മനസിലാക്കാനാകും?
നിങ്ങള്‍ സ്വന്തം വീടിനുചുറ്റും നടക്കുകയാണെന്ന് സങ്കല്‍പ്പിക്കുക. വീടിന്റെ ദിശയിലേക്ക് നോക്കാനാകില്ല എങ്കില്‍ എങ്ങനെ പുറപ്പെട്ടിടത്തെത്തി, അതായത് ഒരു വലം വയ്പ്പ് കഴിഞ്ഞു എന്ന് മനസിലാക്കാം? നടക്കുന്ന വഴിയിലുള്ള എന്തെങ്കിലും അടയാളങ്ങള്‍ കണ്ടുവയ്ക്കാം: ഒരു കൊന്നയോ, തുമ്പയോ, പേരയോ, മാവോ അങ്ങനെ എന്തെങ്കിലും. ഓരോ സ്ഥാനങ്ങളും സൂചിപ്പിക്കാന്‍ ഓരോ അടയാളങ്ങള്‍.
 
രാശികള്‍
http://stories.barkpost.com/wp-content/uploads/2013/12/canis-major-2.jpg
ഇത് തന്നെയാണ് ആകാശത്ത് ജ്യോതിഷികളും5 ചെയ്തുവച്ചിട്ടുള്ളത്: പരിചിതമായ ചില നക്ഷത്രക്കൂട്ടങ്ങള്‍, അവയെ രാശികള്‍ എന്ന് വിളിക്കും, ആകാശത്ത് അടയാളമാക്കി വച്ചിട്ടുണ്ട്. (രാശികളുടെ പേരുകള്‍ തത്കാലം ഇവിടെ പറയുന്നില്ല: വെറുതെ നീളം കൂട്ടണ്ട എന്ന് വിചാരിച്ചാണ്)
ഇനിയാണ് ഈ ഉദാഹരണം സങ്കീര്‍ണ്ണമാകുന്നത്. കാരണം, ഒന്ന്, ഭൂമി ഓരോ ദിവസവും സ്വയം ഭ്രമണം ചെയ്യുന്നുണ്ട്; അതായത്, നാം കാണുന്ന നിശാകാശം (പകലുള്ളതും, പക്ഷേ, അവിടെ വ്യക്തമായുള്ളത് സൂര്യന്‍ മാത്രമാണല്ലോ!) എല്ലായ്പ്പോഴും അല്പാല്പമായി കിഴക്കുനിന്നും പടിഞ്ഞാട്ട് നീങ്ങുന്നുണ്ട്. അതുകൊണ്ട്, ഒരു പ്രത്യേക നക്ഷത്രക്കൂട്ടം വ്യക്തമായി രേഖപ്പെടുത്തിയ സമയത്ത് എവിടെ എന്ന് മനസിലാക്കിയാലേ ഒരു വര്‍ഷം കഴിഞ്ഞ് അതവിടെത്തന്നെ വരുമ്പോള്‍ തിരിച്ചറിയാന്‍ കഴിയൂ.
ഇന്നിപ്പോള്‍ പരിചയമില്ലാത്ത ഒരു വാനനിരീക്ഷക ക്ലോക്ക് നോക്കി നക്ഷത്രങ്ങള്‍ എവിടെ എന്ന് നോക്കും പോലെ, (ഇന്ന് ഓണ്‍ലൈന്‍ ആയും അല്ലാതെയും വ്യക്തമായി ഇതെല്ലം രേഖപ്പെടുത്തിയ അനേകം സ്രോതസ്സുകള്‍ ലഭ്യമാണ്) നക്ഷത്രങ്ങളുടെ സ്ഥാനം രാത്രിയില്‍ സമയനിര്‍ണ്ണയത്തിന് ഉപയോഗിക്കാം എന്ന് വളരെക്കാലത്തെ നിരീക്ഷണവും ചിന്തയും കൊണ്ട് “വാനംനോക്കികള്‍” കണ്ടെത്തി. (വെറും “വാനംനോക്കല്‍” എന്നതില്‍ നിന്നും നാം പണ്ടേ വിട്ടുപോന്നു എന്ന് പറയേണ്ടല്ലോ; എന്നാലും, വെറും അല്ല എങ്കിലും ഇതും വാനംനോക്കല്‍ തന്നെ!)
അതുപോലെ, കാലാവസ്ഥാചക്രങ്ങള്‍ സൂര്യന്‍ ഏത് നക്ഷത്രത്തിന്റെ പശ്ചാത്തലത്തില്‍ ആണെന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്നും അവര്‍ മനസിലാക്കി. അങ്ങനെ വര്‍ഷാവര്‍ഷം കറങ്ങി വരുന്ന നക്ഷത്രങ്ങളെ മനുഷ്യന്റെ സംസ്കാരത്തിലേക്ക് പ്രയോജനകരമായി ആവാഹിക്കാന്‍ ജ്യോതിഷികള്‍ക്ക് കഴിഞ്ഞു.6
“സൂര്യന്റെ പശ്ചാത്തലത്തില്‍? അതെങ്ങനെ മനസിലാകും?” എന്ന വളരെ സ്വാഭാവികമായ ഒരു ചോദ്യം ഇവിടെയുണ്ട്. അതും ക്രാന്തിവൃത്തം (ecliptic) എന്ന ജ്യോതിഷ സങ്കല്‍പവും ഇനി വിശദീകരിക്കാം.
ചിത്രം 1*
ചിത്രം 1 നോക്കുക.* ഭൂമി കറങ്ങുമ്പോള്‍ അതിനനുസൃതമായി സൂര്യന്റെ പിന്നില്‍ നാം “കാണുന്ന” നക്ഷത്രങ്ങള്‍ മാറും. (ചിത്രത്തില്‍ 1,2,3 എന്നിങ്ങനെ പശ്ചാത്തല നക്ഷത്രക്കൂട്ടങ്ങള്‍ മാറുന്നു) ഓരോ നക്ഷത്രങ്ങളെ കൃത്യമായി വേര്‍തിരിച്ചറിയുക താരതമ്യേന ബുദ്ധിമുട്ടായതിനാല്‍ നക്ഷത്രക്കൂട്ടങ്ങളെ പല ചിത്രങ്ങളായി ഓര്‍ത്തുവച്ചാല്‍7 എപ്പോള്‍ വീണ്ടും ഭൂമി അതേ ഇടത്ത് പരിക്രമണം ചെയ്തെത്തി എന്ന് മനസിലാക്കാം.
പക്ഷേ, ആ നക്ഷത്രക്കൂട്ടങ്ങള്‍ കാണുക എന്നതൊരു സാങ്കേതിക സാധ്യത മാത്രമാണ്. സൂര്യന്റെ തീവ്രത കൊണ്ട് ആ നക്ഷത്രക്കൂട്ടങ്ങള്‍ ഏതെന്ന് കാണുക സാധ്യമേയല്ല! അപ്പോള്‍ എന്ത് ചെയ്യാന്‍ കഴിയും?
ചിത്രം 2*
ചിത്രം 2 കാണുക. ഇതില്‍ നാം എന്ത് കാണുന്നു എന്നതിന്റെ ചിത്രീകരണമാണ്. ഭൂമിയുടെ ചുറ്റും നക്ഷത്രകൂട്ടങ്ങളുടെ പശ്ചാത്തലത്തില്‍ സൂര്യന്‍ ചുറ്റി വരുന്നു. സൂര്യന്റെ ഈ പഥത്തെയാണ് ക്രാന്തിവൃത്തം എന്ന് വിളിക്കുന്നത്. ക്രാന്തിവൃത്തത്തില്‍ നക്ഷത്രക്കൂട്ടം 1-ന്റെ മുന്നില്‍ സൂര്യന്‍ നില്‍ക്കുമ്പോള്‍ നമുക്ക് അതിന്റെ നേരെ വിപരീതമായ നക്ഷത്രക്കൂട്ടം, “വിപരീത നക്ഷത്രക്കൂട്ടം 1” രാത്രിയില്‍ ദൃശ്യമാകും. “വിപരീത നക്ഷത്രക്കൂട്ടം 1”-ന്റെ പശ്ചാത്തലത്തില്‍ സൂര്യന്‍ നില്‍ക്കുമ്പോള്‍ നക്ഷത്രക്കൂട്ടം 1-ഉം. പക്ഷേ, അപ്പോഴും ഒരു പ്രശ്നം ബാക്കി നില്‍ക്കുന്നുണ്ട്. രാത്രി കാണുന്ന നക്ഷത്രങ്ങളില്‍ ഏതാണീ വിപരീത നക്ഷത്രക്കൂട്ടം എന്ന് എങ്ങനെ തിരിച്ചറിയും???
ഏതെങ്കിലും ഒരു സമയമെടുക്കുക. രാവിലെ 9 മണി എന്ന് സങ്കല്‍പ്പിക്കാം. ഇപ്പോള്‍ സൂര്യനുള്ള കോണ്‍ എന്തെന്ന് ശ്രദ്ധിക്കുക.8 രാത്രി 9-ന് അതേ കോണില്‍ കാണുന്നതാണ് വിപരീത നക്ഷത്രക്കൂട്ടം. 9 മണിക്ക് പ്രത്യേകിച്ച് പ്രാധാന്യമൊന്നുമില്ല എന്ന് പറയേണ്ടല്ലോ; ഏത് സൂര്യനെ രാവിലെയും നക്ഷത്രങ്ങളെ രാത്രിയും കാണാന്‍ പറ്റുന്ന ഏത് സമയത്തും ഈ പ്രക്രിയ സാധ്യമാണ്.
കുറേക്കൂടി നിരീക്ഷണം പുരോഗമിച്ചാല്‍, ഇന്നേക്ക് ആറുമാസം കഴിഞ്ഞ് വിപരീത നക്ഷത്രക്കൂട്ടമായി വരുന്നതാണ് ഇന്നത്തെ നക്ഷത്രക്കൂട്ടം എന്ന് മനസിലാകും. ഇങ്ങനെയുള്ള നിരീക്ഷണങ്ങളിലൂടെയാണ് കാലാവസ്ഥ വ്യക്തമായി പ്രവചിക്കാനും അങ്ങനെ കൃഷിയുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനും കഴിഞ്ഞത്.
ഇങ്ങനെ ഒരു കണക്ക് ഉണ്ടാക്കുമ്പോള്‍, കലണ്ടര്‍ ഉണ്ടാക്കുമ്പോള്‍, ഏത് ദിവസം എടുക്കും ഒരു ആരംഭമായി? ഓരോരുത്തരും സ്വന്തം ദിവസം ആരംഭമായെടുത്താല്‍ ഒരു പൊതു കലണ്ടര്‍ ഉണ്ടാകും? അതായത്, വര്‍ഷം എവിടെ തുടങ്ങും?
https://c.tadst.com/gfx/750x500/december-solstice-illustration.png?2
കാലാവസ്ഥയറിയാന്‍ വേണ്ടിയാണല്ലോ കലണ്ടറുണ്ടാക്കിയത്? അതുകൊണ്ട്, കാലാവസ്ഥയുമായി ബന്ധപ്പെട്ട എന്തെങ്കിലുമൊരു ദിവസമാണ് മിക്കവാറും കലണ്ടറുകളില്‍ ആരംഭമായി എടുക്കുന്നത്. നാം പൊതുവേ ഉപയോഗിക്കുന്ന ഗ്രിഗോറിയന്‍ കലണ്ടറില്‍ ആദ്യ ദിനമായെടുത്തത് ഏറ്റവും നീളം കുറഞ്ഞ ദിവസത്തില്‍ നിന്നും എട്ട് ദിവസം കഴിഞ്ഞ നാളാണ്. ഏറ്റവും നീളം കുറഞ്ഞ ദിവസമായിരുന്നു സാറ്റര്‍നാലിയ (Saturnalia) എന്ന പേരില്‍ റോമാക്കാര്‍ ആഘോഷിച്ചിരുന്നത്; അതാണ്‌ പിന്നീട് ക്രിസ്തുമസ് ആഘോഷമായത്. പക്ഷേ, ഇന്ന് ആ ദിവസം മാറിപ്പോയി; ക്രിസ്തുമസ് അല്ല ഏറ്റവും നീളം കുറഞ്ഞ ദിനം. (എന്തുകൊണ്ട് എന്ന് വഴിയേ പറയാം)
ഇനി വിഷുവം എന്തെന്ന്. ഏറ്റവും നീളം കുറഞ്ഞ ദിവസം പോലെ ഏറ്റവും നീളം കൂടിയ ദിവസവുമുണ്ട്. ഇവയെ ക്രമേണ ഉത്തരായനാന്തം, ദക്ഷിണായനാന്തം (Winter Solstice and Summer Solstice) എന്ന് വിളിക്കും; ഡിസംബര്‍ 22-നും ജൂണ്‍ 22-നും ആണീ ദിവസങ്ങള്‍.
ഇവയ്ക്കിടയില്‍ ദിവസവും രാത്രിയും സമമായ രണ്ട് ദിവസങ്ങളുണ്ട്: അവയാണ് സമരാത്രദിനങ്ങള്‍. (Equinox) സൂര്യന്‍ വിഷുവത്തില്‍ എത്തുന്ന ദിവസങ്ങളാണിവ. ഇവയില്‍ വസന്തവിഷുവം (Vernal Equinox) എന്ന പൂക്കാലവുമായി ബന്ധപ്പെട്ട ദിനമാണ് നാം വര്‍ഷാരംഭമായി എടുത്തിരുന്നത്.
ഭൂമി സൂര്യനെ ചുറ്റുന്ന അക്ഷത്തില്‍ (Axis) നിന്നും 23.5 ഡിഗ്രി ചെരിഞ്ഞാണ്‌ ഭൂമി സ്വയം ചുറ്റുന്ന അക്ഷം എന്ന് അറിയാമല്ലോ? ഇതുമൂലമാണ് കാലാവസ്ഥയില്‍ സ്വാഭാവികമായ മാറ്റമുണ്ടാകുന്നത്; സൂര്യപ്രകാശം ഭൂമിയില്‍ എവിടെ, എത്ര അളവില്‍ വീഴുന്നു എന്നതില്‍ വിവിധ സമയത്ത് വരുന്ന വ്യത്യാസങ്ങള്‍ കൊണ്ടാണീ കാലാവസ്ഥാമാറ്റങ്ങള്‍. അതുകൊണ്ട്, കാലാവസ്ഥയുമായി ബന്ധപ്പെട്ട കലണ്ടറില്‍ ഈ വസ്തുതയ്ക്ക് വലിയ പ്രാധാന്യമുണ്ട്.
ക്രാന്തിവൃത്തം പോലെ തന്നെ മറ്റൊരു വൃത്തം കൂടി ആകാശത്ത് വരയ്ക്കാം; ഭൂമധ്യരേഖയെ (Equator) ആകാശത്തിലേക്ക് വികസിപ്പിച്ചാല്‍ ഉണ്ടാകുന്ന വൃത്തത്തെ നാം ഖമധ്യരേഖ (Celestial Equator) എന്ന് വിളിക്കും. ഈ രണ്ട് വൃത്തങ്ങളും 23.5 ഡിഗ്രി ചെരിഞ്ഞുതന്നെയാണ്. ഒന്ന് ഭൂമിയുടെ കറക്കവുമായും മറ്റൊന്ന് സൂര്യന്റെ കറക്കം അഥവാ ഭൂമിയുടെ പരിക്രമണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതുകൊണ്ടാണിത്.
വിഷുവങ്ങള്‍
ക്രാന്തിവൃത്തവും ഖമധ്യരേഖയും രണ്ടിടങ്ങളില്‍ പരസ്പരം കടന്നുപോകുന്നുണ്ട്. ആ സ്ഥാനങ്ങളാണ് വിഷുവങ്ങള്‍. മാര്‍ച്ച് 21-ല്‍ വസന്തവിഷുവവും സെപ്തംബര്‍ 23-ന് ഉത്തരവിഷുവവും. (Autumnal Equinox) (ചിത്രം കാണുക) 1600 കൊല്ലം മുന്‍പ് മലയാളമാസങ്ങള്‍ ജ്യോതിശാസ്ത്ര വസ്തുതയായ വസന്തവിഷുവവുമായി ബന്ധപ്പെട്ടിരുന്നു; അന്ന് മേടം ഒന്ന് സമരാത്ര ദിനമായിരുന്നു.
*
പിന്നെയെന്ത് സംഭവിച്ചു? ഭൂമിയുടെ ഭ്രമണാക്ഷം പതിയെപ്പതിയെ കറങ്ങുന്നുണ്ട്. (എത്ര കറക്കമായി എന്നാകും അല്ലെ?) അതെ, ഭൂമിയുടെ കറക്കവും കറങ്ങുന്നുണ്ട്! ഏതാണ്ട് ഇരുപത്തിമൂന്നര ഡിഗ്രി ഭ്രമണാക്ഷത്തില്‍ നിന്നും ചെരിഞ്ഞ ഒരു അക്ഷത്തിലാണ് ആ കറക്കം. (ചിത്രം കാണുക) ഇരുപത്തിയാറായിരം (26,000) വര്‍ഷങ്ങള്‍ കൊണ്ടാണ് ഈ കറക്കം, സാങ്കേതികമായി പറഞ്ഞാല്‍ പുരസ്സണം (Precession) പുര്‍ത്തിയാകുന്നത്.
പരിക്രമണത്തില്‍ മാറ്റമൊന്നും വരാത്തതുകൊണ്ട്, ഇതുമൂലം വിഷുവസ്ഥാനങ്ങള്‍ വളരെ പതിയെയാണെങ്കിലും മാറും. ഈ പ്രതിഭാസത്തെ പറ്റി നമ്മുടെ കലണ്ടര്‍ ഉണ്ടാക്കിയ വാനംനോക്കികള്‍ക്ക് അറിയില്ലായിരുന്നു; അതുകൊണ്ട് ഈ മാറ്റത്തെ കാലാവസ്ഥയുമായി ബന്ധപ്പെടും വണ്ണം തിരുത്താന്‍ അവര്‍ ശ്രമിച്ചിരുന്നില്ല.
പുരസ്സണം അനുസരിച്ച് വിഷുദിനം പരിഷ്കരിച്ചാലെ വിഷു അതിന്റെ നാമകാരണമായ വിഷുവവുമായി, വിഷു കൊണ്ടുവരുന്ന വസന്തവുമായി ബന്ധപ്പെട്ടിരിക്കൂ. വിഷുവിനും മുന്‍പേ കൊന്ന പൂക്കുന്നത് കണി വയ്ക്കാന്‍ എളുപ്പത്തിനല്ല; നമ്മള്‍ വിഷു എന്ന് ആഘോഷിക്കുന്നു എന്നതല്ല, വസന്തം എന്ന് വരുന്നു എന്നതാണ് ചെടികള്‍ക്ക് കാര്യം എന്നതുകൊണ്ടാണ്.
ഏതാണ്ട് ഇരുപത്തിനാലായിരത്തിനാന്നൂറ് കൊല്ലം കഴിഞ്ഞാല്‍ വീണ്ടും വിഷു മേടം ഒന്നിനാകും. പക്ഷേ, അതിനിടയില്‍ കാലാവസ്ഥയുമായി വളരെ വേറിട്ട്‌ പോകും നമ്മുടെ കലണ്ടര്‍. കര്‍ക്കടകത്തില്‍ കല്ലുരുട്ടി മഴയുണ്ടാകില്ല; വിഷുവിന് കണിക്കൊന്നയും ഉണ്ടാകില്ല!9
വിഷു എന്ന പേര് വിഷുവത്തില്‍ നിന്ന്, വസന്തം വരുന്നു എന്ന ഓര്‍മ്മയില്‍ നിന്ന് ഉണ്ടായ പേരാണ്. ലേഖനത്തിനാദ്യം പറഞ്ഞതുപോലെ നമ്മുടെ സംസ്കാരത്തിന്റെ സ്മരണകളില്‍ നിന്ന് ഈ വസ്തുത കുഴിച്ചെടുത്ത് പൊടികളഞ്ഞ് പ്രദര്‍ശനത്തിന് വച്ചിരിക്കുകയാണ്.
പക്ഷേ, ആ വാനംനോക്കിയുടെ കണ്ണിലൂടെ ഒന്ന് നോക്കൂ. പാതി പൂര്‍ത്തിയായ ഒരു കെട്ടിടം, വാസയോഗ്യമെങ്കിലും കാലത്തെ അതിജീവിക്കാത്ത ഒരു സൃഷ്ടി; അതിനെ ഇനി പരിഷ്കരിക്കാന്‍ കഴിയാത്ത അതിന്റെ യഥാര്‍ത്ഥ ശില്പി എന്താഗ്രഹിക്കും? ആരെങ്കിലും പൂര്‍ത്തിയാക്കി അത് അനന്തകാലം തേജസ്സോടെ അതിജീവിക്കണമെന്നോ, അതോ  പണിതപോലെ തന്നെ ഇരിക്കട്ടെ, പൊളിഞ്ഞ് പോകട്ടെ എന്നോ?
ഒരു ജ്യോതിശാസ്ത്ര കുതുകി എന്ന നിലയില്‍ എനിക്ക് വിഷുവം എന്തെന്ന് കൂടുതലാള്‍ അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. ഒരു മലയാളി എന്ന നിലയില്‍ എന്റെ പിന്‍ഗാമികളും ഓര്‍മ്മയില്‍ വിഷുവിന് “ഇത്തിരി കൊന്നപ്പൂവും” പൂത്തുകാണണമെന്നുണ്ട്.
എന്തായാലും തത്കാലം എല്ലാവര്‍ക്കും വിഷു ഇന്ന് തന്നെയാണ്. വിഷുവത്തിന്റെ, വസന്തത്തിന്റെ വിസ്മൃതിയിലും ഓര്‍ത്തിരിക്കുന്ന ആഘോഷം.
ഒരു നിമിഷം ഓര്‍ക്കുക, വസന്തത്തിന്റെ വരവിനെ... കൊന്നപ്പൂക്കളെ...
http://www.tradewindsfruit.com/content/images/cassia-alata12.jpg

വിഷു ആശംസകള്‍. കടന്നുപോയ വിഷുവത്തിന്റെ ആശംസകളും.

അവലംബവും കുറിപ്പുകളും
  1. https://en.wikipedia.org/wiki/Stellar_nucleosynthesis
  2. “There are all kinds of interesting questions that come from a knowledge of science, which only adds to the excitement and mystery and awe of a flower. It only adds. I don't understand how it subtracts.” – എന്ന ഫൈന്മന്‍ ഉദ്ധരണിയില്‍ നിന്നും പ്രചോദിതം. https://en.wikiquote.org/wiki/Richard_Feynman
  3. ഈ ലേഖനത്തെ പറ്റി സംസാരിച്ചപ്പോള്‍ ചില സുഹൃത്തുക്കള്‍ (നിതീഷേട്ടന്‍, രാജേഷേട്ടന്‍) ഓര്‍മ്മപ്പെടുത്തിയതുപോലെ ഇന്ന് വിഷുവും ഒരാഘോഷം മാത്രമാണ്. തലയ്ക്ക് വെളിവ് കിട്ടാനൊരവധി; അത്ര തന്നെ. “പ്രാധാന്യമെന്ത്” എന്ന ചോദ്യത്തിനര്‍ത്ഥമില്ല; “എന്തായിരുന്നു” എന്നുതന്നെയാകണം ചോദ്യം.
  4. തത്കാലം അത് തെളിയിക്കാന്‍ പോകുന്നില്ല. “വെള്ളം നനയ്ക്കും” എന്ന് തെളിയിക്കാന്‍ പറയും പോലെ, പ്രശ്നം തെളിവില്ലാത്തതല്ല, അനേകം തെളിവുകള്‍ ഉള്ളതുകൊണ്ട് എന്ത് പറയും എന്ന സംശയമാണ്. https://en.wikipedia.org/wiki/Earth%27s_orbit
  5. https://en.wikipedia.org/wiki/Constellation. ഓറിയോണ്‍, Orion, എന്ന വേട്ടക്കാരന്‍ ആകും തിരിച്ചറിയാന്‍ ഏറ്റവും എളുപ്പമുള്ള രൂപം. https://en.wikipedia.org/wiki/Orion_(constellation)
  6. ജ്യോതിഷം എന്നത് ഇവിടെ Old Astronomy അഥവാ പ്രാചീന ജ്യോതിശാസ്ത്രം എന്ന അര്‍ത്ഥത്തില്‍ ആണുപയോഗിക്കുന്നത്. ജ്യോതിഷികളോട് ബഹുമാനം എന്റെ വാക്കുകളില്‍ തോന്നിയാല്‍ അതൊരബദ്ധമല്ല!
  7. ബൂര്‍ഷ്വാകളെ പോലെ, ജ്യോത്സ്യന്മാരും തക്കം പാര്‍ത്തിരിക്കുകയായിരുന്നു. ഇതേ പ്രവചനസിദ്ധി തന്നെയാണ് പിന്നീട് ഫലഭാഗജ്യോതിഷം അഥവാ ജോത്സ്യം (Astrology) എന്ന പേരില്‍ ദുരുപയോഗം ചെയ്യപ്പെട്ടത്! മഴയും വെയിലും ഞാറ്റുവേലയും ഗ്രഹണങ്ങളും ആകാശത്ത് നോക്കി പറയാം; എന്നാല്‍ മനുഷ്യരുടെ ഭാവിയെ സ്വാധീനിക്കുന്ന ഒന്നും അവിടെ ഇല്ല. പക്ഷേ, ഭാവി പ്രവചനത്തിന് ഇവര്‍ എന്തെന്ത് സങ്കേതങ്ങള്‍, ഗണിതവും നിരീക്ഷണവും, ഉപയോഗിച്ചു എന്നറിയാത്തവരെ എന്ത് ഭാവിയും ഞങ്ങള്‍ക്ക് പ്രവചിക്കാന്‍ കഴിയും എന്ന് പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. https://en.wikipedia.org/wiki/Astrology
  8. ധനുര്‍യന്ത്രം (Inclinometer) പോലുള്ള ലളിതമായ ഉപകരണങ്ങള്‍ കൊണ്ട് ആകാശത്തിലെ ഒരു വസ്തുവുള്ള കോണ്‍ അളക്കാവുന്നതാണ്. https://en.wikipedia.org/wiki/Inclinometer  ഒരു പോട്രാക്റ്ററിന്റെ കീഴില്‍ ഒരു കുഴല്‍ പിടിപ്പിക്കുക; അതില്‍ നിന്നും 90 ഡിഗ്രി വരയിലൂടെ ഒരു നൂലില്‍ കല്ല്‌ കെട്ടി താഴേക്കിടുക. ഈ സംവിധാനമാണ് ധനുര്‍യന്ത്രം. ആകാശത്തിലെ ഒരു വസ്തുവിനെ കുഴലിലൂടെ നോക്കിയാല്‍ നൂല് നീങ്ങി പ്രസ്തുത കോണളവില്‍ നില്‍ക്കും.
  9. ഉണ്ടാക്കും എന്ന് സംശയമില്ല; സയന്‍സിനെ തെറ്റ് തിരുത്താനുള്ള തിരിച്ചറിവായിട്ടല്ലാതെ പൊട്ടത്തരങ്ങള്‍ നന്നായി ചെയ്യാന്‍ ഉപയോഗിക്കുക എന്നതാണല്ലോ പൊതുരീതി. മേടമാസം പുനക്രമീകരിക്കില്ല; കൊന്ന ജനറ്റിക് എഞ്ചിനിയര്‍ ചെയ്യും! https://en.wikipedia.org/wiki/Reactionary_modernism


*ഞാന്‍ തന്നെ പെയിന്റില്‍ വരച്ചതാണ്, ഇഹലോകത്തിന്റെ ആദ്യ സ്വന്തം ചിത്രം. ആര്‍ക്കെങ്കിലും ഇത് ഉപയോഗിക്കണം എങ്കില്‍ എടുക്കാവുന്നതാണ്. 100% സ്വതന്ത്ര ലൈസന്‍സ്. ഇനിയും ഇത്തരം ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ ഞാന്‍ അവയുടെ കീഴില്‍ നക്ഷത്രചിഹ്നം (*) ഇടുന്നതാണ്.

കടപ്പാട്: പരിഷത്ത് പ്രസിദ്ധീകരിച്ച പാപ്പൂട്ടിമാഷുടെ “ജ്യോതിഷവും ജ്യോതിശാസ്ത്രവും” എന്ന പുസ്തകം ഈ ലേഖനത്തിന് എല്ലാവിധത്തിലുമുള്ള പ്രചോദനമായിട്ടുണ്ട്. ചിലപ്പോള്‍ മുഴുവന്‍ വാചകങ്ങള്‍ തന്നെ അബോധമായി ഉപയോഗിച്ച് പോയിട്ടുണ്ടാകാം!

No comments:

Post a Comment

കൂടുതല്‍ വായിക്കപെട്ട പോസ്റ്റുകള്‍