Monday, 12 September 2016

ഒഖമിന്‍റെ കത്തിയും റ്റാബിയുടെ നക്ഷത്രവും (ഒന്നാം പതിപ്പ്)

കുറിപ്പ്: ഈ ലേഖനത്തില്‍ വസ്തുതാപരമായ പിശകുകളുണ്ട്. തിരുത്തിയ പതിപ്പ് ഇവിടെ വായിക്കാം.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഓണ്‍ലൈന്‍ ശാസ്ത്ര മാഗസിന്‍ ആണ് “ലൂക്ക”. എനിക്കറിയാവുന്നതില്‍ ശാസ്ത്രവിഷയങ്ങള്‍ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യുന്ന അപൂര്‍വ്വം ഇടങ്ങളില്‍ ഒന്നാണിത്. അതുകൊണ്ട് തന്നെ, ഇന്നലെ പ്രസിദ്ധീകരിച്ച “അന്യഗ്രഹജീവികളോ കൺമുന്നിൽ?1 എന്ന ലേഖനം എന്നെ വളരെ നിരാശപ്പെടുത്തി. ശാസ്ത്രത്തിനൊപ്പം ആഗ്രഹചിന്തയുടെ അലയൊലികള്‍ കൂടിയുള്ള ഈ ലേഖനത്തെ ഞാന്‍ തത്കാലം കീറിമുറിക്കാന്‍ നില്‍ക്കുന്നില്ല. (പൊളിച്ചടുക്കല്‍ തത്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്!) പകരം അതില്‍ പരാമര്‍ശിക്കപ്പെട്ട റ്റാബിയുടെ നക്ഷത്രത്തെ പറ്റി സംസാരിക്കാം; അതിലൂടെ അന്യഗ്രഹജീവികളുടെ ബാധ ഒഴിപ്പിക്കാനാകുമോ എന്ന് നോക്കാം.
http://kepler.nasa.gov/images/MilkyWay-Kepler-cRoberts-1-full.png
നമുക്ക് കഥ ആദ്യം മുതലേ തുടങ്ങാം, കെപ്ലര്‍ (Kepler) ബഹിരാകാശ പേടകത്തില്‍ നിന്ന്.2,3 നമ്മുടെ ചുറ്റുവട്ടത്തെ നക്ഷത്രങ്ങളെ ചുറ്റുന്ന ഭൂമിയുടെ അടുത്ത് വലിപ്പമുള്ള ഗ്രഹങ്ങളെ തിരിച്ചറിയുന്നതിന് പ്രത്യേകമായി രൂപകല്‍പന ചെയ്തതാണ് ഈ ബഹിരാകാശ ദൂരദര്‍ശിനി. (Space Telescope) ചിത്രത്തില്‍ അടയാളപ്പെടുത്തിയ ആകാശഭാഗത്തെ നക്ഷത്രങ്ങളുടെ തെളിച്ചം (Brightness) മാത്രം തുടര്‍ച്ചയായി നിരീക്ഷിക്കുകയാണ് കെപ്ലര്‍ ചെയ്യുന്നത്.
ഒരു നക്ഷത്രത്തിന് മുന്നിലൂടെ എന്തെങ്കിലും വസ്തു കടന്നുപോയി എന്ന് സങ്കല്‍പ്പിക്കുക. കുറച്ചെങ്കിലും പ്രകാശം ആ വസ്തു തടയും. അങ്ങനെ ആ നക്ഷത്രത്തിന്റെ തെളിച്ചം മങ്ങും. ഗ്രഹങ്ങള്‍ പോലുള്ള താരതമ്യേന വലിയ വസ്തുക്കള്‍ കടന്നുപോകുമ്പോള്‍ സൂക്ഷ്മമായ ഉപകരണങ്ങളാല്‍ നിരീക്ഷിച്ചാല്‍ തിരിച്ചറിയാനാകുന്നത്രയും മങ്ങല്‍ ഉണ്ടാകും. ഈ രീതി ഉപയോഗിച്ച് വ്യാഴത്തിനോളം വലിപ്പമുള്ള ഗ്രഹങ്ങള്‍ മുന്‍പേ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കെപ്ലര്‍ ഏതാണ്ട് ഭൂമിയുടെ വലിപ്പമുള്ള ഗ്രഹങ്ങളെ തിരിച്ചറിയാനും മാത്രം സംവേദനക്ഷമമായ ഉപകരണം ഉള്ള പേടകമാണ്. ഇതുവരെ കെപ്ലറിന്റെ ഡാറ്റ ഉപയോഗിച്ച് രണ്ടായിരത്തിമുന്നൂറിലധികം ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്.
http://i.imgur.com/qg8UqSO.jpg
ഗ്രഹവേട്ടക്കാരുടെ ചിഹ്നം
https://commons.wikimedia.org/wiki/File:Planethunters.jpg
ഇനിയാണ് കഥയിലെ ആദ്യത്തെ ട്വിസ്റ്റ്. ഗ്രഹവേട്ടക്കാരുടെ (Planet Hunters) രംഗപ്രവേശം.4,5 യേല്‍ സര്‍വ്വകലാശാലയിലെ ഡെബ്ര ഫിഷര്‍ എന്ന ജ്യോതിശാസ്ത്രജ്ഞയുടെ നേതൃത്വത്തില്‍ ഒരുകൂട്ടം പൗരശാസ്ത്രജ്ഞര്‍, (Citizen Scientists) അഥവാ വിഷയത്തില്‍ ശിക്ഷണം സിദ്ധിച്ചിട്ടില്ലാത്ത തത്പരകക്ഷികള്‍, ആണ് ഈ പരിപാടി തുടങ്ങിയത്.6 കെപ്ലര്‍ നല്‍കിയ ഡാറ്റ കുത്തിയിരുന്ന് മാനുഷികമായി പരിശോധിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. കമ്പ്യൂട്ടറുകള്‍ പരിശോധിച്ച ഡാറ്റ തന്നെ വീണ്ടും പരിചയം പോലുമില്ലാത്ത ആളുകള്‍ പരിശോധിക്കല്‍ ഒരു നല്ല ആശയമാണ് എന്ന് അധികമാരും അന്ന് കരുതിയിരുന്നില്ല. എന്നാല്‍, ഇവര്‍ കമ്പ്യൂട്ടറുകള്‍ കാണാത്ത കുറച്ച് ഗ്രഹങ്ങള്‍ കണ്ടെത്തുക തന്നെ ഉണ്ടായി.4
പക്ഷെ, KIC 8462852 എന്ന നക്ഷത്രത്തിന്റെ ഡാറ്റ പരിശോധിച്ചപ്പോള്‍ വളരെ വിചിത്രമായ ഒരു പ്രതിഭാസം ഇതേ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. (ഗ്രഹങ്ങളെ മാത്രം തിരഞ്ഞിരുന്ന കമ്പ്യൂട്ടറുകള്‍ കാണാതെ പോയേക്കാമായിരുന്ന ഒരു പ്രതിഭാസം!) പ്രത്യേക ആവൃത്തിയില്‍ (frequency) അല്ലാതെ ഈ നക്ഷത്രത്തിന്റെ തെളിച്ചം 20% വരെ കുറയുന്നു!7,8,9 വ്യാഴത്തിനോളം വലിപ്പമുള്ള ഒരു ഗ്രഹം 1% കുറവേ ഉണ്ടാക്കൂ എന്ന് കൂടി ഓര്‍ക്കുക.9 ഗ്രഹമാണ് എങ്കില്‍ കറക്കത്തിന്റെ ആവൃത്തി ഉണ്ടാകുമല്ലോ? (ഭൂമിക്ക് ഒരു കൊല്ലം പോലെ) അതുകൊണ്ട് ഗ്രഹമെന്നും കരുതുകവയ്യ.
ആദ്യം നമ്മളുടെ കയ്യിലിരിപ്പാകാം എന്നാണ് ശാസ്ത്രജ്ഞര്‍ കരുതിയത്: ഉപകരണങ്ങളില്‍ ഉണ്ടായ തകരാറ്. പക്ഷെ, അതല്ല എന്ന് പിന്നീട് നടത്തിയ അന്വേഷണങ്ങള്‍ തെളിയിച്ചു. ജ്യോതിശാസ്ത്രപരം തന്നെയാണ് ഈ പ്രതിഭാസത്തിന്റെ വിശദീകരണം എന്ന് അവര്‍ നിഗമിച്ചു.7 കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ആണ് “ഫ്ലക്സെവിടെ?” (“Where’s the Flux?”- WTF) എന്ന തലക്കെട്ടില്‍ റ്റബെത്ത ബോയാജിയന്‍ (Tabetha Boyajian) എന്ന ഗവേഷകയുടെ നേതൃത്വത്തില്‍ ഈ നിഗമനങ്ങള്‍ അടങ്ങിയ പേപ്പര്‍ പുറത്തുവരുന്നത്.10 ഇതിനുശേഷം KIC 8462852 എന്ന അരസികന്‍ പേരുണ്ടായിരുന്ന നക്ഷത്രത്തെ WTF നക്ഷത്രം, റ്റാബിയുടെ നക്ഷത്രം, ബോയാജിയന്റെ നക്ഷത്രം എന്നീ പേരുകളില്‍ വിളിച്ചുതുടങ്ങി. (ഞാനിനി റ്റാബിയുടെ നക്ഷത്രം എന്നാകും ഉപയോഗിക്കുക)
റ്റാബിയുടെ നക്ഷത്രം (ഇന്‍ഫ്രാറെഡ, അള്‍ട്രാവയലറ്റ് പ്രകാശങ്ങളില്‍)
https://commons.wikimedia.org/wiki/File:KIC_8462852_in_IR_and_UV.png
ഇതിന് അനേകം സാധ്യതകള്‍ ആ പേപ്പറില്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. രണ്ട് ഗ്രഹങ്ങള്‍ കൂട്ടിയിടിച്ചതിന്റെ അവശിഷ്ടങ്ങള്‍ ആണ് എന്നത് മുതല്‍ വാല്‍നക്ഷത്രങ്ങളുടെ കൂട്ടമാണ്‌ എന്നതുവരെ. ഇതില്‍ വാല്‍നക്ഷത്രങ്ങള്‍ ആണ് എന്ന സിദ്ധാന്തത്തിനാണ് ഇന്ന് പ്രാമുഖ്യം കൂടുതല്‍.11,12 അതിന്റെ കാരണങ്ങളിലേക്ക് പിന്നീട് വരാം. കഥ കഴിഞ്ഞിട്ടില്ല.
ഡൈസണ്‍ ഗോളം
https://commons.wikimedia.org/wiki/File:Dyson_Swarm_-_2.png
അടുത്ത ട്വിസ്റ്റ്: ജേസണ്‍ റൈറ്റ് (Jason Wright) എന്ന ജ്യോതിശാസ്ത്രജ്ഞന്‍ ബോയാജിയനുമായി ആശയവിനിമയം നടത്തുകയും അദ്ദേഹത്തിന്റെ ഒരു ഗവേഷണ വിഷയത്തില്‍ ഈ നക്ഷത്രം പ്രസക്തമാണെന്ന് തിരിച്ചറിയുകയും ചെയ്തു.9 കെപ്ലറിന്റെ നിരീക്ഷണത്തില്‍ അന്യഗ്രഹ ജീവികള്‍ ഉണ്ടാക്കിയ വമ്പന്‍ നിര്‍മാണങ്ങള്‍ (Alien Megastructures) പെടേണ്ടതാണ്, അത്തരം നിരീക്ഷണങ്ങള്‍ അന്യഗ്രഹബുദ്ധിയെ അന്വേഷിക്കുന്ന സെറ്റി (Search for Extraterrestrial Intelligence - SETI) പോലുള്ള പദ്ധതികള്‍ക്ക് പ്രധാനമാകും എന്നതായിരുന്നു ആ ആശയം. റ്റാബിയുടെ നക്ഷത്രം അങ്ങനെ ഒരു നിര്‍മിതിയാല്‍ മറയ്ക്കപ്പെടുന്നതാണ് എന്ന സിദ്ധാന്തം റൈറ്റ് തന്റെ പേപ്പറില്‍ മുന്നോട്ടുവച്ചു.13,14 ഡൈസണ്‍ ഗോളം (Dyson sphere) എന്ന ഒരു സങ്കല്‍പ്പത്തിനോട് റ്റാബിയുടെ നക്ഷത്രം നല്‍കുന്ന ഡാറ്റ യോജിക്കുന്നുണ്ടായിരുന്നു. സ്വഗ്രഹത്തിലെ ഊര്‍ജം മുഴുവനായും ചൂഷണം ചെയ്തുകഴിഞ്ഞ ഒരു സംസ്കാരത്തിന് നക്ഷത്രത്തില്‍ നിന്നും നേരിട്ട്, പരമാവധി ഊര്‍ജ്ജം സ്വരൂപിക്കാന്‍ ഉള്ള ഒരു നിര്‍മിതിയാണിത്‌.15 ഗ്രഹങ്ങളുടെ വലിപ്പമുള്ള ഒരു കൂട്ടം സോളാര്‍ പാനലുകള്‍ എന്ന് സങ്കല്‍പ്പിക്കാം. ഇതാകാം ഒരു വിശദീകരണം, സെറ്റി പരിശോധിക്കേണ്ട ഒന്നാണ് ഈ നക്ഷത്രം എന്ന് റൈറ്റ് തന്റെ പേപ്പറില്‍ ചൂണ്ടിക്കാട്ടി.
 ഇത് സ്വാഭാവികമായും വാര്‍ത്തയായി. റൈറ്റ് മുന്നോട്ടുവച്ച സിദ്ധാന്തം ബോയാജിയന്റെ തലയിലുമായി! (ലൂക്കയും ഇതേ തെറ്റിദ്ധാരണ ആവര്‍ത്തിക്കുന്നുണ്ട്) “റ്റാബിയുടെ നക്ഷത്രം” ആണല്ലോ? സയന്‍സിന് പക്ഷെ, ഒരു കുഴപ്പമുണ്ട്: സ്വപ്നം കാണുന്നതൊക്കെ കൊള്ളാം, മറ്റുള്ളവര്‍ അതിനെ ഇഹലോകവുമായി ഒത്തുനോക്കും. ഒത്തുനോക്കണം എന്നുതന്നെയാണ് റൈറ്റ് ആവശ്യപ്പെട്ടതും.
തുടര്‍ന്ന് സ്പിറ്റ്സര്‍ ബഹിരാകാശ ദൂരദര്‍ശിനി (Spitzer Space Telescope) ഉപയോഗിച്ച് റ്റാബിയുടെ നക്ഷത്രത്തിന്റെ ഇന്‍ഫ്രാറെഡ് ആവൃത്തിയില്‍ ഉള്ള സ്വഭാവം പരിശോധിച്ചു. ഗ്രഹങ്ങള്‍ കൂട്ടിയിടിച്ചാലോ ഡൈസണ്‍ ഗോളം പോലെ ഒരു വമ്പന്‍ നിര്‍മിതി നക്ഷത്രത്തിന് ചുറ്റും ഭ്രമണം ചെയ്യുന്നുണ്ടെങ്കിലോ കണ്ടുപിടിക്കാന്‍ പാകത്തിന് ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ ഉണ്ടാകണം.16 ഫ്രീമന്‍ ഡൈസണ്‍ തന്റെ സിദ്ധാന്തം തന്നെ “ഇന്‍ഫ്രാറെഡ് കിരണങ്ങളുടെ കൃത്രിമ നക്ഷത്ര ഉറവിടങ്ങളുടെ അന്വേഷണം” (Search for Artificial Stellar Sources of Infrared Radiation”) എന്ന പേരിലാണ് അവതരിപ്പിച്ചത്.
If extraterrestrial intelligent beings exist and have reached a high level of technical development, one by-product of their energy metabolism is likely to be the large-scale conversion of starlight into far-infrared radiation. It is proposed that a search for sources of infrared radiation should accompany the recently initiated search for interstellar radio communications.
-എന്നാണ് ഡൈസന്റെ പേപ്പറിന്റെ രത്നച്ചുരുക്കം. (Abstract)
സ്പിറ്റ്സര്‍ കാര്യമായ ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ ഒന്നും തന്നെ കണ്ടെത്തിയില്ല എന്നാണ് കഴിഞ്ഞ നവംബറില്‍ പുറത്തുവന്ന പഠനം പറയുന്നത്.17 ഇത്, എന്നാല്‍, വാല്‍നക്ഷത്രങ്ങളുടെ ഒരു കൂട്ടമാകാം റ്റാബിയുടെ നക്ഷതത്തിലെ വിചിത്ര പ്രതിഭാസം എന്ന നിഗമനത്തോട് യോജിക്കുന്നു.11,12 ആ പേപ്പര്‍ പ്രസിദ്ധീകരിച്ച ശാസ്ത്രജ്ഞരില്‍ ഒരാളായ മാസിമോ മരെങ്കോ (Massimo Marengo) പറയുന്നത് ഇത് പള്‍സാറുകള്‍ അന്യഗ്രഹജീവികളുടെ സിഗ്നല്‍ ആണെന്ന് തെറ്റിദ്ധരിച്ചതിനെ അനുസ്മരിപ്പിക്കുന്നു എന്നാണ്.11 (കൃത്യമായ ആവൃത്തിയില്‍ റേഡിയോ കിരണങ്ങള്‍ പുറത്തുവിടുന്ന ജ്യോതിര്‍ഗോളങ്ങളാണ് പള്‍സാറുകള്‍; അവ കണ്ടെത്തിയ കാലത്ത് അത്രയും കൃത്യമായ ആവൃത്തി പ്രകൃതിദത്തമായി വിശദീകരിക്കാന്‍ മാര്‍ഗമില്ലായിരുന്നു. ആ സിഗ്നലിനെ ഇന്നും പച്ചക്കൊച്ചുമനുഷ്യന്‍-ഒന്ന്, Little Green Men 1 – LGM-1, എന്നാണ് വിളിക്കുന്നത്!)
റ്റബെത്ത ബോയാജിയന്‍ ("റ്റാബി")
http://www.area51.org/wp-content/uploads/2016/02/tabby.png
ബോയാജിയന്‍ തന്റെ ടെഡ് പ്രസംഗത്തില്‍ അന്യഗ്രഹജീവികള്‍ ഈ ഊര്‍ജ്ജം മറ്റൊരു ദിശയില്‍ തിരിച്ച് വിടുന്നതാകാം എന്ന് പകുതി കളിയായി പറയുന്നുണ്ട്.9 അത് തമാശയാകാന്‍ കാരണം, നമ്മള്‍ കൂടുതല്‍ കൂടുതല്‍ ഊഹങ്ങളില്‍ കെട്ടിപ്പൊക്കുകയാണ് നമ്മുടെ ഊഹം എന്നതാണ്. ഒഖമിന്റെ കത്തി എന്നൊരു പ്രശ്നപരിഹാര നിയമമുണ്ട്: “ഒരേ കാര്യം വിശദീകരിക്കുന്ന രണ്ട് സിദ്ധാന്തങ്ങളില്‍ ന്യായീകരിക്കാന്‍ കുറവ് ഊഹങ്ങള്‍ ആവശ്യമായി വരുന്നതിനെ സ്വീകരിക്കുക”; കുറേക്കൂടി ലളിതമാക്കിയാല്‍, “ലളിത വിശദീകരനണമാകുന്നു നല്ലത്.”18 ഇവിടെ, വാല്‍നക്ഷത്രങ്ങളുടെ കൂട്ടം എന്ന സിദ്ധാന്തമാകുന്നു ഊഹാപോഹങ്ങളുടെ നൂലാമാലകള്‍ കുറവുള്ള വിശദീകരണം.
ബോയാജിയന്‍ സ്വല്പം കൂടി കടന്ന് ഈ ഉദാഹരണം പറയുന്നുണ്ട്: ഗോളാന്തര യുദ്ധം നടന്ന് ഒരു ഗ്രഹം തകര്‍ന്നതിന്റെ ബാക്കിപത്രമാകാം ഇതെന്ന്! എന്നാല്‍ അതിലുണ്ടായ പൊടിപടലങ്ങള്‍ എന്തേ കാണാത്തത്? അതവര്‍ വൃത്തിയാക്കി! (“Another idea that's one of my personal favorites is that we had just witnessed an interplanetary space battle and the catastrophic destruction of a planet. Now, I admit that this would produce a lot of dust that we don't observe. But if we're already invoking aliens in this explanation, then who is to say they didn't efficiently clean up all this mess for recycling purposes?) അപഹാസ്യമായ ഒരു കഥയിലൂടെ ഒഖമിന്റെ കത്തി പറയാതെ പറഞ്ഞ് പോകുന്നു ബോയാജിയന്‍.
അത് മാത്രമല്ല, സെറ്റി തന്നെ റ്റാബിയുടെ നക്ഷത്രത്തില്‍ നിന്നും അന്യഗ്രഹജീവികള്‍ നമ്മളോട് ആശയവിനിമയം നടത്താന്‍ ശ്രമിക്കുന്നുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ട്.19,20 ഇതുവരെ ഒരനക്കവുമില്ല. (“Observations will continue, but so far no evidence of deliberately produced radio signals has been found in the direction of KIC 8462852.” എന്ന് സെറ്റി പ്രസ് റിലീസ്)
ഇത് അത്രയ്ക്ക് അപൂര്‍വ്വമായ ഒരു പ്രതിഭാസം ആയിക്കോളണമെന്നില്ല. കെപ്ലര്‍ ഒരു ചെറിയ ആകാശഭാഗം മാത്രമാണ് പരിശോധിച്ചത്. ഏതാണ്ട് ഒന്നരലക്ഷം നക്ഷത്രങ്ങള്‍ മാത്രം.2 കോടിക്കണക്കിന് നക്ഷത്രങ്ങള്‍ ക്ഷീരപഥത്തില്‍ തന്നെയുണ്ട്.21 മാത്രമല്ല, ഈ വൈചിത്യത്തില്‍ റ്റാബിയുടെ നക്ഷത്രം ഇനി ഒറ്റയ്ക്കും അല്ല: കൂട്ടിന് EPIC 204278916 എന്ന നക്ഷത്രം കൂടിയുണ്ട്.22,23,24 ആഗസ്ത് 25-നാണ് ഈ കണ്ടെത്തല്‍ പുറത്തുവന്നത്. തെളിച്ചത്തില്‍ റ്റാബിയുടെ നക്ഷത്രത്തിന് സമാനമായ സ്വഭാവങ്ങള്‍ കാട്ടുന്നുണ്ട് EPIC 204278916. (നല്ലൊരു പേര് ഇതിനും കിട്ടും എന്ന് പ്രതീക്ഷിക്കാം!)
പള്‍സാര്‍ പോലെ ഒരു പ്രകൃതിദത്ത പ്രതിഭാസം ആകാനാണ് എല്ലാ സാധ്യതയും; അന്യഗ്രഹജീവികള്‍ ആകണം എന്ന് നമ്മുക്ക് എത്ര ആഗ്രഹം ഉണ്ടായാലും. ഇത് വാല്‍നക്ഷത്രങ്ങളുടെ ഒരു കൂട്ടം തന്നെയാകണം എന്ന് നിര്‍ബന്ധമില്ല; അന്യഗ്രഹജീവികളുടെ ഡൈസണ്‍ ഗോളം ആയിക്കൂടാ എന്നുമില്ല. എന്നാല്‍, സായന്‍സികമായി വസ്തുതകള്‍ പരിശോധിച്ചാല്‍ വാല്‍നക്ഷത്രങ്ങള്‍ക്ക് ഉള്ള സാധുത അന്യഗ്രഹ ജീവന് ഇല്ല.
വാല്‍നക്ഷത്രങ്ങളുടെ കൂട്ടം (ചിത്രകാരിയുടെ ഭാവനയില്‍) 
https://en.wikipedia.org/wiki/File:PIA20053-PossibleCometSwarmAroundKIC8462852-ArtistConcept-20151124.jpg
റ്റാബിയുടെ നക്ഷത്രം ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ എന്നെ ആവേശം കൊള്ളിക്കുന്നുണ്ട് എന്ന് പറയാതെ വയ്യ; അജ്ഞതയ്ക്കപ്പുറം എന്തുണ്ട് വിദ്യാര്‍ത്ഥികളെ ആവേശം കൊള്ളിക്കാന്‍? അതിന്റെ വിചിത്ര സ്വാഭാവത്തിന്റെ കണ്ടുപിടുത്തത്തിലേക്ക് നയിച്ച ഗ്രഹവേട്ടക്കാരുടെ കഥയും പ്രചോദനാത്മകമാണ്. സയന്‍സിന്റെ പുത്തന്‍ കണ്ടുപിടുത്തങ്ങള്‍ സമൂഹത്തിനെക്കൂടി ഭാഗമാക്കി സാധിക്കുന്നു എന്നത് എന്തുകൊണ്ട് ലൂക്കയുടെ, “ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്” എന്ന മുദ്രാവാക്യം മുന്നോട്ടുവയ്ക്കുന്ന പരിഷത്തിന്റെ, ശ്രദ്ധിയില്‍ പെടാതെ പോയി എന്നതും മനസിലാകുന്നില്ല!
അന്യഗ്രഹ ജീവികള്‍ എന്ന ആശയം തന്നെ ഒരെടുത്തുചാട്ടമാണ്. അന്യഗ്രഹ ബുദ്ധി എന്നത് അതിന്റെ മേലുള്ള ചാട്ടം. അതിനും മേലെ ഉള്ള ചാട്ടമാണ് ഡൈസണ്‍ ഗോളങ്ങള്‍. ഒഖമിന്റെ കത്തി കടയ്കല്‍ തന്നെ വീഴുന്ന ഇത്തരമൊരു സിദ്ധാന്തം പരിഷത്തിന്റെ ഒരു പ്രസിദ്ധീകരണത്തില്‍ തന്നെ കാണുമ്പോള്‍ എനിക്ക് സത്യത്തില്‍ ചിരി വരുന്നുണ്ട്. “ശാസ്ത്രവും കപടശാസ്ത്രവും” എന്ന പരിഷത്ത് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ നിന്നാണ് ഈ സങ്കല്‍പം ഞാനാദ്യം വായിക്കുന്നത്!
എന്തായാലും റ്റാബിയുടെ നക്ഷത്രം അത്യന്തം ആകാംഷയുണര്‍ത്തുന്ന ഒന്നുതന്നെയാണ്. അതിന് ഇല്ലാക്കഥകളിലൂടെയല്ല, വസ്തുതകളുടെ വെളിച്ചത്തില്‍ വ്യക്തമായി മനസിലാക്കൂ... പറ്റുമെങ്കില്‍ ഇനിയുമൊരു ഗ്രഹവേട്ടയ്ക്ക് കൂട്ടിന് പോകൂ...! ഭാവനാലോകത്തെ ഒരായിരം പടി കടത്തിവെട്ടുന്ന ഇഹലോകത്തിന്റെ സൗന്ദര്യം പരമാവധി നുകരൂ...


പിന്‍കുറിപ്പ്: ലൂക്കയോട് യാതൊരു വിരോധവും ഇല്ല എന്ന് തന്നെയല്ല, ഞാന്‍ ലൂക്ക ശുപാര്‍ശ ചെയ്യുന്നു. ഒരബദ്ധം ഏത് പോലീസുകാരനും പറ്റും!

അവലംബം
  1. http://luca.co.in/extraterrestrial-life/ 
  2. https://en.wikipedia.org/wiki/Kepler_(spacecraft)
  3. https://www.nasa.gov/mission_pages/kepler/overview/index.html
  4. https://en.wikipedia.org/wiki/Planet_Hunters
  5. https://www.planethunters.org/#/about
  6. http://news.yale.edu/2010/12/16/citizen-scientists-join-search-earth-planets
  7. https://arxiv.org/pdf/1509.03622v2.pdf
  8. http://yalescientific.org/thescope/2015/11/sensationalizing-the-sensational-yale-exoplanet-research-in-the-news/
  9. https://www.ted.com/talks/tabetha_boyajian_the_most_mysterious_star_in_the_universe/transcript?language=en
  10. https://arxiv.org/abs/1509.03622
  11. http://www.nasa.gov/feature/jpl/strange-star-likely-swarmed-by-comets
  12. http://alumni.berkeley.edu/california-magazine/just-in/2016-02-05/wtf-star-some-suggest-its-evidence-aliens-berkeley-seti-chief
  13. http://arxiv.org/pdf/1510.04606v2.pdf
  14. http://sites.psu.edu/astrowright/2015/10/15/kic-8462852wheres-the-flux/
  15. https://en.wikipedia.org/wiki/Dyson_sphere
  16. http://science.sciencemag.org/content/131/3414/1667
  17. https://arxiv.org/pdf/1511.07908v1.pdf
  18. https://en.wikipedia.org/wiki/Occam%27s_razor
  19. https://arxiv.org/ftp/arxiv/papers/1512/1512.02388.pdf
  20. http://www.seti.org/seti-institute/press-release/looking-deliberate-radio-signals-kic-8462852
  21. https://en.wikipedia.org/wiki/Milky_Way
  22. https://en.wikipedia.org/wiki/EPIC_204278916
  23. https://arxiv.org/abs/1608.07291
  24. http://www.sciencealert.com/researchers-just-found-a-second-dyson-sphere-star

4 comments:

  1. Well written. Loved reading! 👍❤

    ReplyDelete
  2. വായിപ്പിക്കുക എന്ന ലക്ഷ്യം മുന്നിൽ വെച്ച് നൽകിയ തലവാചകത്തിലെ അതിശയോക്തി തീർച്ചയായും ലൂക്ക സമ്മതിക്കുന്നു. ഈ വിഷയത്തിൽ സാധാരണക്കാർക്ക് താത്പര്യം ഉണ്ടാക്കുകയും വായിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുക എന്ന ധർമ്മം ആണ് ലുക്ക ഈ ലേഖനത്തിലൂടെ നടത്തിയത് - താങ്കളുടെ ഈ ബ്ലോഗ് കണ്ടന്റും ലൂക്കയിൽ പ്രസിദ്ധീകരിച്ചു കൂടെ? പാപ്പൂട്ടി മാഷിന് ഇതേ കുറിച്ച് പറയാനുള്ള കാര്യങ്ങളും - താങ്കൾ ലൂക്കയുമായി തുടർന്ന് സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു.

    ReplyDelete
    Replies
    1. ചില കാര്യങ്ങളില്‍ വസ്തുനിഷ്ഠമായ തെറ്റുകളും ലൂക്ക വരുത്തിയിട്ടുണ്ട്. "റൈറ്റ് മുന്നോട്ടുവച്ച സിദ്ധാന്തം ബോയാജിയന്റെ തലയിലുമായി! (ലൂക്കയും ഇതേ തെറ്റിദ്ധാരണ ആവര്‍ത്തിക്കുന്നുണ്ട്)"
      എന്തായാലും ലൂക്കയുമായി സഹകരിക്കാന്‍ സന്തോഷവും അഭിമാനവും മാത്രമേ ഉള്ളൂ.

      Delete

കൂടുതല്‍ വായിക്കപെട്ട പോസ്റ്റുകള്‍