Saturday 7 May 2016

ബുധനും സൂര്യനും പിന്നെ ഭൂമിയും

നാളെ (9/5/2016) ബുധന്‍ സൂര്യന്റെ മുന്നിലൂടെ കടന്ന് പോകുയാണ്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ബുധന്‍ സൂര്യന്റെ ഡിസ്കിന് മുന്നിലൂടെ കടന്ന് പോകുന്നതായി തോന്നും. ഈ പ്രതിഭാസത്തെ ബുധസംതരണം (Transit of Mercury) എന്ന് വിളിക്കും.1 അതിനെപ്പറ്റി ഒരു ചെറിയ കുറിപ്പാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യയില്‍ എപ്പോള്‍, എത്രസമയം, എങ്ങനെ കാണാം എന്ന നിര്‍ദ്ദേശങ്ങളും.

https://www.theguardian.com/
-എന്താണ് ബുധസംതരണം?
ക്യൂരിയോസിറ്റി പകര്‍ത്തിയ ചിത്രം
https://upload.wikimedia.org/
ബുധന്‍ സൂര്യന്റെ ഡിസ്ക് (ദൃശ്യമാകുന്ന സൂര്യന്റെ വൃത്തം) മുറിച്ച് കടന്ന് പോകുന്നതാണ് ബുധസംതരണം.1 ഭൂമിയില്‍ നിന്ന് മാത്രമല്ല, ബുധസംതരണം ദൃശ്യമാകുക. 2014-ല്‍ ക്യൂരിയോസിറ്റി എന്ന ബഹിരാകാശ റോവര്‍ ചൊവ്വയിലെ ബുധസംതരണം പകര്‍ത്തിയിട്ടുണ്ട്. (ചിത്രം ചേര്‍ക്കുന്നു) ഭൂമിയില്‍ ഒരു പതിറ്റാണ്ടില്‍ ശരാശരി ഒന്ന്, ഒരു നൂറ്റാണ്ടില്‍ 13, 14 തവണ ഉണ്ടാകുന്ന പ്രതിഭാസമാണ് ബുധസംതരണം.1 അത്രയ്ക്ക് വിരളം ഒന്നുമല്ല എന്ന് സാരം. ബുധന്‍ വളരെ വേഗത്തില്‍ സൂര്യനെ ചുറ്റി വരുന്നതുകൊണ്ട് ഇതേ ക്രമീകരണം വീണ്ടും വരുന്നതാണ് അതിന് കാരണം. 2019 നവംബര്‍ 11-ന് തന്നെ ഈ ദശകത്തിലെ അടുത്ത ബുധസംതരണം കാണാം.2

-ഇത് എങ്ങനെ കാണാം?
ബുധന്‍ വളരെ ചെറിയ ഒരു പൊട്ടുപോലെ മാത്രം കടന്ന് പോകുന്നതുകൊണ്ട് നഗ്നനേത്രങ്ങളാല്‍ ദൃശ്യമാകില്ല. ടെലസ്കോപ്പ് ഉപയോഗിക്കേണ്ടി വരും. സൂര്യനിലേക്ക് നേരിട്ട് നോക്കുന്നത് കണ്ണിന് കുഴപ്പമുണ്ടാക്കാം എന്നതിനാല്‍ ഫില്‍ട്ടറുകള്‍ ഉപയോഗിക്കണം.3 സൂര്യകളംഗങ്ങള്‍ (Sun Spots) ബുധന്‍ ആണെന്ന് തെറ്റിദ്ധരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. നിരീക്ഷിക്കുന്തോറും സ്വല്‍പം എങ്കിലും സ്ഥാനചലനം കാട്ടുന്നുണ്ട് എങ്കില്‍ അതായിരിക്കും ബുധന്‍ എന്ന ചെപ്പടിവിദ്യ ഓര്‍ത്തിരിക്കാം.
ഇന്ത്യയില്‍ വൈകുന്നേരം 4.41 മുതല്‍ സൂര്യാസ്തമനം വരെ സംതരണം ദൃശ്യമാകും.(ഇവിടെ ഉണ്ടായിരുന്ന ഒരു വലിയ തെറ്റ് തിരുത്തിയതിന് വൈശാഖന്‍ തമ്പിക്ക് നന്ദി.)
നിങ്ങള്‍ക്ക് ടെലസ്കോപ്പ് ഇല്ല, ഫില്‍ട്ടര്‍ ഇല്ല എന്നോര്‍ത്ത് സങ്കടപ്പെടണമെന്നില്ല. നാസ ലൈവ് ആയി സംതരണം ടെലകാസ്റ്റ് ചെയ്യുന്നുണ്ട്. (ലിങ്ക് ഇവിടെ)

-ബുധസംതരണത്തിന്റെ പ്രാധാന്യം എന്ത്?
കെപ്ലര്‍
https://upload.wikimedia.org/
ചരിത്രപരമായ പ്രാധാന്യങ്ങള്‍ പറഞ്ഞ് തുടങ്ങാം. കെപ്ലര്‍ (Johannes Kepler) തന്റെ ഗ്രഹചലന നിയമങ്ങള്‍ ഉപയോഗിച്ച് ബുധസംതരണം 1631-ല്‍ ഉണ്ടാകും എന്ന് പ്രവചിച്ചു. അദ്ദേഹത്തിന് അത് കാണാന്‍ ആയുസ്സുണ്ടായില്ല എങ്കിലും 1631-ല്‍ കെപ്ലറുടെ പ്രവചനം പിരേറി ജെസ്സാന്റി (Pierre Gassendi; ഉച്ചാരണം കൃത്യമോ എന്നറിയില്ല) സ്ഥിതീകരിച്ചു. നഗ്നനേത്രങ്ങള്‍ക്ക് അദൃശ്യമായ ബുധസംതരണം ആദ്യമായി കാണാന്‍ ഭാഗ്യം സിദ്ധിച്ചത് ജെസ്സാന്റിക്കാണ്. സൗരയൂഥം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന നിയമം സ്ഥിതീകരിക്കാന്‍ ഉപകരിച്ച പ്രതിഭാസമാണ് ബുധസംതരണം.5
മാത്രമല്ല, ഭൂമിയിലെ വ്യത്യസ്ത പോയന്റുകളില്‍ നിന്ന് നോക്കുമ്പോള്‍ ഈ ദൃശ്യത്തില്‍ വരുന്ന മാറ്റങ്ങള്‍ ഉപയോഗിച്ച് സൂര്യനിലേക്കുള്ള ദൂരം ഗണിതശാസ്ത്രപരമായി നിര്‍ണയിക്കാം. (കൂടുതല്‍ വിശദാംശങ്ങള്‍ ഇവിടെ വായിക്കാം) നമ്മുടെ പ്രപഞ്ചം എത്ര ബൃഹത്താണ് എന്ന തിരിച്ചറിവ് നല്‍കാനും നമ്മേ ബുധസംതരണം സഹായിച്ചു.5
ബാഹ്യഗ്രഹങ്ങളെ നിരീക്ഷിക്കുന്ന രീതി
http://www.jpl.nasa.gov/edu/images/news/lightcurve_diagram.jpg
ഈ ബുധസംതരണത്തിനും ചെറുതല്ലാത്ത പ്രാധാന്യമുണ്ട്. സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെ (ബാഹ്യഗ്രഹങ്ങള്‍Exoplanets) നാം നിരീക്ഷിക്കുന്നത് അവയുടെ മാതൃനക്ഷത്രത്തെ അവ ബുധന്‍ സൂര്യനെ കടന്ന് പോകുമ്പോലെ കടന്ന് പോകുമ്പോള്‍ നക്ഷത്രത്തിന്റെ പ്രകാശത്തില്‍ ഉണ്ടാകുന്ന കുറവ് അളന്നിട്ടാണ്. അതുപോലെ ഒരു നിരീക്ഷണം നമ്മുടെ പരിസരത്ത് നടക്കുമ്പോള്‍ അടുത്ത് നിരീക്ഷിക്കാന്‍ കഴിയുന്നത് ഈ രീതിയെ കൂടുതല്‍ കൃത്യമാക്കാനും സൂക്ഷ്മമാക്കാനും സഹായിക്കും.5

-ലോകാവസാനം എന്ന ചില വാര്‍ത്തകളും കേള്‍ക്കുന്നുണ്ടല്ലോ?
എല്ലാ ആകാശ പ്രതിഭാസങ്ങളും പോലെ ഇതിന്റെ പിന്നിലും “ലോകാവസാനം” എന്ന രോദനങ്ങളും ഉണ്ട്.6 അവയെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാം. വാല്‍നക്ഷത്രങ്ങളേയും സൂര്യഗ്രഹണങ്ങളേയും പേടിച്ചിരുന്ന മധ്യകാല യൂറോപ്പിലെ മനുഷ്യരുടെ ബൗദ്ധിക നിലവാരത്തിലേക്ക് നമ്മള്‍ താഴ്ന്ന് പോകരുത്.

ബുധസംതരണം അതര്‍ഹിക്കുന്ന കൗതുകത്തോടെ എല്ലാവരും കാണും എന്ന പ്രതീക്ഷയോടെ നിര്‍ത്തുന്നു.

അവലംബം
  1. https://en.wikipedia.org/wiki/Transit_of_Mercury
  2. http://eclipse.gsfc.nasa.gov/transit/catalog/MercuryCatalog.html
  3. https://www.theguardian.com/science/2016/may/06/transit-of-mercury-a-chance-to-feel-part-of-the-solar-system-in-motion
  4. http://www.packolkata.gov.in/eclipse.php
  5. http://www.jpl.nasa.gov/edu/news/2016/5/6/transit-of-mercury/
  6. http://www.express.co.uk/news/science/667866/END-OF-THE-WORLD-FEARS-Mercury-transit-linked-to-Biblical-destruction-prophecy

2 comments:

  1. ഇൻഡ്യയിൽ ദൃശ്യമാകുന്ന സമയം പറഞ്ഞത് തെറ്റിപ്പോയല്ലോ. നമുക്ക് വൈകിട്ട് 4.42 മുതൽ സൂര്യൻ അസ്തമിക്കുന്നതുവരെയേ കാണാനാകൂ. പോസ്റ്റിൽ ക്വോട്ട് ചെയ്തിരിക്കുന്നത് കഴിഞ്ഞുപോയ സൂര്യഗ്രഹണത്തിന്റെ സമയക്രമമാണ്.

    ReplyDelete
    Replies
    1. ധൃതി പിടിച്ച് എഴുതിയപ്പോള്‍ തെറ്റിയതാണ്. സോറി. :-) തിരുത്താം.

      Delete

കൂടുതല്‍ വായിക്കപെട്ട പോസ്റ്റുകള്‍