Friday, 16 September 2016

ഒഖമിന്‍റെ കത്തിയും റ്റാബിയുടെ നക്ഷത്രവും

“ലളിമായ വിശദീകരണമാണ് നല്ലത്” (Simplest explanation is the best) എന്നൊരു നിയമമുണ്ട്. ഒഖമിന്റെ കത്തി (Occam’s Razor) എന്നാണ് ഇതിനെ വിളിക്കുക.1 വിശദമായി പറഞ്ഞാല്‍, ഒരേ പ്രതിഭാസം വിശദീകരിക്കുന്ന സിദ്ധാന്തങ്ങളില്‍ സങ്കീര്‍ണത കുറഞ്ഞ, പരമാവധി പുത്തന്‍ ഊഹങ്ങള്‍ ഇല്ലാത്ത, സിദ്ധാന്തം സ്വീകരിക്കുന്നതാണ് ഉചിതം. സാര്‍വ്വലൗകികമായി ശരി എന്ന് പറയാന്‍ കഴിയില്ലെങ്കിലും ശരിയാകാന്‍ സാധ്യതയുള്ള സിദ്ധാന്തങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഒരു നല്ല രീതിയാണ് ഒഖമിന്റെ കത്തി.
സൂസന്‍ ബെല്‍
http://i.imgur.com/I7qgixx.jpg
ഉദാഹരണമായി, ഒരു കഥ പറയാം. 1967-ല്‍ സൂസന്‍ ജോസലിന്‍ ബെല്‍ (Susan Jocelyn Bell) എന്ന ഡോക്ടറല്‍ വിദ്യാര്‍ത്ഥിനി അസാധാരണമായ ഒരു ജ്യോതിശാസ്ത്ര പ്രതിഭാസം നിരീക്ഷിച്ചു. വ്യക്തമായ സമയദൈര്‍ഘ്യത്തില്‍ ആവര്‍ത്തിക്കുന്ന ഒരു റേഡിയോ സിഗ്നല്‍!2,3 അന്ന് അത്തരം സിഗ്നലുകള്‍ പുറപ്പെടുവിക്കുന്ന ഒരു സ്വാഭാവിക പ്രതിഭാസത്തേയും ശാസ്ത്രലോകത്തിന് അറിഞ്ഞുകൂടായിരുന്നു. ആദ്യം ഉപകരണങ്ങളുടെ കുഴപ്പമാണെന്ന് കരുതിയെങ്കിലും ഒന്നിലധികം ദൂരദര്‍ശിനികളിലൂടെ മറ്റ് ശാസ്ത്രജ്ഞര്‍ ഇത് പരീക്ഷിച്ച് സ്ഥിതീകരിച്ചു.4 ബെല്ലും അവരുടെ ഉപദേഷ്ടാവായ ആന്റണി ഹ്യൂവിഷും (Antony Hewish) പകുതി കളിയായിട്ടാണെങ്കിലും ഈ സ്രോതസ്സിനെ ആദ്യം പച്ചക്കൊച്ചുമനുഷ്യര്‍-1 (Little Green Men-1അല്ലെങ്കില്‍ ചുരുക്കെഴുത്തില്‍ LGM-1) എന്നാണ് വിളിച്ചത്!5 പച്ചക്കൊച്ചുമനുഷ്യര്‍ അന്യഗ്രഹജീവികളെ സൂചിപ്പിക്കുന്ന സംജ്ഞയാണെന്ന് അറിയാമായിരിക്കുമല്ലോ? കൃത്യമായ ആവര്‍ത്തനം ഉള്ള ഇത് ഏതോ അന്യഗ്രഹ സംസ്കാരം നമുക്കായി അയച്ച സന്ദേശം അല്ലെങ്കില്‍ ‘ഞങ്ങള്‍ ഇവിടുണ്ടേ!’ എന്ന് പറയുന്ന ഒരു “ദീപസ്തംഭം” (beacon)ആയിക്കൂടെ?
എന്തായാലും അന്യഗ്രഹജീവികള്‍ ഒഖമിന്റെ കത്തിക്കിരയാകുകയാണുണ്ടായത്. പകരം, പള്‍സാറുകള്‍ (Pulsars) എന്ന ഒരു ജ്യോതിശാസ്ത്ര പ്രതിഭാസമായിരുന്നു അതെന്ന് പിന്നീട് തിരിച്ചറിഞ്ഞു.6 അന്യഗ്രഹജീവികള്‍ ഉണ്ടെന്നും അവയ്ക്ക് നമ്മുടേതിന് സമാനമായ ബുദ്ധി ഉണ്ടെന്നും അവ റേഡിയോ സിഗ്നലുകള്‍ അയയ്ക്കും എന്നതുള്‍പ്പടെ ഒരുകൂട്ടം ഊഹങ്ങളുടെ കൂമ്പാരത്തിലും എന്തുകൊണ്ടും നല്ലത് ഒരു ജ്യോതിശാസ്ത്ര വിശദീകരണമാണ്. മാത്രമല്ല, അക്കാലത്ത് തന്നെ ഇത്തരം മറ്റ്‌ സ്രോതസ്സുകള്‍ കണ്ടെത്തിയതും അന്യഗ്രഹജീവികളല്ല, ജ്യോതിശാസ്ത്ര പ്രതിഭാസം എന്ന സിദ്ധാന്തത്തിന്റെ ബലം വര്‍ദ്ധിപ്പിച്ചു.5
LGM-1എന്ന സുന്ദരമായ വിളിപ്പേരില്‍ നിന്നും ഇപ്പോള്‍ PSR B1919+21എന്ന അറുബോറന്‍ പേരിലേക്ക് എത്തിപ്പെട്ടിരിക്കുന്നു ഇപ്പോള്‍ ഈ പ്രതിഭാസം.2 സ്ഥിരം ഒഖമിന്റെ കത്തിക്കിരയാകുന്ന പാവങ്ങളാണ് അന്യഗ്രഹജീവികള്‍; കാരണം, വിചിത്രമായ എന്തിനും വിശദീകരണമായി ‘നമുക്ക് ഊഹിക്കാന്‍ പോലും പറ്റാത്തത്ര വികസിച്ച ഒരു സംസ്കാരം’ എന്ന് തട്ടിവിടാം. പലരും അത് ചെയ്യാറുമുണ്ട്. ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളില്‍ മാത്രമല്ല, ചരിത്രത്തിലെ വിശദീകരിക്കാനാവാത്ത ചില കാര്യങ്ങള്‍ (ഈജിപ്തിലെ പിരമിഡുകള്‍ ഉദാഹരണം) പോലും അന്യഗ്രഹജീവികളുടെ കൈകടത്തല്‍ ആണെന്ന് പറയുന്ന കപടശാസ്‌ത്രജ്ഞരുണ്ട്!7
https://stocklogos-pd.s3.amazonaws.com/setitop.jpg
നമുക്കെല്ലാവര്‍ക്കും അന്യഗ്രഹജീവികള്‍ ഉണ്ടായാല്‍ കൊള്ളാം എന്നുണ്ട്. “നമ്മള്‍ ഒറ്റയ്ക്കാണോ?” (Are We Alone?) എന്ന ചോദ്യം നമ്മുടെ ഉള്ളിലേക്ക് തറച്ചു കയറുന്നതും അതുകൊണ്ടാണ്. ഈ ആശങ്ക അവസാനിപ്പിക്കാനാണ് അന്യഗ്രഹ ബുദ്ധിയുടെ അന്വേഷണം അഥവാ സെറ്റി (Search for Extraterrestrial Intelligence – SETI) പോലുള്ള പദ്ധതികള്‍ ശാസ്ത്രജ്ഞര്‍ ആവിഷ്കരിക്കുന്നത്8,9 
പക്ഷെ, ഒരു പരിധി വരെ സെറ്റി ഒരു ഊഹക്കളിയാണ്. (സയന്‍സില്‍ മിക്കവാറും ഇത്തരം ഊഹങ്ങള്‍ പരീക്ഷിച്ച് നോക്കേണ്ട ആവശ്യമുണ്ട്; എന്നാലെ അറിവ് അജ്ഞതയുടെ ഇരുട്ടിലേക്ക് കടന്നുചെല്ലു) നമ്മള്‍ എങ്ങനെയാകും മറ്റൊരു സംസ്കാരത്തെ ബന്ധപ്പെടാന്‍ ശ്രമിക്കുക എന്നതും ഭാവിയെ പറ്റിയുള്ള ചില ധാരണകളും വച്ച് ആശയവിനിമയങ്ങള്‍ സ്വീകരിക്കാന്‍ പദ്ധതിയിടുകയാണ് സെറ്റി ചെയ്യുന്നത്. വിദ്യുത്കാന്തിക തരംഗങ്ങള്‍ക്ക് നമുക്കറിയാവുന്നതില്‍ ഏറ്റവും വേഗത്തില്‍  ശൂന്യതയിലൂടെ സഞ്ചരിക്കാം എന്നതിനാല്‍ അവയിലുള്ള പ്രത്യേക ക്രമങ്ങള്‍ (patterns) പരിശോധിക്കുകയാണ് സെറ്റി പ്രധാനമായും ചെയ്യുന്നത്.8 (സെറ്റിയെ പറ്റി കൂടുതല്‍ അറിയാന്‍ The Eerie Silence എന്ന പോള്‍ ഡേവിസ് എഴുതിയ പുസ്തകം വായിക്കാം)
ഇതല്ലാതെ മറ്റ് ചില ഊഹങ്ങള്‍ കൂടി ഈ അന്വേഷണത്തില്‍ ഏര്‍പ്പെടുന്ന ശാസ്ത്രജ്ഞര്‍ നടത്താറുണ്ട്. അത്തരം ഒരു ഊഹം ഉണ്ടാക്കിയ ആശയക്കുഴപ്പമാണ് “അന്യഗ്രഹജീവികളുടെ വമ്പന്‍ നിര്‍മിതി കണ്ടെത്തി” (“…researchers discovered an alien megastructure…”) എന്ന കഴിഞ്ഞവര്‍ഷം പരന്ന വാര്‍ത്ത.10
luca.co.in/extraterrestrial-life/
ഈ സെപ്തംബര്‍ 12-ന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ലൂക്കയില്‍ വന്ന “അന്യഗ്രഹജീവികളോ കൺമുന്നിൽ?” എന്ന ലേഖനവും ആത്തരം ആശയക്കുഴപ്പങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്.11 ലൂക്ക നല്ല നിലവാരം പുലര്‍ത്തുന്ന ഒരു പ്രസിദ്ധീകരണമായതുകൊണ്ട് ഈ ലേഖനം നിരാശാജനകമായിരുന്നു എന്ന് പറയാതെ വയ്യ. ഈ വിഷയത്തില്‍ ഒരു ലേഖനമെഴുതാന്‍ എന്നെ പ്രേരിപ്പിച്ചതും ഇത് തന്നെ.
“അന്യഗ്രഹജീവികളുണ്ടാക്കിയ വമ്പന്‍ നിര്‍മിതി” എന്ന ആശയത്തിന്റെ കഥ തുടങ്ങുന്നത് 2009-ല്‍ ആണ്. അന്നാണ് നാസയുടെ കെപ്ലര്‍ എന്ന ബഹിരാകാശ നിരീക്ഷണകേന്ദ്രം വിക്ഷേപിക്കപ്പെട്ടത്.12,13 കെപ്ലറിന് ഒരേയൊരു ലക്ഷ്യമാണ്‌ ഉണ്ടായിരുന്നത്: ഭൂമിയുടെ വലിപ്പമുള്ള ബാഹ്യഗ്രഹങ്ങള്‍ (സൂര്യനല്ലാത്ത മറ്റ് നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങള്‍ - exoplanets) കണ്ടെത്തുക.
നക്ഷത്രങ്ങള്‍ തന്നെ പ്രകാശക്കുത്തുകളായി മാത്രം കാണാനാകുന്ന നമുക്ക് എങ്ങനെ അതിനെ ചുറ്റുന്ന ഗ്രഹങ്ങളെ കാണാന്‍ കഴിയും? അതിന് പല വഴികളുമുണ്ട്.14 കെപ്ലര്‍ ഉപയോഗിച്ചത് സംതരണരീതി (Transit Method) ആണ്.12,14
സംതരണരീതി 
http://www.pitt.edu/~stepup/Images/transit.gif

നമ്മള്‍ ഒരു നക്ഷത്രത്തെ നോക്കുമ്പോള്‍ നമുക്കും ആ നക്ഷത്രത്തിനും ഇടയില്‍ എന്തെങ്കിലും  ഒരു വസ്തു കടന്നുപോയി എന്ന് കരുതുക. ആ വസ്തു നേരിയ അളവില്‍ ആണെങ്കില്‍ പോലും ആ നക്ഷത്രത്തിന്റെ പ്രകാശത്തെ നമ്മിലെത്താതെ തടയും. അങ്ങനെ നക്ഷത്രത്തിന്റെ തെളിച്ചം (brightness) മങ്ങും. വ്യാഴത്തിനോളം വലിപ്പമുള്ള ഒരു ഗ്രഹം പോലെ താരമ്യേന വലിയ ഒരു വസ്തുവാണെങ്കില്‍ അതുണ്ടാക്കുന്ന മങ്ങല്‍ വ്യക്തമായി നിരീക്ഷിക്കാന്‍ കഴിയും. ഈ രീതിയില്‍ വളരെ ചെറിയ, ഭൗമസമാനമായ, ഗ്രഹങ്ങള്‍ തിരിച്ചറിയാന്‍ സൂക്ഷ്മമായ നിരീക്ഷണം ആവശ്യമുണ്ട്.
കെപ്ലര്‍ നിരീക്ഷിക്കുന്ന ആകാശഭാഗം
http://kepler.nasa.gov/images/MilkyWay-Kepler-cRoberts-1-full.png
ഭൂമിയുടെ വലിപ്പമുള്ള ഒരു ഗ്രഹം ഉണ്ടാക്കുന്ന മങ്ങല്‍ പോലും തിരിച്ചറിയാന്‍ മാത്രം സംവേദനക്ഷമതയുള്ള (sensitivity) ഫോട്ടോമീറ്റര്‍ (photometer - തെളിച്ചം അളക്കുന്ന ഉപകരണം) മാത്രമാണ് കെപ്ലര്‍ പേടകത്തില്‍  ഉണ്ടായിരുന്നത്.12 ഈ ചിത്രത്തില്‍ അടയാളപ്പെടുത്തിയ ആകാശഭാഗത്തെ മാത്രം തുടര്‍ച്ചയായി നിരീക്ഷിക്കുകയാണ് കെപ്ലര്‍ ചെയ്തത്. ഏതാണ്ട് ഒന്നരലക്ഷത്തോളം നക്ഷത്രങ്ങളുടെ തെളിച്ഛമാണ് തുടര്‍ച്ചയായി ഇങ്ങനെ അളന്നത്. ഈ വിവരം കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് അവലോകനം ചെയ്ത് ഗ്രഹങ്ങളുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യം; ശാസ്ത്രജ്ഞര്‍ക്ക് സ്വയമേവ അവലോകനം ചെയ്യാവുന്നതിലും വളരെയധികമായിരുന്നു വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന ലക്ഷക്കണക്കിന്‌ നക്ഷത്രങ്ങളുടെ തെളിച്ചത്തിന്റെ വിവരങ്ങള്‍.
ഗ്രഹവേട്ടക്കാരുടെ ചിഹ്നം
https://commons.wikimedia.org/wiki/File:Planethunters.jpg
പക്ഷെ, കമ്പ്യൂട്ടറുകള്‍ എന്തെങ്കിലും കാണാതെ പോയാലോ? മനുഷ്യരെ എന്തുകൊണ്ട് ഉപയോഗപ്പെടുത്തിക്കൂടാ? മനുഷ്യര്‍ക്ക് പുതിയ ക്രമങ്ങള്‍ (patterns) കാണാനുള്ള അനിതരസാധാരണമായ സിദ്ധി തന്നെയാണല്ലോ ശാസ്ത്രപുരോഗതിക്ക് കാരണമായിട്ടുള്ളത്. ശാസ്ത്രജ്ഞര്‍ അല്ലാത്ത, എന്നാല്‍ വിഷയത്തില്‍ താത്പര്യമുള്ള സാധാരണക്കാര്‍ക്ക് ഈ വിവരങ്ങള്‍ അവലോകനം ചെയ്യാന്‍ നല്‍കുക എന്ന ആശയം അങ്ങനെ രൂപപ്പെട്ടു. ഇതിനെ “ഗ്രഹവേട്ടക്കാര്‍” (Planet Hunters) എന്നാണ് വിളിക്കുന്നത്.15,16,17 (ഇപ്പോഴും പദ്ധതി തുടരുന്നുണ്ട്, കൂടുതല്‍ വിവരങ്ങള്‍ക്ക് അവരുടെ പേജ് സന്ദര്‍ശിക്കുക) യേല്‍ (Yale) സര്‍വ്വകലാശാലയിലെ ബാഹ്യഗ്രഹങ്ങളില്‍ വിദഗ്ദ്ധയായ ഡെബ്ര ഫിഷര്‍ (Debra Fischer) എന്ന ജ്യോതിശാസ്ത്രജ്ഞയുടെ നേതൃത്വത്തിലായിരുന്നു ഈ സംരഭം  തുടങ്ങിയത്.17,18
ശാസ്ത്രജ്ഞര്‍ വിശ്വസനീയമാം വണ്ണം പ്രോഗ്രാം ചെയ്ത കമ്പ്യൂട്ടറുകള്‍ക്ക് കഴിയാത്ത എന്തെങ്കിലും കുറെ സാധാരണക്കാര്‍ക്ക് കഴിയും എന്ന് ശാസ്ത്രലോകം പ്രതീക്ഷിച്ചിരുന്നേയില്ല. എന്നാല്‍, ഗ്രഹവേട്ടക്കാര്‍ ഒന്നിലധികം ഗ്രഹങ്ങളെ കണ്ടെത്തുകയുണ്ടായി.15
പക്ഷെ, അവരുടെ ശരിക്കുള്ള വിജയം ഒരിക്കലും, സൈദ്ധാന്തികമായി പോലും കമ്പ്യൂട്ടറുകള്‍ക്ക് സാധിക്കാത്ത വിചിത്രമായ ഒന്ന് കണ്ടെത്താന്‍ ഈ പരിശോധന സഹായകരമായി എന്നതാണ്. ഗ്രഹങ്ങളെ മാത്രം നോക്കിയിരുന്ന കമ്പ്യൂട്ടര്‍ ഒരിക്കലും കണ്ടെത്താത്ത ഒന്ന്.
KIC 8462852 എന്ന നക്ഷത്രത്തിന്റെ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ അതിന്റെ തെളിച്ചം 20%-ത്തോളം കുറഞ്ഞതായി കണ്ടു.19,20,21 പല തവണ ഇതുണ്ടായി, എന്നാല്‍ ഒരു ഗ്രഹം ഉണ്ടാക്കും പോലെ കൃത്യമായ ഇടവേളയില്‍ ആയിരുന്നില്ല ഈ മങ്ങലുകള്‍. (ഭൂമി ആണെങ്കില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ഒരേ ഇടത്ത് വരുമല്ലോ? അതുപോലെ) മാത്രമല്ല, ഗ്രഹങ്ങള്‍ ഉണ്ടാക്കുന്ന മങ്ങലുകള്‍ കുറച്ചുനേരം മാത്രമേ ഉണ്ടാകൂ.21 ഇത് ദിവസങ്ങളോളം നീണ്ടുനിന്നു. വ്യാഴത്തിനോളം വലിപ്പമുള്ള ഗ്രഹം പോലും 1% കുറവ് മാത്രമേ ഉണ്ടാക്കൂ എന്നതുകൂടി ചേര്‍ത്ത് വായിച്ചപ്പോള്‍ ഇതൊരു ഗ്രഹമാകാന്‍ സാധ്യതയില്ല എന്ന് ഇവര്‍ തിരിച്ചറിഞ്ഞു.21
റ്റബെത്ത ബോയാജിയന്‍ ("റ്റാബി")

യന്ത്രത്തകരാറുകളോ മനുഷ്യരുടെ തെറ്റോ ആകാം എന്നാണ് ആദ്യം കരുതിയതെങ്കിലും പരിശോധനകളില്‍ ഇത് ജ്യോതിശാസ്ത്ര പ്രതിഭാസം തന്നെ എന്ന് റ്റബെത്ത ബോയാജിയന്‍ (Tabetha Boyajian) എന്ന ഗവേഷകയുടെ നേതൃത്വത്തിലുള്ള സംഘം ഉറപ്പിച്ചു.19 ഇതിന്റെ കാരണം തൃപ്തികരമായി വിശദീകരിക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ക്കൂടി ഈ വസ്തുതകള്‍ ഒരു ഗവേഷണപ്രബന്ധമായി കഴിഞ്ഞ സെപ്തംബറില്‍ പ്രസിദ്ധീകരിച്ചു. പ്രകാശത്തിന്റെ ഫ്ലക്സ് അഥവാ ഊര്‍ജം എവിടെപ്പോയി എന്ന അര്‍ത്ഥം വരുന്ന “ഊര്‍ജമെവിടെ?” (“Where’s the Flux?”- WTF) എന്ന സംജ്ഞയായിരുന്നു അവര്‍ തലക്കെട്ടിന് ഉപയോഗിച്ചത്. (WTF എന്ന ചുരുക്കെഴുത്ത് ഇംഗ്ലീഷില്‍ വലിയ അത്ഭുതത്തെ സൂചിപിക്കുന്നതാണ്)
ഇതിനുശേഷം KIC 8462852 എന്ന അരസികന്‍ പേരുണ്ടായിരുന്ന നക്ഷത്രത്തെ ശാസ്ത്രലോകം WTF നക്ഷത്രം, റ്റാബിയുടെ നക്ഷത്രം, ബോയാജിയന്റെ നക്ഷത്രം എന്നീ പേരുകളില്‍ വിളിച്ചുതുടങ്ങി.20 (ഞാനിനി റ്റാബിയുടെ നക്ഷത്രം എന്നാകും ഉപയോഗിക്കുക)
റ്റാബിയുടെ നക്ഷത്രം - ഇന്‍ഫ്രാറെഡ്, അള്‍ട്രാവയലറ്റ് പ്രകാശങ്ങളില്‍
https://commons.wikimedia.org/wiki/File:KIC_8462852_in_IR_and_UV.png
മേല്‍പ്പറഞ്ഞ പേപ്പറില്‍ ഇത് വിശദീകരിക്കാന്‍ പല അനുമാനങ്ങളും മുന്നോട്ട് വയ്ക്കുന്നുണ്ട്. രണ്ട് ഗ്രഹങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചതിന്റെ അവശിഷ്ടങ്ങളാകാം പ്രകാശം മറയ്ക്കുന്നത് എന്നതാണ് ഒരു സിദ്ധാന്തം. വളരെ നീണ്ട ഭ്രമണപഥത്തിലുള്ള (orbit)ഒരു കൂട്ടം വാല്‍നക്ഷത്രങ്ങളാകാം എന്നത് മറ്റൊന്ന്. ഇതില്‍ എല്ലാ സിദ്ധാന്തങ്ങളും അന്യഗ്രഹജീവികള്‍ ഉള്‍പ്പടെ ശരിയല്ല എന്നാണ് ഇപ്പോള്‍ മനസിലാക്കുന്നത്.21,22,23 അതിന്റെ കാരണങ്ങളിലേക്ക് പിന്നീട് വരാം. കഥ കഴിഞ്ഞിട്ടില്ല.
അടുത്ത ട്വിസ്റ്റ്: ജേസണ്‍ റൈറ്റ് (Jason Wright) എന്ന ജ്യോതിശാസ്ത്രജ്ഞന്‍ ബോയാജിയനുമായി ആശയവിനിമയം നടത്തുകയും അദ്ദേഹത്തിന്റെ ഒരു ഗവേഷണ വിഷയത്തില്‍ ഈ നക്ഷത്രം പ്രസക്തമാണെന്ന് തിരിച്ചറിയുകയും ചെയ്തു.24 കെപ്ലര്‍ നിരീക്ഷിക്കുന്ന ഏതെങ്കിലും നക്ഷത്രങ്ങളില്‍ അന്യഗ്രഹജീവികളുടെ വമ്പന്‍ നിര്‍മിതികള്‍ (Alien Megastructures) ഉണ്ടെങ്കില്‍ അവ ഉറപ്പായും ശ്രദ്ധിക്കപ്പെടും, അത് സെറ്റി ഗവേഷണത്തില്‍ സുപ്രധാനമാകും എന്ന ആശയമാണ് റൈറ്റ് വികസിപ്പിച്ചുകൊണ്ടിരുന്നത്.25,26
ഡൈസണ്‍ ഗോളം - ഭാവനാവിഷ്കാരം
https://commons.wikimedia.org/wiki/File:Dyson_Swarm_-_2.png
ഡൈസണ്‍ ഗോളം (Dyson sphere) എന്ന ഒരു സങ്കല്‍പ്പത്തിനോട് റ്റാബിയുടെ നക്ഷത്രത്തിന്റെ വിശദാംശങ്ങള്‍ യോജിക്കുന്നുണ്ടായിരുന്നു. സ്വഗ്രഹത്തിലെ ഊര്‍ജം മുഴുവനായും ചൂഷണം ചെയ്തുകഴിഞ്ഞ ഒരു സംസ്കാരത്തിന് നക്ഷത്രത്തില്‍ നിന്നും നേരിട്ട്, പരമാവധി ഊര്‍ജ്ജം സ്വരൂപിക്കാന്‍ ഉള്ള ഒരു നിര്‍മിതിയാണിത്‌. 27 ഗ്രഹങ്ങളെക്കാള്‍ വലിപ്പമുള്ള, നക്ഷത്രത്തെ ചുറ്റിക്കൊണ്ടിക്കുന്ന ഒരു കൂട്ടം സോളാര്‍ പാനലുകള്‍ എന്ന് സങ്കല്‍പ്പിക്കാം. ഇതാകാം ഒരു വിശദീകരണം, സെറ്റി പരിശോധിക്കേണ്ട ഒന്നാണ് ഈ നക്ഷത്രം എന്ന് റൈറ്റ് തന്റെ പേപ്പറില്‍ ചൂണ്ടിക്കാട്ടി.25
ഇത് സ്വാഭാവികമായും വാര്‍ത്തയായി. റൈറ്റ് മുന്നോട്ടുവച്ച സിദ്ധാന്തം ബോയാജിയന്റെ തലയിലുമായി! “റ്റാബിയുടെ നക്ഷത്രം” ആണല്ലോ? എന്തായാലും റൈറ്റിന്റെ നിര്‍ദേശം പോലെ ആ നക്ഷത്രത്തെ ശാസ്ത്രജ്ഞര്‍ വിശദമായി പരിശോധിക്കുക തന്നെ ചെയ്തു. എങ്ങനെയെന്നല്ലെ?
ഫ്രീമന്‍ ഡൈസണ്‍ (Freeman Dyson) എന്ന ഭൗതികശാസ്ത്രജ്ഞന്‍ “ഇന്‍ഫ്രാറെഡ് കിരണങ്ങളുടെ കൃത്രിമ നക്ഷത്ര ഉറവിടങ്ങളുടെ അന്വേഷണം” (Search for Artificial Stellar Sources of Infrared Radiation”) എന്ന പേരില്‍ 1960-ല്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടിയതുപോലെ, ഡൈസണ്‍ ഗോളങ്ങള്‍ പോലുള്ള അന്യഗ്രഹജീവികളുടെ വമ്പന്‍ നിര്‍മിതികളില്‍ നിന്ന് നമുക്ക് നിരീക്ഷിക്കാവുന്ന അളവില്‍ ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ പുറത്തുവരും.28 ഇത് സ്പിറ്റ്സര്‍ ബഹിരാകാശ ദൂരദര്‍ശിനി (Spitzer Space Telescope) ഉപയോഗിച്ച് പരിശോധിച്ചുനോക്കിയപ്പോള്‍ കാര്യമായ അളവില്‍ ഇന്‍ഫ്രാറെഡ് വികിരണമില്ല എന്നാണ് മനസിലായത്.29
ഗ്രഹങ്ങളുടെ കൂട്ടിയിടി ആയിരുന്നെങ്കിലും ഇന്‍ഫ്രാറെഡ് വികിരണം ഉണ്ടാകണം. അപ്പോള്‍ അതും അല്ല. വാല്‍നക്ഷത്രങ്ങളാകാം എന്ന സിദ്ധാന്തത്തോട് ഇത് പൂര്‍ണ്ണമായും യോജിക്കുന്നുണ്ട്.
വാല്‍നക്ഷത്രങ്ങളുടെ കൂട്ടം - ഭാവനാവിഷ്കാരം
https://en.wikipedia.org/wiki/File:PIA20053-PossibleCometSwarmAroundKIC8462852-ArtistConcept-20151124.jpg
ഇത് മാത്രമല്ല, സെറ്റി തന്നെ റ്റാബിയുടെ നക്ഷത്രത്തില്‍ നിന്നും അന്യഗ്രഹജീവികള്‍ നമ്മളോട് ആശയവിനിമയം നടത്താന്‍ ശ്രമിക്കുന്നുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ട്.30,31 ഇതുവരെ ഒരനക്കവുമില്ല; എന്നാലും നിരീക്ഷണങ്ങള്‍ തുടരും. (“Observations will continue, but so far no evidence of deliberately produced radio signals has been found in the direction of KIC 8462852.” എന്ന് സെറ്റി പ്രസ് റിലീസ്)
ബ്രാഡ്ലി ഷെയ്ഫര്‍
https://i.ytimg.com/vi/u9KG47TvJMI/maxresdefault.jpg
വാല്‍നക്ഷത്രങ്ങള്‍ എന്ന സിദ്ധാന്തത്തിനും കാര്യമായ ആയുസ്സുണ്ടായില്ല. ഈ ജനുവരിയില്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ ബ്രാഡ്ലി ഷെയ്ഫര്‍ (Bradley Schaefer) എന്ന ശാസ്ത്രജ്ഞന്‍ കഴിഞ്ഞ നൂറ്റാണ്ടിലെ റ്റാബിയുടെ നക്ഷത്രത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച് എല്ലാ സിദ്ധാന്തങ്ങളും തള്ളിക്കളഞ്ഞു.21 ഇരുന്നൂറ് കിലോമീറ്റര്‍ വ്യാസമുള്ള 648,000 വാല്‍നക്ഷത്രങ്ങള്‍ കൃത്യമായി ഈ ഒറ്റ നൂറ്റാണ്ടില്‍ മാത്രം കടന്നുപോകാന്‍ പാകത്തിന് ഉണ്ടായാലേ വിശദാംശങ്ങളുമായി യോജിക്കു എന്ന് ഷെയ്ഫര്‍ കണക്കുകൂട്ടി.21
Within the context of the comet-family idea, the century-long dimming trend requires an estimated 648,000 giant comets (each with 200 km diameter) all orchestrated to pass in front of the star within the last century.” – പേപ്പറില്‍ നിന്ന്.
അതും ഒഖമിന്റെ കത്തിയാല്‍ അവസാനിക്കാന്‍ പാകത്തിന് സങ്കീര്‍ണമായ തട്ടിക്കൂട്ടാണ്. അതായത്, ഇതിനെ വിശദീകരിക്കാന്‍ ഭാവനാത്മകമായ പുതിയൊരു സിദ്ധാന്തം അനിവാര്യമാണ് എന്നതിന് സംശയമില്ല.
അത്രയ്ക്ക് അപൂര്‍വ്വമായ ഒരു പ്രതിഭാസം ആയിക്കോളണമെന്നില്ല റ്റാബിയുടെ നക്ഷത്രം. കെപ്ലര്‍ ഒരു ചെറിയ ആകാശഭാഗം മാത്രമാണ് പരിശോധിച്ചത്. ഏതാണ്ട് ഒന്നരലക്ഷം നക്ഷത്രങ്ങള്‍ മാത്രം.12 കോടിക്കണക്കിന് നക്ഷത്രങ്ങള്‍ ക്ഷീരപഥത്തില്‍ തന്നെയുണ്ട്.
മാത്രമല്ല, കെപ്ലര്‍ നല്‍കിയ വിവരത്തില്‍ നിന്നും സമാനമായ ഒരു നക്ഷത്രത്തെ കൂടി കണ്ടെത്തിയിട്ടുണ്ട്: EPIC 204278916.32,33,34 ഈ ആഗസ്ത് 25-നാണ് ഇതിനെ കണ്ടെത്തിയത് പരാമര്‍ശിക്കുന്ന പ്രബന്ധം പുറത്തുവന്നത്. ഇരുപത് ശതമാനം ആയിരുന്നു റ്റാബിയുടെ നക്ഷത്രത്തിന്റെ തെളിച്ചം കുറഞ്ഞതെങ്കില്‍ ഇത് 65% വരെ കുറയുന്നുണ്ട്!32
EPIC 204278916 - പ്രകാശഫ്ലക്സിന്റെ ഗ്രാഫ്
http://cdn.phys.org/newman/csz/news/800/2016/irregulardim.jpg
LGM-1 പള്‍സാര്‍ ആയതുപോലെ റ്റാബിയുടെ നക്ഷത്രം ഒരു പ്രകൃതിദത്ത പ്രതിഭാസം ആകാനാണ് കൂടുതല്‍ സാധ്യത. (റൈറ്റ് തന്നെ ഇതിനെ LGM-2 എന്ന് വിളിക്കുന്നുണ്ട്!)
ശാസ്ത്രദൃഷ്ട്യാ നല്ല സിദ്ധാന്തങ്ങള്‍ ഒന്നും തന്നെയില്ല ഇപ്പോള്‍. റ്റാബിയുടെ നക്ഷത്രത്തിലും EPIC 204278916-ലും ഡൈസണ്‍ ഗോളങ്ങള്‍ ഉണ്ടായിക്കൂടാ എന്നല്ല; പക്ഷെ, അങ്ങനെയാകാം എന്നത് ഒരു രണ്ടാം നിര സിദ്ധാന്തമാണ്‌, സുന്ദരമായ എന്നാല്‍ പരാജയപ്പെട്ട സിദ്ധാന്തങ്ങളില്‍ ഒന്നുമാത്രം.
എന്തായാലും കെപ്ലര്‍ ദൂരദര്‍ശിനി നോക്കിയിടത്ത് തന്നെ ഇനിയും ഇത്തരം വിചിത്ര നക്ഷത്രങ്ങള്‍ ഉണ്ടായിക്കൂടാ എന്നില്ല; ഇനിയും ശാസ്ത്രജ്ഞര്‍ നോക്കി തീര്‍ന്നിട്ടില്ല, അത്രയുമധികം വിവരങ്ങളുണ്ട്. മാത്രമല്ല, കഴിഞ്ഞ കൊല്ലം മുതല്‍ പുതിയൊരു കാര്യം കൂടി നോക്കാനുണ്ട്, ഗ്രഹങ്ങള്‍ മാത്രമല്ല എന്നും വന്നിരിക്കുന്നു. ഇനി സാധാരണക്കാര്‍ക്ക് വിട്ടുകൊടുക്കാതെ ശാസ്ത്രജ്ഞര്‍ തന്നെ സമാനമായ നക്ഷത്രങ്ങള്‍ കണ്ടെത്തും എന്ന് പ്രതീക്ഷിക്കം!
ഇങ്ങനെയുള്ള കഥകള്‍ ശാസ്ത്രം എങ്ങനെ പരിണമിക്കുന്നു എന്ന് മനസിലാക്കാന്‍ ഉപകരിക്കും. വിജയിച്ച കഥകള്‍ മാത്രമാണ്, തെളിയിക്കപ്പെട്ട സിദ്ധാന്തങ്ങള്‍ മാത്രമാണ് ഒരു ശരാശരി സ്കൂള്‍ വിദ്യാര്‍ത്ഥി പഠിക്കുക; എന്നാല്‍ ശാസ്ത്രത്തില്‍ പരാജയങ്ങള്‍ക്കും അതിന്റെതായ പ്രാധാന്യമുണ്ട്. അവ കൂടി മനസിലാക്കുന്നത് ശാസ്ത്രവാര്‍ത്തകള്‍ വരുമ്പോള്‍ നെല്ലും പതിരും വേര്‍തിരിക്കാന്‍ നമ്മെ സഹായിക്കും.
ഇതൊക്കെ പറയുമ്പോഴും റ്റാബിയുടെ നക്ഷത്രം മിന്നുകയും മങ്ങുകയും ചെയ്തുകൊണ്ട് ആകാശത്ത് തന്നെയുണ്ട്; ആരെങ്കിലും മനസിലാക്കാന്‍ കാത്തുനില്‍ക്കും പോലെ.... 

അവലംബം

കൂടുതല്‍ വായിക്കപെട്ട പോസ്റ്റുകള്‍