Monday, 30 May 2016

അളിയൻ ദയവു ചെയ്ത് ഇനി ഈ വീട്ടിൽ കോമൺ സെൻസ് എഴുന്നള്ളിച്ചോണ്ട് വരരുത്...!

"സൂര്യൻ ഭൂമിയെ ചുറ്റുകയാണ്, ഭൂമി കറങ്ങുകയല്ല, എന്ന് മനുഷ്യൻ വിചാരിക്കുന്നത് സ്വാഭാവികമാണെന്ന് എന്തേ ആളുകൾ പറയുന്നു?" വിറ്റ്ഗൻസ്റ്റൈൻ തന്റെ ഒരു സുഹൃത്തിനോട് ചോദിച്ചു. സുഹൃത്ത് പറഞ്ഞു: "സൂര്യൻ ഭൂമിയെ ചുറ്റുന്നത് പോലെയാണല്ലോ കാണുന്നത്?" അദ്ദേഹം മറിച്ച് ചോദിച്ചു: "അല്ല, ഭൂമി കറങ്ങുകയാണ് എങ്കിൽ എങ്ങനെ കണ്ടേനെ?"
-റിച്ചാഡ് ഡോകിൻസ്,
Why the universe seems so strange*
റിച്ചാഡ് ഡോകിൻസ്
http://rha.chookdigital.net/authors/dawkins,%20richard.jpg
നമ്മൾ മധ്യലോകവാസികളായി പരിണമിച്ചവരാകുന്നു.+ (“We are evolved denizens of Middle World...”- Richard Dawkins) വേഗതയിൽ വരുന്ന മാറ്റങ്ങൾ അളവുകൾ മാറ്റിമറിക്കാത്ത, ഗുരുത്വാകർഷണം മൂലം വാതകങ്ങൾ പിണ്ഡത്തിന്റെ മധ്യത്തിൽ കേന്ദ്രീകരിച്ച് നക്ഷത്രങ്ങൾ ഉണ്ടാകാത്ത, "സാധാരണ" ലോകം. മില്ലീമീറ്ററുകള്‍ക്കും കിലോമീറ്ററുകള്‍ക്കും ഇടയിലുള്ള ലോകം. ഈ ലോകത്തിനുവേണ്ട അനുകൂലനങ്ങളാണ് പരിണാമചരിത്രം നമ്മുടെ ജീനുകളിൽ കോറിയിട്ടിട്ടുള്ളത്.
ക്വാണ്ടം ഭൗതികമോ ആപേക്ഷികതാ സിദ്ധാന്തമോ എന്തിന്, പൂർണ്ണമായ അർത്ഥത്തിൽ ന്യൂട്ടോണിയൻ സങ്കൽപ്പങ്ങൾ പോലും നമുക്ക് മനസിലാക്കാൻ ബുദ്ധിമുട്ടാണ്. നമ്മുടെ തലച്ചോറുകൾ വികസിച്ചുവന്നത് പ്രപഞ്ചരഹസ്യങ്ങൾ ചുരുളഴിക്കാനോ അസ്തിത്വത്തിന്റെ സൈദ്ധാന്തിക തലങ്ങൾ അന്വേഷിക്കാനോ അല്ല, അതിജീവിക്കാനും പുനരുത്പാദനം നടത്താനുമാണ്.
അതുകൊണ്ട് തന്നെ നമ്മുടെ സാമാന്യബോധം (Common sense) ഈ മധ്യലോകത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങൾ കണ്ടെത്താനുള്ളതാണ്. സയൻസ് മനുഷ്യന് ജൈവമോ സഹജമോ അല്ല. ആറ്റങ്ങളിലേക്ക് ഇറങ്ങാനും ജൈവപരിണാമചരിത്രത്തില്‍ പിന്നോട്ട് ഓടാനും സൗരയൂഥത്തെ അതിന്റെ വലിപ്പത്തില്‍ കണാനും ഒക്കെ ഭാവനയില്‍ പോലും നമുക്ക് വളരെ ബുദ്ധിമുട്ടാണ്.
അതുകൊണ്ട് തന്നെ, സാമാന്യബോധത്തിന്റെ പരിധികളും തിരിച്ചറിയണം. അതിന് ഉപയോഗമുള്ള നമ്മുടെ സ്ഥിരം ലോകമുണ്ട്; അവിടെ അതുപയോഗിക്കണോ പുതുവഴികള്‍ വെട്ടണോ എന്നൊക്കെ സ്വയം തീരുമാനിക്കാം! എന്നാല്‍ സാമാന്യബോധം സത്യാന്വേഷണത്തില്‍ പൂര്‍ണ്ണമായും ഉപയോഗശൂന്യമാണ്.
ഭൂമി കറങ്ങുന്നു
http://www.lovethisgif.com/
ഭൂമി കറങ്ങുന്നതാണ് നാം ദിവസവും കാണുന്നത്. നക്ഷത്രങ്ങളും പഞ്ചഗ്രഹങ്ങളും (ശനി വരെയേ നഗ്നനേത്രങ്ങളാല്‍ കാണാന്‍ കഴിയൂ!) ചന്ദ്രനും സൂര്യനും കറങ്ങുന്ന ഭൂമിയെ വ്യക്തമായി വെളിപ്പെടുത്തുന്നുണ്ട്. പക്ഷേ, നമ്മുടെ സാമാന്യബോധം ഭൂമിയല്ല, ജ്യോതിര്‍ഗോളങ്ങളാണ് ചലിക്കുന്നത് എന്ന് നമ്മോട് പറയുന്നു.
കറങ്ങുന്ന ഭൂമി
http://bestanimations.com/
ഭൂമി അനങ്ങാതെ നില്‍ക്കുന്നു എന്ന സങ്കല്പം നമ്മുടെ അതിജീവനത്തിന് അത്യാവശ്യമാണ്. കറങ്ങുന്ന ഭൂമിയില്‍ ഗുരുത്വാകര്‍ഷണം മൂലം ഒപ്പം കറങ്ങിപ്പോകുകയാണ് നമ്മള്‍ എന്ന വസ്തുതാപരമായ അവബോധത്തേക്കാള്‍ അതിജീവനത്തിന് അനിവാര്യം ഭൂമി നമ്മളെ അപേക്ഷിച്ച് അനങ്ങുന്നേ ഇല്ല, അനങ്ങണം എങ്കില്‍ നമ്മള്‍ തന്നെ അനങ്ങണം എന്ന ധാരണയാണ്. പുലി വരുമ്പോള്‍ ഭൂമി കറങ്ങിപ്പോട്ടെ എന്ന് വിചാരിച്ച് നിന്നാല്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ലല്ലോ! അനക്കമില്ലായ്മയുടെ അളവുകോല്‍ ആണ് ഇപ്പോഴും സാധാരണക്കാര്‍ക്ക് ഭൂമി; അത് ആവശ്യവുമാണ്.
ഇതുപോലെ നൂറുകണക്കിന് മുന്‍വിധികള്‍, കുറുക്കുവഴികള്‍, ഒപ്പിക്കലുകള്‍ ഒക്കെ കൊണ്ടാണ് നമ്മുടെ സാമാധ്യബോധം വികസിക്കുന്നത്. ഈ കാരണത്താല്‍, നമ്മള്‍ ഒരു സയന്‍സ് വിഷയത്തെ പറ്റി പറയുമ്പോള്‍/വിമര്‍ശിക്കുമ്പോള്‍ It is called common sense” എന്ന പ്രഥ്വിരാജിന്റെ ഡയലോഗ് അടിക്കരുത്! (അതിനോട് സമാനമായവയും) ആ സാധനം ഇവിടെ എടുക്കുന്നില്ല.
സൂര്യന്‍ ഭൂമിയെ ചുറ്റുന്നു എന്ന ധാരണ നമുക്ക് തരുന്ന സാമാധ്യബോധത്തെ അവിടെ ഉപേക്ഷിക്കുകയും, എന്നാല്‍ മറ്റ് കാര്യങ്ങളില്‍ അതേ രീതി സ്വീകരിക്കുകയും ചെയ്യുന്നത് മരുന്നില്ലാത്ത ഗുളികകൊണ്ട് ലക്ഷണത്തെ മാത്രം ചികിത്സിക്കുന്ന ഹോമിയോ രീതിപോലെ ബാലിശമാകും!

പിൻകുറിപ്പ്: ഇതിനുമുൻപുള്ള ഏതെങ്കിലും ലേഖനത്തിൽ ഞാൻ "കോമൺ സെൻസ് ഉപയോഗിക്കു" എന്നർത്ഥം വരുന്ന എന്തെങ്കിലും പ്രയോഗം നടത്തിയിട്ടുണ്ട് എങ്കിൽ ദയവായി ചൂണ്ടിക്കാട്ടുക. കാരണം, ഞാനും മനുഷ്യനാണ്! അബദ്ധങ്ങൾ ഉണ്ടാകാം!

*"Tell me," Wittgenstein's asked a friend, "why do people always say, it was natural for man to assume that the sun went round the earth rather than that the earth was rotating?" His friend replied, "Well, obviously because it just looks as though the Sun is going round the Earth." Wittgenstein replied, "Well, what would it have looked like if it had looked as though the Earth was rotating?" ഇതിന്റെ സ്വതന്ത്ര പരിഭാഷ. ഡോകിന്‍സ് നടത്തിയ ഒരു പ്രസംഗത്തില്‍ നിന്ന്. (സോഴ്സ്: https://www.ted.com/talks/richard_dawkins_on_our_queer_universe/transcript?language=en)
+മേല്‍പ്പറഞ്ഞ അതേ പ്രസംഗം

Thursday, 26 May 2016

റൊട്ടിക്ക് വിധിപറയും മുന്‍പ്...

http://www.deshabhimani.com/epaper/view
ബ്രഡ് ക്യാന്‍സര്‍ ഉണ്ടാക്കും പോലും! നമ്മുടെ മാധ്യമങ്ങള്‍ ആഘോഷിച്ച വാര്‍ത്തയാണിത്. 1,2,3,4,5 മലയാളം-ഇംഗ്ലീഷ് ഭേദമന്യേ മിക്കവാറും മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. മേയ് 23-ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ്‌ എന്‍വയോണ്‍മെന്റ് എന്ന സംഘടന നടത്തിയ പഠനവും അതിനെ തുടര്‍ന്ന് ഇറക്കിയ പത്രക്കുറിപ്പും ആണ് ഈ വാര്‍ത്തകളുടെ അടിസ്ഥാനം.6,7 ഇവരുടെ കഥയിലെ പൊട്ടാസ്യം ബ്രോമേറ്റ് എന്ന വില്ലനെ നിഷ്കരുണം നാട് കടത്താന്‍ ഇന്ത്യാ ഗവണ്മെന്റ് തീരുമാനിക്കുകയും ചെയ്തു.8,9
ഇത്രയ്ക്ക് സ്വാധീനം ഉണ്ടാക്കിയ ഈ പഠനത്തില്‍ ശരിക്കും ഉള്ളത് എന്താണ്? പൊട്ടാസ്യം ബ്രോമേറ്റിന്റെ ക്യാന്‍സര്‍ സാധ്യതകളെ പറ്റിയുള്ള ശരിയായ ശാസ്ത്രം എന്താണ്? അതും ഈ പഠനവുമായി തുലനം ചെയ്യുമ്പോള്‍ എന്ത് ലഭിക്കും? എന്തുകൊണ്ട് വിദേശരാജ്യങ്ങളില്‍ ഇത് നിരോധിക്കപ്പെട്ടു? ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു വിശദമായ കുറിപ്പാണ് ഈ പോസ്റ്റ്‌.
ആദ്യം നമുക്ക് ആ പഠനം ഒന്നവലോകനം ചെയ്യാം. പഠനത്തില്‍ ചെയ്തത് എന്താണ്?
A total of 38 samples of bread, ready to eat burger bread and ready to eat pizza bread were purchased from retail shops, bakeries and fast food outlets in Delhi. Samples analyzed included white bread, whole wheat/atta bread, brown bread, multigrain bread, sandwich bread, pav, bun, ready to eat burger bread and ready to eat pizza bread.6
https://upload.wikimedia.org/
ഡല്‍ഹിയില്‍ മാത്രം നടന്ന പഠനമാണ് ഇതെന്ന് വ്യക്തം. ഇതില്‍ നിന്ന് ഇന്ത്യയില്‍ മൊത്തം നിരോധിക്കണം എന്ന മുറവിളി എങ്ങനെ ന്യായീകരിക്കാന്‍ കഴിയും?  “The FSSAI should ban the use of potassium bromate in making bread with immediate effect. The Bureau of Indian Standards (BIS) should also amend relevant available standards.എന്ന് CSE ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.7
സത്യത്തില്‍ ഡല്‍ഹിയില്‍ പൊട്ടാസ്യം ബ്രോമേറ്റ് കൂടുതല്‍ ഉണ്ട് എങ്കില്‍ (ഉണ്ടോ എന്ന് നമുക്ക് വഴിയേ നോക്കാം) ഇന്ത്യയൊട്ടാകെ ഇത് നിരോധിക്കണം എന്ന് പറയുന്നതിന്റെ യുക്തി എന്താണ്? പൊട്ടാസ്യം ബ്രോമേറ്റ് ഹാനികരം ആണോ അല്ലയോ എന്നത് മാത്രമാണ് അത് നിരോധിക്കണോ വേണ്ടയോ എന്നതിന്റെ മാനദണ്ഡം ആകേണ്ടത്. (ആണോ അല്ലയോ എന്ന് വഴിയേ പറയാം) ഈ പഠനത്തില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത് ഡല്‍ഹിയില്‍ വില്‍ക്കുന്ന ബ്രഡുകളില്‍ എന്ത് രാസവസ്തുക്കള്‍ എത്ര അളവില്‍ ഉണ്ട് എന്ന് മാത്രമാണ്.
വീണ്ടും പഠനത്തിലേക്ക് തിരികേ പോകാം:
A total of 38 samples of bread were tested for the presence of potassium bromate/iodate.6
അതായത്, പൊട്ടാസ്യം ബ്രോമേറ്റും പൊട്ടാസ്യം അയോഡേറ്റും തമ്മില്‍ വേര്‍തിരിക്കാന്‍ ഇവര്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ക്ക് കഴിയില്ല. “UV-Visible Spectrophotometer cannot differentiate between potassium bromate and potassium iodate.” എന്ന് അവര്‍ തന്നെ ഇറക്കിയ കുറിപ്പില്‍ വ്യക്തമായി പറയുന്നു.7
പൊട്ടാസ്യം അയോഡേറ്റ് ഗുളിക
https://upload.wikimedia.org/
എന്താണ് ഈ പൊട്ടാസ്യം അയോഡേറ്റ്? (Potassium iodate) അത് ആരോഗ്യത്തിന് ഹാനികരമാണോ? ക്യാന്‍സറുണ്ടാക്കുമോ എന്ന് നോക്കാന്‍ എന്റെ ബ്ലോഗ്‌ വായിക്കുന്നവര്‍ക്ക് അറിയാമായിരിക്കും. (ഇല്ലെങ്കില്‍ കെമിക്കല്‍ മാത്രം തിന്നുന്ന ജീവി എന്ന ലേഖനം വായിക്കുക) ഇല്ല എന്ന് വ്യക്തമാണ്.10 മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉള്ളതായി അറിവില്ല.11 പല അവസരങ്ങളിലും മരുന്നായും, ആണവവികിരണങ്ങളില്‍ നിന്നും തൈറോയ്ഡ് ക്യാന്‍സര്‍ ഉണ്ടാകുന്നത് തടയാനും പൊട്ടാസ്യം അയോഡേറ്റ് ഗുളിക രൂപത്തില്‍ ഉപയോഗിക്കാറുണ്ട്.12,13,14 ഗുളിക രൂപത്തില്‍ കുട്ടികള്‍ക്ക് വരെ കൊടുക്കുന്ന സാധനമാണ് അതിസൂക്ഷ്മമായ അളവില്‍ ബ്രഡില്‍ ഉണ്ട് എന്ന് മുറവിളി കൂട്ടുന്നത്!
Use of potassium iodate in making bread also banned by many nations because it can contribute to thyroid-related diseasesഎന്ന് പത്രക്കുറിപ്പില്‍ ഉണ്ട്.7 അത് വസ്തുതാവിരുദ്ധമാണ്. ഇങ്ങനെ ഒരു നുണ പറയേണ്ട അവസ്ഥയില്‍ ഇവരെ എത്തിച്ചത് ഇവരുടെ ഉപകരണമാണോ അതോ ബോധാപൂര്‍വ്വമായ അനാസ്ഥ ആണോ എന്ന് സംശയമുണ്ട്. (അതിനെ പറ്റി വഴിയേ പറയാം)
ഇനി ഡാറ്റയിലേക്ക് കടക്കാം:
Out of 38 samples tested 32 (84.2%) samples were found to contain potassium bromate/iodate in the range of 1.1522.54 ppm. All the types of bread including breads used in ready to eat burger and pizza were found to contain the potassium bromate/iodate. The highest concentration of potassium bromate/iodate was found in sandwich bread (22.54 ppm) followed by pav (21.70 ppm), bun (20.58 ppm) and white bread (17.32 ppm).6
ഇത് പൊട്ടാസ്യം ബ്രോമേറ്റ്/അയോഡേറ്റ് ആണെന്ന് മറക്കരുത്. പൊട്ടാസ്യം അയോഡേറ്റ് പ്രത്യേകിച്ച് കുഴപ്പങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു കെമിക്കലും. പൊട്ടാസ്യം ബ്രോമേറ്റ് എത്രയുണ്ടാകും എന്ന സൂചന ഈ പഠനത്തില്‍ തന്നെ കാണാം:
ND: Not Detected
http://www.cseindia.org/
ഈ ടേബിളില്‍ നിന്ന് തന്നെ, പൊട്ടാസ്യം ബ്രോമേറ്റ് എത്ര അളവില്‍ പൊട്ടാസ്യം ബ്രോമേറ്റ്/അയോഡേറ്റില്‍ ഉണ്ട് എന്ന സൂചന ലഭിക്കും. ഇവരല്ലാത്ത മറ്റൊരു ഗ്രൂപ്പ് ബ്രോമേറ്റ് ടെസ്റ്റ്‌ ചെയ്ത റിസള്‍ട്ടുകള്‍ ആണത്. ആ ബ്രോമേറ്റ് മൊത്തം പൊട്ടാസ്യം ബ്രോമേറ്റ് ആണ് (മറ്റ് മൂലകങ്ങളുമായും ബ്രോമേറ്റ് ഉണ്ടാകാം ഉദാ: സോഡിയം ബ്രോമേറ്റ്) എന്ന കണക്കില്‍ എത്ര പൊട്ടാസ്യം ബ്രോമേറ്റ് ഉണ്ടാകും എന്നും. എന്നിട്ടും പൊട്ടാസ്യം ബ്രോമേറ്റ്/അയോഡേറ്റില്‍  അന്‍പത് ശതമാനത്തില്‍ താഴെ മാത്രം പൊട്ടാസ്യം ബ്രോമേറ്റെ എന്നേ കിട്ടുന്നുള്ളൂ. ഒരെണ്ണത്തില്‍ പൊട്ടാസ്യം ബ്രോമേറ്റ്/അയോഡേറ്റ് ഉണ്ടായിട്ട് ബ്രോമേറ്റ് ഇല്ലാത്തതും ഉണ്ട്! പൊട്ടാസ്യം അയോഡേറ്റ് കൂടി കൂട്ടി ഇവര്‍ മനപ്പൂര്‍വം അളവ് പെരുപ്പിച്ച് കാണിക്കാന്‍ ശ്രമിച്ചതാണോ എന്ന് നമുക്ക് ഇതില്‍ നിന്നും ന്യായമായും സംശയിക്കാവുന്നതാണ്; എന്തായാലും ഉപകരണത്തിന്റെ നിലവാരക്കുറവ് ആണെങ്കില്‍ കൂടി ഇവര്‍ ഈ ഡാറ്റ വളച്ചൊടിച്ചാണ് നിഗമനത്തില്‍ എത്തിയത്.
ഇതില്‍ നിന്നും തെറ്റായ വായനകള്‍ പാടില്ല എന്നുകൂടി പറഞ്ഞുകൊള്ളട്ടെ! അവര്‍ എടുത്ത സാന്‍വിച്ച് ബ്രഡില്‍ ചിലപ്പോള്‍ 22.54 ppm (ppm എന്നാല്‍ parts per million; അതായത്, ഒരു കിലോ ബ്രഡില്‍ 22.54 മില്ലിഗ്രാം വസ്തു ഉണ്ടാകും എന്ന്)  മുഴുവനും ചിലപ്പോള്‍ പൊട്ടാസ്യം ബ്രോമേറ്റ് ആകാം. അല്ലാതെ, എല്ലാ സാമ്പിളിന്റെയും നില മൂന്ന് സാമ്പിള്‍ കൊണ്ട് പറയുന്നത് ശാസ്ത്രീയമാകില്ല.
എന്നാല്‍, ഇവര്‍ നടത്തിയ പഠനത്തിന്റെ നിലവാരം ചൂണ്ടിക്കാട്ടുക മാത്രമാണ് ഞാന്‍ ചെയ്തത്. പൊട്ടാസ്യം ബ്രോമേറ്റ്/അയോഡേറ്റ് എന്ന രണ്ട് രാസികങ്ങള്‍ കൂട്ടിയാല്‍ എത്ര അളവില്‍ ഉണ്ട് എന്ന് മാത്രമാണ് ഈ പഠനം പറയുന്നത്; അതില്‍ പൊട്ടാസ്യം അയോഡേറ്റ് ഒരു നിരുപദ്രവകരമായ രാസവസ്തുവാണ്.
ഈ പഠനത്തില്‍ നിന്നും ഇനി പേടിക്കാന്‍ ഉള്ളത് ക്യാന്‍സറാണ്, ക്യാന്‍സര്‍!
http://monographs.iarc.fr/ENG/Classification/latest_classif.php
പൊട്ടാസ്യം ബ്രോമേറ്റ് ഒരു അര്‍ബുദകാരിയാണ്. (Carcinogen) എലികളില്‍, ഗിനിപ്പന്നികളിലും. ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍ (International Agency for  Research on Cancer – IARC) എന്ന ലോകാരോഗ്യസംഘടനയുടെ ഔഗ്യോഗിക ഭാഗമാണ് ഇതിനെ ഒരു ടൈപ്പ് 2B അര്‍ബുദകാരിയായി 1999-ല്‍ അംഗീകരിച്ചത്.10 ടൈപ്പ് 2B മനുഷ്യനില്‍ ആവശ്യമായ തെളിവില്ല, പരീക്ഷണമൃഗങ്ങളില്‍ ഉണ്ട് എന്നതിന്റെ സൂചിതമാണ്.15 (മറ്റ് ഗ്രൂപ്പുകളുടെ നിര്‍വചനം ഉള്‍പ്പടെ ഔഗ്യോഗിക വെബ്സൈറ്റിലെ ഈ ലിങ്കില്‍ വായിക്കാം)
ഇനി എലികളില്‍ എത്ര ഡോസില്‍ ആണ് ഇത് ക്യാന്‍സര്‍ ഉണ്ടാക്കിയത് എന്നറിയണ്ടേ? അല്ലാതെ, പൊട്ടാസ്യം ബ്രോമേറ്റ് കാണുമ്പോള്‍ ക്യാന്‍സറുകള്‍ പോട്ടിപ്പുറപ്പെടുകയല്ലല്ലോ!
1.7 മില്ലിഗ്രാം ഓരോ കിലോഗ്രാം ശരീരഭാരത്തിനും ഓരോ ദിവസവും എന്ന ഡോസില്‍ ആണ് കിഡ്നി ക്യാന്‍സര്‍ ഉണ്ടാകുന്ന ലക്ഷണങ്ങള്‍ എലികളില്‍ കണ്ടത് എന്ന് IARC പറയുന്നു.16 (സപ്ലിമെന്റ്റ് 72) മനുഷ്യനില്‍ പൊട്ടാസ്യം ബ്രോമേറ്റ് ആഗിരണം വ്യത്യാസമുണ്ടാകാം, ഈ പരീക്ഷണം വെള്ളത്തില്‍ കലക്കിയിട്ടായിരുന്നു എന്നതൊക്കെ മാറ്റിനിര്‍ത്തി (ഈ ഡാറ്റ മാത്രമേ നമുക്ക് ലഭ്യമായുള്ളൂ) നമുക്ക് ഇതേ കണക്കില്‍ മനുഷ്യനില്‍ എത്രയാണ് ഡോസ് എന്ന് നോക്കാം.
60 കിലോ ഭാരമുള്ള ഒരാള്‍ക്ക് 1.7X60=102 മില്ലിഗ്രാം ഒരു ദിവസം.
http://images.slideplayer.com/20/6218059/slides/
സാന്‍വിച്ച് ബ്രഡില്‍ ആണല്ലോ പരമാവധി പൊട്ടാസ്യം ബ്രോമേറ്റ്/അയോഡേറ്റ് ഉള്ളത്: 22.54 ppm.6 ഇത് മുഴുവന്‍ പൊട്ടാസ്യം ബ്രോമേറ്റ് ആണെന്ന് സങ്കല്‍പ്പിക്കുക. മേല്‍പ്പറഞ്ഞ മനുഷ്യന്‍ 2 കിലോ സാന്‍വിച്ച് ബ്രഡ് ഓരോ ദിവസവും തിന്നുകയാണ് എന്ന് സങ്കല്‍പ്പിക്കുക. (കുറവാണ് എങ്കില്‍ നിങ്ങള്‍ക്ക് തന്നെ കണക്ക് കൂട്ടി നോക്കാം!) ഒരു കിലോയില്‍ 22.54 മില്ലിഗ്രാം ആണ് ppm എന്ന് മുന്‍പ് സൂചിപ്പിച്ചിരുന്നല്ലോ? ആ കണക്ക് വച്ച് 45.08 മില്ലിഗ്രാം ഒരു ദിവസം.
102 ആണ് നമുക്ക് കിട്ടുന്ന ഡാറ്റ വച്ച് പറയാവുന്ന പരമാവധി ഒരു ദിവസം കഴിക്കാവുന്നത്. അതിന് മുകളില്‍ പോകാന്‍ 60 കിലോ ഉള്ള ഒരാള്‍ നാലരക്കിലോയിലധികം ബ്രഡ് തിന്നേണ്ടി വരും, ദിവസവും!
മറ്റൊരു കാര്യം കൂടി വ്യക്തമായി സൂചിപ്പിക്കട്ടെ: പൊട്ടാസ്യം ബ്രോമേറ്റ് മനുഷ്യനില്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്നു എന്ന് തെളിവില്ല. ഒരു തെളിവും ഇല്ല.16 കൂടിയ ഡോസില്‍ കിഡ്നി തകരാറുകള്‍ വരുത്താറുണ്ട് പൊട്ടാസ്യം ബ്രോമേറ്റ്; എന്നാല്‍ അതിന്റെ അടുത്തെങ്ങും ഉള്ളത്ര ബ്രഡില്‍ നിന്നും അകത്ത് ചെല്ലില്ല.17
ഇനി എന്തുകൊണ്ട് വിദേശരാജ്യങ്ങളില്‍ ഇത് നിരോധിക്കപ്പെട്ടു എന്ന ചോദ്യം. അത് ആ രാജ്യങ്ങളിലെ നിയമങ്ങളുമായി ബന്ധപെട്ട് കിടക്കുന്നു. ഉദാഹരണത്തിന്, യൂറോപ്യന്‍ യൂണിയന്‍ ഭക്ഷണപദാര്‍ഥങ്ങളില്‍ ചേര്‍ക്കാവുന്ന വസ്തുക്കള്‍ (food additives) ആയി അംഗീകരിച്ച ലിസ്റ്റില്‍ പൊട്ടാസ്യം ബ്രോമേറ്റ് ഇല്ല.18 അതില്‍ ചേര്‍ക്കാന്‍ ആണ് കാരണം വേണ്ടത്; ഒഴിവാക്കാനല്ല. അത്യാവശ്യം വേണ്ട, മാറ്റാന്‍ കഴിയാത്ത, ഒന്നല്ല പൊട്ടാസ്യം ബ്രോമേറ്റ് എന്നതിനാല്‍ യൂറോപ്യന്‍ യൂണിയന്‍ അതിനെ ആ ലിസ്റ്റില്‍ പെടുത്തിയിട്ടില്ല. ക്യാനഡയില്‍ സാമ്പത്തിക ബാധ്യത ഇല്ലാത്ത ഒരു നടപടി ഭീഷണിക്ക് വ്യക്തമായ ശാസ്ത്രീയ തീര്‍ച്ച ഇല്ല എന്ന കാരണത്താല്‍ മാറ്റിനിര്‍ത്താന്‍ പാടില്ല എന്ന നിയമമുണ്ട്.19 (“...where there are threats of serious or irreversible damage, lack of full scientific certainty shall not be used as a reason for postponing cost-effective measures ...” Canadian Environmental Protection Act, 1999) ഈ നിയമം ഉദ്ധരിച്ചാണ് പൊട്ടാസ്യം ബ്രോമേറ്റ് ഒഴിവാക്കിയിരിക്കുന്നത്.
എന്നാല്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ പൊട്ടാസ്യം ബ്രോമേറ്റ് ബ്രഡില്‍ ചേര്‍ക്കുന്നത് അനുവദനീയമാണ്.20 എന്നാല്‍ മാവില്‍ (dough) 50 ppm മാത്രം. ബ്രഡ് ഉണ്ടാക്കുന്ന സമയത്ത് ബ്രോമേറ്റ് ബ്രോമൈഡ് (bromide) ആയി രൂപാന്തരപ്പെടുന്നു എന്ന അനുമാനത്തില്‍ ആണതിന് അനുമതി നല്‍കിയിരിക്കുന്നത്. ബ്രോമേറ്റ് ഉപയോഗിച്ച മാവില്‍ (bromated flour) ഉണ്ടാക്കിയ ബ്രഡ് ബ്രോമേറ്റിന്റെ ഫലങ്ങള്‍ പരിശോധിക്കാന്‍ എലികളില്‍ പര്യാപ്തമല്ല എന്ന് IARC തന്നെ പറയുന്നുണ്ട്.17 ഇങ്ങനെയുള്ള ബ്രഡ് കഴിച്ച എലികളില്‍ ക്യാന്‍സര്‍ വന്നില്ല എന്നും പഠനമുണ്ട്.21 ( “adverse effects are not evident in animals fed bread-based diets made from flour treated with KBrO3 Toxicity and carcinogenicity of potassium bromate--a new renal carcinogen, Y Kurokawa et al., Environ Health Perspect. 1990 Jul; 87: 309–335.)
സയന്‍സ് അല്ല, രാഷ്ട്രീയം ആണ് പലപ്പോഴും എന്ത് നിരോധിക്കപ്പെടുന്നു എന്ന് തീരുമാനിക്കുന്നത്. അത് തന്നെയാണ് ഇന്ത്യയില്‍ ധൃതി പിടിച്ച് പൊട്ടാസ്യം ബ്രോമേറ്റ് നിരോധിക്കാന്‍ ഉള്ള തീരുമാനത്തിലും നാം കാണുന്നത്. വസ്തുതാപരിശോധന നടത്താതെ ഉള്ള തീരുമാനം.
പൊട്ടാസ്യം ബ്രോമേറ്റ് നിരോധിക്കണം എന്നാണെങ്കില്‍ കാപ്പി വില്‍പ്പനയും നിര്‍ത്തേണ്ടി വരും. കാപ്പിയും ഒരു ടൈപ്പ് 2B അര്‍ബുദകാരിയാണ്.22,23,24 പെട്രോളിന്റെ പുക ടൈപ്പ് 2B അര്‍ബുദകാരിയാണ്.25 ഉപ്പിലിട്ടത് ടൈപ്പ് 2B അര്‍ബുദകാരിയാണ്.26
ടൈപ്പ് 2B അര്‍ബുദകാരികള്‍ മുഴുവന്‍ ഒരു റിസ്ക്‌ അസെസ്മെന്റ്റ് നടത്തി നിരോധിക്കുകയാണെങ്കില്‍ അതില്‍ എന്തെങ്കിലും യുക്തിയുണ്ട്.  വസ്തുതകള്‍ വളച്ചൊടിച്ച ഒരു തട്ടിക്കൂട്ട് പഠനം അതിന്റെ നിഗമനവുമായി നേരിട്ട് ഒരു ബന്ധവുമില്ലാത്ത ഗവണ്മെന്റ് പോളിസികളില്‍ “നിര്‍ദേശങ്ങള്‍” മുന്നോട്ട് വച്ചതില്‍ അധികരിച്ചല്ല ഈ മാറ്റങ്ങള്‍ ഒന്നും ഉണ്ടാകേണ്ടത്.
വസ്തുതകളുടെ മലവെള്ളപ്പാച്ചില്‍ ആയിരുന്നോ എന്നെനിക്ക് തന്നെ സംശയം തോന്നുന്നുണ്ട്. എന്തായാലും പ്രധാന പോയന്റുകള്‍, വസ്തുതകള്‍, ഒന്നുകൂടി ലിസ്റ്റ് ചെയ്യാം.
1.  ഡല്‍ഹിയിലെ 38 ബ്രഡ് സാമ്പിളുകളില്‍ നടന്ന ഒരു രാസപരിശോധനയാണിത്‌. അതില്‍ നിന്ന് ഒരു രാസവസ്തു നിരോധിക്കണം എന്ന നിഗമനം സാധ്യമല്ല; നിരോധനത്തിന് ആ രാസവസ്തുവിനെ പറ്റിയുള്ള പഠനം ആകണം ആധാരം.
2.  ഈ പരിശോധയില്‍ പൊട്ടാസ്യം ബ്രോമേറ്റ്/അയോഡേറ്റിന്റെ അളവാണ് കണ്ടെത്തിയത്. പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് എന്നീ രാസികങ്ങള്‍ കൂട്ടിയാല്‍ എത്ര അംശം ബ്രഡില്‍ ഉണ്ട് എന്ന്.
3.  പൊട്ടാസ്യം അയോഡേറ്റ് ക്യാന്‍സര്‍ ഉണ്ടാക്കില്ല. ഒരു സുരക്ഷിതമായ കെമിക്കല്‍ ആണത്.
4.  തേര്‍ഡ് പാര്‍ട്ടി ലാബില്‍ 4 സാമ്പിളുകള്‍ പരിശോധിച്ചതില്‍ ബ്രോമേറ്റ് അംശം 2 എണ്ണത്തില്‍ മാത്രമാണ് കണ്ടത്. അത് മൊത്തം പൊട്ടാസ്യം ബ്രോമേറ്റ് ആണെന്ന് എടുത്താലും പൊട്ടാസ്യം ബ്രോമേറ്റ്/അയോഡേറ്റിന്റെ 50%-ലും താഴെ മാത്രം പൊട്ടാസ്യം ബ്രോമേറ്റ്. പൊട്ടാസ്യം ബ്രോമേറ്റ്/അയോഡേറ്റ് ഈ പഠനത്തില്‍ കണ്ട ഒരു സാമ്പിളില്‍ ബ്രോമേറ്റ് സാന്നിദ്ധ്യം പോലും ഉണ്ടായിരുന്നില്ല.
5.  പൊട്ടാസ്യം ബ്രോമേറ്റ് മനുഷ്യനില്‍ ക്യാന്‍സര്‍ ഉണ്ടാക്കും എന്ന് തെളിവില്ല; എലികളില്‍ ആണ് ക്യാന്‍സര്‍ ഉണ്ടാക്കുന്നു എന്ന് തെളിഞ്ഞിട്ടുള്ളത്.
6.  ഇനി എലികളിലെ മൂല്യം എടുത്ത് കണക്കുകൂട്ടിയാല്‍, ഈ പരീക്ഷണത്തില്‍ പരമാവധി പൊട്ടാസ്യം ബ്രോമേറ്റ് കണ്ട സാന്‍വിച്ച് ബ്രഡ് നാലരക്കിലോയില്‍ കൂടുതല്‍ ദിവസവും തിന്നാലെ ക്യാന്‍സര്‍ ഉണ്ടാക്കുന്ന അവസ്ഥയില്‍ വരൂ.
7.  വിദേശരാജ്യങ്ങളിലെ നിരോധനം സയന്‍സിനേക്കാള്‍ രാഷ്ട്രീയവുമായി ബന്ധപെട്ട് കിടക്കുന്നു.
8.  ടൈപ്പ് 2B കാര്‍സിനോജന്‍ എന്ന ഗ്രൂപ്പില്‍ കാപ്പി അടക്കം അനേകം വസ്തുക്കള്‍ ഉണ്ട്.
ഇനി ഈ ഭയപ്രചാരണത്തിന് എത്ര ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടായി എന്ന് നോക്കാം. പൊട്ടാസ്യം ബ്രോമേറ്റ് നിരോധിച്ചു എന്നത് അതിന്റെ തുടക്കം മാത്രമാണ്.
ഇന്നലെ രാത്രി വിക്കിപ്പീഡിയയില്‍ ചേര്‍ക്കപ്പെട്ട ഭാഗമാണിത്:
Recently in India potassium bromate has been found in leading brands of bread, according to studies if 1gm. of potassium bromate is used in 100 KG of materials it can prove to be deadly.[citation needed] In European nations the usage of potassium bromate is strictly prohibited since 1990.[citation needed] In India out of 36 samples 34 samples failed.[citation needed] Companies said for their defence that they use it for giving bread softness.[citation needed] All the leading companies of fast food like Dominos, KFC, Pizza Hut, McDonalds have been using potassium bromate only in India.[citation needed] This is the reason why cancer is being spread on a large scale in India.[citation needed] 27
https://upload.wikimedia.org/
(എന്തായാലും ഇന്ന് രാവിലെ ആയപ്പോഴേക്കും അക്ഷരപ്പിശകുകള്‍ തിരുത്തി, മൊത്തം [citation needed] ചോദ്യങ്ങളും വന്നു. അതില്ലാതിരുന്ന ഇന്നലത്തെ രൂപം ചിത്രമായി ചേര്‍ക്കുന്നുണ്ട്.) 
ഇതിലെ അവകാശവാദങ്ങള്‍ ഒന്ന് നോക്കുക: പഠനങ്ങള്‍ പറയുന്നു നൂറുകിലോയില്‍ ഒരു ഗ്രാം അതായത് ഒരു കിലോയില്‍ 10 മില്ലിഗ്രാം വിഷമാകും. (ഇല്ല എന്ന് കാട്ടിത്തന്നതാണ്; മാത്രമല്ല, ഒരു പഠനവും 10 ppm വിഷം എന്ന് പറയുന്നില്ല) ഇന്ത്യയില്‍ 36 സാമ്പിളില്‍ 34 എണ്ണം പരാജയപ്പെട്ടു. (38 സാമ്പിള്‍ ആയിരുന്നു എടുത്തത്, ഇത് പഠനം നോക്കാതെ ആരോ എഴുതിയതാണ്. പിന്നെ, “പരാജയപ്പെട്ടു” എന്നാല്‍ ഇത്തിരി എങ്കിലും കണ്ടെത്തിയത് മുതല്‍ ഉണ്ട്!) കമ്പനികള്‍ ഇത് മയമാക്കാന്‍ ചേര്‍ക്കുന്നതാണ് എന്ന് പറഞ്ഞു. (മാവിന് ബലം കൂട്ടാന്‍ ആണ് പൊട്ടാസ്യം ബ്രോമേറ്റ് ഉപയോഗിക്കുന്നത് എന്ന് തൊട്ട് മുകളില്‍ തന്നെ കാണാം! പിന്നെ, ഒരു കമ്പനിയും ഇങ്ങനെ പറഞ്ഞുകണ്ടില്ല.) ഫാസ്റ്റ്ഫുഡ്കാര്‍ ഇന്ത്യയില്‍ മാത്രമാണ് ഈ സാധനം ഉപയോഗിക്കുന്നത്. (അമേരിക്കയെ പറ്റി സൂചിപ്പിച്ചിരുന്നു.) ഇന്ത്യയില്‍ ക്യാന്‍സര്‍ വ്യാപകമായതിന്റെ കാരണം ഇതാണ്. (ഇന്ത്യയില്‍ ക്യാന്‍സര്‍ വ്യാപകമായി എന്ന അവകാശവാദം തന്നെ തെളിവ് വേണ്ട സാധനം ആണ്. പിന്നെ, മദ്യപാനവും പുകവലിയും മൂലമല്ല, എലിയില്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്ന സാധനം അല്പം അകത്ത് പോയാണ് ക്യാന്‍സര്‍ ഉണ്ടാകുന്നത് എന്നൊക്കെ പറയാന്‍ ചില്ലറ അഹങ്കാരം പോര!)
http://www.deshabhimani.com/epaper/view
ഇന്ന് ദേശാഭിമാനിയില്‍ കണ്ട ഒരു വാര്‍ത്ത കൂടി ചൂണ്ടിക്കാട്ടാം: “ബ്രെഡ്‌, ബണ്‍ നിര്‍മാണത്തില്‍ പ്രകൃതിദത്ത പദാര്‍ഥങ്ങളുപയോഗിക്കും: ബേക്കേഴ്സ് അസോ.” ആളുകളുടെ ഭയത്തിന് എന്ത് മാര്‍ക്കറ്റുണ്ട് എന്ന് മനസിലായില്ലേ? മെയ് 23-ന് പഠനം വരുന്നു, 26 ആയപ്പോഴേക്കും ഇതായി കഥ. ആ പഠനം വസ്തുതയാണോ അല്ലയോ എന്നൊന്നും പരിശോധിക്കാന്‍ ആരും നില്‍ക്കുന്നില്ല. ഇതില്‍ “ബേക്ക് ഇന്‍ കേരള” എന്ന പുതിയ ബ്രാന്‍ഡ് പിറവിയെടുക്കുന്നത് നമുക്ക് കാണാം. ഭയത്തിന്റെ വ്യാപാരം ഇങ്ങനെയാണ്.
പൊട്ടാസ്യം ബ്രോമേറ്റ് നിരോധിക്കട്ടെ. അതിന് എതിരല്ല ഞാന്‍. എന്നാല്‍, എന്ത് തെളിവാണ് ഇതിനെതിരെ ഉള്ളതെന്നും, അതിന് എന്ത് റിസ്ക്‌ ഉണ്ടാകും എന്നും ഉള്‍പ്പടെ വ്യക്തമായ പഠനത്തിന് ശേഷമാകണം നിരോധനം. അല്ലാതെ, ഏതോ സെന്റര്‍ എങ്ങനെയോ നടത്തിയ ഒരു പഠനത്തില്‍ എന്തോ ഒരു സാധനം കൂടുതല്‍ കണ്ടു, അത് ക്യാന്‍സര്‍ ആണ്, നിരോധിക്കണം, നിരോധിച്ചു എന്നതാകരുത് നമ്മുടെ ഈ വിഷയത്തില്‍ ഉള്ള നിലപാട്.
സയന്‍സ് റിപ്പോര്‍ട്ടിംഗ് എത്ര ദയനീയമായിരുന്നു എന്നും നമുക്ക് വാര്‍ത്തകള്‍ വായിച്ചാല്‍ കാണാം. പഠനത്തില്‍ ഉള്ളതൊന്നും അല്ല വാര്‍ത്താക്കുറിപ്പില്‍ ഉള്ളത്; അത് പോലും അല്ല വാര്‍ത്തയായി അച്ചടിച്ച് വന്നത്. ഒന്ന് പരിശോധിച്ച് നോക്കിയാല്‍ അതിന്റെ കുറ്റകരമായ അനാസ്ഥ മനസിലാകും.
ബ്രഡില്‍ ഉള്ള പൊട്ടാസ്യം ബ്രോമേറ്റ് വളരെ ചെറിയ അംശം തന്നെയാണ് എന്നാണ് ഈ പഠനത്തിലെ ഡാറ്റ പരിഗണിച്ചാല്‍ നമുക്ക് വ്യക്തമായും മനസിലാകുക. (കണക്കുകള്‍ ഓര്‍മ്മയുണ്ടല്ലോ?) എന്തായാലും ധൈര്യമായി ബ്രഡ് തിന്നോളൂ എന്നാണ് ലേഖനം അവസാനിപ്പിച്ചുകൊണ്ട് എനിക്ക് പറയാനുള്ളത്.

പിന്‍കുറിപ്പ്: സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ്‌ എന്‍വയോണ്‍മെന്റ് ഒരു വളരെ മോശം ട്രാക്ക് റെക്കോഡ് ഉള്ള സംഘടനയാണ്. എന്‍ഡോസള്‍ഫാന്‍ ക്യാന്‍സര്‍ ഉണ്ടാക്കും എന്ന തെറ്റായ നിഗമനം ഉള്‍പ്പടെ അനേകം ഭീതിപ്രചരണങ്ങള്‍ ഇവരില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ലേഖനത്തില്‍ ഇവരെ കുറിച്ച് പറയാതിരുന്നത്, ആശയങ്ങളെ ആക്രമിക്കാം, സംഘടനകളെ വേണ്ട എന്ന് കരുതിയാണ്. ഇവരുടെ ഒരു “പഠനം” ഉണ്ടെങ്കില്‍ അതിനെ സന്ദേഹത്തോടെ വീക്ഷിക്കുന്നതാണ് നല്ലത് എന്ന് ഇവിടെ സൂചിപ്പിക്കുന്നു.

അവലംബം
  1. http://www.mathrubhumi.com/food/news/regular-eating-of-bread-causes-cancer-malayalam-news-1.1080500
  2. http://www.mangalam.com/print-edition/india/437617
  3. http://news.keralakaumudi.com/beta/news.php?NewsId=TkNSUDAwOTg4NTQ=&xP=Q1lC&xDT=MjAxNi0wNS0yMyAxOToyNDowMA==&xD=MQ==&cID=MQ
  4. http://janayugomonline.com/%E0%B4%AC%E0%B5%8D%E0%B4%B0%E0%B5%86%E0%B4%A1%E0%B4%BF%E0%B5%BD-%E0%B4%95%E0%B4%BE%E0%B5%BB%E0%B4%B8%E0%B4%B1%E0%B4%BF%E0%B4%A8%E0%B5%8D%E2%80%8C-%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A3%E0%B4%AE%E0%B4%BE/
  5. http://timesofindia.indiatimes.com/india/Carcinogens-in-bread-Even-Chinas-banned-the-use-of-potassium-bromate-but-US-India-havent/articleshow/52414935.cms?
  6. http://cseindia.org/userfiles/potassium-bromate-in-bread_Lab-Report_23rd%20May_2016.pdf
  7. http://cseindia.org/content/what%E2%80%99s-our-bread
  8. http://www.thehindu.com/sci-tech/health/cancercausing-chemical-in-bread-health-ministry-asks-food-regulator-for-report/article8642125.ece
  9. http://indianexpress.com/article/explained/cses-study-on-toxins-in-bread-time-for-govt-to-act-potassium-bromate-iodate-cancer-2818719/
  10. http://monographs.iarc.fr/ENG/Classification/latest_classif.php
  11. https://en.wikipedia.org/wiki/Potassium_iodate
  12. https://www.england.nhs.uk/wp-content/uploads/2015/04/potassium-iodate-85-adlts-child1.pdf 
  13. http://xpil.medicines.org.uk/ViewPil.aspx?DocID=5275 
  14. https://www.medicines.org.uk/emc/medicine/5234
  15. http://monographs.iarc.fr/ENG/Preamble/currentb6evalrationale0706.php
  16. http://monographs.iarc.fr/ENG/Monographs/vol73/mono73-22.pdf
  17. മുകളിലെ ലിങ്ക് തന്നെ എടുക്കുക, അതില്‍ പൊട്ടാസ്യം ബ്രോമേറ്റിന്റെ വിഷമാകുന്ന ഡോസ് ഉണ്ട്. നാം കാര്‍സിനോജന്‍ ആകുന്ന അളവ് കണ്ടത്തിയ പോലെ കണക്ക് കൂട്ടി നോക്കിയാല്‍ മതി.
  18. http://www.effa.eu/en/legislation/additives
  19. http://laws-lois.justice.gc.ca/eng/acts/c-15.31/page-1.html
  20. http://www.accessdata.fda.gov/scripts/cdrh/cfdocs/cfcfr/CFRSearch.cfm?fr=137.155
  21. http://www.ncbi.nlm.nih.gov/pmc/articles/PMC1567851/
  22. http://www.thehindu.com/sci-tech/health/carcinogen-in-bread-potassium-bromate-in-same-cancer-class-as-coffee/article8642121.ece
  23. https://en.wikipedia.org/wiki/List_of_IARC_Group_2B_carcinogens
  24. http://monographs.iarc.fr/ENG/Monographs/vol51/mono51-6.pdf  
  25. http://monographs.iarc.fr/ENG/Monographs/vol105/mono105-DC02.pdf
  26. http://monographs.iarc.fr/ENG/Monographs/vol56/mono56-7.pdf
  27. https://en.wikipedia.org/wiki/Potassium_bromate  

Saturday, 7 May 2016

ബുധനും സൂര്യനും പിന്നെ ഭൂമിയും

നാളെ (9/5/2016) ബുധന്‍ സൂര്യന്റെ മുന്നിലൂടെ കടന്ന് പോകുയാണ്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ബുധന്‍ സൂര്യന്റെ ഡിസ്കിന് മുന്നിലൂടെ കടന്ന് പോകുന്നതായി തോന്നും. ഈ പ്രതിഭാസത്തെ ബുധസംതരണം (Transit of Mercury) എന്ന് വിളിക്കും.1 അതിനെപ്പറ്റി ഒരു ചെറിയ കുറിപ്പാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യയില്‍ എപ്പോള്‍, എത്രസമയം, എങ്ങനെ കാണാം എന്ന നിര്‍ദ്ദേശങ്ങളും.

https://www.theguardian.com/
-എന്താണ് ബുധസംതരണം?
ക്യൂരിയോസിറ്റി പകര്‍ത്തിയ ചിത്രം
https://upload.wikimedia.org/
ബുധന്‍ സൂര്യന്റെ ഡിസ്ക് (ദൃശ്യമാകുന്ന സൂര്യന്റെ വൃത്തം) മുറിച്ച് കടന്ന് പോകുന്നതാണ് ബുധസംതരണം.1 ഭൂമിയില്‍ നിന്ന് മാത്രമല്ല, ബുധസംതരണം ദൃശ്യമാകുക. 2014-ല്‍ ക്യൂരിയോസിറ്റി എന്ന ബഹിരാകാശ റോവര്‍ ചൊവ്വയിലെ ബുധസംതരണം പകര്‍ത്തിയിട്ടുണ്ട്. (ചിത്രം ചേര്‍ക്കുന്നു) ഭൂമിയില്‍ ഒരു പതിറ്റാണ്ടില്‍ ശരാശരി ഒന്ന്, ഒരു നൂറ്റാണ്ടില്‍ 13, 14 തവണ ഉണ്ടാകുന്ന പ്രതിഭാസമാണ് ബുധസംതരണം.1 അത്രയ്ക്ക് വിരളം ഒന്നുമല്ല എന്ന് സാരം. ബുധന്‍ വളരെ വേഗത്തില്‍ സൂര്യനെ ചുറ്റി വരുന്നതുകൊണ്ട് ഇതേ ക്രമീകരണം വീണ്ടും വരുന്നതാണ് അതിന് കാരണം. 2019 നവംബര്‍ 11-ന് തന്നെ ഈ ദശകത്തിലെ അടുത്ത ബുധസംതരണം കാണാം.2

-ഇത് എങ്ങനെ കാണാം?
ബുധന്‍ വളരെ ചെറിയ ഒരു പൊട്ടുപോലെ മാത്രം കടന്ന് പോകുന്നതുകൊണ്ട് നഗ്നനേത്രങ്ങളാല്‍ ദൃശ്യമാകില്ല. ടെലസ്കോപ്പ് ഉപയോഗിക്കേണ്ടി വരും. സൂര്യനിലേക്ക് നേരിട്ട് നോക്കുന്നത് കണ്ണിന് കുഴപ്പമുണ്ടാക്കാം എന്നതിനാല്‍ ഫില്‍ട്ടറുകള്‍ ഉപയോഗിക്കണം.3 സൂര്യകളംഗങ്ങള്‍ (Sun Spots) ബുധന്‍ ആണെന്ന് തെറ്റിദ്ധരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. നിരീക്ഷിക്കുന്തോറും സ്വല്‍പം എങ്കിലും സ്ഥാനചലനം കാട്ടുന്നുണ്ട് എങ്കില്‍ അതായിരിക്കും ബുധന്‍ എന്ന ചെപ്പടിവിദ്യ ഓര്‍ത്തിരിക്കാം.
ഇന്ത്യയില്‍ വൈകുന്നേരം 4.41 മുതല്‍ സൂര്യാസ്തമനം വരെ സംതരണം ദൃശ്യമാകും.(ഇവിടെ ഉണ്ടായിരുന്ന ഒരു വലിയ തെറ്റ് തിരുത്തിയതിന് വൈശാഖന്‍ തമ്പിക്ക് നന്ദി.)
നിങ്ങള്‍ക്ക് ടെലസ്കോപ്പ് ഇല്ല, ഫില്‍ട്ടര്‍ ഇല്ല എന്നോര്‍ത്ത് സങ്കടപ്പെടണമെന്നില്ല. നാസ ലൈവ് ആയി സംതരണം ടെലകാസ്റ്റ് ചെയ്യുന്നുണ്ട്. (ലിങ്ക് ഇവിടെ)

-ബുധസംതരണത്തിന്റെ പ്രാധാന്യം എന്ത്?
കെപ്ലര്‍
https://upload.wikimedia.org/
ചരിത്രപരമായ പ്രാധാന്യങ്ങള്‍ പറഞ്ഞ് തുടങ്ങാം. കെപ്ലര്‍ (Johannes Kepler) തന്റെ ഗ്രഹചലന നിയമങ്ങള്‍ ഉപയോഗിച്ച് ബുധസംതരണം 1631-ല്‍ ഉണ്ടാകും എന്ന് പ്രവചിച്ചു. അദ്ദേഹത്തിന് അത് കാണാന്‍ ആയുസ്സുണ്ടായില്ല എങ്കിലും 1631-ല്‍ കെപ്ലറുടെ പ്രവചനം പിരേറി ജെസ്സാന്റി (Pierre Gassendi; ഉച്ചാരണം കൃത്യമോ എന്നറിയില്ല) സ്ഥിതീകരിച്ചു. നഗ്നനേത്രങ്ങള്‍ക്ക് അദൃശ്യമായ ബുധസംതരണം ആദ്യമായി കാണാന്‍ ഭാഗ്യം സിദ്ധിച്ചത് ജെസ്സാന്റിക്കാണ്. സൗരയൂഥം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന നിയമം സ്ഥിതീകരിക്കാന്‍ ഉപകരിച്ച പ്രതിഭാസമാണ് ബുധസംതരണം.5
മാത്രമല്ല, ഭൂമിയിലെ വ്യത്യസ്ത പോയന്റുകളില്‍ നിന്ന് നോക്കുമ്പോള്‍ ഈ ദൃശ്യത്തില്‍ വരുന്ന മാറ്റങ്ങള്‍ ഉപയോഗിച്ച് സൂര്യനിലേക്കുള്ള ദൂരം ഗണിതശാസ്ത്രപരമായി നിര്‍ണയിക്കാം. (കൂടുതല്‍ വിശദാംശങ്ങള്‍ ഇവിടെ വായിക്കാം) നമ്മുടെ പ്രപഞ്ചം എത്ര ബൃഹത്താണ് എന്ന തിരിച്ചറിവ് നല്‍കാനും നമ്മേ ബുധസംതരണം സഹായിച്ചു.5
ബാഹ്യഗ്രഹങ്ങളെ നിരീക്ഷിക്കുന്ന രീതി
http://www.jpl.nasa.gov/edu/images/news/lightcurve_diagram.jpg
ഈ ബുധസംതരണത്തിനും ചെറുതല്ലാത്ത പ്രാധാന്യമുണ്ട്. സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെ (ബാഹ്യഗ്രഹങ്ങള്‍Exoplanets) നാം നിരീക്ഷിക്കുന്നത് അവയുടെ മാതൃനക്ഷത്രത്തെ അവ ബുധന്‍ സൂര്യനെ കടന്ന് പോകുമ്പോലെ കടന്ന് പോകുമ്പോള്‍ നക്ഷത്രത്തിന്റെ പ്രകാശത്തില്‍ ഉണ്ടാകുന്ന കുറവ് അളന്നിട്ടാണ്. അതുപോലെ ഒരു നിരീക്ഷണം നമ്മുടെ പരിസരത്ത് നടക്കുമ്പോള്‍ അടുത്ത് നിരീക്ഷിക്കാന്‍ കഴിയുന്നത് ഈ രീതിയെ കൂടുതല്‍ കൃത്യമാക്കാനും സൂക്ഷ്മമാക്കാനും സഹായിക്കും.5

-ലോകാവസാനം എന്ന ചില വാര്‍ത്തകളും കേള്‍ക്കുന്നുണ്ടല്ലോ?
എല്ലാ ആകാശ പ്രതിഭാസങ്ങളും പോലെ ഇതിന്റെ പിന്നിലും “ലോകാവസാനം” എന്ന രോദനങ്ങളും ഉണ്ട്.6 അവയെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാം. വാല്‍നക്ഷത്രങ്ങളേയും സൂര്യഗ്രഹണങ്ങളേയും പേടിച്ചിരുന്ന മധ്യകാല യൂറോപ്പിലെ മനുഷ്യരുടെ ബൗദ്ധിക നിലവാരത്തിലേക്ക് നമ്മള്‍ താഴ്ന്ന് പോകരുത്.

ബുധസംതരണം അതര്‍ഹിക്കുന്ന കൗതുകത്തോടെ എല്ലാവരും കാണും എന്ന പ്രതീക്ഷയോടെ നിര്‍ത്തുന്നു.

അവലംബം
  1. https://en.wikipedia.org/wiki/Transit_of_Mercury
  2. http://eclipse.gsfc.nasa.gov/transit/catalog/MercuryCatalog.html
  3. https://www.theguardian.com/science/2016/may/06/transit-of-mercury-a-chance-to-feel-part-of-the-solar-system-in-motion
  4. http://www.packolkata.gov.in/eclipse.php
  5. http://www.jpl.nasa.gov/edu/news/2016/5/6/transit-of-mercury/
  6. http://www.express.co.uk/news/science/667866/END-OF-THE-WORLD-FEARS-Mercury-transit-linked-to-Biblical-destruction-prophecy

കൂടുതല്‍ വായിക്കപെട്ട പോസ്റ്റുകള്‍