Thursday, 25 February 2016

ശാസ്ത്രമാണത്രേ... ശാസ്ത്രം!

നാന്ദി: ഇഹലോകം തുറക്കുകയാണ്. കപടശാസ്ത്രങ്ങള്‍ അരങ്ങുവാഴുന്ന ഒരു നാട്ടില്‍ മാധ്യമങ്ങള്‍ അന്ധവിശ്വാസത്തിന്റെ വാഹിനികളാകുന്ന ദയനീയമായ അവസ്ഥയാണുള്ളത്. ഈ ബ്ലോഗിന്റെ ആദ്യ പോസ്റ്റ്‌  എന്താകും എന്ന്‍ ആലോചിച്ച് തലപുണ്ണാക്കി ഇരിക്കുമ്പോളാണ് ഈ വാര്‍ത്ത കാണുന്നതും കലി പിടിക്കുന്നതും. എഴുതാതെ പറ്റില്ല എന്ന്‍ തോന്നിയപ്പോള്‍ ബ്ലോഗില്‍ തന്നെ എഴുതാം എന്ന് കരുതി.
http://epaper.manoramaonline.com/
ഈ ഫെബ്രുവരി 23-ലെ കണ്ണൂര്‍ എഡീഷന്‍ മലയാളമനോരമയില്‍ വന്ന വാര്‍ത്തയാണിത്: "മണ്‍പാത്രങ്ങളിലൂടെ ആരോഗ്യം: വിശ്വാസമല്ല, ശാസ്ത്രം."1 ഒരു ശരാശരി മലയാളി ഇത് വായിച്ചാല്‍ നമ്മുടെ സംസ്കാരത്തിന്റെ ശാസ്ത്രീയതയില്‍ പുളകം കൊള്ളുന്നതിനിടയില്‍ ഇതിനിടയില്‍ ഒളിച്ചുകടത്തിയ പൊട്ടത്തരങ്ങള്‍  മറന്നുപോകും. പക്ഷെ, ഇഹലോകത്തിന്റെ ഉദ്ദേശലക്ഷ്യം സയന്‍സ് വിദ്യാഭ്യാസവും ആത്മാര്‍ത്ഥമായ അവലോകനവുമായതുകൊണ്ട് ഈ സാധനത്തില്‍ നിന്ന്‍ തന്നെ ബ്ലോഗ്‌ തുടങ്ങിക്കളയാം.
മറ്റൊന്നുകൂടി പറയാനുള്ളത്, മണ്‍പാത്രങ്ങള്‍ കൊണ്ട് ഗുണമില്ല എന്നോ ദോഷമുണ്ട് എന്നോ ഒന്നും ഞാന്‍ പറയാനുദ്ദേശിക്കുന്നില്ല. ഈ വാര്‍ത്ത 100% അശാസ്ത്രീയമാണ് എന്ന വസ്തുത വിശദീകരിക്കാന്‍ മാത്രമാണ് ഈ പോസ്റ്റ്‌. വാര്‍ത്തയിലെ വിഡ്ഢിത്തങ്ങള്‍ ഒന്നൊന്നായി ഉദ്ധരിച്ച് തെറ്റുകള്‍ ചൂണ്ടിക്കാട്ടുക എന്നതാണ് ഇതിനായി ഉപയോഗിക്കാന്‍ പോകുന്ന രീതി. വാര്‍ത്തയില്‍ പരാമര്‍ശിക്കുന്ന പേപ്പറിനേയും ഇതേ രീതിയില്‍ വിമര്‍ശിക്കുന്നുണ്ട്.
പാത്ര നിര്‍മാണത്തിന് ഉപയോഗിക്കുന്ന മണ്ണിന്റെ രാസഘടന പരിശോധിച്ചതില്‍ ശരീരത്തിനാവശ്യമായ ഘടകങ്ങള്‍ കൃത്യമായ ഗാഢതയില്‍ കണ്ടെത്തി.
പാചകം ചെയ്യുന്ന പാത്രത്തിലെ മനുഷ്യശരീരത്തിന് ആവശ്യമായ ഘടകങ്ങളുടെ ഗാഢത? അങ്ങനെ ഒരു പഠനവും ഇതുവരെ നടന്നതായി സൂചനയില്ല. ഇനി അങ്ങനെ ഒരു വൈദ്യശാസ്ത്ര മുന്നേറ്റമാണ് ഇവര്‍ നടത്തിയതെങ്കില്‍ എന്തേ ഒരു പരിസ്ഥിതി ജേണലില്‍ പ്രസിദ്ധീകരിച്ചു? (പരിസ്ഥിതി ജേണലുകള്‍ക്ക് എന്തെങ്കിലും കുഴപ്പമുണ്ടെന്നല്ല; അവ വൈദ്യശാസ്ത്ര ജേണല്‍ അല്ല എന്ന കുറവ് ഈ പേപ്പര്‍ പ്രസിദ്ധികരിക്കുന്നതില്‍ ഉണ്ട് എന്ന്‍ മാത്രം.) മനുഷ്യശരീരത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ഊഹങ്ങള്‍ നടത്താം. പക്ഷേ, അവ വസ്തുത (“ ... വിശ്വാസമല്ല, ശാസ്ത്രം” എന്ന്‍ തലക്കെട്ട്!) എന്ന രീതിയില്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നത് ശരിയല്ല.
മാത്രമല്ല, കപടശാസ്ത്രങ്ങളുടെ മുഖമുദ്രയാണ് അതിശയോക്തിയുള്ള വാര്‍ത്തകള്‍ കൊടുക്കല്‍2 എന്നുകൂടി നാം മനസിലാക്കുമ്പോള്‍ ഇത് ശാസ്ത്ര-കപടശാസ്ത്ര അതിര്‍ത്തികളില്‍ എവിടെ കിടക്കുന്നു എന്ന്‍ വ്യക്തമാകും.
റിപ്പോര്‍ട്ട് രാജ്യാന്തര സയന്‍സ് ജേണലായ ഇക്കോളജി എന്‍വയണ്‍മെന്റ് കണ്‍സര്‍വേഷന്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.”
കേള്‍ക്കാന്‍ നല്ല സുഖമുണ്ട്. പക്ഷേ, ഇവിടെ വലിയൊരു ചതിയും ചെറിയോരബദ്ധവും ഒളിച്ചിരിപ്പുണ്ട്.
ചതി: രാജ്യാന്തര ജേണല്‍ (International Journal) എന്നത് ഒരു വ്യക്തമായ നിലവാരം ഉള്ള ഒന്നല്ല.3 വിദേശികള്‍ എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഉണ്ടെങ്കില്‍ അവകാശപ്പെടാവുന്ന ഒരു വെറും വാക്ക് മാത്രമാണത്.
അബദ്ധം: ജേണലിന്റെ പേര് ഇക്കോളജി എന്‍വയണ്‍മെന്റ് ആന്‍ഡ്‌ കണ്‍സര്‍വേഷന്‍ (Ecology, Environment and Conservation) എന്നാണ്. ഈ വാര്‍ത്ത പുനപരിശോധിക്കപ്പെട്ടിട്ടില്ല; റിപ്പോര്‍ട്ടര്‍ തന്നെ അത്രയധികം ശ്രദ്ധ കൊടുത്തില്ല എന്നത് വ്യക്തം.
http://www.scimagojr.com/journalsearch.php?q=14598&tip=sid
ബോണസ് ചതി:  ഇക്കോളജി എന്‍വയണ്‍മെന്റ് ആന്‍ഡ്‌ കണ്‍സര്‍വേഷന്‍ അത്ര നിലവാരം ഉള്ള ജേണല്‍ അല്ല.4 ശ്രദ്ധേയമായ ജേണലുകളെ അളക്കാന്‍ ഉപയോഗിക്കുന്ന ഇമ്പാക്റ്റ് ഫാക്റ്ററില്‍ തുടര്‍ച്ചയായി താഴ്ന്ന നിലവാരം പുലര്‍ത്തുന്ന ജേണലാണിത്.
ഇതുകൊണ്ട് പേപ്പര്‍ മോശമാണ് എന്നല്ല. ഈ റിപ്പോര്‍ട്ട് ഉണ്ടാക്കാവുന്ന തെറ്റിദ്ധാരണ തിരുത്തുന്നു എന്ന്‍ മാത്രം.
പാകം ചെയ്യുമ്പോള്‍ രാസഘടങ്ങളും, ഭക്ഷണസാധനങ്ങളിലെ അയോണുകളും കൈമാറ്റം ചെയ്യപ്പെടുന്നു. ഇതു ഭക്ഷണത്തിന്റെ തനതുരുചി നിലനിര്‍ത്തുന്നു.
ഭക്ഷണത്തില്‍ അനന്യമായ രാസപ്രവര്‍ത്തനം (രാസഘടകങ്ങളും അയോണുകളും പരസ്പരം മാറുന്നു എന്നാല്‍ എന്താണോ ആവോ?) നടക്കുന്നു. അത് ഭക്ഷണത്തിന്റെ തനത് രുചി നിലനിര്‍ത്തുന്നു. (?) “തനത്” എന്നാല്‍ മലയാളത്തില്‍ “സ്വന്തമായിട്ടുള്ളത്”5 എന്നര്‍ത്ഥം. അതായത്, ഒരു രാസപ്രക്രിയ വഴി “അയോണുകള്‍ നഷ്ടപ്പെട്ട് മറ്റെന്തോ വരുമ്പോള്‍ സ്വന്തമായുള്ളത് സംരക്ഷിക്കപ്പെടുന്നു. ഭയങ്കര സയന്‍സ് തന്നെ!
ഇതില്‍ പ്രഥമദൃഷ്ടാ സംശയം ഉണ്ടാകുന്നില്ലാത്തവര്‍ക്ക് ഒന്നുകില്‍ “തനത്” എന്നതിന്റെ അര്‍ത്ഥം അറിയില്ല. അല്ല എങ്കില്‍ എന്താണ് വായിച്ചത് എന്ന്‍ ചിന്തിക്കുന്നില്ല. (ആരും ഭയപ്പെടേണ്ട, ആരും ഒന്നും ചിന്തിക്കാറില്ല; ഞാന്‍ ആദ്യം വായിച്ചപ്പോളും ഇത് കണ്ടില്ല!)

നോണ്‍സ്റ്റിക്ക്, അലുമിനിയം പാത്രങ്ങളുടെ തുടര്‍ച്ചയായ ഉപയോഗം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഒരു പരിധിവരെ തടയാന്‍ ഇടക്കിടെയെങ്കിലും മണ്‍പാത്രങ്ങള്‍ ഉപയോഗിക്കുന്നതു വഴി സാധിക്കുമെന്നും പഠനം പറയുന്നു.
നോണ്‍സ്റ്റിക്ക്, അലുമിനിയം പാത്രങ്ങളുടെ തുടര്‍ച്ചയായ ഉപയോഗം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍”??? ശരിക്കും?
ഒരു ഹെല്‍ത്ത് മിത്താണിത്;6 മോണോസോഡിയംഗ്ലുട്ടാമെറ്റ് (Monosodium glutamate)അല്ലെങ്കില്‍ അജിനോമോട്ടോ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും എന്ന കേരളത്തില്‍ വ്യാപകപ്രചാരമുള്ള മിത്ത് പോലെ മറ്റൊന്ന്‍. ഒന്നോ രണ്ടോ തെറ്റായ പഠനങ്ങള്‍ ആളുകളെ ഭയപ്പെടുത്തിയിട്ടുള്ളതാണ് ഇതിന്റെ അടിസ്ഥാനം; സയന്‍സ് ഇല്ല, ഭയം മാത്രമേ ഇതിലുള്ളൂ.
ഇജ്ജാതി ഭയങ്ങളാണ് വില്‍ക്കുന്നതെങ്കില്‍ വിശ്വാസമല്ല, ശാസ്ത്രം എന്ന പ്രസ്താവന ദയനീയമായ പ്രോപഗാണ്ട മാത്രമാണ്. എന്താണ് ആ പ്രോപഗാണ്ട എന്ന്‍ നോക്കിയാല്‍ പത്രത്തിലും പേപ്പറിലും വ്യത്യസ്തമായ ലക്ഷ്യങ്ങളുണ്ടെന്നത് മനസിലാകും.

So we must follow the traditional way of cooking in clay pots and improve the healthy habits of present and future generation and so we must conserve the wetlands.7
(Wetland soil of kasaragod district of kerala: its prospects and aspects for human health എന്ന പേപ്പറിന്റെ അബ്സ്ട്രാക്റ്റില്‍ നിന്ന്‍)
തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തിനായാണ് എം. മിനി-പി.എം. ബിബി റജീന സഖ്യത്തിന്റെ പേപ്പര്‍  ഇങ്ങനെയൊരു നിഗമനം ഉണ്ടാക്കിയെടുത്തത്. തണ്ണീര്‍ത്തടങ്ങളിലെ മണ്ണിലെ ഔഷധഗുണം ഉണ്ടാകാവുന്നതെന്ന്‍ ബോട്ടാണിസ്റ്റുകള്‍ക്ക് നിഗമിക്കാന്‍ മറ്റെന്ത് ന്യായമുണ്ട്? സ്വന്തം മേഖലക്കപ്പുറത്ത് വെറുതെ നിഗമനങ്ങള്‍ വലിച്ചെടുക്കുന്നത് നല്ല സയന്‍സല്ല.
നോബല്‍ ജേതാവായ ശാസ്ത്രജ്ഞന്‍ റിച്ചഡ് ഫൈന്മന്‍ പറഞ്ഞതുപോലെ: “ശാസ്ത്രേതര വിഷയങ്ങളില്‍ നോക്കുന്ന ശാസ്ത്രജ്ഞ മറ്റേതോരാളേയും പോലെ വിഡ്ഢിയാണ് - ശാസ്ത്രേതര വിഷയങ്ങളില്‍ നോക്കുമ്പോള്‍ പരിശീലനം സിദ്ധിക്കാത്ത മറ്റേതോരാളേയും പോലെ നിഷ്കളങ്കമായ അഭിപ്രായങ്ങളാണ് അവര്‍ പറയുക.” (I believe that a scientist looking at nonscientific problems is just as dumb as the next guy — and when he talks about a nonscientific matter, he will sound as naive as anyone untrained in the matter.8) ഇത്തരം ദയനീയ പ്രോപഗാണ്ടകള്‍ സയന്‍സ് ജേണലുകളില്‍ വരുന്നതുകൊണ്ടാണ് ഇന്ത്യ ലോകത്ത് ഏറ്റവുമധികം തട്ടിപ്പ് പേപ്പറുകള്‍ പ്രസിദ്ധീകരിക്കപ്പെടുന്ന രാജ്യമാകുന്നത്.9
http://www.tamilweek.com/images/1411.JPG
മണ്‍ചട്ടിയും കലവും കൊണ്ട് ആരോഗ്യം സംരക്ഷിക്കാമോ എന്നെനിക്കറിയില്ല. ചിലപ്പോള്‍ ആരോഗ്യഗുണങ്ങള്‍ ഉണ്ടാകാം; പക്ഷേ, ഫലം വളരെ സൂക്ഷ്മമാകും. കാരണം, അത്രക്കും പ്രത്യക്ഷമായ ഒരു ആരോഗ്യ കുറവ് മലയാളികളില്‍ ഉണ്ടായാല്‍ അത് കൃത്യമായി നിരീക്ഷിക്കപ്പെടും. മാത്രമല്ല, കാസര്‍ഗോഡ്‌ ഉള്ളവര്‍ക്ക് ആരോഗ്യം കൂടുതലും ഉണ്ടാകണം ഈ നിഗമനത്തില്‍ നിന്ന്‍. അങ്ങനെ നിരീക്ഷണം ഉള്ളതായി അറിയില്ല.
മനോരമ പത്രം ആളുകളിലുള്ള, ഞാന്‍ തുടക്കത്തില്‍ പറഞ്ഞ “പ്രാചീന കേരള ശാസ്ത്രം” എന്ന വികാരം മുതലെടുക്കാന്‍ ശ്രമിക്കുകയാണ്. അല്ലാതോന്നുമല്ല.
ഇതൊക്കെ നിസ്സംഗമായി വായിച്ച് തള്ളുന്ന ഒരു ശരാശരി മലയാളിക്ക് ഉണ്ടാകാവുന്ന തെറ്റിദ്ധാരണകള്‍ നിസ്സാരമല്ല. ഇത്തരം “ശാസ്ത്ര”ങ്ങളെ ഒരു പരിശോധനയും കൂടാതെ കടത്തിവിടുന്ന നമ്മുടെ അക്കാദമിക മേഖലയും അതിനെ എരിവും പുളിയും ചേര്‍ത്ത് പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളേയും ഇനിയെങ്കിലും അപലപിച്ചില്ല എങ്കില്‍ സമയം വൈകി എന്ന്‍ ആലോചിക്കാന്‍ സമയമുണ്ടാകില്ല ഇന്ത്യന്‍ ശാസ്ത്രലോകത്തിന്!

അവലംബം:
  1. മനോരമ പത്രത്തിന്റെ ഓണ്‍ലൈന്‍ എഡീഷന്‍: http://epaper.manoramaonline.com/
  2. ശാസ്ത്രവും കപടശാസ്ത്രവും, കേരളശാസ്ത്ര സാഹിത്യപരിഷത്ത്. ഈ പുസ്തകത്തില്‍ ശാസ്ത്രവും കപടശാസ്ത്രവും തമ്മില്‍ താരതമ്യം ചെയ്യുന്നിടത്ത് ഈ വസ്തുത പറയുന്നുണ്ട്.
  3. https://www.researchgate.net/post/Definition_of_an_International_journal
  4. http://www.scimagojr.com/journalsearch.php?q=14598&tip=sid
  5. http://olam.in/DictionaryML/ml/%E0%B4%A4%E0%B4%A8%E0%B4%A4%E0%B5%8D
  6. http://www.theguardian.com/lifeandstyle/2015/jan/25/are-my-non-stick-pans-a-health-hazard-teflon
  7. http://www.envirobiotechjournals.com/article_abstract.php?aid=6057&iid=192&jid=3
  8. https://en.wikiquote.org/wiki/Richard_Feynman
  9. http://www.deccanherald.com/content/183621/indiatopsacademicfraud.html

കൂടുതല്‍ വായിക്കപെട്ട പോസ്റ്റുകള്‍